Thursday 11 August 2022 11:46 AM IST

‘അധ്വാനിച്ച് ഉണ്ടാക്കിയ പണം ഞാനല്ലേ ചെലവാക്കേണ്ടത്, അല്ലെങ്കിൽ എങ്ങനെ സമാധാനമായി മരിക്കും?’

Roopa Thayabji

Sub Editor

nyla-usha-vanitha ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ, നൈല ഉഷ/ ഇൻസ്റ്റഗ്രാം

നാട്ടുകാർ നൈല ഉഷയെ ‘ആകാശ നൈല’ എന്നു വിളിക്കുന്നതിൽ കാര്യമുണ്ട്. കാരണം ജൂണിൽ മാത്രം ആറോ ഏഴോ വട്ടം ദുബായിൽ നിന്നു കേരളത്തിലേക്ക് നൈല സിനിമയ്ക്കായി പറന്നു.

‘പൊറിഞ്ചു മറിയം ജോസി’നു ശേഷം വീണ്ടുമൊരു ജോ ഷി ചിത്രം വരുന്ന സന്തോഷത്തിലാണ് നൈല. ‘‘സുരേഷ് ഗോപി ചേട്ടന്റെ ജോടിയായി അഭിനയിച്ച ‘പാപ്പൻ’ ഈ മാസം റിലീസാകും. ഓരോ ചാൻസും ദൈവം തരുമ്പോൾ നമ്മളായി വിട്ടുകളയരുതല്ലോ.’’

പ്രിയനും പാപ്പനും കുഞ്ഞമ്മിണിയും... സിനിമാതിരക്കിലേക്ക് മാറിയല്ലേ ?

കോവിഡിനു മുൻപേ കേട്ടതാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ സിനിമയുടെ കഥ. ഇടയ്ക്കു മുടങ്ങിയും വീണ്ടും തുടങ്ങിയും പൂർത്തിയായപ്പോഴേക്കും അടുത്ത സിനിമ വന്നു.

വർഷത്തിൽ ഒരു സിനിമ എന്നതാണ് എന്റെ കണക്ക്. എങ്കിലേ ജോലിയും സിനിമയും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റൂ. ദുബായിൽ റേഡിയോ ജോക്കി ആയുള്ള ജോലിക്കിടെ ഒരു എക്സ്ട്രാ ലീവു പോലും എടുക്കാതെയാണ് ഇതുവരെ മുന്നോട്ടു പോയത്. പ്രിയന്റെ പ്രമോഷൻ കഴിഞ്ഞ് രാത്രി തിരികെ ചെന്നതിന്റെ പിറ്റേന്ന് എഫ്എമ്മിൽ ഷോ ചെയ്തിട്ടുണ്ട്.

സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റലി’നു വേണ്ടിയാണ് ഇപ്പോൾ നാട്ടിൽ വന്നത്. ഫാന്റസി, കോമഡി പാറ്റേണിലുള്ള ഈ സിനിമ ക്രിസ്മസ് റിലീസ് ആണ്.

പറക്കുന്നതിനിടെ കോവിഡിൽ നൈലയും ‘ലോക്’ ആയോ ?

ലോകം നിശ്ചലമായപ്പോഴും ജോലി ചെയ്തു. റേഡിയോ ജോക്കി ആയതിന്റെ ഗുണമാണത്. രാവിലെ ആളൊഴിഞ്ഞ റോഡിലൂടെ കാറോടിച്ച് പോകുമ്പോൾ പലവട്ടം പൊലീസ് തടയും. പെർമിഷൻ പേപ്പറൊക്കെ കാണിച്ചാണ് ഓഫിസിലെത്തുന്നത്. എംബസിയുമായി സഹകരിച്ച് നാട്ടിലേക്കു പോകുന്ന മലയാളികൾക്കു വേണ്ടിയുള്ള വിവരങ്ങൾ പരിപാടിയിൽ ചേർത്തിരുന്നു.

എന്നും പുറത്തു പോകുന്നതിന്റെ സന്തോഷമുണ്ടെങ്കിലും മാളുകളെല്ലാം അടച്ചതു വലിയ വിഷമമായിരുന്നു. അങ്ങനെയിരിക്കെയാണ് ദുബായ് എക്സ്പോ വന്നത്. തുടക്കത്തിൽ ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ കോവിഡ് കാലത്ത് എക്സ്പോ കാണാൻ ആരു വരാനാണെന്ന്. തീരുന്നതിനു തൊട്ടുമുൻപ് വീണ്ടും ചെന്നപ്പോൾ ഞെട്ടിപ്പോയി. ഓരോ പവലിയനും കാണാൻ നീണ്ട ക്യൂ.

nyla-usha-interview-123

‘ഞാൻ മരിക്കുമ്പോൾ അക്കൗണ്ട് ബാലൻസ് സീറോ ആയിരിക്കണം’ എന്ന ഡയലോഗ് മീം ആയല്ലോ ?

ഗൾഫിലുള്ള മിക്കവരും കുടുംബത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ നാട്ടിലേക്കയക്കും. ജീവിതത്തെ കുറിച്ചുള്ള എന്റെ സങ്കൽപം വേറെയാണ്. അധ്വാനിച്ച് ഉണ്ടാക്കിയ പണം ഞാനല്ലേ ചെലവാക്കേണ്ടത്. മറ്റൊരാൾക്ക് കൊടുക്കുമെങ്കിലും എന്റെ തീരുമാനപ്രകാരം വേണ്ടേ. അല്ലെങ്കിൽ എങ്ങനെ സമാധാനമായി മരിക്കും? ജീവിതം ഫ്ലൈറ്റ് യാത്ര പോലെയാണ്, ആദ്യം ന മ്മൾ ഇരുന്ന് സീറ്റ് ബെൽറ്റ് ഇടുക. പിന്നെ, അടുത്തുള്ളയാൾക്ക് സീറ്റ് ബെൽറ്റ് ഇട്ടു കൊടുക്കാം.

വർഷത്തിൽ മൂന്നോ നാലോ വട്ടം നാട്ടിലേക്കു വരാറുണ്ട്. എല്ലാ വർഷവും കഴിയുന്നതും വിദേശത്തു യാത്ര പോകും. സുഹൃത്തുക്കളുടെ കൂടെയും കുടുംബത്തോടൊപ്പവും യാത്ര ചെയ്യാറുണ്ടെങ്കിലും ത്രില്ലടിപ്പിച്ചത് സോളോ യാത്രയാണ്. ടർക്കിയിലേക്ക് ട്രിപ് പ്ലാൻ ചെയ്തപ്പോൾ കൂട്ടുകാരും കൂടി. പക്ഷേ, സമയമായപ്പോൾ എല്ലാവർക്കും ഓരോരോ തിരക്ക്. എങ്കിൽ ഒറ്റയ്ക്കു മതിയെന്നു വച്ചു. എയർപോർട്ടിൽ നിന്ന് ക്യാബിൽ തനിച്ചു ഹോട്ടലിലേക്ക്. രണ്ടു ദിവസം ചുറ്റിക്കറങ്ങിയിട്ട് ഓൾഡ് ടൗണിലേക്കു ഹോട്ടൽ മാറി. അവിടെയും കുറച്ചു ദിവസം. നടന്നാണ് പലയിടത്തേക്കും പോകുക. ഇടയ്ക്കു മഴ വരും. റോഡ് സൈഡിൽ നിന്നു കുട വാങ്ങി വീണ്ടും നടക്കും. ഇപ്പോഴും അതോർക്കുമ്പോൾ രസമാണ്.

ദുബായ് ജീവിതമാണോ ഇത്ര ബോൾഡ് ആക്കിയത് ?

ജീവിതത്തിൽ സംഭവിച്ചതെല്ലാം ഭാഗ്യം കൊണ്ടാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. പഠിക്കാൻ മിടുക്കിയൊന്നും ആയിരുന്നില്ല ഞാൻ. ഡിഗ്രി കഴിഞ്ഞ സമയത്ത് ചാനലിനു വേണ്ടി ഷോപ്പിങ് ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ പോയി. അങ്ങനെയാണ് ലോകത്തിലെ ആദ്യ മലയാളം എഫ്എം റേഡിയോയിലേക്ക് അവതാരകയാകാൻ ഓഫർ കിട്ടിയത്. അന്നെനിക്ക് 21 വയസ്സേ ഉള്ളൂ.

ഇപ്പോൾ 18 വർഷമായി ദുബായ് ഉണരുന്നത് എന്റെ ശബ്ദം കേട്ടാണ്. രണ്ടു വർഷം മുൻപ് ദുബായ് രാജാവ് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനുള്ള ഭാഗ്യവും കിട്ടി. സാരിയുടുത്ത് തനി മലയാളിയായി ചെന്ന എനിക്ക് ഷെയ്ഖ് മുഹമ്മദ് ഷേക്ഹാൻഡ് തന്നു, ഒരു ചിരിയും.

അന്ന് ദുബായിലേക്കു പോണമെന്നു കേട്ടപ്പോൾ എല്ലാവരും എതിർത്തിരുന്നു. കാലുപിടിച്ച് അനുവാദം വാങ്ങിയിട്ടാണ് അമ്മയുമൊത്ത് വിമാനം കയറിയത്.

തീരുമാനമെടുക്കാൻ എല്ലാവരുടെയും അനുവാദം വേണോ ?

എന്നാണ് ഇരുപതുകളിൽ ഞാൻ ചിന്തിച്ചിരുന്നത്. ആദ്യമായി സിനിമയിൽ അവസരം വന്നപ്പോൾ വേണ്ടെന്നു വച്ചതും അതുകൊണ്ടാണ്. സംവിധായകൻ ശ്യാമപ്രസാദ് സ ർ ‘ഋതു’വിലെ നായികയാകാൻ വിളിച്ചപ്പോൾ വീട്ടുകാരുടെ അഭിപ്രായം ‘നോ’ എന്നായിരുന്നു. മുപ്പതുകളിലേക്ക് ക ടന്നപ്പോൾ ആ ചിന്ത മാറി. പിന്നീട് അവസരം മിസ് ആയിപ്പോയി എന്നോർത്ത് വിഷമിക്കേണ്ടി വന്നില്ല.

കുറച്ചു വർഷം മുൻപ് ‘പ്യാലി’ എന്ന സിനിമയുടെ മേക്കേഴ്സ് മകൻ ആർണവിനെ അഭിനയിപ്പിക്കാമോ എന്നു ചോദിച്ചു വന്നു. അവനു താൽപര്യം ഇല്ലായിരുന്നു. ഈയിടെ ആ സിനിമ റിലീസായി ട്രെയ്‌ലർ കാണിച്ച് കൊതിപ്പിച്ചിട്ടും അവനു കുലുക്കമൊന്നുമില്ല. പത്താം ക്ലാസിലായതിന്റെ ഗൗരവം കൂടി ഉണ്ടെന്നു തോന്നുന്നു.

അവന്റെ ഇഷ്ടങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ ഞാൻ കഷ്ടപ്പെടാറുണ്ട്. ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ തീരെ ‘ഔട്ഡേറ്റഡ് മദർ’ ആകരുതെന്നോർത്ത് ടീമുകളെ കുറിച്ചൊക്കെ പഠിക്കും.

എന്റെ ജിം പാർട്ണർ ആണവൻ. എത്ര സമയം പ്ലാങ്ക് ചെയ്തു, എത്ര പുഷ് അപ്സ് എടുത്തു എന്നൊക്കെ ഞങ്ങൾ മത്സരിക്കും. എന്റെയത്ര ഉയരമുണ്ട് ആർണവിന്. എങ്ങനെ വളർന്നു മുതിർന്നാലും ഉത്തരവാദിത്തമുള്ള മനുഷ്യനായിരിക്കണം മകൻ എന്നാണ് മോഹം.

എന്റെ ജീവിതം തന്നെയാണ് അവനുള്ള എന്റെ സന്ദേശം. ഈ നിമിഷം സന്തോഷമായിരിക്കുക, നാളെ എന്താണ് സംഭവിക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ