Monday 17 April 2023 11:17 AM IST : By സ്വന്തം ലേഖകൻ

ഒരുപാടു സൈബർ ആക്രമണത്തിന് ഇരയായ ആളാണ് ഞാൻ, ഇപ്പോഴുമുണ്ട്: സൈബർ ബുള്ളിയിങ്... ലക്ഷ്മി നായർ പറയുന്നു

lekshmi-nair-

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് പാചക വിദഗ്ധ ലക്ഷ്മി നായർ നൽകുന്ന മറുപടി

ഉൗർജസ്വലതയുടെയും സൗന്ദര്യത്തിന്റെയും രഹസ്യമെന്താണ്? സൈബർബുള്ളിയിങ്ങിനെ എങ്ങനെ നേരിട്ടു?

ശ്രീലേഖ പത്മാക്ഷൻ, കണ്ണൂർ

ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാ ൻ ഉണ്ടെന്ന തോന്നൽ എപ്പോഴുമുണ്ട്. 25 വർഷം കൊണ്ടു ടെക്നോളജിയിലും സോഷ്യൽ മീഡിയയിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഉണ്ടായത്. പുതിയ ജനറേഷനൊപ്പം പിടിച്ചുനിൽക്കാൻ എപ്പോഴും അപ്ഡേറ്റ് ആയിരിക്കണം. ഇതെല്ലാം എനിക്കു വലിയ ഊർജം നൽകുന്ന കാര്യങ്ങളാണ്.

ഒരുപാടു സൈബർ ആക്രമണത്തിന് ഇരയായ ആളാണ് ഞാൻ. ഇപ്പോഴുമുണ്ട്. അതിനൊന്നും ഒരു പ്രാധാന്യവും നൽകാറില്ല. എന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം എനിക്കു മാത്രമാണ്. എന്റെ വാല്യു എന്താണെന്ന് അറിയാവുന്നിടത്തോളം ഒരു ബുള്ളിയിങ്ങും ബാധിക്കില്ല.

പാചകം ചെയ്യുമ്പോൾ ഏറ്റവും ദേഷ്യം തോന്നിയത് എപ്പോഴാണ്? പരീക്ഷണങ്ങൾ പാളുമ്പോൾ നിരാശ തോന്നുമോ?

സംഗീത മുരളി, പനങ്ങാട്, തൃശൂർ

മടുപ്പില്ലാതെ ആസ്വദിച്ചു ചെയ്യുന്ന കാര്യമല്ലേ. അതുകൊണ്ടു ഭക്ഷണം ഉണ്ടാക്കുമ്പോൾ ദേഷ്യം തോന്നാറില്ല. പരിചയമുള്ളതു പാളാറില്ല. പരീക്ഷണങ്ങൾ ചിലപ്പോൾ പാളും. കാരണം മനസ്സിലാക്കി, കൃത്യമാകുന്നതു വരെ ചെയ്തു നോക്കും. അതൊക്കെ ചാലഞ്ച് ആയാണ് എടുക്കുന്നത്. അതുകൊണ്ടു തന്നെ പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദേഷ്യവും നിരാശയും വരാറില്ല. അവിടെ ഞാനെപ്പോഴും പോസിറ്റീവ് ആണ്.

യാത്രകളിൽ അറിഞ്ഞ രുചികൾ പിന്നീടുള്ള പാചകരീതിയെ സ്വാധീനിച്ചോ? ഒരു നാട്ടിലെ രുചി അതുപോെല പകർത്താനാകാത്ത അനുഭവം ഉണ്ടോ?

ചിഞ്ചു ലക്ഷ്മി, വടശേരിക്കര, പത്തനംതിട്ട

എല്ലാ സംസ്ഥാനങ്ങളിലും രുചി തേടി പോയിട്ടുണ്ട്. അതെല്ലാം സ്വാധീനിച്ചിട്ടുമുണ്ട്. കശ്മീരിൽ പോയപ്പോൾ ഒരു വീട്ടില്‍ താമസിക്കാൻ തീരുമാനിച്ചു. ആ നാട്ടിലെ വിഭവങ്ങൾ കൊണ്ട് അ വരുടെ അടുക്കളയിൽ ആ വീട്ടിലെ അമ്മമാർ പറഞ്ഞതു പോലെ പാചകം ചെയ്തു. അതു കഴിച്ച് അവർ അഭിനന്ദിക്കുകയും ചെയ്തു. ചില നാട്ടിൽ അവര്‍ക്കു മാത്രം കഴിക്കാനാവുന്ന ചില രുചികളുണ്ട്. നാഗാലൻഡിൽ പോയപ്പോ ൾ പട്ടിയുടെ തല കൊണ്ടുള്ള സൂപ്പ് കണ്ടിട്ടുണ്ട്. ആ വിഭവത്തെ പരിഹസിക്കുകയല്ല. പക്ഷേ, നമുക്കിവിടെ പകർത്താൻ പറ്റില്ലല്ലോ.

വക്കീല്‍ ആകാനാണു പഠിച്ചത്. പാചകത്തിലേക്കു തിരിയാനുള്ള ഒരു ജംങ്ഷൻ ഏതാണ്?

കെ.ശിവപ്രസാദ്, വട്ടിയൂർകാവ്, തിരുവനന്തപുരം

കുട്ടിക്കാലത്തു പാചക പുസ്തകങ്ങ ൾ വായിക്കുമ്പോഴും ഫോട്ടോകൾ കാണുമ്പോഴും നോവൽ വായിക്കുന്നതിനേക്കാള്‍ സന്തോഷം തോന്നി. ഒരു പെൺകുട്ടിക്ക് അന്നത്തെ കാലത്തു പാചകം പ്രഫഷനാക്കുക അത്ര എളുപ്പമായിരുന്നില്ല. നിയമപഠനത്തിനു പോയെങ്കിലും ഈ താൽപര്യം കെടാതെ സൂക്ഷിച്ചു.

മക്കളുടെ പിറന്നാളുകൾക്കു ഞാൻ ഭക്ഷണം ഉണ്ടാക്കും. സുഹൃത്തുക്കളെ ക്ഷണിക്കും. എല്ലാവരും പാചകത്തെ അഭിനന്ദിക്കും. അവർക്കും ഭക്ഷണം ഉണ്ടാക്കി തരുമോ എന്നു ചോദിച്ചു തുടങ്ങി. അന്ന് ലോ കോളജ് അധ്യാപികയാണ്. എന്നാലും കുക്കിങ് തുടങ്ങിയാലോ എന്നൊരു ആലോചന ഉണ്ടായി. അതാണ് വഴിത്തിരിവ്. വളരെ പെട്ടെന്ന്, പാചകം ചെയ്യുന്ന സ്ത്രീ എന്ന പേരെടുത്തു. പിന്നെ, കൈരളി ചാനലിലെ ഷോ തുടങ്ങി. ഇപ്പോൾ എ ത്തി നിൽക്കുന്നത് യൂട്യൂബ് ചാനലിലും വ്ളോഗിങ്ങിലുമൊക്കെയാണ്. എല്ലാം നിമിത്തമായിരുന്നു. എനിക്കു കിട്ടിയ അവസരം ഞാൻ പ്രയോജനപ്പെടുത്തി. ദൈവത്തിന്റെ കാരുണ്യവും കുടുംബത്തിന്റെ പിന്തുണയുമാണ് മുന്നോട്ടു നയിച്ചത്.

മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിനു വിഭവം ഉണ്ടാക്കാൻ തീരുമാനിക്കുന്നു? ആരെ തിരഞ്ഞെടുക്കും? എന്താവും വിഭവം?

സുനിമോൾ, മൂഴിക്കുളങ്ങര, കോട്ടയം

ഇ‍തൊ‌രു കുഴപ്പിക്കുന്ന ചോദ്യമാണ്. ഇന്ത്യയിലെ എന്നു ചോദിച്ചാൽ കുറച്ചു കൂടി എളുപ്പമായിരുന്നു. ആസ്വദിച്ചു കഴിക്കുന്ന ഒരുപാടു താരങ്ങളെ അറിയാം. പക്ഷേ, മലയാളത്തിലെ സൂപ്പർ സ്റ്റാറിനു വിഭവം ഉണ്ടാക്കാൻ തീരുമാനിച്ചാൽ ഞാൻ തിരഞ്ഞെടുക്കുന്നത് മമ്മൂട്ടിയെ ആകും. മമ്മൂക്കയുടെ ഭക്ഷണകാര്യങ്ങളിലെ ശ്രദ്ധയെക്കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്. വളരെ ശ്രദ്ധിച്ചു നിയന്ത്രിച്ചു കഴിക്കുന്ന ആൾ. അതുകൊണ്ടാണ് അങ്ങനെ ഒരു തിരഞ്ഞെടുപ്പ്, നോൺവെജിലെ ആരോഗ്യഭക്ഷണം മത്സ്യം തന്നെയാണ്. അതും മത്തി. എണ്ണയൊട്ടും ഇല്ലാതെ മത്തി പൊള്ളിച്ച വിഭവമാകും ഞാനുണ്ടാക്കുക.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: സരുൺ മാത്യു