Wednesday 12 February 2020 01:03 PM IST

‘പ്രശ്നങ്ങളുണ്ടാക്കി, മഞ്ജുവിനെ തിരികെ കൊണ്ടു വന്നപ്പോൾ സിനിമ ചെയ്യരുതെന്ന് പറഞ്ഞു’; റോഷൻ ആൻഡ്രൂസ് പറയുന്നു

Sreerekha

Senior Sub Editor

roshan-2

സിനിമ റിലീസ് ആകുന്ന ദിവസം ഒരു ടെൻഷനും ഇല്ലാത്ത സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. പക്ഷേ, ഇ പ്പോഴും തന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് റോഷന് ഒരു നവാഗത സംവിധായകന്റെ മനസ്സ് ആയിരിക്കും. അതേ അങ്കലാപ്പും വെപ്രാളവും. ഷൂട്ടിങ് ദിനങ്ങളിലെ രാത്രികളിൽ തന്റെ സിനിമയിലെ കഥാപാത്രങ്ങളൊക്കെ റോഷന്റെ മനസ്സിലേക്കു കയറി വരാറുണ്ട്. ആ കഥാപാത്രങ്ങളോട് കടുത്ത പൊസസീവ്നെസും അറ്റാച്ച്മെന്റും തോന്നും. ‘ഹൗ ഒാൾഡ് ആർ യൂ’ ചെയ്യുന്ന സമയത്ത് റോഷന്‍ കുഞ്ചാക്കോ ബോബനോടുള്ള പെരുമാറ്റത്തിൽ അറിയാതെ ദേഷ്യം കലർന്നിരുന്നു. ചാക്കോച്ചൻ ഇക്കാര്യം തുറന്നു ചോദിച്ചപ്പോൾ റോഷൻ പറഞ്ഞു: ‘താനെന്റെ നിരുപമയെ വല്ലാതെ കഷ്ടപ്പെടുത്തുന്നു. അതുകൊണ്ടാണ് ഞാനിങ്ങനെ പെരുമാറുന്നത്.’ പുതിയ സിനിമ ‘പ്രതി പൂവൻകോഴി’ ചെയ്യുമ്പോഴും നായിക മാധുരിയോടും മറ്റു ചില കഥാപാത്രങ്ങളോടും വല്ലാത്ത പൊസസീവ്നെസ് തോന്നി. ഇതിൽ വില്ലനായ ആന്റപ്പനായി റോഷൻ തന്നെയാണ് അഭിനയിക്കുന്നത്. അതിനാൽ ഒരു പ്രത്യേക മാനസികാവസ്ഥയിലായി.

‘‘നിരുപമയും ഉദയനും കൊച്ചുണ്ണിയും റോസമ്മയും മാധുരിയും ഒക്കെ എന്റെയാണെന്ന തോന്നലാണ്. അതൊരു ദൗർബല്യം പോലെയാണ്. ഒരു പ്രത്യേകതരം ‘ട്രിപ്’ ആണത്. ഞാനത് ഒരുപാട് ആസ്വദിക്കുന്നു. സിനിമയുടെ റിലീസ് വരെ അങ്ങനെയായിരിക്കും. റിലീസ് കഴിഞ്ഞാൽ പിന്നെ ആ കഥാപാത്രങ്ങൾ എന്റേതല്ല; പ്രേക്ഷകന്റെ ആണ്...’’ റോഷൻ ആൻഡ്രൂസ് ഉറക്കെയുള്ള പതിവു പൊട്ടിച്ചിരിയോടെ പറയുന്നു.

റോഷൻ ആൻഡ്രൂസിന്റെ ഒാരോ സിനിമയ്ക്കും വ്യത്യസ്തമായ പ്രമേയമാണ്. ‘പ്രതി പൂവൻകോഴി’യിലേക്കു വന്നത്?

‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം ബോബി–സഞ്ജയ്‌യുടെ തിരക്കഥയിൽ ദുൽക്കർ നായകനാകുന്ന സിനിമയുടെ ചർച്ചയിലായിരുന്നു. അതിനിടയിലാണ് ഒരു ദിവസം തിരക്കഥാകൃത്ത് ഉണ്ണി ആർ. വിളിക്കുന്നത്. ഈ സിനിമയുടെ കഥ അഞ്ചു മിനിറ്റ് െകാണ്ട് ഫോണിലൂെട പറഞ്ഞു. ഞാൻ ഈ കഥ ഭാര്യയോടു പറഞ്ഞപ്പോൾ ഭാര്യയുടെ പ്രതികരണം ഇതായിരുന്നു: ‘‘റോഷൻ ചേട്ടാ... ഈ സിനിമ എത്രയും വേഗം ചെയ്യണം. ഇത് ഞങ്ങൾ സ്ത്രീകളെ സംബന്ധിക്കുന്ന സിനിമയാണ്.’’ അങ്ങനെ ഉടനെ ഈ സിനിമ ചെയ്യാൻ തയാറെടുക്കുകയായിരുന്നു. ഉണ്ണിേയട്ടന്റെ മറ്റൊരു കഥയുടെ പേരായ ‘പ്രതി പൂവൻകോഴി’ എന്ന പേര് ഈ സിനിമയ്ക്കായി സ്വീകരിക്കുകയും ചെയ്തു.

roshan-1 ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

നായികയായി വീണ്ടും മഞ്ജു?

മഞ്ജുവല്ലാതെ മറ്റൊരു ഒാപ്ഷൻ എന്റെ മനസ്സിൽ ഇല്ലായിരുന്നു. ഞാനെന്താണോ മനസ്സിൽ കാണുന്നത് അത് അഭിനയത്തിൽ നൂറു മടങ്ങായി തിരിച്ചു തരുന്ന ആക്ടറാണ് മ ഞ്ജു. അതിനുമപ്പുറം, മഞ്ജു നല്ലൊരു സുഹൃത്ത് കൂടിയാണ്. മഞ്ജുവിന്റെ കുടുംബവുമായും നല്ല അടുപ്പമുണ്ട്. ‘ഹൗ ഒാൾഡ് ആർ യൂ ’ കഴിഞ്ഞ സമയത്തൊക്കെ മഞ്ജുവിന്റെ അച്ഛൻ ചോദിക്കുമായിരുന്നു, എന്നാണ് അടുത്ത സിനിമയെന്ന്. മഞ്ജുവിന്റെ അച്ഛനുമായി എന്റെ സ്വന്തം അച്ഛനോടെന്ന പോെല നല്ല സ്നേഹബന്ധമായിരുന്നു. ‘ഇവിടം സ്വർഗമാണ്’ സിനിമയിൽ മോഹൻലാൽ പെണ്ണുകാണാൻ പോകുന്ന സീനിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഞാൻ മഞ്ജുവിന്റെ വീട്ടിൽ നിന്ന് പലപ്പോഴും ആഹാരം കഴിച്ചിട്ടുണ്ട്. മഞ്ജുവിന്റെ അമ്മ എനിക്കു നല്ല മാമ്പഴപ്പുളിശേരി ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഒരുപക്ഷേ, ഞാൻ ജീവിതത്തിൽ കഴിച്ചിട്ടുള്ള ഏറ്റവും നല്ല മാമ്പഴപ്പുളിശേരി അതാവും. എന്നെ സംബന്ധിച്ച് മഞ്ജുവുമായി സിനിമയിൽ വർക്ക് ചെയ്യുന്നത് സന്തോഷകരമാണ്.

ഹൗ ഒാൾഡ് ആർ യൂ’വിലൂടെ മഞ്ജുവിനെ തിരിച്ചു െകാണ്ടു വന്നപ്പോൾ പ്രശ്നങ്ങൾ നേരിട്ടിരുന്നില്ലേ?

നൂറു ശതമാനം. തീരുമാനത്തെ കഠിനമായി എതിർത്ത് സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയവരുണ്ട്. ഇപ്പോഴും ആ പ്രശ്നം തുടരുന്നവരുണ്ട്. മലയാളസിനിമയിലെ നല്ലൊരു നടിയെ തിരിച്ച് അഭിനയത്തിലേക്കു െകാണ്ടു വന്നതിൽ സന്തോഷമേയുള്ളൂ. തമിഴിൽ ‘36 വയതിനിലേ’യിലൂടെ ജ്യോതികയുടെ തിരിച്ചുവരവും കൂടി സംഭവിച്ചു. ഒരുപാട് സ്ത്രീകൾക്ക് സ്വന്തം സ്വപ്നങ്ങൾ വീണ്ടെടുക്കാൻ പ്രചോദനമായി ആ സിനിമ. ഇപ്പോൾ, വീണ്ടും മഞ്ജുവിനെ നായികയാക്കിയപ്പോൾ തോന്നിയ മാറ്റം– മഞ്ജു ഫ്രീ ബേർഡ് ആയ പോെല തോന്നുന്നുവെന്നതാണ്.