Saturday 07 May 2022 10:56 AM IST

‘വീട്ടിൽ അമ്മയ്ക്ക് ചപ്പാത്തി ചുട്ടു കൊടുക്കും, പാത്രം കഴുകി കൊടുക്കും’: മിന്നൽ വസിഷ്ഠ് വീട്ടിൽ ആള് പുലിയാണ്

Ammu Joas

Sub Editor

minnal-vasisht

സൂപ്പർ ഹീറോ ‘മിന്നൽ മുരളി’ക്കൊപ്പം കുട്ടികളുടെ മനസ്സിൽ ഹീറോ ആയത് അതിലെ ജോസ്മോനാണ്. എല്ലാം സയന്റിഫിക്കായി ചിന്തിക്കുന്ന, കട്ടിക്കണ്ണടയും മാമാട്ടികുട്ടി ഹെയർസ്റ്റൈലുമുള്ള കുറുമ്പന്‍. നിഷ്കളങ്കമായി ചിരിച്ചും വ ള്ളുവാനടൻ ഭാഷയുടെ ഓരംപറ്റി പക്വതയോടെ സംസാരിച്ചും വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഷൊർണൂർ സ്വദേശിയായ ആറാം ക്ലാസ്സുകാരൻ വസിഷ്ഠ്.

എന്നാണ് മനസ്സിൽ അഭിനയത്തിന്റെ ‘മിന്നല’ടിച്ചത് ?

ഒന്നാം ക്ലാസിൽ ഒരു കവിതചൊല്ലൽ മത്സരത്തിൽ പ ങ്കെടുക്കാൻ പോയി. അവിടെയെത്തിയപ്പോഴാണ് നാടകക്കളരി നടക്കുന്നുണ്ടെന്ന് അറിയുന്നത്. പത്തു വയസ്സിനു മുകളിലുള്ളവർക്കായിരുന്നു ക്യാംപ്. എങ്കിലും അച്ഛൻ എന്നെ ചേർക്കാൻ സമ്മതിപ്പിച്ചു. പത്തു ദിവസത്തെ നാടകക്കളരിയിൽ വച്ചാണ് അഭിനയത്തോട് കൊതി തോന്നിയത്. പിന്നീട് ‘മരത്തലയൻ’, ‘കുറത്തി’ എന്നീ നാടകങ്ങളിൽ അഭിനയിച്ചു. ചില ടിവി പരിപാടികളിലും വന്നു. ‘ലവ് ആക്‌ഷൻ ഡ്രാമ’യാണ് ആദ്യ സിനിമ. ‘മധുരസ്മിതം’ എന്ന സംസ്കൃത സിനിമയിലും അഭിനയിച്ചു.

എങ്ങനെയാണ് ‘ലവ് ആക്‌ഷൻ ഡ്രാമ’യിലെത്തിയത് ?

നിവിൻ പോളിയുടെയും അജു വർഗീസിന്റെയും ബാല്യകാലം അവതരിപ്പിക്കാൻ കുട്ടികളെ തേടുന്നു എന്നു കണ്ടതും അച്ഛനോടു പറഞ്ഞു, ‘എനിക്കും പങ്കെടുക്കണം.’ അജു മാമന്റെ ചെറിയ ഛായ എനിക്കില്ലാതില്ല എന്നു തോന്നിയതുകൊണ്ട് പ്രതീക്ഷയുണ്ടായിരുന്നു. ഒഡീഷനിൽ അവര്‍ ഉറപ്പിച്ചു, ‘നീ തന്നെ കുട്ടി അജു.’

‘കുടുക്കു പൊട്ടിയ കുപ്പായം...’ പാട്ടിലായിരുന്ന ബാല്യകാല രംഗങ്ങൾ ഉണ്ടായിരുന്നത്. ആ പാട്ടു കണ്ടിട്ടാണ് ബേസിൽ മാമൻ ‘മിന്നൽ മുരളി’യിലേക്ക് ക്ഷണിച്ചത്.

ജോസ്മോൻ സൂപ്പർഹിറ്റ് ആയല്ലോ?

‘ലവ് ആക്‌ഷൻ ഡ്രാമ’ കഴിഞ്ഞപ്പോൾ ആളുകൾ തിരിച്ചറിയുന്നില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു. പക്ഷേ, ഇ പ്പോൾ എവിടെ പോയാലും ‘ജോസ്മോനേ... ’എന്നു വിളിച്ച് എല്ലാരും ഓടിവരും, സംസാരിക്കും, ഫോട്ടോ എടുക്കും. ഞാൻ പഠിക്കുന്ന ഷൊർണൂർ എയുപി സ്കൂളിലെ ടീച്ചർമാർ വരെ ‘ജോസ്മോനേ’ എന്നാണ് വിളിക്കുന്നത്.

‘മിന്നൽ മുരളി’യിൽ അഭിനയിച്ചു തുടങ്ങുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്നെനിക്ക് മുൻനിരയിൽ രണ്ടു പല്ലില്ല. പക്ഷേ, കോവിഡ് വന്നതോടെ ഷൂട്ട് മുടങ്ങിയല്ലോ. ഒരു വർഷം കഴിഞ്ഞ് ഷൂട്ട് വീണ്ടു തുടങ്ങിയപ്പോ ആ പല്ലു വന്നു. പിന്നെ, അതു വച്ചങ്ങ് അഭിനയിച്ചു. ഇപ്പോൾ ഞാൻ ആറാം ക്ലാസിലാ. എട്ടിലെത്തുമ്പോൾ മിന്നൽ മുരളി സെക്കൻഡ് പാർട് വരുവായിരിക്കും.

മിന്നൽ മുരളി 2 ൽ ജോസ്മോനും സൂപ്പർ പവർ വേണമെന്ന് ആഗ്രഹമുണ്ടോ?

സൂപ്പർ പവർ വേണമെന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ, ‘മിന്നൽ മുരളി’യിൽ മാമന് മിന്നൽ അടിച്ചപ്പോൾ എനിക്കുംകൂടി അടിച്ചിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി. ഇപ്പോൾ ഞാൻ ‘മിന്നൽ മുരളി’ ആരാധകനാണ്.

ജീവിതത്തിൽ സൂപ്പർ പവർ കിട്ടിയാൽ ടൈം ട്രാവൽ ചെയ്യാനാകണം എന്നുണ്ട്. അപ്പോൾ ബോറടിക്കുന്ന സമയം ഫാസ്റ്റ് ഫോർവേഡ് ചെയ്യാല്ലോ. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉണ്ടായ സംഭവങ്ങളൊക്കെ നേരി ൽ പോയി അറിയാല്ലോ. പിന്നെ, പറക്കാനും പറ്റണം. അ ങ്ങു ദൂരെ നിന്ന് ഭൂമിയെ നോക്കിനിൽക്കണം.

ഷൂട്ടിനിടയിൽ വഴക്കു കിട്ടിയിട്ടുണ്ടോ?

ഏയ് ഇല്ല. ഡയലോഗ്സ് എന്റെ ശൈലിയിൽ പറയാനാണ് ബേസിൽ മാമൻ പറയുക. നീളമേറിയ ടേക്സ് എ ടുക്കുമ്പോൾ പറയും, ‘ജോസ്മോനെ, ഇത് അവസാനത്തെ ടേക്കാണ് കേട്ടോ, ശരിയാക്കിക്കോണം’.

നൈറ്റ് ഷൂട്ട് വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെയാണ്. ചിലപ്പോൾ ഉറക്കം വരും. കർണാടകയിൽ ക്ലൈമാക്സ് ഷൂട്ടിനു പോയപ്പോൾ ഭയങ്കര തണുപ്പാണ്. പൊള്ളലേറ്റ സീൻ ആയതുകൊണ്ട് മേക്കപിനു പുറത്തുകൂടി സ്വറ്റർ ഇടാൻ പറ്റില്ല. പക്ഷേ, ഷൂട്ട് പാക്കപ്പ് ആയപ്പോൾ സങ്കടായി.

ലൊക്കേഷനിൽ ഫ്രീ ടൈം കിട്ടുമ്പോൾ ടൊവീനോ മാമന്റെ ഫോണിൽ ലുഡോ കളിക്കുമായിരുന്നു. പിന്നെ, ഗുരുമാമന്റെ (ഗുരു സോമസുന്ദരം) കൂടെയും കളിക്കും. ഇവർ എനിക്ക് ഒത്തിരി സമ്മാനങ്ങളൊക്കെ തന്നിട്ടുണ്ട്.

ഏറ്റവും ഇഷ്ടമുള്ള നടൻ ടൊവീനോ മാമൻ ആണ്. ഇപ്പോൾ ഞങ്ങൾ നല്ല കൂട്ടായി. ഞാൻ സിനിമയിൽ അടിപൊളിയായിട്ടുണ്ടെന്നു മാമൻ പറഞ്ഞു. സിനിമയിലെ വളയം എറിയുന്ന സീനിൽ ടൊവീനോ മാമൻ തന്നെ എറിഞ്ഞതാ. പിന്നെ, ലൊക്കേഷനിൽ വച്ച് രണ്ടു തവണ മാമൻ ഒറ്റക്കൈ കൊണ്ട് ഓട് പൊട്ടിച്ചു. ഇതൊക്കെ പഠിച്ചാൽ കൊള്ളാമെന്നു തോന്നി, വലുതാകട്ടെ.

സിനിമയുടെ പ്രമോഷനു വേണ്ടി മുംബൈയ്ക്ക് പോയപ്പോ യുവരാജ് മാമനെയും (ക്രിക്കറ്റ് താരം യുവരാജ് സിങ്) ഖലി മാമനെയും (റെസ്‍ലർ ഗ്രേറ്റ് ഖലി) നേരിൽ കണ്ടു. യുവരാജ് മാമൻ ഓട്ടോഗ്രഫ് ചെയ്ത ബാറ്റ് കിട്ടി.

ഈ മാമൻ വിളിയുടെ ഗുട്ടൻസ് എന്താണ്?

18 വയസ്സു കഴിഞ്ഞവരെല്ലാം എനിക്ക് മാമനും മേമയുമാണ്. അതിൽ താഴെയുള്ളവര്‍ ചേട്ടനും ചേച്ചിയും. ‘മിന്നൽ മുരളി’ ലൊക്കേഷനിലെത്തിയപ്പോൾ ടൊവീനോ മാമനും ബേസിൽ മാമനുമൊക്കെ പറയുമായിരുന്നു ‘ചേട്ടാ എന്നു വിളിയെടാ’ എന്ന്. ഞാൻ പക്ഷേ, പോളിസി മാറ്റിയില്ല. ഇപ്പോൾ എല്ലാവരും പറയാറുണ്ട് ഈ വിളിക്ക് സ്നേഹം ഇത്തിരി കൂടുതലാണെന്ന്.

ആദ്യ നാടകത്തിനു വേണ്ടിയാണ് മുടി ഇങ്ങനെ നീട്ടി വളർത്തിയത്. അതുകഴിഞ്ഞഭിനയിച്ച നാടകത്തിലും മുടി വെട്ടേണ്ട എന്ന് പറഞ്ഞു. ‘ലവ് ആക്ഷൻ ഡ്രാമ’യിലും അ ങ്ങനെ തന്നെ. അതിനു ശേഷം ‘മിന്നല്‍ മുരളി’ക്കു വേണ്ടി ഒന്നര വർഷം മുടി വെട്ടാതെയിരുന്നു. ഇപ്പോൾ കമിറ്റ് ചെയ്തിരിക്കുന്ന രണ്ടു മലയാളം സിനിമകളിലും ഒരു തമിഴ് പ ടത്തിലും മുടിയുടെ കാര്യത്തിൽ ഇതു തന്നെ കഥ.

വീട്ടിലെ വിശേഷങ്ങള്‍ പറയൂ ?

അച്ഛൻ ഉമേഷ് ഒറ്റപ്പാലം വാണിയംകുളം ടിആർകെ സ്കൂളിലെ ഹയർ സെക്കൻഡറി കെമിസ്ട്രി അധ്യാപകനാണ്. അമ്മ ജ്യോതിയും ടീച്ചറായിരുന്നു. എനിക്ക് സിനിമാ തിരക്കു തുടങ്ങിയതിൽ പിന്നെ, അമ്മ വീട്ടിൽ തന്നെ.

സ്കൂളിൽ പോയി വന്നാൽ ക്രിക്കറ്റ് പ്രാക്ടീസിനു പോകും. കിൻഡിലിൽ പുസ്തകം വായിക്കും. ‘വിംപി കിഡ്’ ആണ് ഫേവറിറ്റ്. ഇനി ഹാരി പോർട്ടർ സീരീസ് വായിച്ചു തുടങ്ങണം. പിന്നെ, വീട്ടിൽ അമ്മയ്ക്ക് ചപ്പാത്തി ചുട്ടു കൊടുക്കും, പാത്രം കഴുകി കൊടുക്കും, ഡൈനിങ് ടേബിളിൽ പാത്രം എടുത്തു വയ്ക്കും... അങ്ങനങ്ങനെ.

വലുതാകുമ്പോൾ ആരാകണമെന്നു ചോദിച്ചാൽ, ക്രിക്കറ്റർ, ആക്ടർ, ഷെഫ്, കംപ്യൂട്ടർ പ്രോഗ്രാമർ അങ്ങനെ പല മോഹങ്ങൾ ഉണ്ട്. കുറേ ആഗ്രഹങ്ങളുണ്ടെങ്കിൽ ഏ തെങ്കിലുമൊക്കെ നടക്കുമല്ലോ.

അമ്മു ജൊവാസ്
ഫോട്ടോ: ബേസിൽ പൗലോ
ചിത്രീകരണം: അരുൺ ഗോപി