Tuesday 15 November 2022 10:54 AM IST

‘പാഷനൊപ്പം സാമ്പത്തിക ഭദ്രതയോടെ സ്വന്തം കാലിൽ നിൽക്കണമെന്ന് പറഞ്ഞുതന്നത് അമ്മ’: ‘റോഷാക്കിലെ’ പ്രിയംവദ

Ammu Joas

Sub Editor

priyamvada

കഥാപാത്രം മുഖ്യം

മലയാളസിനിമ എന്നാൽ മിക്കവരെയും പോലെ എനിക്കും മമ്മൂട്ടിയും മോഹൻലാലുമായിരുന്നു. ചെറുപ്പം മുതല്‍ ആരാധിക്കുന്ന മഹാനടനൊപ്പം അഭിനയിക്കാൻ സാധിച്ചത് അനുഗ്രഹവും ഭാഗ്യവുമാണ്. നായികാകഥാപാത്രമേ ചെയ്യൂ എന്ന വാശിയേ ഇല്ല. എത്ര ചെറിയ റോൾ ആണെങ്കിലും പ്രാധാന്യമുള്ളതാകണം എന്നാണു ചിന്തിക്കുന്നത്. ‘റോഷാക്കി’ലേത് അത്തരമൊരു കഥാപാത്രമാണ്.

ആറു ദിവസത്തെ ഷൂട്ടിങ്ങിൽ കൂടുതൽ സീൻസും മമ്മൂക്കയ്ക്കൊപ്പമായിരുന്നു. റോൾ ചെറുതാണെങ്കിലും കിട്ടിയ വേഷം നന്നായി ചെയ്തു എന്നു മനസ്സിലായത് പ്രേക്ഷകരുടെ സ്നേഹത്തിലൂടെയാണ്.

തൊട്ടപ്പനിൽ തുടക്കം

അച്ഛനാണ് ‘തൊട്ടപ്പ’ന്റെ ഓഡിഷന്‍ കോൾ കണ്ട് എന്നോട് പറയുന്നത്. അവസരം കിട്ടുമോയെന്ന ടെൻഷനോടെയല്ല, ഓഡിഷൻ എക്സ്പീരിയൻസ് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് പോയത്. സെലക്‌ഷൻ കിട്ടിയപ്പോൾ സന്തോഷമായി. അത് ഞെട്ടലായി മാറിയത് കഥാപാത്രത്തിന്റെ പ്രാധാന്യമറിഞ്ഞപ്പോഴാണ്. നാ ലു മാസം ഫോർട് കൊച്ചിയിൽ താമസിച്ച് ആളുകളുടെ പെരുമാറ്റവും രീതികളും പഠിച്ചു. റിഹേഴ്സൽ ക്യാംപ് കൂടി കഴിഞ്ഞപ്പോൾ തൊട്ടപ്പനായി എത്തിയ വിനായകനൊപ്പം ‘സാറക്കൊച്ചി’ന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു. സംസ്ഥാന അവാർഡിൽ പ്രത്യേക ജൂറി പരാമർശം കിട്ടിയപ്പോൾ ആ ക്രെഡിറ്റ് സിനിമയുടെ ക്രൂവിനും കൊടുത്തു.

‘മാതൃഭാഷ’ ബംഗാളി

എന്റേത് കലാകുടുംബമാണ്. അമ്മ പല്ലവി കൃഷ്ണൻ നർത്തകി. അച്ഛൻ കെ.കെ. ഗോപാലകൃഷ്ണൻ എഴുത്തുകാരനും. വെസ്റ്റ് ബംഗാൾ സ്വദേശിയായ അമ്മ മോഹിനിയാട്ടം പഠിക്കാനായി കേരളത്തിലെത്തിയതാണ്, ഇപ്പോൾ 27 വർഷമായി ‘മലയാളി’. അച്ഛന്റെ നാട് കണ്ണൂരാണെങ്കിലും ഞങ്ങൾ തൃശൂരാണ് താമസം.

‘തൊട്ടപ്പൻ’ റിലീസായപ്പോൾ അമ്മയുടെ അടുത്ത ബന്ധുക്കള്‍ സിനിമ കാണാനായി മാത്രം കൊൽക്കത്തയിൽ നിന്നുവന്നു. അവരുടെ പിന്തുണയും പ്രോത്സാഹനവും സ്നേഹവും നിറയുന്നതിനിടയിൽ ഇരുന്നാണ് എന്റെ ആദ്യ സിനിമ കണ്ടത്. ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണത്.

അന്നുമിന്നുമെന്നും നൃത്തം

കുഞ്ഞുനാളിൽ പല മോഹങ്ങളാണല്ലോ, ഇടയ്ക്ക് തോന്നും ടീച്ചർ ആകണമെന്ന്. അടുത്ത ദിവസം സ്വപ്നം സ്റ്റെതസ്കോപ്പിട്ട് ഡോക്ടറായി നിൽക്കും. ഹൈസ്കൂളിൽ എ ത്തിയപ്പോൾ ഒരു ചിന്ത മനസ്സിലൂടെ പാഞ്ഞു, ‘ടീച്ചറാകാനും ‍ഡോക്ടറാകാനും ഡിസൈനറാകാനുമൊക്കെ കഴിയുന്ന ഒരു ജോലിയുണ്ടല്ലോ, അഭിനയം.’ പിന്നീടിങ്ങോട്ട് ആ സ്വപ്നത്തിന്റെ പിന്നാലെ ആയി.

പക്ഷേ, നൃത്തം എപ്പോഴും കൂടെയുണ്ട്. അമ്മയാണ് അ ന്നുമിന്നും നൃത്തത്തില്‍ ഗുരു. ഞങ്ങളൊന്നിച്ച് ഡാൻസ് പെർഫോമൻസസ് ചെയ്യാറുണ്ട്. എന്റെ ഇൻസ്പിരേഷനും അമ്മയാണ്. ഒരു സ്ത്രീക്ക് പാഷൻ പിന്തുടരുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയോടെ സ്വന്തം കാലിൽ നിൽക്കാനും കഴിയുമെന്ന് അമ്മയാണ് പറയാതെ പറഞ്ഞുതന്നത്.

ഇപ്പോൾ പൃഥ്വിരാജിന്റെ നായിക

2019ലാണ് ‘തൊട്ടപ്പൻ’ റിലീസായത്. തൊട്ടുപിന്നാലെ കോവിഡും ലോക്ഡൗണും എത്തി. പക്ഷേ, കോവിഡ് കാലമല്ല കേട്ടോ കുക്കിങ്ങിലേക്ക് അടുപ്പിച്ചത്.

ഫ്രീ ടൈമിൽ ഫ്രണ്ട്സിനൊപ്പം കറങ്ങാൻ പോകാനും ഫൂഡടിക്കാനുമൊക്കെ ഇഷ്ടമുള്ള കൂൾ ഗേളാണ് ഞാൻ. കുക്കിങ്ങും ഒത്തിരിയിഷ്ടമാണ്, അഫ്ഗാനി ചിക്കനാണ് മെയിന്‍ ഐറ്റം. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് നാലു സിനിമകൾ ചെയ്തു. അതിൽ അർജുൻ അശോകനൊപ്പമുള്ള ‘തട്ടാശ്ശേരി കൂട്ടം’ ഉടൻ റിലീസാകും. ചെന്നൈ എസ്ആർഎമ്മിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിഗ്രി പാസ്സായതും ഈ സമയത്താണ്.

പൃഥ്വിരാജിന്റെ നായികയാകുന്ന ‘വിലായത് ബുദ്ധ’യുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോൾ.