Thursday 20 October 2022 05:00 PM IST

‘അടി കിട്ടിക്കഴിഞ്ഞും അയാൾ ചിരിക്കുന്നതു ഞാൻ കണ്ടു, കൂസലില്ലാത്ത ചിരി’: ആ ട്രോമ ചെറുതല്ല: സാനിയ പറയുന്നു

Tency Jacob

Sub Editor

saniya-iyappan ഫോട്ടോ: ബേസിൽ പൗലോ

‘അടിയെ കുറിച്ചു പറയാനില്ല’ എന്ന് പറഞ്ഞാണ് സാനിയ സംഭാഷണം തുടങ്ങിയത്. പിന്നെ, ഒരു നിമിഷം ആലോചിച്ചിരുന്നു. ‘‘അല്ലെങ്കിൽ വേണ്ട, മിണ്ടാതിരിക്കുന്നതിനേക്കാൾ പ്രതികരിക്കുന്നതു തന്നെയാണ് നല്ലത്.’’ കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ ശാരീരികമായി ഉപദ്രവിച്ച ചെറുപ്പക്കാരനെതിരെ സാനിയ പ്രതികരിച്ചത് വാർത്തയായിരുന്നു. ‘‘അപ്പോൾ അതു ചെയ്തില്ലായിരുന്നുവെങ്കിൽ, അവനിട്ട് രണ്ടു പൊട്ടിച്ചില്ലല്ലോ എന്നു ഞാൻ ഇന്നു ഖേദിച്ചേനേ.’’

വിട്ടുവീഴ്ചകളില്ലാത്ത കാഴ്ചപ്പാടുകളും സൂക്ഷ്മമായി ഫോളോ ചെയ്യുന്ന ഫാഷനുമാണ് സാനിയയെ ചെറുപ്പക്കാരുടെ ‘യൂത്ത് ഐക്കൺ’ ആക്കുന്നത്.

‘സാറ്റർഡേ നൈറ്റിൽ’ ബുള്ളറ്റിലാണല്ലോ വരവ്?

അതിലെ എന്റെ കഥാപാത്രം വൈഷ്ണവി, തണ്ടർ ബേർഡ് ഒാടിക്കുന്ന, ഡെഡ്‌ലോക്ക് ഹെയറുള്ള ട്രാവലറാണ്. എനിക്കു ബുള്ളറ്റ് ഒാടിക്കാൻ അറിയില്ലായിരുന്നു. ഈ സിനിമയ്ക്കു വേണ്ടിയാണ് പഠിച്ചത്. പലവട്ടം മറിഞ്ഞു വീണു, കൈ ഒടിഞ്ഞു. റിസ്ക് എടുക്കേണ്ട പടങ്ങൾ െചയ്യാൻ എനിക്കു വലിയ ഇഷ്ടമാണ്. ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന പടത്തിൽ ഫൈറ്റ് സീൻ െചയ്ത് ചുണ്ടൊക്കെ പൊട്ടിയിട്ടുണ്ട്.

യാത്രകൾ ഒരുപാട് ഇഷ്ടമാണെനിക്ക്. ബൈക്കോടിക്കാ ൻ പഠിച്ച സ്ഥിതിക്ക് ഇനി അങ്ങനെ യാത്ര പോകാം എന്നതാണ് ആലോചന. ജീവിതത്തിൽ ഒന്നു താഴെ പോകുമ്പോൾ ഉടനെ ചിന്തിക്കുന്നത് യാത്രകളെ കുറിച്ചാണ്. അതാണ് എന്റെ വീണ്ടെടുക്കൽ. ദൂരെ പോകണമെന്നൊന്നുമില്ല. തൊട്ടടുത്ത് ഒരു കടൽതീരത്തോ മലമുകളിലോ...

പക്ഷേ, വൈഷ്ണവിയും ഞാനുമായി രൂപത്തിൽ വളരെയധികം വ്യത്യാസമുണ്ട് കേട്ടോ. അവളുടെ ഫാഷനും എന്റെ ഫാഷനും വ്യത്യസ്തമാണ്.

പക്ഷേ, ഫാഷൻ ട്രെൻഡ് അറിയണമെങ്കിൽ സാനിയയുടെ വാഡ്രോബ് നോക്കിയാൽ മതി എന്നു കേട്ടിട്ടുണ്ട്?

saniya-iyappan-insta

സ്ൈറ്റലിങ് കുട്ടിക്കാലം തൊട്ടേ എനിക്കിക്കിഷ്ടമാണ്. ഉ ടുപ്പുകൾ പഴയതായാലും ഞാൻ ഉപേക്ഷിക്കില്ല. പുതിയ ഡ്രസ്സും പഴയതും മിക്സ് മാച്ച് ചെയ്തിടും. സിനിമയിലെ പ്രമോഷനായാലും, ഷോ ആയാലും വ്യത്യസ്ത ലുക്കിൽ പ്രത്യക്ഷപ്പെടാൻ ശ്രദ്ധിക്കാറുണ്ട്.‘സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടീ, തുണി കുറയ്ക്കുന്നത്’ എന്ന് അതിനെ വിമർശിക്കുന്നവരുണ്ട്. ‘ഞാൻ പണ്ടേ ഇങ്ങനെ തന്നെയാണ് ചേട്ടാ’ എന്ന് ഉത്തരം നൽകും.

തൃശൂർ എൻജിനീയറിങ് കോളജിൽ സിനിമാ പ്രമോഷനു പോയപ്പോൾ അവിടെ പെൺകുട്ടികൾക്ക് സ്ലീവ്‌ലെസ് ഇടാൻ അനുവാദമില്ലെന്നു കേട്ട് അദ്‍ഭുതപ്പെട്ടു പോയി. നമ്മൾ പഠിക്കുന്ന സ്ഥലങ്ങളിലല്ലേ, പെൺകുട്ടികൾ ഇ ഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്വാതന്ത്ര്യത്തോടെ നടക്കേണ്ടത്.

ഹൈലൈറ്റ് മാളിൽ എനിക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്ന ഒരു വിഡിയോ കണ്ടു. ‘ഇത്തരം വസ്ത്രമിട്ടു വന്നാൽ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും.’ എന്നാണ് പറയുന്നത്. നാളെ ഇവരുടെ അമ്മയോ അനിയത്തിയോ ഇങ്ങനെ വസ്ത്രം ധരിച്ചാൽ അയാൾ അങ്ങനെ ചെയ്യുമെന്നാണോ പറയുന്നത്? ഇത്തരം മനോഭാവമുള്ളവർ അടങ്ങിയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

അതുപോലെ, എന്നെ ഉപദ്രവിച്ച വ്യക്തിയെ അല്ല ഞാ ൻ അടിച്ചതെന്നു പറയുന്നവരുണ്ട്. പക്ഷേ, എനിക്കുറപ്പുണ്ട് അയാളെ തന്നെയാണ് ഞാൻ അടിച്ചത്. അടി കിട്ടിക്കഴിഞ്ഞും അയാൾ ചിരിക്കുന്നതു ഞാൻ കണ്ടു. കൂസലില്ലാത്ത ചിരി.

ആ സമയത്ത് അത്ര ധൈര്യം കാണിച്ചിട്ടും അതു സൃഷ്ടിച്ച ട്രോമ വലുതാണ്. ആൾക്കൂട്ടത്തിൽ പോകാൻ പേ ടി, ആളുകളുടെ മുഖത്തു നോക്കാൻ മടി, ആകെ ഒരു അരക്ഷിതത്വം. പതുക്കെ പതുക്കെയാണ് അതിൽ നിന്നു പുറത്തു വന്നത്. പതുക്കെ, പതുക്കെ നാടും മാറുമെന്നു വിശ്വസിക്കാം.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം