Friday 22 February 2019 12:52 PM IST

രമേഷ് പിഷാരടി തോറ്റു തുന്നംപാടി അതും പീക്കിരി പിള്ളേരുടെ അടുത്ത്...

Unni Balachandran

Sub Editor

pishuuu ഫോട്ടോ: ശ്യാംബാബു

ട്യൂഷന് പോകാനെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ചാടിയിറങ്ങി നിന്നതാണ് നാല് കുട്ടിതാരങ്ങൾ. അക്ഷര കിഷോറും, അബനിയും, കെസിയയും, തസ്‌ലിമയും. പോകുന്ന വഴിയിലതാ പഴയ ‘ലാംബി സ്കൂട്ടറിൽ’ പറന്നു വരുന്നു രമേഷ് പിഷാരടി. കണ്ടയുടനെ പ്ലാനങ്ങ് മാറ്റി. സ്കൂട്ടറിൽ ഒരു ട്രിപ്പ് പോകാം. പിഷാരടി റെഡി, നാലു പേരെയും കയറ്റി സ്കൂട്ടർ സ്റ്റാർട്ടാക്കി ഒരൊറ്റ പോക്ക്. ‘ഏങ്ങോട്ടാ പോകേണ്ടത്?’

‘ചേട്ടാ നേരെ മണാലിക്കു വിട്ടോ?’ കുട്ടിസംഘം ആർപ്പുവിളി തുടങ്ങി. പിഷാരടി ആക്സിലറേറ്ററിലിൽ മുറുകെ പിടിച്ചതും, ദേ പിന്നിൽ നിന്ന് ആരോ വിളിച്ചതു പോലെ വണ്ടിയൊന്നു ചുമച്ചു. നല്ല ഫസ്റ്റ് ക്ലാസ് ബ്രേക് ഡൗൺ. നുള്ളിപ്പറിക്കാൻ റെഡിയായി നിന്ന കുറുമ്പികൾക്കിടയിൽ തപ്പിതടയുകയാണ് പാവം പിഷാരടി.

രമേഷ് പിഷാരടി: അയ്യോ, ഒരു കാര്യം പറയാൻ മറന്നു. ഈ സ്കൂട്ടറിനു ‘മണാലി’ എന്ന വാക്ക് ഇഷ്ടമല്ല. അതു കേട്ടാൽ അപ്പോൾ ഒാഫായിക്കളയും.

അബനി: എന്റെ പൊന്നു മണ്ടാ, ഇതു പോലത്തെ തമാശയൊക്കെ ഞങ്ങളോടു പറ‍ഞ്ഞോ. ദൈവത്തെയോർത്ത് ടിവി ഷോയിലൊന്നും കയറി ഇതു പോലെ തട്ടിയേക്കരുത്.

രമേഷ് പിഷാരടി: അതാ, ഇപ്പോൾ എന്റെയൊരു കുഴപ്പം. ദാഹിച്ച് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാലും ആളുകൾ വിശ്വസിക്കില്ല.

തസ്‌ലിമ: ചേട്ടനെ വിശ്വസിക്കാൻ കൊള്ളൂല്ലാന്ന് രണ്ടു മിനിറ്റ് കൊണ്ട് ഞങ്ങൾക്കും മനസ്സിലായി.

കെസിയ: ഇതിലിപ്പൊ മണാലി പോയിട്ട് മണൽ വാരാൻ പോകാൻ പോ ലും പറ്റില്ലല്ലോ

രമേഷ് പിഷാരടി: ഇപ്പ, ശരിയാക്കിത്തരാം.

അക്ഷര: കുന്തം. പിഷു ചേട്ടന്റെ കൂടെ പോരണ്ട ഒരു കാര്യവും ഇല്ലായിരുന്നു.

_C2R3956 ഫോട്ടോ: ശ്യാംബാബു

രമേഷ് പിഷാരടി: പിന്നെ, നിങ്ങളെ കൊണ്ടുപോകാൻ ഇപ്പോൾ ക്രൂയിസർ ബൈക്കിൽ ദുൽഖർ സൽമാൻ വരും.

കെസിയ: ങേ, ദുൽഖർ വരുമോ?

രമേഷ് പിഷാരടി: അല്ല, എന്തായാലും വരാനുള്ളത് വന്നു. ഇനി ഇവിടെ നിന്നു പോകാനുള്ള വഴിയല്ലേ നോക്കേണ്ടത്.

വിശ്വസിച്ചാലും ഇല്ലേലും

രമേഷ് പിഷാരടി: നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം.

അക്ഷര: ചേട്ടൻ ആദ്യം കാര്യം പറയ്, അതു കഴിഞ്ഞ് വിശ്വ സിക്കണൊ വേണ്ടയോ എന്നു തീരുമാനിക്കാം.

രമേഷ് പിഷാരടി: നിങ്ങളെല്ലാവരും കൂടെ സഹകരിച്ചാൽ ന മുക്ക് വണ്ടി പെട്ടെന്നു ശരിയാക്കിയിട്ട് പോകാം.

അക്ഷര: എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.

അബനി: സ്കൂട്ടർ ശരിയാക്കാൻ പറ്റുന്നത് വരെ പിഷു ചേട്ട ൻ ഞങ്ങളുടെ അടിമ. ഞങ്ങൾ പറയുന്നതെല്ലാം കേട്ടോണം. സമ്മതിച്ചോ?

പിഷാരടി: കുട്ടികളൊന്നും പൊതുവേ എന്നെ പിഷു എന്നു വിളിക്കാറില്ല.

കെസിയ: വണ്ടി പെട്ടെന്നു ശരിയാക്കിയാൽ ഞങ്ങൾ എല്ലാവരും അപ്പോൾ മുതൽ ‘പിഷാരടി അങ്കിൾ’ എന്നു വിളിക്കാം.

രമേഷ് പിഷാരടി: അയ്യടീ... അതങ്ങ് കയ്യിൽ വച്ചോ. ആ ഒാഫ ർ എനിക്കു വേണ്ട. നിങ്ങൾ പേരൊന്നും വിളിച്ചില്ലേലും ഞാൻ വിളി കേട്ടോളാം.

അബനി: മോനേ, പിഷുക്കുട്ടാ സ്കൂട്ടർ റെഡിയാക്ക്. അതു ക ഴിഞ്ഞു മതി ഡയലോഗ്.

രമേഷ് പിഷാരടി: മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ക ണ്ടു പരിചയമുള്ള കുട്ടികളാണെങ്കിലും ഞാൻ കണ്ടാൽ നിർത്താതെ പോകണമായിരുന്നു.

കെസിയ: ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒറ്റയ്ക്കിത് ശരിയാക്കണം... ഞങ്ങളോട് സംസാരിക്കുകയും വേണം. അതാണ് ശിക്ഷ...

രമേഷ് പിഷാരടി: സംസാരം മാത്രം മതിയാരുന്നെങ്കിൽ രക്ഷ ആയേനെ. ജോലി ചെയ്യാൻ പറയുന്നതാ പ്രശ്നം. വേറെ ഒ ന്നും കൊണ്ടല്ല. ശീലം ഇല്ലാത്തതു കൊണ്ടാ. അല്ലേൽ ഞാൻ പൊളിച്ചേനെ.

അബനി: ഈ സ്കൂട്ടർ ഇതിൽ കൂടുതൽ എന്തു പൊളിക്കാൻ.

കണക്കിൽ ഞാനൊരു സിംഹം

രമേഷ് പിഷാരടി: നിങ്ങൾ മാത്‌സ് ട്യൂഷനാണോ പോകുന്നേ?

അക്ഷര : ആണല്ലോ...

രമേഷ് പിഷാരടി: എല്ലാർക്കും അതെന്താ കണക്കിനോട് അത്ര ഇഷ്ടം?

തസ്‌ലിമ: ചേട്ടന് ശരിക്കും ബുദ്ധി ഇല്ലേ. ഇഷ്ടമുളളതു കൊണ്ടല്ലല്ലോ... മാത്‌സ് അറിയാത്തോണ്ടല്ലേ ട്യൂഷന് പോകുന്നേ.

അക്ഷര: വണ്ടിയും നശിപ്പിച്ച് ടൂർ കുളമാക്കി മനസ്സ് വിഷമിച്ചിരിക്കുമ്പോൾ മാത്‌സിനെക്കുറിച്ച് പറയുന്നോ?

രമേഷ് പിഷാരടി: മനസ്സ് വിഷമിക്കുമ്പോൾ മാത്‌സിനെക്കുറിച്ചു മിണ്ടരുതെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ?

കെസിയ: അങ്ങനെയൊക്കെ ചോദിച്ചാൽ എനിക്കറിയില്ല.

രമേഷ് പിഷാരടി: ആരും വിഷമിക്കേണ്ട. എല്ലാവർക്കും മാത്‌സ് ട്യൂഷൻ എടുത്ത് തരാം. ഞാൻ പഴയ മുൻഷിയാ.

അബനി: ദേ, പിന്നേം പുളു. മുൻഷിയാണെങ്കിൽ തലയിൽ മുടി കാണില്ലല്ലോ. മുണ്ട് ഉടുത്തല്ലേ മുൻഷിമാര് വരുന്നത്.

തസ്‌ലിമ: അതല്ല.... കണക്ക് പറഞ്ഞു തരുന്നതിൽ പിഷുവേട്ടൻ ഒരു നരസിംഹമാന്നാ പറഞ്ഞേ..

രമേഷ് പിഷാരടി: പ്രശംസ എനിക്കിഷ്ടമാണ്. ചോദ്യത്തിന് എല്ലാവരും കൃത്യം ഉത്തരം പറയണം. എന്താണ്, ലസാഗു ഉസാഘ?

കെസിയ: ഏതോ ഗ്രീക് മന്ത്രമാണെന്നു തോന്നുന്നു...

അക്ഷര: അതോ അറബിയാണോ?

അബനി: ഏയ്... ഇത് മലയാളത്തിലെ ഏതോ പഴയ പാട്ട് തിരിച്ചിട്ടതാകും.

രമേഷ് പിഷാരടി: കണ്ടുപിടിക്ക്.... കറ കറക്ട് പറയണേ.

(എല്ലാവരും ഒരുമിച്ച്) അങ്ങനെയാണെങ്കിൽ അറിയില്ല

രമേഷ് പിഷാരടി: ലസാഗു; ലഘുതമ സാധാരണ ഗുണിതം, ഉസാഘ; ഉത്തമ സാധാരണ ഘടകം. ഇതാണ് ഇംഗ്ലിഷിലെ എൽസിഎമ്മിന്റെയും എച്ച്സിഎഫിന്റെയും മലയാളം...

അബനി: ഞങ്ങളെല്ലാം ഇംഗ്ലിഷ് മീഡിയമല്ലേ... മലയാളമടിച്ചിട്ട് ചന്തുവിനെ തോൽപിക്കാൻ നോക്കരുത്...

രമേഷ് പിഷാരടി : ഓഹോ... എന്നാൽ എൽസിഎം, എച്ച്സിഎഫ് കഴിഞ്ഞിട്ടുള്ളതെന്താ, പറാ...

തസ്‌ലിമ: സിഎഫ്എൽ

കെസിയ: സിഎഫ്എൽ അല്ലെടി മണ്ടീ... അത് ക്യാമറയുടെ മിന്നലടിക്കുന്ന സാധനമാടീ....

രമേഷ്പിഷാരടി: മിന്നലോ, ദൈവമേ, അതൊരു ലൈറ്റാണ്.

അക്ഷര: അതൊക്കെ അറിയാം. ചുമ്മാ പരീക്ഷിച്ചതല്ലേ...

രമേഷ് പിഷാരടി: പരീക്ഷിക്കാൻ ഞാനെന്താ ലബോറട്ടറിയോ? നിങ്ങൾക്ക് സ്പൈഡർമാനെയൊ സൂപ്പർമാനെയോകൂടുതൽ ഇഷ്ടം?

കെസിയ: പ്രഭാസിനെ....

രമേഷ് പിഷാരടി: മോളെ, ബാഹൂ... അതല്ല, സ്പൈഡർമാനൊ സൂപ്പർമാനൊ?

(എല്ലാവരും ഒരുമിച്ച്) സൂപ്പർമാൻ...

രമേഷ് പിഷാരടി: എന്നാൽ ഈ സൂപ്പർമാന്റെ മക്കളുടെ പേരെന്താന്ന് പറയാൻ പറ്റുമോ?

അബനി: അത് പുസ്തകത്തിൽ പറഞ്ഞിട്ടില്ലല്ലോ...

രമേഷ് പിഷാരടി: വിട്ടുപോയ പേജിലുണ്ടായിരുന്നു....

അക്ഷര : ഓഹോ... എന്നാ എക്സലെന്റ് മാൻ...

രമേഷ് പിഷാരടി: അതെങ്ങനെ ശരിയാകും

തസ്‌ലിമ : കാണാതെ പോയ പേജിലെ മോന്റെ പേരല്ലേ... തൽക്കാലം അത് മതി...

സ്വാദിഷ്ടമായ മീൻ കറി തയാർ

രമേഷ് പിഷാരടി: എന്നാൽ ഞാൻ ഒരു ചോദ്യം കൂടി ചോദിക്കാം. മീൻ വയ്ക്കുന്നത് എങ്ങനെയാ?

അക്ഷര: അമ്മ സാധാരണ റെസിപ്പി എടുത്തു വയ്ക്കാറാണ് പതിവ്. എന്നിട്ടാണ് ഞാൻ ഉണ്ടാക്കുന്നത്. അതുകൊണ്ട് തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കുക

രമേഷ് പിഷാരടി: ആഹാ... സ്‌റ്റേജിൽ കയറി പരിപാടി അവതരിപ്പിക്കുമ്പോൾ പറയുന്ന അതേ ഡയലോഗ്...

അക്ഷര : ആദ്യം മീൻ കട്ട് ചെയ്തിട്ട് കഴുകണം...

അബനി : ഡീ, കഴുകിയിട്ടാ കട്ട് ചെയ്യുന്നത്...

അക്ഷര : മീന്റെ ദേഹത്തെ മണ്ണു പോകേണ്ടേ. അതിന് ആദ്യം കഴുകണം.

രമേഷ് പിഷാരടി: മീനിന്റെ ദേഹത്തെങ്ങനെയാ മണ്ണ്?

കെസിയ : മീൻ ഇടയ്ക്ക് വെള്ളത്തിന്റെ അടിവശം കാണാനും കളിക്കാനുമൊക്കെ പോകുമ്പോൾ മണ്ണു പറ്റും.

രമേഷ് പിഷാരടി: സമ്മതിച്ചു. റെസിപ്പിയിൽ ചോദ്യമില്ല.

അക്ഷര: പിന്നെ, പാത്രത്തിലാക്കും, എന്നിട്ടു ‘ടൊലിയൊക്കെ’ കളയും.

രമേഷ് പിഷാരടി: ടൊയ്‌ലറ്റിലേക്ക് കളയുമെന്നോ?

തസ്‌ലിമ: മോനെ, തൊലി കളയുമെന്ന്... ചളി വേണ്ടാട്ടോ,

അക്ഷര: തൊലിയൊക്കെ കളഞ്ഞിട്ട് മഞ്ഞൾ, മുളക്, ഉപ്പ്, വെള്ളം ഒരുപാട് ഒഴിക്കും, എന്നിട്ട് പേസ്റ്റാക്കും.

രമേഷ് പിഷാരടി: പേസ്റ്റ് മീനിൽ തേക്കും.

കെസിയ: കറക്ട്.

അബനി: പഠിച്ചു ,കേമൻ.

അക്ഷര: എന്നിട്ട് കത്തിച്ചിട്ട് പാത്രത്തിലാക്കി വച്ചിട്ട് അതിന്റെ മുകളിലേക്ക് എണ്ണയൊഴിക്കും...

രമേഷ് പിഷാരടി: ഇപ്പൊ നിങ്ങൾടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ മീൻകറി, അല്ലേ?

തസ്‌ലിമ: അല്ല, ഇത് മീൻ ഫ്രൈ ആണ്.

രമേഷ് പിഷാരടി: െവള്ളം കുറേ ഒഴിച്ചാരുന്നല്ലോ ഇടയ്ക്ക്...

കെസിയ: അതു കുഴപ്പമില്ല... എന്ത് ചെയ്താലും അവസാനം എണ്ണയൊഴിച്ചാൽ മീൻ ഫ്രൈയാകും, ഇല്ലെങ്കിൽ കറി.

രമേഷ് പിഷാരടി : അത് ഞാൻ അറിഞ്ഞില്ല.

ഭാര്യ എന്തു വിചാരിക്കും?

കെസിയ: അതേയ്, എനിക്ക് കുഞ്ചാക്കോ ബോബനെ വല്യ ഇഷ്ടാ.. പിഷൂന് കുഞ്ചാക്കോ ബോബനെ അറിയാമോ ?

രമേഷ് പിഷാരടി: പിന്നെ, ചാക്കോച്ചൻ അടിപൊളിയല്ലേ... ആഴ്ചയിൽ മൂന്ന് വട്ടമെങ്കിലും ഞങ്ങൾ സംസാരിക്കും.

അക്ഷര : അപ്പോ ഭാര്യയൊന്നും പറയാറില്ലേ...

രമേഷ് പിഷാരടി: അതെന്തിനാ?

അബനി: അവരെന്ത് വിചാരിക്കും?

_C2R3890 ഫോട്ടോ: ശ്യാംബാബു

രമേഷ് പിഷാരടി: ഓഹോ, അവൾക്കെന്നെ അറിയാമല്ലോ

തസ്‌ലിമ : അല്ല, ഏത് ഭാര്യയുടെ കാര്യമാ പറയുന്നത് ?

രമേഷ് പിഷാരടി: അതിനെനിക്ക് മൂന്നാല് ഭാര്യമാരൊന്നുമില്ലല്ലോ...

കെസിയ : ഉണ്ട്... ഞങ്ങൾക്കറിയാം മറ്റേ ധർമജൻ ചേട്ടൻ.

രമേഷ് പിഷാരടി : ആഹാ, അവനെയാണോ ഭാര്യയാന്ന് വിചാരിച്ചെ... അവൻ ഇപ്പോ തൊടുപുഴയിൽ ഷൂട്ടിങ്ങിലാ, ആ ഗ്യാപ്പിലാ ഞാൻ ചാക്കോച്ചനുമായി സംസാരിക്കുന്നത്...

അക്ഷര : അതു നന്നായി... വെറുതേ നമ്മളായിട്ടെന്തിന് പ്രശ്നമുണ്ടാക്കി വയ്ക്കുന്നത്...

ഇതൊരു സിംപിൾ ചോദ്യം

അബനി: ഇനി ഞാനൊരു ചോദ്യം ചോദിക്കാം. ഒരു കുട്ടിക്ക് ഒരുപാട് വിശക്കുന്നു. പക്ഷേ, കഴിക്കാൻ ഭക്ഷണമില്ല. അപ്പൊ ആ കുട്ടി എന്ത് ചെയ്യും...

രമേഷ് പിഷാരടി: എന്ത് ചെയ്യാൻ, വിശന്നിട്ട് കരയുന്ന കുട്ടികൾക്ക് അവനൊരു പ്രചോദനമായിരിക്കും..

അബനി: അയ്യേ, പിഷുവെന്തൊരു മണ്ടനാടോ. ഇതിന്റെ ഉത്തരം പോലും അറിയില്ല അല്ലേ?

രമേഷ് പിഷാരടി: എന്നാൽ ഞാൻ തോറ്റു. ഉത്തരം കുട്ടി തന്നെ പറഞ്ഞോളൂ.

അബനി: ആ കുട്ടിയുടെ ജീവിതം കുട്ടിച്ചോറാകും... ആ ചോറുകൂട്ടി കുട്ടി ഭക്ഷണം കഴിക്കും.

രമേഷ് പിഷാരടി : എന്റെമ്മോ... ഭയങ്കര ബുദ്ധി ആണല്ലോ. ബുദ്ധിക്കാരൊക്കെ ഒന്നു ഒത്തു പിടിച്ചാൽ ഈ വണ്ടി ഒന്നു സ്റ്റാർട് ആക്കാൻ പറ്റൂല്ലേ.

കെസിയ: ഈ വണ്ടി ശരിയാകൂല്ലെന്നും മണാലി വരെ പോകൂല്ലെന്നുമൊക്കെ ഞങ്ങൾക്കറിയാം. പിന്നെ, രമേഷട്ടന് ഒരു സന്തോഷായിക്കോട്ടെ എന്നു കരുതി ഞങ്ങളെല്ലാം അഭിനയിച്ചതല്ലേ...

രമേഷ് പിഷാരടി: അമ്പടി, കൊച്ചു കള്ളീ. എന്നാ ഞാ ൻ എടുക്കട്ടേ..

അക്ഷര: എന്ത് ?

രമേഷ് പിഷാരടി : ‘ഡയലോഗ്’

എല്ലാവരും ഒരുമിച്ച്; ‘ഡയലോഗ്’ ഞങ്ങൾ പറയാം...

‘മൊയ്ദീനെ, നീയാ ചെറിയേന്റെ സ്പാനറെടുത്തെ... ദിപ്പൊ ശരിയാക്കിത്തരാം..’