‘സാറ്റർഡേ നൈറ്റി’ൽ നിവിൻ പോളിയുടെ നായികയാണ് മാളവിക ശ്രീനാഥ്
മധുരതരമായൊരു തുടക്കം
ഡിഗ്രികാലം മുതൽ എന്റെ ലക്ഷ്യം സിനിമയായിരുന്നു. ഏറെ നാളായുള്ള ശ്രമങ്ങൾക്കു ശേഷമാണ് അഹമ്മദ് കബീറിന്റെ ചിത്രത്തിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ആ സിനിമ നടന്നില്ല. അന്ന് അഹമ്മദിക്ക പറഞ്ഞിരുന്നു ഇ നി ഞാൻ ചെയ്യുന്ന പടത്തിൽ ഉറപ്പായും നീയുണ്ടാകും. അതൊരു വെറും പറച്ചിലായാണ് കരുതിയത്. പക്ഷേ, അ ഹമ്മദിക്ക എന്നെ മറന്നില്ല. ‘മധുരം’ എന്ന ചിത്രത്തിലേക്ക് വിളിച്ചു. ചെറിയ റോളാണ് എന്നു പറഞ്ഞിരുന്നു. ചെറുതായിരുന്നെങ്കിലും ആ കഥാപാത്രം എനിക്ക് ഏറെ അഭിനന്ദനങ്ങളും സ്നേഹവും നേടിത്തന്നു.
സിനിമയ്ക്കായി കയറിയ വണ്ടികൾ
ഡിഗ്രി കോയമ്പത്തൂരും പിജി ബെംഗളൂരുവിലുമാണ് പഠിച്ചത്. സിനിമാ ഒഡീഷന്‍സ് പലതും നടക്കുന്നത് കൊച്ചിയിലും. ഒഡീഷനുണ്ടെന്ന് അറിഞ്ഞാൽ ഞാൻ ബസോ ട്രെയിനോ കയറും. രാവിലെ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റേഷനിലോ ഉള്ള വാഷ് റൂമിൽ നിന്നു വസ്ത്രം മാറി ഒഡീഷന് പോകും.
ഏകദേശം രണ്ടു വർഷത്തോളം ഇതു തുടർന്നെങ്കിലും അവസരങ്ങൾ കനിഞ്ഞില്ല. വിഷാദത്തിന് അടിപ്പെട്ടുപോയ നാളുകൾ വരെയുണ്ടായി. എനിക്ക് നായികയായി അഭിനയിക്കണം എന്നില്ല. പക്ഷേ, ചെയ്യുന്നത് ചെറിയ കഥാപാത്രമായാലും അഭിനയ സാധ്യതയുള്ളതാകണം എന്നുണ്ട്. അത്തരം കഥാപാത്രങ്ങളെ ആളുകൾ ഓർത്തിരിക്കും.
ആ ബ്ലൂ ടിക്
‘മധുരം’ കഴിഞ്ഞു വന്ന നല്ല കഥാപാത്രം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. ഒഡീഷനിൽ സെലക്റ്റ് ആയി. രണ്ടു മൂന്നു മാസം അതിനായി തയാറെടുത്തു. പൊടുന്നനെ അറിയിച്ചു എന്നെ മാറ്റുകയാണെന്ന്. പൊക്കം കുറവാണ് എന്നാണ് പറഞ്ഞത്. ഒഡീഷനും അതുകഴിഞ്ഞുള്ള മൂന്നു മാസക്കാലവും കാണാത്ത പൊക്കക്കുറവ് പെട്ടെന്ന് വന്നതിന് കാരണം ശുപാർശയോടെ മറ്റൊരാൾ വന്നതായിരുന്നു. അന്ന് രാത്രി കരഞ്ഞാണ് ഉറങ്ങിയത്. പിറ്റേന്ന് കാലത്ത് ഉണരുമ്പോൾ ബ്ലൂ ടിക് ഉള്ള പ്രൊഫൈലിൽ നിന്ന് ഒരു മെസേജ്. ആ പേര് വീണ്ടും വീണ്ടും വായിച്ചു, റോഷൻ ആൻഡ്രൂസ്. വിളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു.
സ്വപ്നം കണ്ട നാളുകൾ
പാലക്കാട് പട്ടാമ്പിയാണ് എന്റെ വീട്. അച്ഛൻ ശ്രീനാഥ് ഫൊട്ടോഗ്രഫറാണ്. അബുദാബിയിൽ ഗവൺമെന്റ് സർവീസിലാണ്. അമ്മ രഞ്ജിനി. അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത കാലം മുതൽ സിനിമയാണ് എന്റെ സ്വപ്നം. ഇന്റർനാഷനൽ ബിസിനസിൽ ബികോമും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ പിജിയും ചെയ്തു.
പഠിക്കാൻ മിടുക്കിയായിട്ടും, പന്ത്രണ്ടാം ക്ലാസ്സിൽ നാ ഷനൽ ടോപ്പർ ആയിരുന്നിട്ടും അച്ഛനും അമ്മയും എ ന്നെ പാഷൻ പിന്തുടരാൻ അനുവദിച്ചു. അച്ഛനും അമ്മയും അനിയത്തി അനാമികയും ആണ് എന്റെ ശക്തി.
തെന്നിപ്പോയ മിന്നൽ മുരളി
മിന്നൽ മുരളിയുടെ ഒഡീഷനിൽ ഞാനും പങ്കെടുത്തിരുന്നു. പക്ഷേ, സെലക്‌ഷൻ ലഭിക്കാൻ ഭാഗ്യമുണ്ടായില്ല. ബെംഗളൂരുവിൽ നിന്ന് രാത്രി ബസ് കിട്ടാത്തതിനാൽ ട്രെയിനിലെ ലോക്കൽ കംപാർട്മെന്റിൽ ഇരിക്കാൻ പോലും ഇടം കിട്ടാ തെ നിന്നാണ് വന്നത്. ഒഡീഷന് പോകും മുൻപ് ചെറിയ ശാരീരിക അസ്വസ്ഥതകൾ തോന്നിയിരുന്നു.
മിന്നൽ മുരളിയുടെ ഒഡീഷൻ സ്പോട്ടിലെത്തിയപ്പോൾ ടെൻഷനായി. വന്നിരിക്കുന്നവരിൽ സെലിബ്രിറ്റികൾ വരെയുണ്ട്. ഞാൻ ഫൈനൽ റൗണ്ട് വരെയെത്തി. അപ്പോഴേക്ക് ശാരീരിക അസ്വസ്ഥതകൾ പനിയായി മാറിത്തുടങ്ങിയിരുന്നു. ഫൈനൽ റൗണ്ടിൽ എനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞില്ല.
നിവിൻ പോളിയുടെ നായിക
മൈസൂരായിരുന്നു റോഷൻ ആൻഡ്രൂസ് ചിത്രമായ ‘സാറ്റ ർഡേ നൈറ്റി’ന്റെ ഒഡീഷൻ. മൂന്നു ദിവസം ഒഡീഷൻ ഉണ്ടായിരുന്നു. നാലാം ദിവസം റോഷൻ ചേട്ടൻ പറഞ്ഞു. നീയാണ് ഈ ചിത്രത്തിൽ നിവിൻ പോളിയുടെ നായിക. കേട്ടത് വിശ്വസിക്കാൻ ഒരുപാട് സമയമെടുത്തു. കണ്ണുകൾ നിറഞ്ഞു.
ആദ്യ സിനിമ ‘മധുരം’ തിയറ്ററിൽ കാണാനായിരുന്നു ആഗ്രഹമെങ്കിലും കോവിഡ് മൂലം അത് ഒടിടി റിലീസായി. ഇത്തവണ എന്നെ ആദ്യമായി തിയറ്ററിൽ കാണാൻ കാത്തിരിക്കുകയാണ് ഞാൻ.
തയാറാക്കിയത് : രാഖി റാസ്