Saturday 22 February 2020 04:05 PM IST

ആറു വർഷത്തിനിടെ എന്നെ വിട്ടുപോയത് പ്രിയപ്പെട്ട മൂന്ന് പേർ; വികാരാധീനനായി റോഷൻ ആൻഡ്രൂസ്

Sreerekha

Senior Sub Editor

roshan-family

സിനിമ റിലീസ് ആകുന്ന ദിവസം ഒരു ടെൻഷനും ഇല്ലാത്ത സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. പക്ഷേ, ഇ പ്പോഴും തന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് റോഷന് ഒരു നവാഗത സംവിധായകന്റെ മനസ്സ് ആയിരിക്കും. അതേ അങ്കലാപ്പും വെപ്രാളവും. ഷൂട്ടിങ് ദിനങ്ങളിലെ രാത്രികളിൽ തന്റെ സിനിമയിലെ കഥാപാത്രങ്ങളൊക്കെ റോഷന്റെ മനസ്സിലേക്കു കയറി വരാറുണ്ട്. ആ കഥാപാത്രങ്ങളോട് കടുത്ത പൊസസീവ്നെസും അറ്റാച്ച്മെന്റും തോന്നും. ‘ഹൗ ഒാൾഡ് ആർ യൂ’ ചെയ്യുന്ന സമയത്ത് റോഷന് കുഞ്ചാക്കോ ബോബനോടുള്ള പെരുമാറ്റത്തിൽ അറിയാതെ ദേഷ്യം കലർന്നിരുന്നു. ചാക്കോച്ചൻ ഇക്കാര്യം തുറന്നു ചോദിച്ചപ്പോൾ റോഷൻ പറഞ്ഞു:‘താനെന്റെ നിരുപമയെ വല്ലാതെ കഷ്ടപ്പെടുത്തുന്നു. അതുകൊണ്ടാണ് ഞാനിങ്ങനെ പെരുമാറുന്നത്.’ പുതിയ സിനിമ ‘പ്രതി പൂവൻകോഴി’ ചെയ്യുമ്പോഴും നായിക മാധുരിയോടും മറ്റു ചില കഥാപാത്രങ്ങളോടും വല്ലാത്ത പൊസസീവ്നെസ് തോന്നി. ഇതിൽ വില്ലനായ ആന്റപ്പനായി റോഷൻ തന്നെയാണ് അഭിനയിക്കുന്നത്. അതിനാൽ ഒരു പ്രത്യേക മാനസികാവസ്ഥയിലായി.

‘‘നിരുപമയും ഉദയനും കൊച്ചുണ്ണിയും റോസമ്മയും മാധുരിയും ഒക്കെ എന്റെയാണെന്ന തോന്നലാണ്. അതൊരു ദൗർബല്യം പോലെയാണ്. ഒരു പ്രത്യേകതരം ‘ട്രിപ്’ ആണത്. ഞാനത് ഒരുപാട് ആസ്വദിക്കുന്നു. സിനിമയുടെ റിലീസ് വരെ അങ്ങനെയായിരിക്കും. റിലീസ് കഴിഞ്ഞാൽ പിന്നെ ആ കഥാപാത്രങ്ങൾ എന്റേതല്ല; പ്രേക്ഷകന്റെ ആണ്...’’ റോഷൻ ആൻഡ്രൂസ് ഉറക്കെയുള്ള പതിവു പൊട്ടിച്ചിരിയോടെ പറയുന്നു.

റോഷൻ ആൻഡ്രൂസിന്റെ ഒാരോ സിനിമയ്ക്കും വ്യത്യസ്തമായ പ്രമേയമാണ്. ‘പ്രതി പൂവൻകോഴി’യിലേക്കു വന്നത്?

‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം ബോബി–സഞ്ജയ്‌യുടെ തിരക്കഥയിൽ ദുൽക്കർ നായകനാകുന്ന സിനിമയുടെ ചർച്ചയിലായിരുന്നു. അതിനിടയിലാണ് ഒരു ദിവസം തിരക്കഥാകൃത്ത് ഉണ്ണി ആർ. വിളിക്കുന്നത്. ഈ സിനിമയുടെ കഥ അഞ്ചു മിനിറ്റ് െകാണ്ട് ഫോണിലൂെട പറഞ്ഞു. ഞാൻ ഈ കഥ ഭാര്യയോടു പറഞ്ഞപ്പോൾ ഭാര്യയുടെ പ്രതികരണം ഇതായിരുന്നു: ‘‘റോഷൻ ചേട്ടാ... ഈ സിനിമ എത്രയും വേഗം ചെയ്യണം. ഇത് ഞങ്ങൾ സ്ത്രീകളെ സംബന്ധിക്കുന്ന സിനിമയാണ്.’’ അങ്ങനെ ഉടനെ ഈ സിനിമ ചെയ്യാൻ തയാറെടുക്കുകയായിരുന്നു. ഉണ്ണിേയട്ടന്റെ മറ്റൊരു കഥയുടെ പേരായ ‘പ്രതി പൂവൻകോഴി’ എന്ന പേര് ഈ സിനിമയ്ക്കായി സ്വീകരിക്കുകയും ചെയ്തു.

നായികയായി വീണ്ടും മഞ്ജു?

മഞ്ജുവല്ലാതെ മറ്റൊരു ഒാപ്ഷൻ എന്റെ മനസ്സിൽ ഇല്ലായിരുന്നു. ഞാനെന്താണോ മനസ്സിൽ കാണുന്നത് അത് അഭിനയത്തിൽ നൂറു മടങ്ങായി തിരിച്ചു തരുന്ന ആക്ടറാണ് മ ഞ്ജു. അതിനുമപ്പുറം, മഞ്ജു നല്ലൊരു സുഹൃത്ത് കൂടിയാണ്. മഞ്ജുവിന്റെ കുടുംബവുമായും നല്ല അടുപ്പമുണ്ട്. ‘ഹൗ ഒാൾഡ് ആർ യൂ ’ കഴിഞ്ഞ സമയത്തൊക്കെ മഞ്ജുവിന്റെ അ ച്ഛൻ ചോദിക്കുമായിരുന്നു, എന്നാണ് അടുത്ത സിനിമയെന്ന്. മഞ്ജുവിന്റെ അച്ഛനുമായി എന്റെ സ്വന്തം അച്ഛനോടെന്ന പോെല നല്ല സ്നേഹബന്ധമായിരുന്നു. ‘ഇവിടം സ്വർഗമാണ്’ സിനിമയിൽ മോഹൻലാൽ പെണ്ണുകാണാൻ പോകുന്ന സീനിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഞാൻ മഞ്ജുവിന്റെ വീട്ടിൽ നിന്ന് പലപ്പോഴും ആഹാരം കഴിച്ചിട്ടുണ്ട്. മഞ്ജുവിന്റെ അമ്മ എനിക്കു നല്ല മാമ്പഴപ്പുളിശേരി ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഒരുപക്ഷേ, ഞാൻ ജീവിതത്തിൽ കഴിച്ചിട്ടുള്ള ഏറ്റവും നല്ല മാമ്പഴപ്പുളിശേരി അതാവും. എന്നെ സംബന്ധിച്ച് മഞ്ജുവുമായി സിനിമയിൽ വർക്ക് ചെയ്യുന്നത് സന്തോഷകരമാണ്.

ഈ സിനിമയിൽ വില്ലനായി അഭിനയിക്കുന്നുണ്ടല്ലോ?

ഒരു പ്രത്യേക സാഹചര്യം വന്നപ്പോൾ ഈ റോൾ അഭിയനിക്കാമെന്നു തീരുമാനിച്ചതാണ്. ആളുകൾക്ക് വളരെയധികം ദേഷ്യം തോന്നുന്ന വില്ലൻ കഥാപാത്രമാണ്. നടീനടന്മാരെ അഭിനയിപ്പിക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ട് അഭിനയിക്കുന്നതും സന്തോഷം നിറഞ്ഞ കാര്യമാണ്. കോളജിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ച് ബെസ്റ്റ് ആക്ടർ സമ്മാനം കിട്ടിയിട്ടുണ്ട്. കമൽ സാറിന്റെ ‘പച്ചക്കുതിര’യിൽ ഒരു സീനിൽ സംവിധായകനായി അഭിനയിച്ചിട്ടുണ്ട്.

‘ഹൗ ഒാൾഡ് ആർ യൂ’വിലൂടെ മഞ്ജുവിനെ തിരിച്ചു െകാണ്ടു വന്നപ്പോൾ പ്രശ്നങ്ങൾ നേരിട്ടിരുന്നില്ലേ?

നൂറു ശതമാനം. തീരുമാനത്തെ കഠിനമായി എതിർത്ത് സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയവരുണ്ട്. ഇപ്പോഴും ആ പ്രശ്നം തുടരുന്നവരുണ്ട്. മലയാളസിനിമയിലെ നല്ലൊരു നടിയെ തിരിച്ച് അഭിനയത്തിലേക്കു െകാണ്ടു വന്നതിൽ സന്തോഷമേയുള്ളൂ. തമിഴിൽ ‘36 വയതിനിലേ’യിലൂടെ ജ്യോതികയുടെ തിരിച്ചുവരവും കൂടി സംഭവിച്ചു. ഒരുപാട് സ്ത്രീകൾക്ക് സ്വന്തം സ്വപ്നങ്ങൾ വീണ്ടെടുക്കാൻ പ്രചോദനമായി ആ സിനിമ. ഇപ്പോൾ, വീണ്ടും മഞ്ജുവിനെ നായികയാക്കിയപ്പോൾ തോന്നിയ മാറ്റം– മഞ്ജു ഫ്രീ ബേർഡ് ആയ പോെല തോന്നുന്നുവെന്നതാണ്.

roshan-a

സിനിമയിൽ റോഷന് ശത്രുക്കളുണ്ടോ?

‘ഉദയനാണ് താരം’ തൊട്ട് ഈ കഴിഞ്ഞ സിനിമ വരെ എനിക്ക് സിനിമയിൽ ശത്രുക്കൾ കൂടിയിട്ടേയുള്ളൂ. കുറഞ്ഞിട്ടില്ല. ശ ത്രുക്കൾ കൂടുക എന്നു പറഞ്ഞാൽ അത്രത്തോളം എന്റെ സിനിമകൾ നന്നാവുന്നു എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടു തന്നെ ഞാൻ ആരുടെയും എതിർപ്പുകളെ വകവയ്ക്കാറില്ല. എനിക്ക് സിനിമ കഴിഞ്ഞാൽ എന്റെ കുടുംബമാണു പ്രധാനം. കുടുംബത്തിനെന്നെ വിശ്വാസമാണ്. എന്റെ സുഹൃത്തുക്കൾക്കെന്നെ വിശ്വാസമാണ്, അതു കഴിഞ്ഞാൽ പിന്നെ നമ്മൾ വേറെ ആരെയും നോക്കേണ്ട കാര്യമില്ല. ഈ സിനിമയെന്നു പറയുന്നത് ഒരു 60 –70 ദിവസത്തെ ബന്ധമേയുള്ളൂ. സിനിമയിൽ നന്ദിയും നന്ദികേടും ഇല്ല. ‘ഉദയനാണ് താര’ത്തിൽ പറയും പോലെ, ശാശ്വതമായ ശത്രുക്കളോ ശാശ്വതമായ മിത്രങ്ങളോ ഇല്ല. 22–ാം വയസ്സിൽ അസിസ്റ്റന്റ് ആയി സിനിമയിലെത്തിയതാണ് ഞാൻ. 23 വർഷം ആകുന്നു. അത്രയധികം ആളുകളുമായി സിനിമയിൽ അടുത്തിടപഴകി. പുതിയ ശത്രുക്കൾ എനിക്കു സന്തോഷമുള്ള കാര്യമാണ്.

23 വർഷമായി സിനിമാരംഗം അടുത്തു കാണുന്നു. എ ന്താണ് ഇവിടെ വന്ന വലിയ മാറ്റം?

എന്നെ അമ്പരപ്പിക്കുന്ന മാറ്റം സിനിമാ മേഖലയിലെ പുതിയ വിലക്കുകളാണ്. കലാകാരനെ ആർക്കാണ് വിലക്കാൻ പറ്റുന്നത്? ഒരു കലാകാരന്റെ തൊഴിലിനെ നിർത്തിക്കുക–ഇെതാന്നും നീതികരിക്കാനാവില്ല. ചർച്ച ചെയ്യാം, പ്രശ്നങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടാം. ഡിസിപ്ലിൻ ഉണ്ടാക്കാം. പക്ഷേ, വിലക്കാൻ പാടില്ല. 20 വർഷം മുൻപ് ഇത്തരം വിലക്കുകളെ പറ്റി നമ്മൾ കേട്ടിട്ടേയില്ല. ഇതാണ് മലയാളസിനിമയിലെ മാറ്റം.

പിന്നെ, ലഹരിയെക്കുറിച്ചു പറയുന്നു. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൻ മേൽ ആർക്കും കൈ കടത്താനാവില്ല. ഈ കലാകാരന്മാരൊക്കെ മാന്യമായി ജീവിക്കുന്നവരാണ്. എനിക്കിഷ്ടമുള്ള നടീനടന്മാർ ആണ്. എന്റെ സിനിമയിൽ ആവശ്യമുള്ളതാരാണോ ഞാൻ അവരെ വച്ച് അഭിനയിപ്പിക്കും. ഒ രാൾക്കും ഒരു സംഘടനയ്ക്കും ഇക്കാര്യത്തിൽ എന്റെ സിനിമയിൽ ഇടപെടാൻ ഞാൻ സമ്മതിക്കില്ല. തിലകൻ ചേട്ടനെതിരെ ഭയങ്കര എതിർപ്പുണ്ടായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തെ ‘ഇവിടം സ്വർഗമാണ്’ സിനിമയിൽ അഭിനയിപ്പിച്ചിട്ടുണ്ട്.

എവിടെ നിന്നു കിട്ടി ഇത്രയും തന്റേടം?

ചെറുപ്പം തൊട്ടേ അനുഭവങ്ങളാണെന്റെ ഗുരുവും ശക്തിയും. ഭയങ്കരമായ വായനയൊന്നുമല്ല. ഒാരോരോ പ്രശ്നങ്ങളിൽ ചെന്നു പെടും. അതിൽ നിന്നു പഠിക്കും; കര കയറും. പിന്നെയും പ്രശ്നങ്ങളിൽ ചെന്നു പെടും. ഇങ്ങനെയാണെന്റെ ജീവിതം മുന്നോട്ടു പോകുന്നത്. ഭയം എന്നത് മനസ്സിൽ തോന്നാറില്ല. അവനവനോടു സത്യസന്ധനായിരിക്കുക. അതു മാത്രം മതി. പുതിയ നിർമാതാക്കൾ വരുമ്പോൾ ‘റോഷൻ ആൻഡ്രൂസ് എക്സ്പൻസീവ് സംവിധായകനാണെ’ന്നു പറഞ്ഞ് പിന്തിരിപ്പിക്കുന്നതാണ് ഇപ്പോൾ എനിക്കെതിരെ ചിലർ ചെയ്യുന്നത്. ഞാൻ എക്സ്പൻസീവായ രണ്ടു പടങ്ങളേ ചെയ്തിട്ടുള്ളൂ. ഒന്ന്, ‘കാസനോവ’. 10 –12 കോടി ആയിരുന്നു ചെലവ്. രണ്ട്, ‘കായംകുളം കൊച്ചുണ്ണി’. ബാക്കിയെല്ലാം മിനിമം ബജറ്റ് സിനിമകളാണ്. ‘കായംകുളം കൊച്ചുണ്ണി’ക്ക് 45 കോടി ചെലവായി.എന്റെ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത സിനിമ ‘കായംകുളം കൊച്ചുണ്ണി’യാണ്. ഇതിന്റെ നിർമാതാവ് ഗോകുലം ഗോപാലൻ സാർ ആണ് ‘പ്രതി പൂവൻകോഴി’ നിർമിച്ചിരിക്കുന്നത്.

ഇത്തരം ഭീഷണികളും മറ്റും അലട്ടാറുണ്ടോ?

കഴിഞ്ഞ ആറു വർഷത്തിനിടെ എനിക്കെന്റെ അപ്പച്ചൻ, അമ്മ, ആകെയുണ്ടായിരുന്ന സഹോദരൻ– ഈ മൂന്നു പേരെയും ന ഷ്‍ടപ്പെട്ടു. ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ട മൂന്നു പേരുടെ വേർപാട് ഞാനറിഞ്ഞു. ചേട്ടന് കിഡ്നി രോഗമായിരുന്നു. 18 വയസ്സിൽ സ്വന്തം വീട് ജപ്തി ചെയ്തു പോകുന്നതിന്റെ വേദനയറിഞ്ഞു. ഇനി എന്തു ദുഃഖമാണ് എന്റെ ജീവിതത്തിൽ സംഭ വിക്കാനുള്ളത്. അതുെകാണ്ട് എനിക്കിപ്പോ ഭയങ്ങൾ ഇല്ല. പ്രതിസന്ധികളെ പേടിക്കാനും ഇല്ല. എന്റെ ഭാര്യയും മക്കളുമായി ഞാൻ ഹാപ്പിയായി പോകുന്നു. നല്ല സിനിമകൾ ചെയ്യുന്നു. അതുെകാണ്ട് ഭീഷണികളും എന്നെ അലട്ടുന്നില്ല.

ഈ സിനിമയിൽ ആക്‌ഷൻ സീനിൽ അഭിനയിക്കുന്നതിനിടെ എന്റെ വലതുകൈയുടെ റേഡിയൽ ഹെഡ് ഒടിഞ്ഞ് അപകടമുണ്ടായി. ഫൈറ്റിനിടെ കണ്ണിലേക്ക് സൂര്യപ്രകാശം ശക്തിയായടിച്ചപ്പോൾ കൈ കുത്തി വീഴുകയായിരുന്നു. ഞാൻ വർഷങ്ങളായി മാർഷ്യൽ ആർട്സ് െചയ്യുന്ന ആളാണ്. ഇതിനായി സ്കൂളും നടത്തുന്നുണ്ട്. പക്ഷേ, ഒരു സെക്കന്റിന്റെ ഒരംശം മതി നമ്മുെട കാൽക്കുലേഷൻ തെറ്റാനും ഒരപകടം സംഭവിക്കാനും. ഇത്രയൊക്കെയേ ഉള്ളൂ ജീവിതം. അതുെകാണ്ട് ഈ മൊമന്റ്, ഈ ദിവസം ഏറ്റവും ഹാപ്പിയാക്കുക. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഭാവിയെക്കുറിച്ചും നമുക്ക് ഗാരന്റിയില്ല. ഈ മൊ മന്റിൽ ജീവിക്കുക. ഇങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.

roshan-2

റോഷൻ ആൻഡ്രൂസ് സിനിമകളിലെ നായികാ കഥാപാത്രങ്ങൾ വളരെ ബോൾഡ് ആണല്ലോ?

ഈ കഥയിലെ നായിക മാധുരിയും 100 ശതമാനം ബോൾഡ് ആണ്. കേരളത്തിലെ കുടുംബങ്ങളിൽ സ്ത്രീയായി ജ നിച്ചവരെല്ലാം ഇതിലെ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും. എന്റെ അമ്മ, എന്റെ ഭാര്യ, ഈ സിനിമ കാണുന്ന പ്രേക്ഷകരായ സ്ത്രീകള്‍, ഇതു വായിക്കുന്ന വനിതകൾ... ഇവരൊക്കെ കടന്നു പോയിട്ടുണ്ടാവാം. സ്ത്രീകൾ സഞ്ചരിക്കുന്ന ഇടങ്ങൾ, ട്രാഫിക്... അവിടെ സംഭവിക്കുന്ന കാര്യങ്ങൾ ഇതിെല വിഷയമാണ്. പിന്നെ, സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന വലിയൊരു വിഭാഗം സ്ത്രീകൾ കേരളത്തിലുണ്ട്. രാവിലെ ബസിലോ തീവണ്ടിയിലോ ബസ് സ്റ്റോപ്പിലോ നോക്കിയാൽ കാണാം ടെക്സ്റ്റൈൽ ഷോപ്പുകളിലേക്കും കടകളിലേക്കുമൊക്കെ ജോലിക്കു പോകുന്ന ഒരുപാട് സ്ത്രീകളെ. സെയിൽസ് ഗേൾസിന്റെ കഥ പറയുന്ന സിനിമ മലയാളത്തിൽ വന്നിട്ടില്ല. മാധുരി സെയിൽസ് ഗേൾ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന െപണ്ണാണ്. ‘ഹൗ ഓൾഡ് ആർ യൂ’വിനെക്കാളും ഒരു പടി മുകളിൽ നിൽക്കുന്ന പെർഫോമൻസ് ആണ് ഈ സിനിമയിൽ.

roshan-1

സ്ത്രീകൾക്കു വേണ്ടി സിനിമയിൽ സംസാരിക്കുന്നു. ഫെമിനിസം ഉള്ളിലുണ്ടോ?

ഇല്ല. സ്ത്രീകളോട് വളരെ ബഹുമാനമുണ്ട്. എനിക്ക് ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്. ‘പ്രതി പൂവൻകോഴി’ ക ണ്ടിട്ട് സഞ്ജയിന്റെ ഭാര്യ അഞ്ജന പറഞ്ഞു: ‘റോഷൻ, ഈ ഒരു സിനിമ മതി, വർഷങ്ങളോളം സ്ത്രീകൾ നിങ്ങളെ ഇഷ്ടപ്പെടാൻ’. എനിക്ക് ജനിക്കാത്ത എന്റെ പെങ്ങളെപ്പോലെയാണ് അഞ്ജന. എനിക്കു കിട്ടിയ വലിയ അംഗീ കാരമാണ് ആ വാക്കുകൾ. എന്റെ ഭാര്യ ആൻസിയും അ ഞ്ജനയും ഒന്നിച്ചാണു സിനിമ കാണാറുള്ളത്. ഭാര്യ എ ന്റെ നല്ല ക്രിറ്റിക്ക് ആണ്. സ്ക്രിപ്റ്റ് വായിച്ച് അഭിപ്രായം പറയും. അയാൾക്കെന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. അറേഞ്ച്ഡ് മാര്യേജായിരുന്നു. ഒരു പെണ്ണിനെയേ പെണ്ണുകാണാൻ പോയിട്ടുള്ളൂ. ആ പെണ്ണിനെത്തന്നെ വിവാഹം കഴിച്ചു. സിനിമയെ വളരെ സ്നേഹിക്കുന്ന വ്യക്തിയെ ജീവിതപങ്കാളിയായി കിട്ടിയത് എന്റെ ഭാഗ്യമാണ്.

സിനിമയാണ് എന്റെ വഴി’യെന്നു തിരിച്ചറിഞ്ഞത്?

സിനിമ കാണലായിരുന്നു സ്ഥിരം പരിപാടി. സിനിമ കണ്ടു കണ്ടാണ് പഠിച്ചത്. ചെറുപ്രായത്തിൽ വിഡിയോ കസെറ്റ് ലൈബ്രറിയിൽ നിന്ന് കസെറ്റ് വാടകയ്ക്കെടുത്ത് വീട്ടിൽ ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ സിനിമാ ഫെസ്റ്റിവൽ നടത്തുമായിരുന്നു. ഒാരോ ദിവസവും ഒാരോ സിനിമ കാണും. എഴുത്തുകാരൻ പി. എഫ്. മാത്യൂസിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ഇന്റർനാഷനൽ സിനിമകൾ കാണാൻ തുടങ്ങുന്നത് പുള്ളി പറഞ്ഞിട്ടാണ്. ഇത്രയും സിനിമകൾ കാണണം എന്നു പറ‍‍ഞ്ഞ് പുള്ളി എഴുതിത്തന്ന ലിസ്റ്റ് ഇപ്പോഴുമെന്റെ കൈയിലുണ്ട്. പിന്നെ ശ്രീനിവാസനും പ്രചോദനമേകി. ഷാജി കൈലാസ് സാർ, കമൽ സാർ, ഉദയ്കൃഷ്ണ ചേട്ടൻ ഇവരൊക്കെ തന്ന മോട്ടിവേഷൻ വളരെ വലുതാണ്.

ഇപ്പോൾ എന്റെ കൈയിൽ പതിനയ്യായിരത്തോളം സിനിമകളുെട കലക്‌ഷൻ ഉണ്ട്. സിനിമാ സംബന്ധിയായ പുസ്തകങ്ങളുടെ ശേഖരമുണ്ട് ലൈബ്രറിയിൽ. വീട് പണിതപ്പോൾ ആദ്യം തന്നെ ഉണ്ടാക്കിയത് ഒരു തിയറ്ററാണ്. തിയറ്റർ ഉണ്ടാക്കിയിട്ടേ വീടുണ്ടാക്കൂ എന്നായിരുന്നു മനസ്സിലെ തീരുമാനം. വീടിന്റെ ഏറ്റവും മുകളിൽ എനിക്കെഴുതാനുള്ള ഒരു കോർണർ ഉണ്ട്. അവിടെയിരുന്നാൽ മൂന്നു പുഴകൾ കാണാം.

20 വർഷത്തോളം വാടക വീട്ടിൽ കഴിഞ്ഞിട്ട് പിന്നെ സ്വന്തമായി വീടുണ്ടാക്കിയപ്പോഴത്തെ അനുഭവം?

തോപ്പുംപടിക്കടുത്ത് നസ്രത്ത് എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്. അവിടുത്തെ വീട്ടിൽ 18 വർഷം താമസിച്ചു. പിന്നെയാണ് ആ വീട് ജപ്തി ചെയ്തു പോകുന്നത്. സ്വന്തമായി കുറച്ച് പണം ആയപ്പോ ഞാൻ അപ്പനോടു പറഞ്ഞു. അപ്പാ, അതു നമുക്ക് തിരിച്ചു വാങ്ങാമെന്ന്. അപ്പൻ വേണ്ടെന്ന് പറ‍ഞ്ഞു. അങ്ങനെയാണ് ഇടക്കൊച്ചിയിൽ പുഴത്തീരത്ത് സ്ഥലം വാങ്ങി ഈ വീടു വച്ചത്. അപ്പൻ പറയുന്നതിനപ്പുറം എനിക്ക് ഒന്നുമില്ലായിരുന്നു. അപ്പനാണ് ജീവിതത്തിൽ എന്റെ നട്ടെല്ല്. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അപ്പനും അമ്മയും ആണ് കാരണം. അവർ തന്ന സ്വാതന്ത്ര്യം ആയിരുന്നു എന്റെ ഇൻവെസ്റ്റ്മെന്റ്. നാടകം, മിമിക്രി, സിനിമ ഇങ്ങനെ ഒാരോ സമയത്തും ഒാരോ കമ്പങ്ങളെ കുറിച്ചു ഞാൻ പറഞ്ഞപ്പോഴൊന്നും. ഒരിക്കലും അപ്പൻ എതിർത്തില്ല. ‘നീ ഏതു വഴി തിരഞ്ഞെടുത്താലും ശരി, അവനവന്റെ ജീവിതം ജീവിച്ചേക്കണം’ –അതു മാത്രമാണ് അപ്പൻ പറഞ്ഞത്.

നസ്രത്തിലെ ആ പഴയ വീട് ഇപ്പോഴും അതേപടിയുണ്ട്. ഇപ്പോഴും എന്റെ ഒാരോ സിനിമയും റിലീസ് ചെയ്യുന്നതിന് ഒരാഴ്ചയ്ക്കിടയിൽ ഞാൻ ആ വീടിരിക്കുന്ന വഴിയിലൂടെ വെറുെത കാറോടിച്ചു പോകാറുണ്ട്... ‘പ്രതി പൂവൻകോഴി’ ഇറങ്ങുന്നതിനു തൊട്ടു മുൻപും ആ വഴി കാറോടിച്ചു പോയി. അതൊരു നൊസ്റ്റാൾജിയ ആണ്.