Thursday 04 May 2023 02:56 PM IST

ഗോവയിൽ കൊല്ലപ്പെട്ട സഫിയ, അവൾക്കായി ശബ്ദിച്ച ഷുക്കൂർ വക്കീൽ: ‘ജഡ്ജിയോട്’ പറയുന്നു ആ കഥ

Binsha Muhammed

shukkoor-vakkeel

നാളിതുവരെ പി.പി. കുഞ്ഞികൃഷ്ണൻ നാട്ടാരെ കോടതി കയറ്റുകയോ സ്വയം കയറുകയോ ചെയ്തിട്ടില്ല. കാസർകോട് പടന്ന പഞ്ചായത്ത് ഒൻപതാം വാർഡിലെ പാവം മെമ്പർ, നാട്ടുകാരുടെ സ്വ ന്തം മാഷ്. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ രസികൻ മജിസ്ട്രേറ്റ്. റിയൽ ലൈഫിലും കേസുകളിട്ട് അമ്മാനമാടുന്ന വക്കീലാണ് അ‍ഡ്വ. സി. ഷൂക്കൂർ. സിനിമയിലെ കഥാപാത്രത്തിന്റെ പേരും അതു തന്നെ. പ്രാവിനെ ബദാം കൊണ്ടെറിയുന്ന മജിസ്ട്രേറ്റും ‘ഫ്ലോ പോയ വക്കീലും’ സിനിമ കണ്ടിറങ്ങിയിട്ടും പ്രേക്ഷകരുടെ മനസ്സിൽ ‘പ്രമാദമായ കേസായി’ നിൽക്കുന്നു. ഇരുവരും പങ്കുവയ്ക്കുന്നു ക്യാമറയ്ക്ക് മുന്നിൽ കോടതി കയറിയ കഥ.

മജിസ്ട്രേറ്റ്: രാഷ്ട്രീയക്കാരനാണെങ്കിലും കോടതി നൂലാമാലകളുമായി ബന്ധപ്പെട്ടിട്ടില്ല. നാട്ടുകാരുടെ നൂറുകൂട്ടം പ്രശ്നങ്ങളും പാർട്ടി പരിപാടിയുമായി  ജീവിതം ഒരേ ദിശയി ൽ പൊയ്ക്കൊണ്ടിരുന്നതിനിടെയാണ് സിനിമയിൽ ചാൻസ് വന്നത്. വക്കീലിന് ക്യാമറയ്ക്ക് മുന്നിൽ എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. മൂപ്പരുടെ ജീവിതം കോടതിയല്ലേ.  
വക്കീൽ: പറയുമ്പോ മുഴുവനാക്കി പറ മാഷേ... കോടതിയിലെന്ന് പറയുമ്പോ നാട്ടുകാര് വിചാരിക്കോ ഞാന്‍ വല്ല കേസിലും പെട്ടിട്ടുണ്ടെന്ന്. 25 കൊല്ലമായി വക്കീൽ കുപ്പായത്തില് കയറീട്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. എന്നെ ഈ ‘കേസിലാക്കിയതിൽ’  ഒന്നാം പ്രതി കാസ്റ്റിങ് ഡയറക്ടർ രാജേഷ് മാധവനാണ്. രണ്ടാം പ്രതി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ.

മജിസ്ട്രേറ്റ്:  എന്റെ കാര്യത്തിൽ ഒരു ‘കൂട്ടുപ്രതി’ കൂടിയുണ്ട് വക്കീലേ. മറിമായം സീരിയലിലൂടെ സുപരിചിതനായ ഉണ്ണിരാജാണ് നിർബന്ധിച്ച് അപേക്ഷ അയപ്പിച്ചത്.  
എന്റെ ഫാമിലെ പശുവിനോടൊപ്പം സ്റ്റൈലായി പോ സ് ചെയ്ത് നിൽക്കുന്നൊരു ഫോട്ടോ അങ്ങ് അയച്ചു. എ ന്നെ എടുത്തില്ലെങ്കിലും പശുവിന് റോള് കിട്ടിയാലോ...  പിന്നെ, തിരഞ്ഞെടുപ്പില് മത്സരിച്ചപ്പോ വെളുക്കെ ചിരിച്ച് നിൽക്കുന്നൊരു ഫ്ലക്സിലെ പടം. ഫോട്ടോ അവർക്ക് ബോധിച്ചു. അങ്ങനെയാണ് രതീഷിന്റെ വിളി വന്നത്.   
വക്കീൽ:   ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ. രാജ് മോഹനാണ് എന്നെ നിർദേശിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് അവർ എന്നെ വിളിക്കുന്നത്.
മജിസ്ട്രേറ്റ്:  ഉദിനൂർ സെൻട്രൽ സ്കൂളിൽ ഹിന്ദി അധ്യാപകനായിരുന്നു ഞാൻ. സിപിഎം ലോക്കൽ കമ്മിറ്റിയിലും കർഷക സംഘം ഏരിയ കമ്മിറ്റിയിലും അംഗമാണ്. രണ്ട് വർഷം മുൻപാണ് സർവീസിൽ നിന്നു വിരമിച്ചത്. അതിനു ശേഷം പഞ്ചായത്ത് മെമ്പറായി. ജനപ്രതിനിധിയുടെ ഉ ത്തരവാദിത്തത്തിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കൽ അത്ര എളുപ്പമായിരുന്നില്ല.

വക്കീൽ പറഞ്ഞ കള്ളം

വക്കീൽ: എന്റെ കാര്യവും വ്യത്യസ്തമല്ല മാഷേ. വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുതെന്നല്ലേ പറയാറ്.  പക്ഷേ,  എനിക്ക്  കക്ഷികളോടും സഹപ്രവർത്തകരോടും തുടക്കത്തിൽ  കള്ളം പറയേണ്ടി വന്നു.  ദുബായിലേക്ക് പോ കുന്നുവെന്നാണ് പറഞ്ഞത്. പക്ഷേ, ദുബായിലേക്ക് കറങ്ങാൻ പോവാണ് എന്ന് പറഞ്ഞാൽ ചിലപ്പോൾ ജഡ്ജി ഒബ്ജക്‌ഷൻ പറഞ്ഞാലോ? അതുകൊണ്ട് ജുഡീഷ്യൽ ഓഫിസറെ കണ്ട് ഉള്ള കാര്യം ധരിപ്പിച്ചു. അദ്ദേഹം ‘പ്രൊസീഡ്’ എന്ന് പറഞ്ഞതോടെ കാര്യങ്ങൾ നടപടിയായി.

മജിസ്ട്രേറ്റ്: 14 പശുക്കള്‍, ഒരു ഫാം. പിന്നെ ഞാനെന്റെ ഹൃദയം പോലെ കൊണ്ടു നടക്കുന്ന പടന്ന, ഒൻപതാം വാർഡ്. അതിനുമപ്പുറത്തേക്ക് ഒരു ലോകം എനിക്കില്ലെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും അറിയാം. തടിയൻ കൊവ്വലിലെ മനീഷ തിയറ്റർ കൂട്ടായ്മയുടെ ഭാഗമായി അഭിനയിച്ചിട്ടുണ്ട്. അതിന്റെ സെക്രട്ടറിയുമാണ്.  
സിനിമയിലെടുത്തൂന്ന് ഭാര്യ സരസ്വതിയോട് പറഞ്ഞു.  ഓള് വിശ്വസിച്ചില്ല. സരസ്വതി തടിയൻ കൊവ്വൽ എഎൽപി സ്കൂളിലെ അധ്യാപികയാണ്. മക്കളായ സാരംഗിനോടും ആസാദിനോടും പറഞ്ഞു. ‘മക്കളേ... അച്ഛനെ സിനിമയിലെടുത്തടാ.’ എല്ലാവർക്കും മറുപടി ഒന്നേയുള്ളൂ.  ‘വെറുതേ ബെഗ്ഡ് പറയല്ലേ.’എന്ന്. ശ്ശെടാ... ഈ കുഞ്ഞികളെ എങ്ങനെ വിശ്വസിപ്പിക്കുമെന്ന് ഞാനും ആലോചിച്ചു. സാരംഗ് മർച്ചന്റ് നേവിയിലാണ്. ആസാദ് മറൈൻ എൻജിനീയറിങ് വിദ്യാർഥി.

15 ദിവസമാണ് സിനിമയ്ക്കായി മാറ്റി വയ്ക്കാൻ പറഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്‌ലമിനോട് സ്വകാര്യമായി പറഞ്ഞു. ‘ഞാൻ കുറച്ചു നാളത്തേക്ക് ഈ പരിസരത്ത് കാണില്ല. എല്ലാം വഴിയേ പറയാമെന്ന്.’ പ ക്ഷേ, അതിനു മുൻപ് അഭിനയവിശേഷം കരക്കമ്പിയായി നാട്ടിൽ പരന്നു. അതോടെ സിനിമാനടനായി എന്ന് എല്ലാവരും അംഗീകരിച്ചു.  
വക്കീൽ: അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോ ൾ എന്റെ കുഞ്ഞികളും വിശ്വസിച്ചില്ല. ഭാര്യ ഡോ.ഷീന ഷുക്കൂർ കണ്ണൂര്‍ യൂണിവേഴ്സിറ്റി മഞ്ചേശ്വരം ക്യാംപസിന്റെ  ഡയറക്ടറാണ്. എംജി സർവകലാശാല മുൻ പ്രോ വിസിയുമാണ്. ചാനൽ‌ ചർച്ചകളിലും സജീവമാണ്. ഓളായിരുന്നു എനിക്ക് മുൻപേ ഞങ്ങളുടെ വീട്ടിലെ സെലിബ്രിറ്റി. ഞങ്ങൾക്ക് മൂന്നു പെൺമക്കളാണ്. മൂത്ത മകൾ ഖദീജ ജാസ്മിൻ സുപ്രീംകോടതിയിൽ ലോ ക്ലാർക്ക് ആണ്. ഫാത്തിമ ജെബിൻ പിജി വിദ്യാർഥി. ഫാത്തിമ ജസ്സ ഒൻപതിൽ പഠിക്കുന്നു.
മജിസ്ട്രേറ്റ്: നിങ്ങളാ സിനിമയിൽ പറഞ്ഞ മാതിരി വീട്ടി ൽ ‘മോൺസ്റ്റർ’ ആണല്ലപ്പാ.. നാല് പെണ്ണുങ്ങളും ഒരൊറ്റ ഷുക്കൂർ വക്കീലും...

വക്കീൽ: സംഗതി ശര്യാ മാഷേ... നാല് സ്ത്രീരത്നങ്ങൾക്കിടയിലെ ആൺതരി എന്നൊക്കെ പറയുമ്പോ ഒരു ക്രെഡിറ്റൊക്കെയുണ്ട്. കോടതി വിട്ടാൽ കോളജ് മാതിരിയാണ് ഞങ്ങളുടെ വീട്. എല്ലാവരും കൂടുമ്പോ ചിരിയും തമാശയും ഒക്കെയായി ജഗപൊകയാണ്.

ഭാര്യ ഷീനയ്ക്ക് ജോലിത്തിരക്കുള്ളതു കൊണ്ട് രാവിലെ വീട്ടില് ചായ ഉണ്ടാക്കല് എന്റെ ഡ്യൂട്ടിയാണ്. പുലർച്ചെ മൂന്നരയ്ക്ക് വന്ന് കിടന്നാലും രാവിലെ ഉപ്പ അഞ്ചരയ്ക്ക് എഴുന്നേൽക്കും എന്ന് കുട്ടികൾക്കും അറിയാം. പിന്നെ, എന്റേതായ ചില സ്പെഷലുകൾ വേറെയുമുണ്ട്. ബീഫിലും മീൻ കറിയിലും ഞാനൊരു ‘സംഭവം’ ആണെന്നാണ് കുടുംബസംസാരം.  ഭാര്യ ഷീനയ്ക്ക് സവാളയോട് ഒരു ‘ഒബ്ജക്‌ഷനു’ണ്ട്. വിവാഹം കഴിഞ്ഞ അന്നുതൊട്ട് ഞങ്ങളുടെ അടുക്കളയിൽ സവാളയ്ക്ക് ‘നോ എൻട്രി’യാണ്. ഞാനും ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു. പായസമാണ് ഷീനയുടെ പ്രിയവിഭവം.

മജിസ്ട്രേറ്റ്: എന്ത് വിഭവമുണ്ടായാലും ഞാനൊടുവിൽ ലാൻഡ് ചെയ്യുന്നത് നമ്മുടെ സ്വന്തം കുളുത്തയിലായിരിക്കും വക്കീലേ. എല്ലാവർക്കു മനസ്സിലാകാൻ വേണ്ടി പറയാം. കഞ്ഞിയാണ് സംഗതി. പക്ഷേ, എന്നെ അടുക്കളയിൽ കയറ്റാൻ സരസ്വതിക്ക് തീരെ ഇഷ്ടമില്ല.

എങ്കിലും ഒറ്റയ്ക്കുള്ള ഓളുടെ കഷ്ടപ്പാട് കണ്ട് ഞാ നും മക്കളും ഒപ്പം കൂടും. ദോശ ചുടൽ, ചായ ഉണ്ടാക്കൽ തുടങ്ങിയ ‘ഭാരിച്ച പണികൾ’ മാത്രമേ ഓള് എന്നെ ഏൽപ്പിക്കാറുള്ളൂ. മീൻവെട്ടൽ സാരംഗിന്റെ ജോലിയാണ്. ആസാദ് എല്ലാത്തിനും ഒപ്പം കൂടും. ഏതു ഹോട്ടലിലെക്കാളും ഞങ്ങൾക്കെല്ലാം പ്രിയം സരസ്വതി ഉണ്ടാക്കുന്ന മീൻകറി യാണ്. അതിൽ അവളൊരു പുലിയാണ്.

vakkeel

പ്രാവിനെ എറിയുന്ന മജിസ്ട്രേറ്റ്

മജിസ്ട്രേറ്റ്: കോടതിയിലെ പ്രാവിനെ കൂളായി ബദാം കൊണ്ടെറിയുന്നൊരു ജഡ്ജി. അങ്ങനെയൊരാളെ കോടതിയിൽ കാണാൻ കിട്ടോ എന്ന് ചോദിച്ചാൽ എനിക്കറിയൂല്ലപ്പാ. കോടതി തന്നെ നമ്മള് സിനിമേല് അല്ലേ കാണുന്നത്. പക്ഷേ, സിനിമയ്ക്കും മുൻപേ അഭിഭാഷകനായി വല്യപുള്ളിയാണ് നമ്മുടെ വക്കീൽ.

വക്കീൽ: വല്യ പുള്ളിയൊന്നുമല്ലെങ്കിലും  അഭിഭാഷക ജോ ലിയിൽ തൃപ്തി തന്ന കേസുകൾ ഉണ്ട്. അതിലൊന്നാണ് സഫിയ വധക്കേസ്. 2013 മുതൽ 2017 വരെ ഞാൻ കാസർകോട് ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന കാലത്താണത്. വീട്ടുജോലിക്കായി കുടകിൽ നിന്ന് കാസർകോട്ടേക്ക് കൊണ്ടുവന്ന 11 വയസ്സുള്ള പെൺകുട്ടി ഗോവയിൽ കൊലചെയ്യപ്പെട്ടതാണ് കേസ്. പ്രതി തന്നെയാണ് പൊലീസിൽ കുട്ടിയെ കാണാനില്ല എന്ന് പരാതി നൽകിയിരുന്നത്. ഒന്നരക്കൊല്ലത്തിനു ശേഷമാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെടുക്കുന്നത് തന്നെ. കോടതി ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു. ആ കുഞ്ഞിക്ക് നീതി വാങ്ങികൊടുക്കാൻ കഴിഞ്ഞു. സ്ത്രീകളുടെ പല നിയമപോരാട്ടങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.

മജിസ്ട്രേറ്റ്:  സിനിമയിലും  കോടതിയിലും   ഞാൻ ജൂനിയ ർ ആർട്ടിസ്റ്റാണ്. കോടതിയിൽ പോയി കാര്യങ്ങളൊക്കെ നിരീക്ഷിച്ച് മനസ്സിലാക്കണമെന്ന് സംവിധായകൻ എന്നോട് പറഞ്ഞിരുന്നു. പക്ഷേ, ഞാൻ പോയില്ല. നേരെ മജിസ്ട്രേറ്റായി കോടതി കയറി. ബാക്കി സിനിമയിൽ കണ്ടതെല്ലാം സംവിധായകന്റെയും ടീമിന്റെയും മിടുക്കാണ്.
വക്കീൽ:   സിനിമയിലെ കോടതിക്ക് എത്ര വേണമെങ്കിലും നാടകീയതയും അതിഭാവുകത്വവുമാകാം. പക്ഷേ, ശരിക്കുമുള്ള കോടതി അങ്ങനെയല്ല. ഒരു മൂളലു പോലും കേസിനെ തലകുത്തനെ നിർത്തും. ഒറ്റവ്യത്യാസം മാത്രം സിനിമയിൽ റീ ടേക്ക് പോകാം. പക്ഷേ,  കോടതിയിൽ  ഡയലോഗ് കയ്യീന്നു പോയാൽ, പോയതാ. 

ഫോട്ടോ: ശ്രീകുമാർ എരുവട്ടി