Friday 24 June 2022 03:27 PM IST

‘നീ കാരണം ‍ഞങ്ങൾക്ക് അപമാനമാ’ണെന്ന് പറഞ്ഞ് ഒരിക്കൽ വിഷം വാങ്ങിത്തന്നു: പുരസ്കാര നിറവിൽ നേഹ... ആ ജീവിതം

Ammu Joas

Sub Editor

neha-c-menon

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കേരള സർക്കാരിന്റെ ആദ്യ ചലച്ചിത്ര പുരസ്കാരം നേടിയ നേഹ

സ്ത്രീയെന്ന മോഹം

തമിഴ്നാട്ടിലെ ത‍ഞ്ചാവൂരിനടുത്താണ് എന്റെ ഗ്രാമം. അച്ഛൻ കർഷകനായിരുന്നു. അമ്മ സുശീല വീട്ടമ്മ. നാലു സഹോദരിമാരുടെ അനിയനായി ജനിച്ച അന്നു മുതൽ ഏറ്റവുമധികം കേട്ട വാചകം ‘നീ പെൺകുട്ടിയെ പോലെ പെരുമാറാതെ’ എന്നാണ്. പരിഹാസങ്ങളുടെ ഇരുട്ടിലും പ്ലസ്ടു പാസ്സായി. വീട്ടുകാർക്ക് എന്നെ എൻജിനീയർ ആക്കാനായിരുന്നു ആഗ്രഹം. പക്ഷേ, എന്നിലെ സ്ത്രീയിലേക്ക് പോകാനായിരുന്നു എന്റെ മോഹം. കോളജിൽ ചേർന്നെങ്കിലും പഠനം ആറാം മാസം നിർത്തി വീട്ടിലെത്തി.

ചെന്നൈ പട്ടണം

പഠിത്തം നിന്നതോടെ അച്ഛന്റെ വെറുപ്പു കൂടി. എ ന്നും മദ്യപിച്ചു വന്ന് എന്നെ പൊതിരെ തല്ലും. ‘നീ കാരണം ‍ഞങ്ങൾക്ക് അപമാനമാ’ണെന്ന് പറഞ്ഞ് ഒരിക്കൽ വിഷം വാങ്ങിത്തന്നു. ഞാനതു കുടിച്ചു. പക്ഷേ, ഒരാളെ കൊല്ലാൻ മാത്രം കെൽപ് അതിനില്ലായിരുന്നു. ഛർദിച്ച് അവശനിലയിലായ ആ ദിവസം ‍ഞാനുറപ്പിച്ചു, എവിടെയെങ്കിലും പോയി സന്തോഷമായി ജീവിക്കണം. സ്കൂൾ സർട്ടിഫിക്കറ്റും അമ്മ തന്ന 1000 രൂപയുമായി ചെന്നൈയിലെത്തി. ഈയിടെ അച്ഛൻ മരിച്ചപ്പോൾ പോലും നാട്ടില്‍ പോകാനായില്ല. ‍ഞാനിപ്പോഴും അവർക്ക് അപമാനവും നാണക്കേടുമാണ്. അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ട്.

‘മനം’ നിറയുന്നു

ചെന്നൈയിലെ ബിപിഒയിൽ ജോലി ചെയ്യുന്ന കാലത്താണ് മുടി വളർത്തിയും ലിപ്സ്റ്റിക് അണി‍ഞ്ഞും പെൺജീവിതം തുടങ്ങിയത്. ജോലി പോയതോടെ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു ദിവസങ്ങൾ തള്ളിനീക്കേണ്ട അവസ്ഥയായി. ആയിടയ്ക്കാണ് ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു എൻജിഒയിൽ കൗൺസലറായി ജോലി ലഭിക്കുന്നതും ഓഡിഷൻ വഴി ‘മനം’ ഷോർട് ഫിലിമിലെത്തുന്നതും. തമിഴിൽ അഞ്ചു ഷോർട് ഫിലിംസ് ചെയ്തു. ആദ്യ തമിഴ് സിനിമ ‘ദി റോഡി’ന്റെ ഷൂട്ടിങ്ങിലാണ്.

മലയാളത്തിലേക്കുള്ള ‘അന്തരം’

ആദ്യമായി ഫീച്ചർ ഫിലിമിൽ അഭിനയിക്കുന്നത് മലയാളത്തിലാണ്. ‘അന്തരം’ സിനിമയുടെ സംവിധായകന്‍ അഭിജിത് എന്റെ സുഹൃത്താണ്. സോഷ്യൽ മീഡിയ റീൽസും ടിക്ടോക് വിഡിയോസും കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം വിളിച്ചത്. ഫീച്ചർ ഫിലിമിൽ അഭിനയിക്കാനുള്ള ആത്മവിശ്വാസമില്ലായിരുന്നില്ലെങ്കിലും കോഴിക്കോട് ഷൂട്ടിനെത്തി. ലൊക്കേഷനിലെ 25 ദിവസങ്ങൾ എന്റെ ജീവിതത്തിലെ സുവർണ നാളുകളാണ്. ഇവിടെ ഓരോരുത്തരും എന്നെ കുടുംബാംഗത്തെ പോലെ സ്നേഹിച്ചു.

‘നിനക്ക് സ്റ്റേറ്റ് അവാർഡ് ഉണ്ട്, അറി‍ഞ്ഞോ’ എന്ന് അഭിജിത് വിളിച്ചു ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നത്. എനിക്ക് വിശ്വസിക്കാനായില്ല. ട്രാൻസ് വ്യക്തികൾക്ക് വെള്ളിവെളിച്ചത്തിലേക്കും അംഗീകാരത്തിലേക്കും ആത്മവിശ്വാസത്തോടെ കടന്നുവരാൻ ഈ അംഗീകാരത്തിന്റെ തിളക്കത്തിനാകും.

ദുഃഖനായിക ചിരിക്കുകയാണ്

പഴയ പേരു പറയാൻ പോലും ആഗ്രഹിക്കുന്നില്ല. ചെറുപ്പത്തില്‍ കാണുമായിരുന്ന സീരിയലിലെ

ദുഃഖനായികയുടെ പേരാണ് നേഹ. അവളുടെയും എന്റെയും ജീവിതത്തിൽ നിഴലിച്ച ദുഃഖമാണ് ഈ പേരു തിര‍ഞ്ഞെടുക്കാനുള്ള കാരണം. 20ാം വയസ്സിലും 25ാം വയസ്സിലും സർജറി നടത്തിയിരുന്നു.

‌സുഹൃത്തുക്കൾക്കൊപ്പമുള്ള ചെന്നൈ ജീവിതം ഒരുപാട് ആസ്വദിക്കുന്നുണ്ടെങ്കിലും ഞാൻ തേടുന്നത് ഒരു കുടുംബമാണ്. എന്നെ സ്നേഹിക്കാനും കരുതാനും കാത്തിരിക്കാനും ഒരു കുടുംബം. എനിക്ക് ഈ സമൂഹത്തോട് ഒന്നേ പറയാനുള്ളൂ, ‘ഞങ്ങളുടെ സ്വപ്നങ്ങൾക്കും വിലയുണ്ട്’.

അമ്മു ജൊവാസ്