എന്റെ പ്രിയ സിനിമ-ജൂഡ് ആന്റണി ജോസഫ് (സംവിധായകൻ)
ജുറാസിക് പാർക് (1993)
‘ജുറാസിക് പാർക്’ ആദ്യമായി കണ്ടപ്പോഴത്തെ ആ വിസ്മയം ഇന്നും എന്റെയുള്ളിലുണ്ട്. അതുകൊണ്ടു തന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയേതെന്ന് ആലോചിക്കുമ്പോൾ ഉടനെ മനസ്സിൽ വരുന്നത് സ്റ്റീവൻ സ്പിൽബർഗിന്റെ, ലോകത്തിലെ സിനിമാ പ്രേമികളെ മുഴുവനും അമ്പരപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത ഈ വിഖ്യാത ഹോളിവുഡ് ചലച്ചിത്രമാണ്. സ്റ്റീവൻ സ്പിൽബർഗ് ആരാണെന്നൊന്നും അറിയില്ലാത്ത പ്രായത്തിലാണ് ഞാനീ സിനിമ കാണുന്നത്. ഞാൻ ചെറിയ ക്ലാസിൽ പഠിക്കുന്ന സമയത്താണ്. അന്ന് ഇംഗ്ലീഷ് സിനിമകൾ കാണുന്ന പതിവൊന്നും ഇല്ല. തിയേറ്ററിൽ ഹിറ്റാകുന്ന മലയാള സിനിമകൾ മാത്രമേ അന്നു കാണാറുള്ളൂ. ആ സമയത്താണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ജുറാസിക് പാർക് റിലീസാകുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിലും ഈ സിനിമയെക്കുറിച്ചുള്ള പരസ്യങ്ങളെത്തുകയും നേരത്തേ തന്നെ സിനിമാപ്രേക്ഷകരുടെ ശ്രദ്ധ കവരുകയും ചെയ്തിരുന്നു ഈ സിനിമ. അതുെകാണ്ടു തന്നെ ജുറാസിക് പാർക് ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ആ കാത്തിരിപ്പ് വെറുതെയായില്ല. അത്ര വലിയ ത്രില്ലും അത്ഭുതവും വിസ്മയവും ആണ് 1993ൽ ഇറങ്ങിയ ഈ സയൻസ് ഫിക്‌ഷൻ അഡ്വഞ്ചർ ഫിലിം പ്രേക്ഷകർക്കു സമ്മാനിച്ചത്.
വിഷ്വൽ ഇഫക്ടിന്റെ മാജിക്
ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തി ‘ജുറാസിക് പാർക്’. സയൻസ് ഫിക്‌ഷനാണെങ്കിലും അത്ര ജനകീയമായ കഥാതന്തുവും സ്പെഷൽ ഇഫക്ടിന്റെ മായാജാലവും ഇതേ വരെ കാണാത്ത കാഴ്ചയുടെ ലോകവും കൂടിച്ചേർന്ന് സിനിമയെ എല്ലാത്തരം കാണികളുെടയും ഇഷ്ടം കവരുന്നതാക്കി. കമ്പ്യൂട്ടർ ജെനറേറ്റഡ് ഇമേജറിയും അനിമാട്രോണിക് വിഷ്വൽ ഇഫക്ടും വഴിയാണ് സിനിമയിലെ ഭീമാകാര ഡിനോസറുകളെ സൃഷ്ടിച്ചിരിക്കുന്നത്. കുട്ടികളെ എന്റർടെയിൻ ചെയ്യുകയാണ് സ്പിൽബർഗ് പ്രധാനമായും ലക്ഷ്യമിട്ടതെങ്കിലും കുട്ടികൾക്കൊപ്പം കുടുംബത്തെയൊന്നാകെ ആകർഷിക്കുന്നതായി മാറി സിനിമ. ഇന്നത്തെ അത്രയും ടെക്നോളജി വികസിച്ച കാലമല്ലെങ്കിൽ കൂടി അന്ന് ജുറാസിക് പാർക്കിലെ സ്പെഷൽ ഇഫക്ടുകൾ തീർത്ത അത്ഭുതം അത്ര വലുതായിരുന്നു. അതിഗംഭീര മേക്കിങ്. വിഷ്വൽ ഇഫക്ടിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി ഈ സിനിമ. മികച്ച വിഷ്വൽ ഇഫക്ട്സ്, മികച്ച സൗണ്ട് മിക്സിങ്, മികച്ച സൗണ്ട് എഡിറ്റിങ്ങ് ഇവയ്ക്കുള്ള ഓസ്കർ അവാർഡുകളും നേടി.
മൈക്കേൽ ക്രേറ്റൺ രചിച്ച ‘ജുറാസിക് പാർക്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സ്പിൽബർഗ് സിനിമ ഒരുക്കിയിരിക്കുന്നത്. മധ്യ അമേരിക്കയുടെ പസഫിക് തീരത്തിനടുത്ത് കോസ്റ്റാറിക്കയുടെ സമീപത്തുള്ള ‘ഇസ്‌ലാ നുബ്‌ലാർ’ എന്ന സാങ്കൽപിക ദ്വീപാണ് കഥയുടെ ലൊക്കേഷനായി സങ്കൽപിച്ചിരിക്കുന്നത്. ഈ ദ്വീപിലെ വൈൽഡ് ലൈഫിൽ പാർക്കിൽ, ജോൺ ഹാമണ്ട് എന്ന ധനികവ്യവസായി ജനറ്റിക് എൻജിനീയറിങ്ങിന്റെ സഹായത്തോടെ ചരിത്രാതീത കാലത്തെ ദിനോസറുകളെ വീണ്ടും ജീവിപ്പിച്ചിരിക്കുന്നു. ഇവിടേക്ക് ഹെലികോപ്റ്ററിൽ ഏതാനും സന്ദർശകരും ഹാമണ്ടിന്റെ പേരക്കുട്ടികളും എത്തുകയാണ്. സംരക്ഷണ വലയം ഭേദിച്ച് അപകടകാരികളായ ദിനോസറുകൾ പുറത്തു വരുന്നതും രക്ഷപ്പെടാനായി കുട്ടികളും മറ്റു യാത്രികരും നടത്തുന്ന അതിസാഹസിക ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പ്രകൃതിയുടെ സ്വാഭാവിക താളത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ജനറ്റിക് എൻജിനീയറിങ്ങിന്റെ അതിരു വിട്ട പ്രവർത്തനങ്ങൾ മനുഷ്യരാശിക്കു തന്നെ വിപത്തായി മാറുമെന്ന അപായമുന്നറിയിപ്പ് സിനിമയിൽ യാഥാർഥ്യമായി മാറുന്നു. ചരിത്രാതീത കാലത്തെ ദിനോസർ ഫോസിലുകളിൽ ഉറഞ്ഞു കിടന്ന കൊതുകിന്റെ ശരീരത്തിൽ നിന്നെടുത്ത ദിനോസർ ഡിഎൻഎ വഴി അവയെ വീണ്ടും ജനിപ്പിച്ചെടുക്കുന്നുവെന്ന അത്ഭുതം സിനിമയിൽ തികച്ചും വിശ്വസനീയമായിട്ടാണ് അനുഭവപ്പെടുന്നത്.
ത്രില്ലടിപ്പിച്ച രംഗങ്ങൾ
ഈ ലോക് ഡൗൺ സമയത്ത് ഏതു സിനിമ കാണണം എന്ന് ആലോചിച്ചപ്പോൾ എനിക്ക് ആദ്യം തോന്നിയത് ‘ജുറാസിക് പാർക്’ കാണാമെന്നാണ്. അങ്ങനെ അതിന്റെ എല്ലാ ഭാഗങ്ങളും കണ്ടു. സ്കൂൾ കാലത്ത് കണ്ടപ്പോൾ തോന്നിയ അതേ ത്രിൽ ഇപ്പോഴും തോന്നുന്നു. ആ സിനിമയിൽ ഒരു കുറ്റവും പോ രായ്മയും നമുക്കു കണ്ടു പിടിക്കാൻ സാധിക്കില്ല.
തീം പാർക്കിൽ വച്ച് ആദ്യമായി, ഡോ. അലനും എല്ലിയും സസ്യാഹാരികളായ അപകടകാരികളല്ലാത്ത ദിനോസറുകളുടെ ഭീമാകാര രൂപങ്ങളെ അമ്പരപ്പോടെ നോക്കുന്ന രംഗത്തിലാണ് സിനിമയിൽ ദിനോസറുകളെ ആദ്യമായി കാണിക്കുന്നത്. തുടർന്ന് ഒാരോ സീനിലും ദിനോസറുകൾക്കായി പ്രേക്ഷകർ ഭയം കലർന്ന ജിജ്‍ഞാസയോടെ കാത്തിരിക്കുന്നു. പാർക്കിലെ വാഹനത്തിൽ കുട്ടികൾ പേടിച്ചരണ്ടിരിക്കുന്ന രാത്രിയിൽ ദിനോസറിന്റെ പാദചലനത്തിനൊപ്പം ഗ്ലാസിലെ വെള്ളത്തിൽ തരംഗങ്ങളുണ്ടാവുന്ന സീനുണ്ട്! ഇന്നു കാണുമ്പോഴും നെഞ്ചിടിപ്പു കൂട്ടുന്നതാണ് ആ സീനിന്റെ ഇഫക്ട്. വണ്ടിയുടെ ചില്ലിനരികിൽ ദിനോസറിന്റെ ഭീകര മുഖം പ്രത്യക്ഷപ്പെടുന്നത്, അവസാനം പാർക്കിലെ കിച്ചനിൽ രണ്ടു ദിനോസറുകൾ കുട്ടികളെ ഹൈഡ് ആൻഡ് സീക് പോലെ വേട്ടയാടുന്ന രംഗം..., ദിനോസറുകൾ തമ്മിലുള്ള ഏറ്റമുട്ടൽ രംഗങ്ങൾ.. മുൻപ് കണ്ടിട്ടേയില്ലാത്ത അത്ഭുതക്കാഴ്ചകളോടെ വന്നെത്തിയ ജുറാസിക് പാർക് പ്രേക്ഷകരുടെ പ്രതീക്ഷകളെ എല്ലാ തരത്തിലും എന്റർടെയ്ൻ ചെയ്തു. ഒരുഹോളിവുഡ് ചലച്ചിത്രം മലയാളി കുടുംബപ്രേക്ഷകരെ മുഴുവനായും ആകർഷിക്കുന്നതും ആദ്യമായിട്ടായിരുന്നു. പ്രാദേശികമായി പോലും അംഗീകരിക്കപ്പെടുക എന്നതു മാജിക്കാണ്. ലോകം മുഴുവനും ജുറാസിക് പാർക്കിന് അതേ സ്വീകരണമാണ് ലഭിച്ചത്.
സിനിമ ശരിക്കും അത്ര ജനകീയവും വലിയ തിയേറ്ററിൽ കൂട്ടമായിരുന്ന് ആസ്വദിക്കാൻ കഴിയുന്നതും ആകണമെന്നു ഞാൻ വിശ്വസിക്കുന്നു. പല തരം സിനിമകളുണ്ട്. റിയലിസ്റ്റിക് സിനിമകളും ഫാന്റസി സിനിമകളും മറ്റു പല ജോനറുകളിൽ പെട്ട സിനിമകളും ഉണ്ട്. പക്ഷേ, സിനിമയുടെ യഥാർഥ ഫീൽ അതിന്റെ ആഘോഷമാണെന്നു ഞാൻ കരുതുന്നു.
ജുറാസിക് പാർക്കിന്റെ വൻവിജയം അതിന്റെ മറ്റുപല സീക്വൽസും ഇറങ്ങാൻ വഴിയൊരുക്കി. ഈ സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എത്രയോ സിനിമകൾ വന്നു. പക്ഷേ, ഇന്നു കാണുമ്പോഴും അതിനു മേലെയായി ഒരു സയൻസ് ഫിക്‌ഷനും വിസ്മയം തീർത്തിട്ടില്ലെന്ന് എനിക്കു തോന്നുന്നു. സിനിമ ഒരു മാജിക്കാണെങ്കിൽ അത് സൃഷ്ടിച്ചെടുക്കുന്ന ലോകത്തിലെ ഒന്നാം നമ്പർ മജീഷ്യൻ ആണ് സ്പിൽബർഗ്. പ്രായം കൂടി കൂടി വരുന്തോറും അദ്ദേഹത്തിന്റെ സിനിമകൾ കൂടുതൽ മികവേറിയതാകുന്നു. ക്യാച്ച് മീ ഇഫ് യു കാൻ, ദി ടെർമിനൽ, വാർ ഒാഫ് ദി േവൾഡ്സ്, ഇ ടി ദി എക്സ്ട്രാ ടെറസ്ട്രിയൽ... തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ ഗംഭീര മേക്കിങ്ങും ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ മനസ്സു കീഴടക്കുന്ന ത്രില്ലും എന്റർടെയിൻമെന്റ് ഘടകങ്ങളുമെല്ലാം ഒത്തു ചേരുന്ന സിനിമകളാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളും സ്റ്റീവൻ സ്പിൽബർഗിന്റെ സിനിമകളാണ്. ∙