Wednesday 05 April 2023 03:36 PM IST

‘ജീവിതത്തിൽ ഒരു വിവാഹമേ ഉള്ളൂ, അന്നൊരു നല്ല ബ്ലൗസിട്ടതിന് ആർക്കാണ് ഇത്ര വിഷമം?’: സീരിയൽ താരം ഗൗരി കൃഷ്ണൻ ചോദിക്കുന്നു

Roopa Thayabji

Sub Editor

gouri-krishnan

‘ജീവിതത്തിൽ ഒരു വിവാഹമേ ഉള്ളൂ, അന്നൊരു നല്ല ബ്ലൗസിട്ടതിന് ആർക്കാണ് ഇത്ര വിഷമം?’: സീരിയൽ താരം ഗൗരി കൃഷ്ണൻ ചോദിക്കുന്നു



കല്യാണം കഴിഞ്ഞയന്നു മുതൽ സോഷ്യൽ മീഡിയയുടെ ‘കുത്തുവാക്കുകൾ’ കൊണ്ടു പൊറുതി മുട്ടി ഗൗരി കൃഷ്ണന്. പത്തു സീരിയലുകളിലൂടെ പ്രിയതാരമായി തിളങ്ങിയ കാലത്തേക്കാൾ വൈറലാണു ഗൗരി ഇന്ന്.

സീരിയൽ സംവിധായകനായ മനോജ് പേയാടുമായി ഗൗരിയുടെ വിവാഹം കഴിഞ്ഞിട്ടു മൂന്നു മാസമേ ആയുള്ളൂ. എന്താണു ഗൗരി ചെയ്ത കുറ്റം എന്നല്ലേ? വിവാഹദിവസം മീഡിയയോട് ഒച്ചയുയർത്തി സംസാരിച്ചു, താലി കെട്ടുമ്പോൾ മുഖത്തു നാണം വിരിഞ്ഞില്ല, ആഡംബര ബ്ലൗസ് ഇട്ടു... മുഖം ചുളിയുന്നുണ്ട് അല്ലേ. സോഷ്യൽ മീഡിയ കണ്ടുപിടിച്ച ആ കുറ്റങ്ങളെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും ഗൗരി സംസാരിക്കുന്നു.

ഇത്രമാത്രം കുറ്റപ്പെടുത്താൻ എന്താണ് അന്നു സംഭവിച്ചത് ?

ഏറ്റവും കുറ്റപ്പെടുത്തൽ കേട്ടത് ബ്ലൗസിന്റെ പേരിലാണ്. ജീവിതത്തിൽ ഒരു വിവാഹമേ ഉള്ളൂ. അന്നൊരു നല്ല ബ്ലൗസിട്ടതിന് ആർക്കാണ് ഇത്ര വിഷമം. അടുത്ത പ്രശ്നം കല്യാണ മണ്ഡപത്തിലെ എന്റെ ആറ്റിറ്റ്യൂഡ് ആയിരുന്നു. കല്യാണപ്പെണ്ണ് ഒന്നുമറിയാത്ത മണ്ടിയായി നിൽക്കണം എന്നാണ് ആളുകളുടെ വയ്പ്. പക്ഷേ, നോ പറയേണ്ടിടത്തു ഞാൻ നോ തന്നെ പറയും. ബന്ധുക്കൾക്കും അതിഥികൾക്കും കല്യാണം കാണാൻ പറ്റാത്ത രീതിയിൽ മീഡിയ മറഞ്ഞു നിന്നപ്പോൾ മണ്ഡപത്തിലേക്കു കയറാൻ സാധിക്കാതെ അച്ഛൻ വിഷമിച്ചു. അപ്പോഴാണ് ‘നിങ്ങൾക്ക് ഒരു വശത്തേക്കു മാറിനിന്നൂടേ’ എന്നു ഞാൻ ചോദിച്ചത്. അതു തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല.

വിഡിയോ മാത്രം കണ്ടിട്ട് ഇവൾക്കു കാരണവന്മാരില്ലേ എന്നൊക്കെ ചോദിക്കുന്നവരോടു സഹതാപം മാത്രം. ഫെയ്സ്ബുക്കിലാണ് സദാചാരക്കാരുടെ ചാകര. കുറച്ചുകൂടി ലോകവിവരം ഉണ്ടാക്കി മാനസികമായി വളരാൻ ശ്രമിക്കണം എന്നേ അവരോടു പറയാനുള്ളൂ.

വിവാഹത്തിന്റെ സന്തോഷം ഈ വിഷമത്തിൽ മുങ്ങിയോ ?

ഓരോ വാർത്തകൾ കണ്ടു ഞാൻ അസ്വസ്ഥയാകും. അദ്ദേഹം വാർത്തകളൊന്നും ശ്രദ്ധിച്ചു പോലുമില്ല. ഇപ്പോൾ ഞാനും ആ നിലപാടു സ്വീകരിച്ചു. പക്ഷേ, സന്തോഷം എങ്ങും മുങ്ങിപ്പോയില്ല.

സീരിയലുകളുടെ ഷൂട്ടിങ്ങും പുതിയ വീടിന്റെ പണിയുമൊക്കെയായി തിരക്കിലാണ് അദ്ദേഹം. പഠനത്തിന്റെ തിരക്കുകൾ എനിക്കുമുണ്ട്. മൂന്നാറിലേക്കാണു ഹണിമൂണ്‍ എന്നു വിളിക്കാവുന്ന യാത്ര പോയത്. ഗുരുവായൂരിൽ വ ച്ചു കല്യാണം നടത്തണമെന്നായിരുന്നു മോഹം. പക്ഷേ, നടന്നില്ല. കല്യാണം കഴിഞ്ഞ് ഏഴു ദിവസത്തിനു ശേഷമേ ചരടിൽ നിന്നു മാലയിലേക്കു താലി മാറ്റിയിടൂ. ആ ചടങ്ങു ഗുരുവായൂരിൽ വച്ചാണു നടത്തിയത്. പറശ്ശിനിക്കടവു മുത്തപ്പനെയും കണ്ടു പ്രാർഥിച്ചു.

പഠനത്തിനു വേണ്ടി സീരിയലിൽ നിന്നു ബ്രേക്കെടുത്തോ ?

തിരുവനന്തപുരത്താണു സ്വന്തം നാടെങ്കിലും അച്ഛന് എൽഐസിയിൽ ഡവലപ്മെന്റ് ഓഫിസറായി കോട്ടയത്തായിരുന്നു ജോലി. അങ്ങനെ ഞാനും ചേച്ചിയും ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം കോട്ടയത്ത്. പ്ലസ്ടുവിനു നല്ല മാർക്കു വാങ്ങിയാണു പാസ്സായത്. പ്രൈവറ്റായി ബികോം പാസ്സായെങ്കിലും സിഎ പൂർത്തിയാക്കാനായില്ല.

പഠനം തുടരാൻ തീരുമാനിച്ചപ്പോഴൊക്കെ പല കാരണം കൊണ്ടു മാറിപ്പോയി. ‘ജാനി’ കഴിഞ്ഞ് ഇനി സീരിയൽ വേണ്ട എന്നു കരുതിയപ്പോഴാണു ‘പൗർണമിത്തിങ്കളി’ലേക്കു വിളി വന്നത്. അതു വലിയ വഴിത്തിരിവായി. ഇപ്പോഴാണു സമയം വന്നത്. ഒരു ജോലിക്കായുള്ള കോച്ചിങ് ചെയ്യുകയാണിപ്പോൾ. പക്ഷേ, എല്ലാവരും ചോദിക്കുന്നതു കല്യാണം കഴി‍ഞ്ഞതോടെ ബ്രേക്കെടുത്തോ എന്നാണ്.

ജീവിതത്തിലെ ആ വഴിത്തിരിവിനെക്കുറിച്ചു പറയൂ ?

‘പൗർണമിത്തിങ്കളി’ന്റെ കാര്യം ആദ്യം സംസാരിച്ചത് എ ന്നോടാണെങ്കിലും ഷൂട്ടിങ് തുടങ്ങിയതു മറ്റൊരു നായികയെ വച്ചാണ്. ഇടയ്ക്കു ഷൂട്ടിങ്ങിനു ജോയിൻ ചെയ്യാമോ എന്നും ചോദിച്ചെങ്കിലും ‘ജാനി’യുടെ ഷെഡ്യൂൾ കാരണം തടസ്സം വീണ്ടും വന്നു. 70–ാം എപ്പിസോഡിൽ മൂന്നാമതൊരു മാറ്റം വന്നപ്പോഴാണ് എന്റെ കയ്യിലേക്കു പൗർണമിത്തിങ്കൾ വന്നത്. ‘പരാജയത്തിലേക്കു പോകുന്ന സീരിയലാണ്. ചിലപ്പോൾ 100 എപ്പിസോഡിൽ നിർത്തിയേക്കും. ഒരു ഭാഗ്യപരീക്ഷണമായി കരുതണം’ എന്നാണു പറഞ്ഞത്.

ശ്രീകണ്ഠേശ്വരനെ പ്രാർഥിച്ചിട്ടാണു ഷൂട്ടിങ്ങിനു പോയത്. 100ൽ നിൽക്കുമെന്നു പറഞ്ഞ സീരിയൽ 300ലേറെ എപ്പിസോഡ് പോയി. രണ്ടു വർഷം കഴിഞ്ഞിട്ടും പൗർണമിക്ക് ഓണത്തിനും വിഷുവിനും കോടിയും കൈനീട്ടവും അയച്ചു തരുന്നവരുണ്ട്.

ഫോട്ടോ: അമൽ (പറക്കാട്ട്), ദൃശ്യ ഫൊട്ടോഗ്രഫി