Friday 02 December 2022 05:03 PM IST

‘5 മിനിറ്റിൽ സേതുപതിയുടെ ഡേറ്റ് ഉറപ്പിച്ച ഇന്ദു, രത്തീന ഭീകര മമ്മൂട്ടി ഫാൻ’: സംവിധാന രംഗത്തെ സ്ത്രീ മുന്നേറ്റം

Rakhy Raz

Sub Editor

ratheena-director

മലയാള സിനിമയിൽ ‘സംവിധാനം’ എന്ന ടൈറ്റിലിൽ ഒരു സ്ത്രീനാമം എഴുതി വരുന്നു എന്നത് തന്നെ സ്ത്രീ മുന്നേറ്റമാണ്. അതു സാധ്യമാക്കിയ രത്തീന പി. ടി ഇന്ദു വി. എസ് എന്നീ സംവിധായികമാരുടെ അനുഭവങ്ങളും വിശേഷങ്ങളും.

വർഷങ്ങളോളം സിനിമയുടെ പിന്നാലെ നടന്നും, ബുദ്ധിമുട്ടുകൾ സഹിച്ചും വെല്ലുവിളികളെ നേരിട്ടും സ്നേഹിക്കുന്നവരുടെ കൈപിടിച്ചും പടപൊരുതിയും നേടിയെടുത്തതാണ് ഈ സ്വപ്നസാക്ഷാത്ക്കാരം എന്നു പറയുന്നു ഇവർ.

സംവിധായകനും സംവിധായികയും തമ്മിൽ വ്യത്യാസമുണ്ടോ?

ഇന്ദു– ജോലിയിൽ വ്യത്യാസമില്ല. സംവിധായകനെ സെറ്റിലെല്ലാവരും സംവിധായകനായി അംഗീകരിക്കുമ്പോൾ ആ സ്ഥാനത്ത് സംവിധായിക ആയാൽ എല്ലാകാര്യത്തിലും സംശയത്തോടെയായിരിക്കും പെരുമാറുക. ‘ഈ സ്ത്രീയിത് എന്താണ് കാണിക്കുന്നത്’ എന്ന മട്ടിലായിരിക്കും പലപ്പോഴും സെറ്റിലെ പലരും പെരുമാറുന്നത്.

രത്തീന – സംവിധായകൻ സിനിമയുടെ ക്യാപ്റ്റൻ ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അതൊരു സ്ത്രീയാകുമ്പോൾ ‘വല്ലതും നടക്കുമോ’ എന്നൊരു മുൻവിധിയാണ് പലർക്കും. പ്രമുഖ താരങ്ങളുടെ ഡേറ്റ് സ്വന്തമായാൽ പോലും.

സിനിമ ആഗ്രഹിക്കുമ്പോൾ തന്നെ ആ ദ്യത്തെ അരുത് നേരിടേണ്ടി വന്നോ ?

ഇന്ദു – ഉറപ്പായും. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കോട്ടയം ഒളശ്ശയിലാണ് എ ന്റെ വീട്. നന്നായി സിനിമ കാണുന്നവരായിരുന്നു വീട്ടിലെല്ലാവരും. സിനിമയാണ് എന്റെ ഇഷ്ടം എന്ന് ഒരു പെൺകുട്ടിക്ക് പറയാൻ പോലും സാധിക്കാത്ത കാലമായിരുന്നു അത്. സിനിമയെക്കുറിച്ച് പഠിക്കുകയായിരുന്നു സിനിമയിലേക്ക് എത്താൻ എന്റെ മുന്നിലുള്ള ഏക വഴി. വീട്ടിൽ വാശി പിടിച്ചാണ് ഞാൻ തൃശൂരിലെ ചേതന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്നത്.

തൃശൂർ നല്ലൊരു സാംസ്ക്കാരിക പരിസരമാണ്. പഠനം കഴിഞ്ഞ് ഞാൻ അവിടെ തന്നെ തുടരുമ്പോഴാണ് സ ലിം അഹമ്മദ് ചിത്രത്തിലേക്ക് അസിസ്റ്റന്റ് ഡയറക്ടറെ വേണം എന്ന് അറിയുന്നത്. സലിം അഹമ്മദിനെ പോയി കണ്ടു. അങ്ങനെ ‘ആദാമിന്റെ മകൻ അബുവിൽ’ അസിസ്റ്റന്റ് ഡയറക്ടർ (എഡി) ആയി.

തുടക്കം തന്നെ മികച്ച സിനിമയിലായി എന്നത് എന്നെ ഒരുപാട് സഹായിച്ചു. ഒരു സിനിമ എങ്ങനെയാണ് രൂപപ്പെ‌ടുന്നത് എന്ന് എല്ലാ അർഥത്തിലും പഠിക്കാൻ കഴി‍ഞ്ഞു. സലിമിക്ക തുടർന്നു ചെയ്ത ‘കുഞ്ഞനന്തന്റെ കട’, ‘പത്തേമാരി’ എന്നീ സിനിമകളിലും എഡിയായി പ്രവർത്തിച്ചു. കൂ ടെ പരസ്യങ്ങളും ഷോർട്ട് ഫിലിമുകളും വരുമാന മാർഗമായി ചെയ്തിരുന്നു.

രത്തീന– നന്നായി സിനിമ ആസ്വദിക്കുന്ന വീടായിരുന്നു എന്റേത്. എഴുത്തും സിനിമയോടുളള ഇഷ്ടവും ചേർന്നപ്പോൾ തിരക്കഥ എഴുതണം എന്നാണ് എനിക്ക് തോന്നിയത്. കുട്ടിക്കാലത്തു തന്നെ എഴുതുമായിരുന്നു.

ബിസിനസും ഗ്രാഫിക്സും പഠിച്ചു. ഒരിക്കൽ ചെന്നൈ യാത്രയ്ക്കിടെ നടി രേവതിയെ പരിചയപ്പെടാൻ അവസരം കിട്ടി. എങ്ങനെ സിനിമയിലെത്താം എന്ന് ഞാൻ ചോദിച്ചു. അതിന് എഡി ആകണം എന്ന് മറുപടി കിട്ടി. നമ്പറും ഇമെയിലും തന്നു.

അതിനിടെ എന്റെ വിവാഹം കഴിഞ്ഞു. കുഞ്ഞായി. അതുവരെ ചെയ്തിരുന്ന ജോലി രാജി വച്ചു. ഗർഭകാലത്താണ് വീണ്ടും വായനയിലേക്ക് തിരിയുന്നത്. പഴയ സിനിമാ മോഹം വീണ്ടും മുളച്ചു. രണ്ടും കൽപിച്ച് രേവതി മാഡത്തിന് മെയിലയച്ചു. ഒരു സുഹൃത്ത് വഴി അവരുടെ മാനേജരെ ചെന്ന് കണ്ടു. അടുത്ത പടത്തിന് കൂടെ കൂടിക്കോളാൻ പറഞ്ഞു. ഇന്ത്യൻ ഇംഗ്ലിഷ് കാറ്റഗറി സിനിമയിലാണ് വർക്ക് ചെയ്തത്. അത് അധികനാൾ തുടരാനായില്ല.

രണ്ടാമത്തെ മകൻ കൂടി പിറന്ന ശേഷമാണ് സെവൻ ആർട്സ് വിജയകുമാറിനോട് വർക്ക് ചെയ്യാനുള്ള താത്പര്യം പറയുന്നത്. അദ്ദേഹം കുടുംബ സുഹൃത്താണ്. ‘പ്രൊഡക്‌ഷനിൽ വരൂ’ എന്നദ്ദേഹം പറഞ്ഞു.

‘കുങ്കുമപ്പൂവ്’ എന്ന സീരിയലിന്റെ പ്രൊഡക്‌ഷനിൽ ഭാഗമായി. സെവൻ ആർട്സിന്റെ പ്രിയദർശൻ പടങ്ങളിലും പ്രവർത്തിച്ചു. സിനിമയുടെ വിവിധ മേഖലകൾ പഠിക്കാനും പരിചയപ്പെടാനും അങ്ങനെ സാധിച്ചു.

ഇന്ദുവും രത്തീനയും സുഹൃത്തുക്കളാകുന്നത് എങ്ങനെ ?

രത്തീന– സലിമിക്കയാണ് ‘എന്റെ പുതിയ അസിസ്റ്റന്റ് ഡ യറക്ടർ നീ പരിചയപ്പെടേണ്ട ആളാണെ’ന്ന് പറയുന്നത്. അദ്ദേഹം ഇന്ദുവിന്റെ നമ്പർ തന്നു. ഞാൻ ഇന്ദുവിനെ വിളിച്ചു പരിചയപ്പെട്ടു. ആ സമയത്താണ് സിനിമാ താത്പര്യമുള്ള കുറച്ചു സുഹൃത്തുക്കൾ ഒന്നിച്ച് ഒരു സിനിമ ചെയ്യാനായി വിളിക്കുന്നത്.

ഇന്ദു – കൊച്ചിയിലെ ഫ്ലാറ്റിൽ ഒത്തുകൂടിയപ്പോഴാണ് അ വിടെ രത്തീന ഉണ്ടെന്ന് അറിയുന്നതും ആദ്യമായി നേരി ൽ കാണുന്നതും. ഫ്ലാറ്റിൽ കൂടിയവരിൽ ഞങ്ങൾ രണ്ടുപേരൊഴിച്ച് ബാക്കിയെല്ലാവരും പുരുഷൻമാർ. ആന്തോളജി മൂവി ചെയ്യാനായിരുന്നു പ്ലാൻ.

രത്തീന– ആന്തോളജി പ്രോജക്റ്റ് നടന്നില്ല.

എന്നാൽ ആ പ്രോജക്റ്റാണ് ഞങ്ങളെ ആത്മാർഥ സുഹൃത്തുക്കളാക്കിയത്. ഒരു നോട്ടം കൊണ്ട് പരസ്പരം മനസ്സിലാകുന്നത്ര അടുപ്പം ഞങ്ങൾക്കിടയിൽ വളർന്നു. സിനിമാ സ്വപ്നങ്ങളിൽ ഞങ്ങൾ പരസ്പരം തണലായി.

താരങ്ങളായിരുന്നു ഇന്ദുവിന്റെയും രത്തീനയുടെയും സിനിമയുടെ ഹൈലൈറ്റുകളിലൊന്ന്

ഇന്ദു – മികച്ച താരങ്ങളെ ലഭിച്ചത് കഥയിലും തിരക്കഥയിലുമുള്ള നമ്മുടെ വളർച്ച കൊണ്ടാണ്. അസിസ്റ്റന്റ് ഡയറക്ടറായി മൂന്നു പടങ്ങൾ ചെയ്തിരുന്നെങ്കിലും ഒരുപാട് സിനിമാക്കാരെ പരിചയമുണ്ടെങ്കിലും 19(1)(a) എന്ന സിനിമ പൂർണമായും എന്റെ കംഫർട്ട് സോണിന് പുറത്തായിരുന്നു.

വളരെ ചെറിയ ബജറ്റിൽ പ്ലാൻ ചെയ്ത വർക്കായിരുന്നു അത്. എന്റെ അഞ്ചാമത്തെയോ ആറാമത്തെയോ പ്ലാ ൻ. അതിനു മുൻപുള്ള പ്ലാനുകളെല്ലാം പല കാരണങ്ങളാ ൽ നടന്നിട്ടില്ല.

ഈ സിനിമ ചെറുതാണെങ്കിലും എന്റെ ‘സോൾ’ ഉള്ള വർക്ക് ആണെന്ന് എനിക്കു തന്നെ തോന്നിയിരുന്നു. തമിഴ് ധാരയുള്ള കഥാപാത്രമായതിനാൽ വിജയ് സേതുപതി മനസ്സിൽ വന്നു. രമ്യ നമ്പീശനാണ് വിജയ് സേതുപതിയുടെ മാനേജരുടെ നമ്പർ തരുന്നത്. വിളിച്ചു പറയുകയും ചെയ്തു രമ്യ.

രത്തീന– നമുക്ക് പ്രൊഡ്യൂസറുടെ അടുത്തേക്ക് ചെല്ലാനുള്ള ധൈര്യം ആണ് താരത്തിന്റെ ഡേറ്റ്. സ്റ്റാർ കാസ്റ്റ് 19(1) (a) ആയാലും പുഴു ആയാലും ആ സിനിമ നടക്കാനുള്ള പ്രധാന കാരണം തന്നെയാണ്.

ഏറെ നാളായി ഞങ്ങൾ ഈ മേഖലയിലുള്ളതുകൊണ്ട് ഇൻഡസ്ട്രിയിൽ പലർക്കും ഞങ്ങളെ അറിയാം. അത് സ ഹായകമായി.

വിജയ് സേതുപതിയുടെ ഡേറ്റ് ഉറപ്പിച്ചത് എങ്ങനെ ?

ഇന്ദു – കാവാലത്ത് ‘മാമനിത’ന്റെ സെറ്റിൽ ചെന്നു കണ്ടപ്പോൾ ഡേറ്റ് ഇല്ല എന്നാണ് സേതുപതി പറഞ്ഞത്. അഞ്ചു മിനിറ്റ് എന്റെ കഥ കേൾക്കാമോ എന്നു ചോദിച്ചു. ആലപ്പുഴയിലെ ഹോട്ടലിൽ ആണ് അവർ താമസം. കാവലത്തു ലൊക്കേഷനിൽ നിന്ന് ആലപ്പുഴയ്ക്ക് തിരികെ പോകുംവഴി കാറിൽ കയറിക്കോളാൻ പറഞ്ഞു. അഞ്ചുമിനിറ്റ് കഥ പറഞ്ഞ ശേഷം എവിടെയെങ്കിലും ഇറങ്ങി ബസിന് തിരികെ പോകാനായിരുന്നു എന്റെ പ്ലാൻ.

കാറിലെല്ലാവരും തമിഴർ ആയിരുന്നു. ഞാൻ മലയാളത്തിൽ കഥ പറഞ്ഞു തുടങ്ങി. രണ്ടു മിനിറ്റായപ്പോഴേക്കും സേതുപതിയടക്കം എല്ലാവരും കഥയിൽ താൽപര്യം കാണിക്കുന്നുണ്ടെന്ന് മനസ്സിലായി. അഞ്ചു മിനിറ്റിന്റെ കാര്യം അവർ മറന്ന മട്ടാണ്. കഥ വർക്ക് ആകുന്നുണ്ടെന്ന് അതോടെ ഉറപ്പായി.

ഭാഗ്യത്തിന് വഴിയിൽ നല്ല ബ്ലോക്ക്. ഏകദേശം രണ്ടു മണിക്കൂറെടുത്തു ആലപ്പുഴയിലെത്താൻ അത്രയും നേരം എനിക്കു കിട്ടി.

ഹോട്ടലിൽ എത്തിയ ശേഷവും അവർ എന്നെ വിട്ടില്ല. ചായ കുടിക്കാൻ ക്ഷണിച്ചു. വീണ്ടും സിനിമ ചർച്ച ചെയ്തു. അഞ്ചു മിനിറ്റ് ചോദിച്ച എനിക്ക് വിജയ് സേതുപതി ഡേറ്റ് തന്നാണ് തിരികെ വിട്ടത്.

നിത്യ മേനോനെ സമീറ സനീഷാണ് കണക്റ്റ് ചെയ്തത്. ഞങ്ങൾ ‘പത്തേമാരി’യിൽ ഒന്നിച്ചുണ്ടായിരുന്നല്ലോ. നിത്യയെ ബെംഗളൂരുവിൽ പോയി കണ്ടാണ്, കഥ പറഞ്ഞത്. കഥ തീർന്നതും ‘ശരി ഞാൻ ചെയ്യാം’ എന്നു പറഞ്ഞു. ‘യെസ്’ എന്നു തന്നെയാണോ പറഞ്ഞത് എന്ന് എനിക്ക് ഒന്നുകൂടി ആലോചിച്ച് ഉറപ്പിക്കേണ്ടി വന്നു. രമ്യയും സമീറയുമടക്കം ഒരു കൂട്ടം സ്ത്രീകളാണ് എന്റെ ഈ പ്രോജക്റ്റിനെ വളർത്തിയതും സാധ്യമാക്കിയതും.

മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കുന്നത് നിസാരകാര്യമല്ലല്ലോ?

രത്തീന– ഞാൻ പണ്ടേ ഭീകര മമ്മൂട്ടി ഫാൻ ആണ്. ഞാൻ എന്തെഴുതിയാലും അതിലെ നായകൻ മമ്മൂട്ടി ആയിരിക്കും. അതുകൊണ്ട് ഞാൻ ബുദ്ധിമുട്ടി മമ്മൂക്കയുടെ നമ്പർ സംഘടിപ്പിച്ചു. കാണണം എന്നു പറഞ്ഞു മെസേജ് ഇടയ്ക്കിടെ അയക്കുമായിരുന്നു. ഏറെ ശ്രമിച്ച ശേഷമാണ് മമ്മൂക്കയുടെ ഡേറ്റ് കിട്ടുന്നത്.

‘ഉയരെ’യുടെ പ്രൊഡക്‌ഷൻ ചെയ്തുകൊണ്ടിരുന്ന സമയത്താണ് മമ്മൂക്കയോട് ഗൗരവമായി കഥ പറയുന്നത്. അത് വലിയൊരു സിനിമയായിരുന്നു. കോവിഡ് വന്നതോടെ അത് ചെയ്യാനാകില്ലെന്നായി. ‘ചെറിയ പ്രോജക്റ്റ് വല്ലതും നോക്കൂ’ എന്നു പറയുന്നത് മമ്മൂക്കയാണ്. ഹർഷദിനെ പരിചയപ്പെടുത്തുന്നതും. ഹർഷദിന്റേതാണ് പുഴുവിന്റെ കഥ.

സിനിമയാണ് പാഷൻ. കുടുംബവും പാഷനും ഒന്നിച്ചു കൊണ്ടുപോകാൻ പ്രയാസമില്ലേ ?

രത്തീന – നമ്മൾ നമ്മുടെ പാഷൻ പിന്തുടരാൻ തീരുമാനിച്ചാൽ മറ്റൊന്നും അതിന് തടസ്സമാകില്ല. ഞാൻ എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും മറ്റുള്ളവരുടെ സമ്മതത്തിന് കാത്തു നിൽക്കാറില്ല. സിനിമ എന്റെ തൊഴിലും കൂടിയാണ്.

ഞാൻ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ജോലി ചെയ്യുന്നതിൽ എന്റെ കുടുംബത്തിനും സന്തോഷം തന്നെയാണ്.

ഇന്ദു – കുടുംബത്തെക്കുറിച്ചൊന്നും ഏറെ പറയാൻ ആഗ്രഹിക്കുന്നില്ല. ഈ പറച്ചിൽ തന്നെ ചിലപ്പോൾ സിനിമ എന്ന മാധ്യമത്തിലൂടെ മാത്രം ഞങ്ങളെ മനസ്സിലാക്കുക എന്ന ഫോക്കസ് നഷ്ടപ്പെടുത്തും. അതെല്ലാം അതിന്റേതായ രീതിയിൽ നടന്നുകൊള്ളും.

രാഖി റാസ്

ഫോട്ടോ : ബേസിൽ പൗലോ