Thursday 22 September 2022 03:00 PM IST

‘മക്കൾക്കും ഭാര്യയ്ക്കും ഞാൻ സിനിമയില്‍‌ അഭിനയിക്കുന്നതിൽ താൽപര്യമില്ല, അതിന് കാരണവുമുണ്ട്’: കുര്യൻ ചാക്കോ പറയുന്നു

V.G. Nakul

Sub- Editor

manu-uncle-

മമ്മൂട്ടിയെ നായകനാക്കി ഡെന്നിസ് ജോസഫ് ഒരുക്കിയ ‘മനു അങ്കിളി’ൽ ഡാനി എന്ന കഥാപാത്രമായി തിളങ്ങിയ വികൃതിക്കുറുമ്പനെ ഓർമയില്ലേ... ടെലസ്കോപ്പിലേക്ക് പാറ്റയെ ഇട്ട് അന്യഗ്രഹ ജീവിയാണെന്ന് മനു അങ്കിളിനെ തെറ്റിദ്ധരിപ്പിച്ച കുസൃതിക്കാരൻ. ആ പയ്യൻസാണ് കുര്യൻ ചാക്കോ!

തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ എന്ന സിനിമയിലെ രസികൻ മജിസ്ട്രേറ്റായി 34 വർഷത്തിനു ശേഷം കുര്യൻ തിരിച്ചുവരികയാണ്. പക്ഷേ, തരുൺ ക്ഷണിച്ചപ്പോൾ ‘അയ്യോ... ഞാൻ ഇല്ല... നിങ്ങൾ വേറെ ആളിനെ നോക്കൂ’ എന്നായിരുന്നു കുര്യന്റെ പ്രതികരണം. ഒടുവിൽ തരുണിന്റെ നിർബന്ധത്തിനു വഴങ്ങി കുര്യൻ മജിസ്ട്രേറ്റിന്റെ കുപ്പായത്തിൽ കയറി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി.

‘‘നാട്ടിൽ തന്നെ ഉണ്ടായിരുന്നു ഞാൻ. മനു അങ്കിളിനു ശേഷം സിനിമയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല എന്നേയുള്ളൂ. എന്റെ വിഡിയോ അഭിമുഖം തരുണ്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഈ മടങ്ങിവരവും സംഭവിക്കുമായിരുന്നില്ല.’’ ആകാംക്ഷയോ ആവേശമോ ഇല്ലാതെ കുര്യൻ ചാക്കോ പറഞ്ഞു തുടങ്ങി.

‘‘മനു അങ്കിളിൽ അഭിനയിക്കുമ്പോൾ 13 വയസ്സാണ്. മൂന്നു പതിറ്റാണ്ടിനിടെ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചതൊഴിച്ചാൽ അഭിനയവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

സിനിമ വളരെയേറെ മാറി. സിനിമ കാണുമെന്നല്ലാതെ എനിക്ക് ആ മേഖലയെക്കുറിച്ചു കൂടുതലൊന്നും അറിയുകയുമില്ല. ‘സൗദി വെള്ളക്ക’യുടെ കഥ കേട്ടപ്പോൾ രസം തോന്നിയെങ്കിലും ടെൻഷൻ ഉണ്ടായിരുന്നു.

സൈക്കിൾ ചവിട്ടി സിനിമയിലേക്ക്

എറണാകുളമാണ് നാട്. പത്രത്തിൽ, ‘കുട്ടികളുടെ ചിത്രത്തിലേക്ക് സൈക്കിൾ ചവിട്ടാനറിയാവുന്ന പുതുമുഖങ്ങളെ തേടുന്നു’ എന്ന പരസ്യം കണ്ടാണ് ഡാഡിയും‌ മമ്മിയും അപേക്ഷ അയച്ചത്. കോട്ടയത്തായിരുന്നു അഭിമുഖം. ഡാഡിക്കൊപ്പം കാറിൽ യാത്ര തരപ്പെട്ടതിന്റെ സന്തോഷമായിരുന്നു എനിക്ക്. ഓഡിഷനു വിളിച്ചപ്പോൾ ഞാൻ മോണോ ആക്ട് പോലെ എന്തോ ചെയ്തു. പിന്നീട് സൈക്കിൾ ടെസ്റ്റ്. അങ്ങനെയാണ് ആ അവസരം കിട്ടിയത്.

‘വൺസ് ഇൻ എ ലൈഫ് ടൈം’

മനു അങ്കിൾ ജീവിതത്തിലെ ഏറ്റവും നല്ല ഓർമയാണ്. ‘വ ൺസ് ഇൻ എ ലൈഫ് ടൈം’ എന്നു പറയും പോലെ... കുട്ടികളുടെ സംഘമാണല്ലോ ഞങ്ങളുടേത്. അഭിനയിക്കുകയാണെന്ന പേടിയോ ടെൻഷനോ ഒന്നുമില്ല. ഡെന്നിസ് അ ങ്കിൾ പറയുന്നത് ചെയ്യുകയെന്നേയുള്ളൂ.

‘ഡാ നീ, നിന്റെ കൂട്ടുകാരുടെ കൂടെ കളിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യും. അതുപോലെയങ്ങ് ചെയ്താൽ മതി’ എന്നാണ് പറഞ്ഞു തരിക.

സിനിമയിൽ നിന്ന് വിട്ടുനിന്ന കാലത്തൊന്നും സിനിമയിലേക്കു മടങ്ങി വരണം എന്നു തോന്നിയിട്ടേയില്ല. ഡെ ന്നിസ് സാറിന്റെ മരണം എന്നെ വല്ലാതെ ഉലച്ചു. അടുത്ത കാലത്തായി തമ്മിൽ എപ്പോഴും കാണാറോ സംസാരിക്കാറോ ഇല്ലായിരുന്നില്ലെങ്കിലും ഉള്ളിന്റെയുള്ളില്‍ ഏറെ അടുപ്പം തോന്നിയ ആളാണ്. ചെന്നു കാണണമെന്ന് പലപ്പോഴും കരുതിയെങ്കിലും സാധിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അദ്ദേഹം പോയി.

ഡെന്നിസ് അങ്കിൾ എറണാകുളത്ത് താമസിക്കുന്ന കാലത്ത് വീട്ടിൽ ചെന്നു കാണുമായിരുന്നു. പലപ്പോഴും അദ്ദേഹം പറയാറുണ്ടായിരുന്നു, ‘മമ്മൂക്കയുടെ വീട് തൊട്ടപ്പുറത്തുണ്ട്. നീയൊന്നു പോയി കാണൂ...’ എന്നൊക്കെ. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി ഞാനതിനു ശ്രമിച്ചില്ല. ബികോം കഴിഞ്ഞ് കംപ്യൂട്ടർ കോഴ്സ് ആണ് പഠിച്ചത്. പിന്നീട് കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. അതുകഴിഞ്ഞാണ് ഫൂഡ് ബിസിനസ്സിലേക്ക് കടന്നത്. 10 വർഷമായി ഈ മേഖലയിൽ.

manu-uncle-1 ഫോട്ടോ : ബേസിൽ പൗലോ

മക്കൾക്ക് ‘നോ’ താൽപര്യം

2001 ൽ ആയിരുന്നു വിവാഹം. ഭാര്യ നീത. മൂന്നു പെൺമക്കളാണ് ഞങ്ങൾക്ക്. നേഹ ഡിഗ്രിക്കും ദിയ പ്ലസ് ടുവിനും ഇഷ ഏഴിലും.

മക്കൾക്കും ഭാര്യയ്ക്കും ഞാൻ സിനിമയില്‍‌ അഭിനയിക്കുന്നതിനോട് താൽപര്യമില്ല. ബിസിനസ്സിന്റെ തിരക്കിൽ പെട്ടാൽ എന്നെ കാണാന്‍‌ കിട്ടില്ല. അതിന്റെ കൂടെ സിനിമയും കൂടി വന്നാലോ എന്നാകും അവരുടെ ചിന്ത.’’

സുരേഷ് ഗോപിയുടെ കുട്ടിക്കൂട്ടം

മനു അങ്കിളിൽ ഇപ്പോഴും ആളുകൾ ആസ്വദിക്കുന്ന രംഗങ്ങളിലൊന്ന് ക്ലൈമാക്സില്‍ ഞാൻ വില്ലനെ എ റിഞ്ഞിടുന്നതാണ്. സുരേഷ് ഗോപിയും അജിത്ത് എന്ന നടനുമാണ് ഒപ്പമുള്ളത്.

ഞങ്ങൾ കുട്ടികളുടെ സംഘവുമായി സുരേഷേട്ടൻ ഭയങ്കര കൂട്ടായിരുന്നു. കൊല്ലത്തെ ചിത്രീകരണത്തിനിടെ, വൈകുന്നേരങ്ങളിൽ അദ്ദേഹം കാറുമായി വരും. ഞങ്ങളെ ബീച്ചില്‍ കറങ്ങാൻ കൊണ്ടു പോകും. പിന്നീട് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി ഭക്ഷണമൊക്കെ തരും.

മനു അങ്കിളിനു ശേഷം പലപ്പോഴും മമ്മൂക്കയെ നേരിൽ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം എ ന്നെ പെട്ടെന്നു തിരിച്ചറിയും. വിശേഷങ്ങള്‍ ചോദി ക്കും. ഞാൻ പൊതുവേ അൽപം പിൻവലിഞ്ഞു നി ൽക്കുന്ന ആളായതിനാൽ സിനിമയിൽ സൗഹൃദങ്ങൾ തീരെയുണ്ടായിട്ടില്ല.

‘മനു അങ്കിളിനു’ ശേഷം ചില അവസരങ്ങൾ വ ന്നെങ്കിലും തൽക്കാലം വേണ്ട എന്ന തീരുമാനത്തിലായിരുന്നു വീട്ടുകാർ. പതിയെപ്പതിയെ സിനിമ വിട്ടു. ബാലതാരങ്ങളെ സംബന്ധിച്ച് ആ പ്രായം കടന്നു പോയാൽ ഒരു തിരിച്ചുവരവിന് മറ്റൊരു പുതിയ തുടക്കം ആവശ്യവുമാണ്. ഞാനതിന് ശ്രമിച്ചില്ല എന്നതാണ് സത്യം.