Friday 12 August 2022 03:08 PM IST

‘വ്യക്തികളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ല, പ്രതീക്ഷകളാണല്ലോ നമ്മെ നിരാശപ്പെടുത്തുന്നത്’: ഗൗതമി പറയുന്നു

Tency Jacob

Sub Editor

gouthami-vanitha-

മുഖം അത്ര പോരെന്നു പറഞ്ഞ് ഓഡിഷനിൽ നിന്നു മാറ്റി നിർത്തിയ ദിവസമുണ്ട് ഗൗതമിയുടെ ജീവിതത്തിൽ. ആ തിരസ്കാരനിമിഷത്തിൽ നിന്ന് മുളച്ച വാശി വളർന്നു. ഗൗതമി നായർ നടിയായി. ഇടയ്ക്ക് അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്കൊന്നു കൂടുമാറി. പിന്നെ, പഠനത്തിലേക്ക്. ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോളജി ഡിപാർട്മെന്റിൽ ജൂനിയര്‍ റിസർച് ഫെലോ ആയി ജോലി ചെയ്യുന്നു. എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയത്തിൽ സജീവമാകുന്ന ഗൗതമി നായരുടെ വിശേഷങ്ങൾക്കൊപ്പം.

തിരിച്ചുവരവിൽ എന്തെല്ലാമാണ് തയാറെടുപ്പുകൾ?

അഭിനയം തുടങ്ങുന്ന കാലത്ത് ഒപ്പം അഭിനയിക്കുന്നവര്‍ ആരൊക്കെയാണെന്നാണ് നോക്കിയിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. കഥയും സംവിധായകരെയും കൂടി ശ്രദ്ധിച്ചിട്ടാണ് സിനിമ ചെയ്യാമെന്നു തീരുമാനിക്കുന്നത്.

‘മേരി ആവോസ് സുനോ’ എന്ന സിനിമയിലേക്ക് എ ത്തിയത് ആകസ്മികമായാണ്. തിരിച്ചുവരവ് നല്ലൊരു സിനിമയിലൂടെയാകണം എന്ന് മോഹിച്ചിരുന്നു. ഈ സിനിമയുടെ നിർമാതാവ് ബി. രാകേഷ് എന്റെ അടുത്ത കൂട്ടുകാരിയുടെ അങ്കിൾ ആണ്.

ഷൂട്ടിങ്ങിനിടെ ഒരു ദിവസം അദ്ദേഹം കൂട്ടുകാരിയുടെ വീട്ടിൽ ചെന്നു. കൂട്ടുകാരിയും അമ്മയും കൂടി അദ്ദേഹത്തോട് ചോദിച്ചു. ‘പുതിയ സിനിമയിൽ ഗൗതമിക്ക് കൊടുക്കാൻ റോൾ എന്തെങ്കിലും ഉണ്ടോ?’ കൂട്ടുകാരി പറഞ്ഞപ്പോഴാണ് എനിക്ക് അഭിനയതാൽപര്യം ഉണ്ടെന്ന് അങ്കിൾ അറിയുന്നത്. ഞാൻ ഇനി അഭിനയിക്കില്ലെന്നാണ് പൊതുവെ ഉണ്ടായിരുന്ന ഫീൽ എന്നു തോന്നുന്നു.

ഒരു ദിവസം രാകേഷങ്കിളിനൊപ്പം ഞാനും ലൊക്കേഷനിൽ ചെന്നു. ജയേട്ടനെയും (നടൻ ജയസൂര്യ) പ്രജേഷേട്ടനെയും (സംവിധായകൻ പ്രജേഷ് സെൻ) കണ്ടു. ‘മേരി ആവാസ് സുനോ’യിൽ ആർജെ കഥാപാത്രം ചെറുതാണെങ്കിലും ചെയ്തു നോക്കൂ എന്ന് അവരും പറഞ്ഞു. നല്ലൊരു സിനിമയുടെ ഭാഗമാകാനുള്ള അവസരം എന്നേ ഞാൻ കരുതിയുള്ളൂ. ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ മഞ്ജു ചേച്ചിയുടെ ഒപ്പമായിരുന്നു ആദ്യ ഷോട്ട്. അത് വലിയ സന്തോഷം തന്നു. പണ്ടേ ഞാൻ ആരാധിക്കുന്ന നടിയാണ് മഞ്ജു വാരിയർ.

എന്താണ് സിനിമയിൽ നിന്നു ഇത്രനാളും വിട്ടു നിന്നത്?

ഇടവേള മനഃപൂർവമല്ല. നല്ല അവസരങ്ങൾ കിട്ടാത്തതു കൊണ്ട് സംഭവിച്ചതാണ്. വിചാരിച്ചതു പോലുള്ള കഥാപാത്രങ്ങൾ വന്നില്ല. അങ്ങനെ പഠനത്തിലേക്ക് തിരിഞ്ഞു. ഡിഗ്രിയും പോസ്റ്റ്ഗ്രാജുവേഷനും തിരുവനന്തപുരം വിമൻസ് കോളജിലായിരുന്നു. സൈക്കോളജിയായിരുന്നു വിഷയം. അതിനിടയിലാണ് ന്യൂറോ സയൻസിനോട് ഇഷ്ടം തോന്നിയത്. 2020 മുതൽ ന്യൂറോ സയന്റിസ്റ്റ് റിസർച് ഫെലോ ആയി തിരുവനന്തപുരം ശ്രീചിത്രയിൽ ജോലി ചെയ്യുന്നു. തലച്ചോർ സംബന്ധമായ അസുഖങ്ങൾ, ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള പഠനം.

ആ കാലത്ത് ചില അവസരങ്ങൾ വന്നിരുന്നു. പരീക്ഷയുടെ സമയത്തായതിനാൽ അത് സ്വീകരിക്കാൻ കഴിഞ്ഞില്ല. അതോടെ ഞാൻ അഭിനയം നിർത്തിയെന്ന് പലരും ചിന്തിച്ചു കാണും.

പക്ഷേ, അപ്പോഴൊന്നും സിനിമയെ ഞാൻ വിട്ടു കളഞ്ഞിട്ടില്ല. ജോലി കഴിഞ്ഞു ക്ഷീണിച്ചാണ് വരുന്നതെങ്കിലും ദിവസം ഒരു സിനിമയെങ്കിലും കാണും. ലോക്‌‍‍ഡൗണിനു ശേഷം വന്ന തിയറ്റർ റിലീസ് ചിത്രങ്ങളെല്ലാം ത ന്നെ കണ്ടു.

കുട്ടിക്കാലത്ത് സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. അച്ഛൻ മധു കുവൈത്തിൽ ന്യൂക്ലിയർ മെഡിക്കൽ ഫിസിസിസ്റ്റ് ആയിരുന്നു.

ഞാൻ ജനിച്ചു വളർന്നത് അവിടെയാണ്. കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഹോസ്പിറ്റലിൽ പോകും. അങ്ങനെയാണ് മെഡിക്കൽ മേഖലയോട് ഇഷ്ടം തോന്നുന്നത്.അമ്മ ശോഭ വീട്ടമ്മയാണ്. ചേച്ചി ഗായത്രി ഭർത്താവിനൊപ്പം ഓസ്ട്രേലിയയിൽ. ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാൻ.

ധാരാളം യാത്ര ചെയ്യാറുണ്ടല്ലേ. സങ്കടങ്ങളിൽ നിന്നു പുറത്ത് കടക്കാനുള്ള വഴിയാണോ യാത്ര ?

ഞാൻ തനിച്ചാണ് എന്നെ വീണ്ടെടുക്കുന്നത്. ഒറ്റയ്ക്കിരുന്ന് സങ്കടത്തിൽ നിന്നു പുറത്തു കടക്കാൻ നോക്കും. കുറേ കരഞ്ഞു കഴിയുമ്പോൾ എനിക്കു ബോറടിക്കും. ‘എന്നെക്കൊണ്ട് തോറ്റല്ലോ.’ എന്നു തോന്നും. തുറന്നു സംസാരിക്കാൻ സാധിക്കുന്ന കൂട്ടുകാരുടെ അടുത്തും പോകാറുണ്ട്. ഒരാളുടെ പ്രവൃത്തി കാരണമാണ് വിഷമം നേരിട്ടതെങ്കിൽ അയാളോട് നേരിട്ടു സംസാരിച്ചു കാര്യങ്ങൾ ശരിയാക്കും.

യാത്രകൾ ആവേശത്തോടെ പോയിരുന്ന സമയമുണ്ടായിരുന്നു. ഇപ്പോൾ ലീവെല്ലാം നോക്കി വേണമല്ലോ യാത്രകൾ തീരുമാനിക്കാൻ. ഹിമാലയത്തിൽ പോയപ്പോഴാണ് മഞ്ഞ് കയ്യിലെടുക്കുന്നത്. ഒരു ജൂൺ അവസാനത്തിലാണ് അവിടെ പോകുന്നത്. മഞ്ഞില്ലാതെയാകുന്ന സമയമാണ് അത്. എങ്കിലും അവിടെ മഞ്ഞു മൂടിയ മലനിരകൾ എനിക്കു വേണ്ടി കാത്തിരുന്നു. മനസ്സ് ആർദ്രമായ നിമിഷമാണ്.

ആളുകളെ നിരീക്ഷിക്കാൻ ഇഷ്ടമാണോ?

സൈക്കോളജി പഠിച്ചു കഴിഞ്ഞപ്പോൾ മുതൽ ആളുകളെ പഠിക്കാൻ ശ്രമിക്കാറുണ്ട്. മനഃപൂർവമല്ല. സ്വാഭാവികമായി വരുന്നതാണത്. ചിലരെ കാണുമ്പോൾ ‘ഇയാൾക്ക് പ്രശ്നങ്ങളുണ്ടല്ലോ’ എന്നു ചിന്ത വരും. ആ തോന്നൽ ശരിയായി തന്നെ വരാറുമുണ്ട്. ഞാൻ ഓരോന്നു ചിന്തിച്ചു കൂട്ടുന്നതാണെന്നു കരുതി ആരോടും പങ്കുവയ്ക്കാറില്ല.

ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാൻ. കൂട്ടുകാരെ ആരെയെങ്കിലും വിളിക്കുമ്പോൾ ഫോണെടുത്തില്ലെങ്കിൽ, സംസാരിക്കുമ്പോൾ സ്വരം മാറിയാൽ എനിക്കു ടെൻഷനാണ്. അതിൽ നിന്നെല്ലാം ഞാൻ ഇപ്പോൾ പുറത്തു കടന്നു. നമ്മൾ കരുതുന്നതു പോലെയല്ല. നമുക്ക് നമ്മുടെതായ കാര്യങ്ങൾ ഉള്ളതു പോലെതന്നെയാണ് അവർക്കും. എല്ലാവരുടെ പ്രതികരണവും നമ്മൾ വിചാരിച്ചതു തന്നെ ആകണമെന്നില്ല. അമിത ചിന്ത മൂലമുള്ള ഉത്കണ്ഠ ഒഴിവാക്കാൻ സ്വയം ശ്രമിക്കാറുണ്ട്. തുറന്ന സംസാരവും പെരുമാറ്റവും പൊതുവേ കുറവല്ലേ നമ്മുടെ നാട്ടിൽ.

സംവിധാനമോഹം ഇപ്പോഴുമുണ്ടോ ?

ചെയ്ത സിനിമയുടെ ക്ലൈമാക്സ് ഭാഗം മാത്രമേ എടുക്കാനുണ്ടായിരുന്നുള്ളൂ.അപ്പോഴാണ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നിർത്തി വയ്ക്കേണ്ടി വന്നത്. ആ സിനിമ ഇനി പുറത്തിറങ്ങാൻ സാധ്യതയില്ല. അക്കാലത്ത് എനിക്കു നല്ല നിരാശയുണ്ടായിരുന്നു. അത്ര ആഗ്രഹിച്ചാണ് ഞാൻ സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. ഓരോന്നു നടക്കാനും നടക്കാതിരിക്കാനും ഒരു കാരണമുണ്ടാകും എന്നു വിശ്വസിച്ചു സമാധാനിക്കുന്നു. ഇപ്പോൾ അഭിനയമോഹമാണ് മുന്നിട്ടു നിൽക്കുന്നത്. സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള ആലോചനയുണ്ട്.

പുതിയ സിനിമകളിൽ അവസരം വന്നു തുടങ്ങിയോ?

അങ്ങനെ അവസരങ്ങളുടെ പ്രവാഹമൊന്നുമില്ല. ‘തവള’ എന്ന സിനിമയുണ്ട്. ചെറിയ കഥാപാത്രമാണ്. ഞാൻ സംവിധാനം ചെയ്ത സിനിമയിൽ എന്റെ അസോഷ്യേറ്റായിരുന്ന ഫ്രാൻസിസാണ് സംവിധായകൻ.

‘സെക്കൻഡ് ഷോ’ ആയിരുന്നു ആദ്യ ചിത്രം. ഒാഡിഷ ൻ വഴിയായിരുന്നു ചാൻസ് കിട്ടിയത്. രണ്ടാമത്തെ ചിത്രമായ ‘ഡയമണ്ട് നെക്‌ലേസി’ലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. സിനിമയിലെ ഏറ്റവും സുന്ദരമായ ഒാർമ എന്നു പറഞ്ഞാൽ അതാണ്.

ഞാൻ പോസിറ്റീവ് ചിന്താരീതിയുടെ ആളാണ്. എന്തു വന്നാലും സാരമില്ല, നേരിടാം എന്നൊരു മനോഭാവമാണ്.അതുകൊണ്ടു തന്നെ സിനിമയിൽ നല്ല വേഷങ്ങൾക്കായി ഒരു പരാതിയുമില്ലാതെ കാത്തിരിക്കുന്നു.

സൈക്കോളജി പഠിച്ചയാളെന്ന നിലയിൽ സിനിമയിലേക്കു വരുന്ന പെൺകുട്ടികളോട് പറയാനുള്ളത്?

സിനിമ എന്നു പറ‍ഞ്ഞാൽ പലർക്കും ഭ്രാന്താണ്. സിനിമയിലേക്കുള്ള തുടക്കം കിട്ടിക്കഴിഞ്ഞാലും പിന്നീട് ഇഷ്ടപ്പെട്ട സിനിമ കിട്ടണമെന്നില്ല. അതിനു വേണ്ടി ഒത്തുതീർപ്പുകൾ ചെയ്യാതിരിക്കുക. ക്രിയാത്മകമായി മറ്റെന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. സിനിമ ഇല്ലെന്നു കരുതി എനിക്ക് ഒരു കോംപ്ലക്സും തോന്നിയിട്ടില്ല. വരുമ്പോൾ ചെയ്യാം എന്നു കരുതി കാത്തിരുന്നു. ഈ തത്വങ്ങളെല്ലാം ഇപ്പോൾ പറയാൻ എളുപ്പമാണ്. പക്ഷേ, ആ സമയത്ത് അങ്ങനെ ചെയ്യുക അത്ര എളുപ്പമായിരുന്നില്ല.

സിനിമയിലെ സൗഹൃദങ്ങൾ നിലനിർത്തുന്നുണ്ടോ?

സിനിമയിൽ അധികം സൗഹൃദങ്ങളില്ല. ഭാവനയോടാണ് സൗഹൃദം സൂക്ഷിക്കുന്നത്. ഇടയ്ക്ക് വിളിക്കും. സംസാരിക്കും. വേറെ ആരോടും അങ്ങനെ മിണ്ടാറില്ല. വ്യക്തികളിൽ നിന്നു പൊതുവേ ഒന്നും പ്രതീക്ഷിക്കാറില്ല. പ്രതീക്ഷകളാണല്ലോ നമ്മെ നിരാശപ്പെടുത്തുന്നത്.

ടെൻസി ജെയ്ക്കബ്ബ്

ഫോട്ടോ: സുഭാഷ് കുമാരപുരം