ADVERTISEMENT

ദൈവം പ്രത്യക്ഷപ്പെട്ട് ഒരു വരം ചോദിക്കാൻ അവസരം തന്നാൽ എന്തു ചോദിക്കും ?

ധന്യ എ.ബി, മുളയൻകാവ്, പാലക്കാട്

ADVERTISEMENT

മുഴുവൻ സമയ ജാലവിദ്യക്കാരനായി ജീവിച്ച കാലത്ത് ഈ ലോകത്തെ മുഴുവൻ തിന്മകളെയും മായ്ചുകളയുന്ന ഒരു മാന്ത്രികവടി വരമായി ചോദിച്ചേനെ. ഇന്നു ഭിന്നശേഷി കുട്ടികളാണ് എന്റെ ലോകം. അവരുടെ ജീവിതത്തിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്നതും കേൾക്കുന്നതും നമുക്കൊന്നും സങ്കൽപിക്കാൻ പോലുമാകാത്ത വേദനകളാണ്. അവരുടെ വേദന മാറ്റാനുള്ള വരമാകും ഇന്നു ദൈവത്തോടു ചോദിക്കുക.

താങ്കളുടെ ജീവിതാനുഭവങ്ങളെ മുൻനിർത്തി ഇന്നത്തെ കൗമാരത്തിനു നൽകാൻ ഒരു ഉപദേശം ?

ADVERTISEMENT

മാലിനി, സാലിഗ്രാമം, ചെന്നൈ

കൃഷിക്കാരനോട് ഒരാൾ സംശയം ചോദിച്ചു, ‘വിളയും കളയും എങ്ങനെ തിരിച്ചറിയും?’ കൃഷിക്കാരൻ ഇങ്ങനെ മറുപടി പറഞ്ഞു, ‘വിളയും കളയും പറിച്ചെടുത്തു വെറുതേ മണ്ണിലിടുക. ഒരു സംരക്ഷണവും കൂടാതെ മുളയ്ക്കുന്നതു കളയാണ്. സംരക്ഷിച്ചാൽ മാത്രം മുളച്ചു പൊങ്ങുന്നതാണു വിള.’

ADVERTISEMENT

മണ്ണു നമ്മുടെ മനസ്സാണ്, സംരക്ഷിച്ചാൽ മാത്രമേ അ വിടെ നന്മ മുളയ്ക്കൂ. അരുതാത്തത് ഏതെന്നു തിരിച്ചറിഞ്ഞ് അതിനോടു നോ പറയാനുള്ള ചങ്കൂറ്റമാണു കൗമാരത്തിൽ ആർജിക്കേണ്ടത്. അപകടമില്ലാതെ കൗമാരം കടന്നുകിട്ടിയാൽ ഉറപ്പോടെ ജീവിതം മുന്നോട്ടുപോകും.

മാജിക് ജീവിതമാക്കിയ ആൾ പെട്ടെന്ന് അത് അവസാനിപ്പിച്ചതിലെ മാജിക് എന്താണ് ?

ജോസ് ജോർജ്, സ്റ്റാച്യൂ, തിരുവനന്തപുരം

45 വർഷം കാമുകിയെപ്പോലെ നെഞ്ചോടുചേർന്നു നിന്ന കലയാണു മാജിക്. ഒരു സുപ്രഭാതത്തിൽ വിരമിക്കുന്നു എന്നു പറയാൻ കാരണം, അതു പറഞ്ഞാലേ മാജിക് നിർത്തൂ എന്ന തോന്നലാണ്. ഇനി ജീവിക്കേണ്ടതു ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയാണെന്ന തിരിച്ചറിവാണ് അതിനു പിന്നിലെ മാജിക്.

ഡിസെബിലിറ്റി മേഖലയോടുള്ള സമൂഹത്തിന്റെയും ഗവൺമെന്റിന്റെയുമൊക്കെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്താൻ തീവ്രമായ ശ്രമമാണ് ഇപ്പോൾ നടത്തുന്ന ത്. എന്റെ ജീവിതത്തിൽ അതു കാണാൻ സാധിക്കുമെന്നു വിശ്വസിക്കുന്നില്ല. പക്ഷേ, വരുംതലമുറയ്ക്ക് അത് അനുഭവിക്കാനുള്ള ഭാഗ്യം ഉറപ്പായും ഉണ്ടാകും.

ഭിന്നശേഷി കുട്ടികൾക്കായി കാണുന്ന സ്വപ്നം എന്താണ് ?

ഷിജി നാഗനൂലിൽ, പാലാ, കോട്ടയം

ഈ ഡിസൈബിലിറ്റി ക്യൂറബിൾ അല്ല. പക്ഷേ, സമൂഹത്തിന്റെ മനസ്സിനെ മാറ്റിയെടുക്കാനാകും. ആൽബർട് ഐൻസ്റ്റീൻ, എഡിസൻ, ജോർജ് വാഷിങ്ട ൺ, വാൻഗോഗ്, ഹെലൻ കെല്ലർ എന്നിങ്ങനെ ലോകമറിയുന്ന ഒരുപാടു പ്രതിഭകൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റുമായി ജീവിച്ചവരാണ്. കുടുംബവും സമൂഹവുമെല്ലാം കൂടെ നിന്നപ്പോൾ അവർ ലോകത്തെ മാറ്റിമറിക്കുന്ന പ്രതിഭകളായി. ഈ മാറ്റം നമ്മുടെ സമൂഹത്തിലും ഉണ്ടാക്കണം.

‘ഇൻവിസിബിൾ മെജോറിറ്റി’ എന്ന പുസ്തകത്തിൽ പറയുന്നതു നമ്മുടെ ജനസംഖ്യയിൽ 15 ശതമാനത്തിനു ഡിസെബിലിറ്റി ഉണ്ടെന്നാണ്. പക്ഷേ, ഇന്ത്യാ ഗവൺമെന്റിന്റെ കണക്കിൽ വെറും 2.2 ശതമാനമേ ആ ഗണത്തിലുള്ളൂ. ബാക്കി 13 ശതമാനം സമൂഹം ചെയ്ത തെറ്റിന്റെ പേരിൽ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ സാധിക്കാതെ അടഞ്ഞിരിക്കുകയാണ്. അവരെ കൂടി പുറത്തേക്കു കൊണ്ടുവന്നു ലോകത്തിനു തന്നെ മാതൃകയായി കേരളത്തെ മാറ്റുക എന്നതാണ് എന്റെ വിദൂരമായ സ്വപ്നം.

ജീവിതം നൈമിഷികമാണെന്നും സ്നേഹം, ദയ, ക്ഷമ ഇവയെല്ലാം ആർജിക്കണം എന്നുമാണല്ലോ താങ്കളുടെ ആശയം. ഈ തത്വങ്ങളെല്ലാം മനുഷ്യർ സ്വീകരിച്ചു പുതിയൊരു ലോകം വരുമോ ?

നൂർജഹാൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം

നമ്മൾ പൂക്കൾ മുകളിലേക്കെറി‍ഞ്ഞാൽ പൂക്കൾ താഴേക്കു വീഴും, കല്ലുകളെറിഞ്ഞാൽ കല്ലുകളും. കോടാനുകോടി വർഷങ്ങൾക്കിടയിൽ ഒരിക്കൽ മാത്രമാണു നമ്മൾ ഭൂമിയിൽ ജീവിക്കുന്നത്. ഭൂമിയുടെ ആയുസ്സു വച്ചു നോക്കിയാൽ നമ്മുടെ ആയുസ്സിനു വിരൽ ഞൊടിക്കുന്ന ദൈർഘ്യം മാത്രം. ഭൂമിയിൽ നന്മതിന്മകൾ സ്വാഭാവികമാണ്. നമ്മളാണു തീരുമാനിക്കുന്നത് ഏതിനൊപ്പം പോകണമെന്ന്. എത്രമാത്രം നന്മയോടെ ജീവിക്കാൻ സാധിക്കുമോ, അത്രമാത്രം സുന്ദരമായിട്ടു മരിക്കാം. ഓരോരുത്തരും ഇങ്ങനെ തീരുമാനിച്ചാൽ നന്മയുള്ളൊരു ലോകം സൃഷ്ടിക്കാനാകും എന്നു തന്നെ വിശ്വസിക്കുന്നു.

രൂപാ ദയാബ്ജി

ADVERTISEMENT