Wednesday 05 April 2023 12:14 PM IST

പിതാവേ കാര്യങ്ങൾ കൈവിട്ടു പോകുകയാണ് എന്തെങ്കിലും ചെയ്യണം... മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആ കോൾ

V R Jyothish

Chief Sub Editor

susai-pakyam-father

കേരളത്തെയൊന്നാകെ മുക്കിക്കളഞ്ഞ ആ ദ്യത്തെ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ കാത്തോലിക്കാസഭയുടെ ആർച്ച് ബിഷപ് ഡോ. എം. സൂസാപാക്യത്തിന് ഒരു ഫോൺവിളി വന്നു.‘പിതാവേ കാര്യങ്ങൾ കൈവിട്ടുപോകുകയാണ് എന്തെങ്കിലും ചെയ്യണം...’

‘പേടിക്കേണ്ട. ഞങ്ങളുടെ ആൾക്കാർ റെഡിയാണ്.’

പിന്നീട് നമ്മൾ കണ്ടത് കേരളത്തിനൊരിക്കലും മറക്കാനാകാത്ത ആ കാഴ്ചയാണ്. ദൈവത്തിന്റെ ദൂതുമായി സ്വന്തം വള്ളങ്ങളും കൊണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നൂറുകണക്കിന് മത്സ്യതൊഴിലാളികൾ. കുത്തിയൊഴുകിയ പ്രളയജലത്തെ സ്വന്തം ജീവൻ പ ണയം വച്ച് പങ്കായങ്ങൾ കൊണ്ടു നേരിട്ട മത്സ്യതൊഴിലാളികൾ. അവരുടെ കൈകളിലൂടെ ജീവിതത്തിലേക്കു തിരിച്ചു വന്നവരെങ്കിലും ആ ദിവസങ്ങൾ മറക്കാനിടയില്ല. എങ്കിലും അധികമാരും അറിഞ്ഞിട്ടുണ്ടാകില്ല അന്ന് കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തിരുന്ന സൂസപാക്യം പിതാവിന്റെ നിർദ്ദേശമായിരുന്നു നൂറുകണക്കിനു ആൾക്കാരുടെ ജീവൻ രക്ഷിച്ചതെന്ന്.

ഓഖി ചുഴലിക്കാറ്റിൽ കിടപ്പാടം പോലും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സൂസപാക്യം പിതാവ് മുന്നിട്ടിറങ്ങി. എന്നും എവിടെയും മത്സ്യതൊഴിലാളികളുടെ ശബ്ദമായിരുന്നു ഡോ. എം. സൂസപാക്യത്തിന്റേത്. മദ്യത്തിനെതിരെ സന്ധിയില്ലാത്ത സമരം, കടപ്പുറത്ത് ഉണ്ടാകുന്ന ക ലാപങ്ങളിൽ അദ്ദേഹത്തിന് ഇടപെടൽ മുറിവുണക്കാനുള്ള മരുന്നായിരുന്നു.

ആർച്ച് ബിഷപ് സ്ഥാനമൊഴിഞ്ഞ് വിശ്രമജീവിതത്തിനു തയാറെടുക്കുകയാണ് അദ്ദേഹം. എങ്കിലും വിശ്രമിക്കാ ൻ മനസ്സ് അനുവദിക്കുന്നില്ല. ഓരോരോ പ്രശ്നങ്ങൾ പിതാവിനു മുന്നിലെത്തുന്നു. എന്താണു പരിഹാരമെന്നു ചോദിച്ച് ആൾക്കാർ ചുറ്റും നിൽക്കുന്നു. ഒരിടത്തും അദ്ദേഹത്തിന്റെ സാന്നിധ്യമില്ല. എന്നാൽ എല്ലായിടത്തും ഉണ്ടുതാനും.

‘‘െചയ്യാത്ത കാര്യങ്ങളുടെയും അർഹിക്കാത്ത നേട്ടങ്ങളുടെയും ഭാണ്ഡക്കെട്ടും തലയിലേറി നിൽക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണു സഹോദരാ എന്നെ ഒഴിവാക്കാൻ പറയുന്നത്. പരിമിതമായ കഴിവുകളുള്ള ഒരു സാധാരണക്കാരനാണു ഞാൻ. ഇപ്പോൾ പാർക്കിൻസണ്‍സ് രോഗവും പിടികൂടിയിട്ടുണ്ട്. അതുകൊണ്ട് ശാരീരികമായ ബുദ്ധിമുട്ടുകളുമുണ്ട്.’’ അഭിമുഖത്തിനു വേണ്ടി സമീപിച്ചപ്പോൾ സൂസപാക്യം പിതാവ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിനു പുറത്ത് കാരമൂട് എന്ന ഗ്രാമത്തിലുള്ള സെന്റ്. വിൻസെന്റ് സെമിനാരിയിൽ വിശ്രമജീവിതത്തിനു തയാറെടുക്കുകയാണ് അദ്ദേഹം. ചുമതലയിൽ നിന്നൊഴിഞ്ഞ ശേഷം ഇന്നേവരെ ഒരു മാധ്യമത്തിനു വേണ്ടിയും അദ്ദേഹം സംസാരിച്ചിട്ടില്ല. അഭിമുഖങ്ങൾക്കു സമീപിക്കുന്നവരെ സ്നേഹപൂർവം മടക്കി അയയ്ക്കുകയാണു പതിവ്.

പതിനായിരങ്ങളുടെ സങ്കടങ്ങൾ കേൾക്കുന്ന പിതാവ് ഇതൊരു സങ്കടമായി കരുതണമെന്നു പറഞ്ഞപ്പോൾ ചെറുതായൊന്നു ചിരിച്ചു. പിന്നെ, സ്വീകരണമുറിയിലേക്കു ക്ഷണിച്ചു. ‘ഒരുപാടു സംസാരിക്കാൻ വയ്യ. ശബ്ദം പതറിപ്പോകും.’ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പതിഞ്ഞ ശ ബ്ദത്തിൽ പറഞ്ഞു.

ഒരിക്കൽ മരണത്തിന്റെ വക്കോളം പോയി തിരിച്ചു വന്നു?

അതെ. അന്ന് രോഗാവസ്ഥ വഷളായ സമയത്ത് ഡോക്ടർമാർ പറഞ്ഞു; വൈദ്യശാസ്ത്രത്തിനു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇനി ദൈവം ഇടപെടണം. ഒരു ഘട്ടത്തിൽ എനിക്കു വേണ്ടപ്പെട്ടവർ എന്റെ ആത്മാവിനെ ദൈവകരങ്ങളിൽ സ്വീകരിക്കാൻ അഭ്യർഥിക്കുകയും എനിക്ക് രോഗീലേപനം തരുകയും ചെയ്തു. അവിടെ നിന്നു ഞാൻ തിരിച്ചുവന്നത് ദൈവത്തിന്റെ ഇടപെടൽ കൊണ്ടാണ്. അദ്ഭുതം എന്നല്ലാതെ എന്തു പറയാൻ. എനിക്കുവേണ്ടി പ്രാർഥിച്ചവർക്ക് ഞാൻ ഇപ്പോഴും നന്ദി പറയുന്നു.

ആലഞ്ചേരിപിതാവും സംഘവും മാർപ്പാപ്പയെ കാണാ ൻ പോയി. ഞാൻ ആശുപത്രിയിൽ അത്യാസന്നനിലയിലാണെന്ന് അറിഞ്ഞപ്പോൾ മാർപാപ്പ എനിക്കുവേണ്ടി പ്രത്യേകം പ്രാർഥന നടത്തി. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആശുപത്രിയിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും ആശുപത്രിയിൽ വന്നിരുന്നു. ദൈവം ഏൽപ്പിച്ച ജോലി ആത്മാർഥമായി ചെയ്തുതീർക്കാത്തതു കൊണ്ടാകണം എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതെന്നു ഞാൻ വിശ്വസിക്കുന്നു. ൈദവഹിതം നടപ്പിലാക്കാനും അതിനുശേഷം ദൈവത്തിന്റെ സന്നിധിയിലേക്കു പറക്കാനും എല്ലാവരും എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.

ആശുപത്രിക്കിടക്കയിൽ വച്ച് ബോധം തെളിഞ്ഞപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ജപമാലയാണെന്നു കേട്ടിട്ടുണ്ട്?

അങ്ങനെ പറഞ്ഞുകേൾക്കുന്നു. ഓർമയില്ല. കുട്ടിക്കാലത്ത് അമ്മയാണ് ആദ്യമായി ജപമാല കയ്യിൽ തന്നിട്ടു പ്രാർഥിക്കാൻ പറഞ്ഞത്. ആ ഓർമയിലായിരിക്കണം ആശുപത്രിയിൽ വച്ചും ജപമാല ചോദിച്ചത്.

പേരിനൊപ്പം വീട്ടുപേര് ഇല്ലാത്തതിൽ ദുഃഖം തോന്നിയിരുന്നോ? അങ്ങനെ കേട്ടിട്ടുണ്ട്?

എനിക്കൊരിക്കലും ദുഃഖം തോന്നിയിരുന്നില്ല. മറ്റാർക്കെങ്കിലും അതിൽ ദുഃഖം തോന്നിയിരുന്നോ എന്ന് അറിഞ്ഞുകൂടാ. എന്താണു കുടുംബപേര് എന്നു ചോദിക്കുന്നവരോട് ഞാൻ പറയും, ‘പാക്യം’. അവർക്ക് അതു മതിയായിരുന്നു. ഈ പറഞ്ഞതുപോലെ പേരില്ലാത്ത ഒരു വീട്ടിലാണ് ഞാൻ ജനിച്ചത്. അന്ന് മാർത്താണ്ഡംതുറയിലെ വീടുകൾക്കൊന്നും പേരില്ല. ഞങ്ങളൊക്കെ കടലിന്റെ മക്കളാണല്ലോ. കടലാണ് ഞങ്ങളുടെ മേൽവിലാസം. അതിലും വലിയൊരു മേൽവിലാസമുണ്ടോ?

സൂസപാക്യം ആ പേരിലും ഒരു പുതുമയുണ്ട്?

പുതുമയല്ല, പഴമയല്ലേ സഹോദരാ ആ േപരിൽ... എന്നോട് പലരും പറഞ്ഞു. ‘പേരു മാറ്റണം.’ ഞാൻ പറഞ്ഞു; ‘എന്റെ അച്ഛനും അമ്മയും ഇട്ട പേരാണ്. അവരു വന്നു വേണമെങ്കിൽ മാറ്റട്ടെ. അല്ലാതെ ഞാനായിട്ടു പേരു മാറ്റുന്നില്ല. വിവാഹം കഴിഞ്ഞ് ഒരുപാടു നാൾ എന്റെ മാതാപിതാക്കൾക്ക് മക്കളുണ്ടായില്ല. ചികിത്സ നടത്തി. എന്നിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് അവർ ദൈവത്തിൽ അഭയം പ്രാപിച്ചത്. വീട്ടിനടുത്ത് യൗസേപ്പ് പിതാവിന്റെ പള്ളിയുണ്ട്. അവിടെ നിരന്തരം പ്രാർഥിച്ചു. അമ്മ ഗർഭിണിയായി. അങ്ങനെ പ്രാർഥിനയിൽ പിറന്ന മകനാണു ഞാൻ. യൗസേപ്പ് പിതാവ് കൊടുത്ത ഭാഗ്യം എന്ന അർഥത്തിലാണ് എനിക്ക് സൂസപാക്യം എന്ന പേരിട്ടത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിൽ മോണിറ്ററാക്കിയതും പേടിച്ചു കരഞ്ഞതുമൊക്കെ പറഞ്ഞിട്ടുണ്ട്?

അന്നു പേടിച്ചാണു കരഞ്ഞത്. മോണിറ്ററാകാൻ പറഞ്ഞപ്പോഴേ ഞാൻ പേടിച്ചു. എനിക്ക് ധാരാളം പഠിക്കാനുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. ക്ലാസ്സ് ടീച്ചറാണ് എന്നെ മോണിറ്ററാക്കിയത്. പിന്നീട് ഞാൻ അറിഞ്ഞത് എന്നെ മോണിറ്ററാക്കിയതിന്റെ പേരിൽ അധ്യാപകർ തമ്മിൽ വഴക്കു നടന്നു എന്നാണ്. സ്ഥാനമാനങ്ങൾ വലിയ അപകടമാണെന്ന് അന്നേ എനിക്കു മനസ്സിലായി.

കുട്ടിക്കാലത്ത് ഞാൻ കാണുന്ന കാഴ്ച നാട്ടിലെ പല ചട്ടമ്പികളും പള്ളിയിലെ അച്ചനെ കാണുമ്പോൾ വലിയ സ്നേഹ ബഹുമാനങ്ങളോടെ പെരുമാറുന്നതാണ്. അച്ചനാകുകയാണെങ്കിൽ ഇവരെയൊന്നും പേടിക്കാെത ജീവിക്കാം എന്നൊരു ചിന്ത അന്ന് ഉണ്ടായിരുന്നു. പുരോഹിതനായതിനുശേഷമാണ് യാഥാർഥ്യം മനസ്സിലാക്കുന്നത്. അച്ചനാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. പേടിക്കേണ്ടവരെ പേടിച്ചേ ജീവിക്കാൻ കഴിയൂ.

മത്സ്യതൊഴിലാളികളുടെ ജീവിതമായിരുന്നു എന്നും അങ്ങ് ഉയർത്തിപ്പിടിച്ചത്?

ഞാനൊരു മത്സ്യതൊഴിലാളിയുടെ മകനാണ്. മറ്റുള്ളവർക്ക് മീൻ മണമുള്ളവരാണു ഞങ്ങൾ. അപ്പൻ മരിയ കലിസ്റ്റർ മത്സ്യതൊഴിലാളിയായിരുന്നു. അമ്മ ത്രേസ്യാമ്മ. ഒ രു സാധാരണ മത്സ്യതൊഴിലാളി കുടുംബം. അപ്പനൊരു കമ്പവലയുണ്ടായിരുന്നു. അതായിരുന്നു മറ്റുള്ളവരിൽ നിന്നു ഞങ്ങൾക്കുള്ള പ്രത്യേകത. കന്യാകുമാരി ജില്ലയിലെ നീരോടിയിലാണ് ഞാൻ ജനിച്ചത്. വളർന്നത് അപ്പന്റെ നാടായ മാർത്താണ്ഡം തുറയിലും. മംഗലപ്പുഴ സെമിനാരിയിലും റോമിലുമായാണ് പഠനം പൂർത്തിയാക്കിയത്.

അരനൂറ്റാണ്ടിലേറെയായി വൈദികനായി വിവിധ പദവികളിലുണ്ടായിരുന്നു. തൃപ്തിയോടെയാണോ പടിയിറങ്ങുന്നത്?

ഒരാളും ഒന്നും പൂർണതൃപ്തിയോടെ ചെയ്തു തീർക്കുന്നില്ല. പുരോഹിതനായതിനുശേഷം സമൂഹത്തിൽ ഞാൻ കണ്ട ഏറ്റവും കൊടിയ ശാപം മദ്യമാണ്. മദ്യവർജനം വലിയൊരു സ്വപ്നമായിരുന്നു. അതു നടന്നില്ല. ഞങ്ങൾ ആറുപേരെ മദ്യം ഉപയോഗിക്കാത്തവരാക്കുമ്പോൾ സർക്കാർ നൂറുപേരെ മദ്യപാനികളാക്കുന്നു. അല്ലെങ്കിൽ അവർക്ക് അങ്ങനെയാകാനുള്ള സാഹചര്യം ഒരുക്കുന്നു. ഒരിക്കൽ മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സത്യസന്ധമായി മറുപടി പറഞ്ഞു,‘ഈ വിഷയത്തിൽ നമ്മൾ രണ്ടു തട്ടിലാണ്.’

ഔദ്യോഗിക സ്ഥാനം ഒഴിഞ്ഞപ്പോൾ ചില കത്തുകൾ ലഭിച്ചു. അതിൽ രണ്ടു കത്തുകളെക്കുറിച്ചു പറയാം. ഒരു ക ത്ത് എന്നെ വാനോളം പുകഴ്ത്തുന്നതാണ്. ഞാൻ ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ പോലും എന്റെ മഹത്വമായി കണ്ട് എഴുതിയ കത്ത്. രണ്ടാമത്തെ കത്ത് എന്നെ കാര്യമില്ലാതെ വിമർശിക്കുന്നതായിരുന്നു. ഒരാളെ വാനോളം പുകഴ്ത്തുമ്പോൾ നിങ്ങൾ അന്ധനാകുന്നു. ഒരാളെ അകാരണമായി വിമർശിക്കുമ്പോഴും നിങ്ങൾ അന്ധനാകുന്നു.

വ്യാജവാറ്റിന് കുപ്രസിദ്ധമായിരുന്ന പൊഴിയൂർ. എങ്ങനെയാണ് ആ സ്ഥലത്തെ മാറ്റിയെടുത്തത്?

പല തിന്മകളും നടക്കുന്നത് ദാരിദ്ര്യത്തിൽ നിന്നാണ്. അത് നമ്മൾ പലപ്പോഴും മനസ്സിലാക്കുന്നില്ല. കള്ളവാറ്റ് നടത്തുന്നവരെ പൊലീസ് പിടിക്കും. കുറച്ചുദിവസം ശിക്ഷിക്കും. അവർ തിരിച്ചുവന്ന് വീണ്ടും വാറ്റു തുടങ്ങും. ഞങ്ങൾ അ വരോട് സ്േനഹത്തോടെ പറഞ്ഞത് ‘മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവസരം ഉണ്ടാക്കാം. വ്യാജവാറ്റ് ഉപേക്ഷിക്കണം’ എന്നാണ്. അത് സ്നേഹത്തിന്റെ ഭാഷയായിരുന്നു. അവരതു കേട്ടു. പൊഴിയൂർ വ്യാജവാറ്റ് വിമുക്തമായി. അവിടെ സ്ത്രീകളെയും കുട്ടികളെയും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക എന്നതായിരുന്നു പ്രധാനം. ഇത് ഒരു ദിവസം കൊണ്ടു നടന്ന കാര്യമല്ല. ഇന്ന് അവർ നന്നായി ജീവിക്കുന്നു എന്നാണ് എന്റെ വിശ്വാസം.

Dr-soosapakyam

എന്തുകൊണ്ടാണ് മദ്യത്തിനെതിരെ പ്രവർത്തനങ്ങൾ?

എം. പി. മന്മഥൻ സാറിനെപ്പോലെയുള്ളവർ തുടങ്ങിവച്ച പ്രസ്ഥാനത്തെ നമ്മൾ മുന്നോട്ടുകൊണ്ടുപോകുന്നു എ ന്നു മാത്രം. ഇന്നത്തെക്കാലത്തെ ചെകുത്താനാണ് മദ്യം. എല്ലാ കൊള്ളരുതായ്മകൾക്കു പിന്നിലും മദ്യമുണ്ടാകും. മദ്യപിച്ചു വരുന്ന പല ഭർത്താക്കന്മാരും റഷ്യ യുക്രെയ്നോടു പെരുമാറുന്നതുപ്പോലെയാണു ഭാര്യമാരോടു പെരുമാറുന്നത്. അത് ദാമ്പത്യപ്രശ്നങ്ങളുണ്ടാക്കുന്നു. സ്ത്രീകളുടെ കണ്ണീരു വീഴുന്ന ഇടങ്ങൾ നാശത്തിലേക്കു പോകും.

അതിരുകൾക്ക് അപ്പുറം സൗഹൃദം സൂക്ഷിക്കുന്ന ആളാണ്?

നമ്മൾ കരുതുന്നതുപോലെ മനുഷ്യൻ അത്ര കേമനൊന്നുമല്ല. മറ്റു ജന്തുക്കളുമായി താരതമ്യം ചെയ്യുമ്പോൾ പോലും. അതുകൊണ്ട് ഈ ഭൂമിയിലുള്ള അൽപം സമയം ൈദവത്തിനു വശപ്പെട്ട് സ്നേഹത്തോടെ ജീവിക്കുക. ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ എന്റെ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. അതൊക്കെ സഹപ്രവർത്തനത്തിന്റെ ഭാഗമായി വന്നുചേരുന്നതാണ്. സുഗതകുമാരി ടീച്ചറുമായി നല്ല സൗഹൃദമായിരുന്നു. മദ്യപാനം കൊണ്ട് കുടുംബങ്ങൾ തകരുന്നതിൽ അവർ അങ്ങേയറ്റം ദുഃഖിതയായിരുന്നു. അതുപോലെ ഒരുപാടു പേരുണ്ട് നിലപാടുകൾ കൊണ്ട് ഒപ്പം നടക്കുന്നവരായി.

ലാളിത്യമാണ് അങ്ങയുടെ മുഖമുദ്ര. മറ്റുള്ളവരെയും അതിനുവേണ്ടി പ്രേരിപ്പിക്കുന്നു?

നമ്മുടെ സമൂഹത്തിൽ ഒരുവിഭാഗം ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കഷ്ടപ്പെടുന്നു. മറ്റൊരു വിഭാഗം ജീവിതം ധൂർത്തടിക്കുന്നു.

വിവാഹത്തിന്റെ പേരിൽ എന്തെല്ലാം ആ ർഭാടങ്ങളാണ് നടക്കുന്നത്. പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും എത്ര കോടി രൂപയാണ് ചെലവിടുന്നത്. ഒരാൾ തന്റെ മകളുടെ വിവാഹത്തിന് ആയിരം കാറുകളാണ് അകമ്പടിക്കായി കൊണ്ടുപോയത്. ഒരുമാസം കഴിഞ്ഞപ്പോൾ ആ വിവാഹബന്ധം അസ്വസ്ഥമായി. ആറാം മാസം കൊണ്ട് അവർ പിരിഞ്ഞു. ഇതാണ് അവസ്ഥ. ആഡംബരം ദൈവത്തിന് എതിരാണ്. അതുകൊണ്ടാണ് ഞാൻ സഭയിലുള്ളവരോട് ലളിതജീവിതത്തെക്കുറിച്ചു പറയുന്നത്.

മെട്രൊപൊലീറ്റൻ ആർച്ച് ബിഷപ്, കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ തലവൻ, കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് തലവൻ തുടങ്ങിയ പദവികൾ വഹിച്ചു. എന്നും എവിടെയും ഇടയൻ യേശു മാത്രമാണെന്ന് ഈ പിതാവ് വിശ്വസിക്കുന്നു. യജമാനനാകാൻ ആഗ്രഹിക്കരുതെന്നും അങ്ങനെയുള്ളവൻ ശുശ്രൂഷകനാകണമെന്നും അദ്ദേഹം നിഷ്കർഷിക്കുന്നു. സ്നേഹത്തോളം ശക്തമായ ആയുധമില്ലെന്ന് അദ്ദേഹം കരുതുന്നു. നന്ദി പറഞ്ഞ് ഇറങ്ങാൻ നേരം അദ്ദേഹത്തോടു ഒരു ചോദ്യം കൂടി ചോദിച്ചു;

‘എന്താണ് അങ്ങയുടെ വിജയരഹസ്യം?’

മൃദുവായ സ്വരത്തിൽ പിതാവു പറഞ്ഞു; ‘സാധാരണക്കാരനായ എന്നെ ദൈവം കൈപിടിച്ചു നടത്തി...’

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ജാക്സൻ ബെഞ്ചമിൻ

കടപ്പാട്: വനിത ആർക്കൈവ്സ്