Thursday 04 August 2022 02:46 PM IST

‘എന്റെ മൂന്ന് ആൺമക്കളും വീട്ടിലെ എല്ലാ ജോലിയും ചെയ്യും’: അവരെ വളർത്തിയത് എല്ലാ പ്രതിസന്ധിയും അറിയിച്ച്

Vijeesh Gopinath

Senior Sub Editor

shaji-kailas

‘എന്റെ മൂന്ന് ആൺമക്കളും വീട്ടിലെ എല്ലാ ജോലിയും ചെയ്യും’: അവരെ വളർത്തിയത് എല്ലാ പ്രതിസന്ധിയും അറിയിച്ച്

മീശ പിരിച്ചും മസിൽ പെരുപ്പിച്ചും മനസ്സിലേക്കു കയറിപ്പോയ ‘ആണുങ്ങളെയാണ്’ ഒാർമവന്നത്. ‘തന്തയ്ക്കു പിറന്ന’ ഭരത് ചന്ദ്രനും മുണ്ടു മടക്കി കുത്തിയ ജോസഫ് അലക്സും പെരുവഴിയിലായ അനുരാധയോട് തുലാവർഷ രാത്രിയിൽ ഒരു പുതപ്പിനു കീഴിൽ ഉറങ്ങാനും കുഞ്ഞുങ്ങളെ പെറ്റുവളർത്താനും ഒരു ‘പെണ്ണി’നെ വേണമെന്നു പറഞ്ഞ പൂവള്ളി ഇന്ദുചൂഡനും മുതൽ ‘ആണത്ത’ത്തിന്റെ ഒാൺ ദ് റോക്സ് വീര്യമുള്ള നായകന്മാർ...

തിരക്കഥയിൽ, വാക്കിന്റെ തോക്കുമായി നിൽക്കുന്ന നായകന്മാരെ സ്ക്രീനിൽ അമ്മാനമാടിച്ച സംവിധായകന്റെ പേരു കാണുമ്പോഴേ കയ്യടിയുടെ കമ്പക്കെട്ടിന് തീ വീണിരുന്നു. കാലം മാറി. പ്രളയവും കോവിഡും വന്നു, പൊളിറ്റിക്കൽ കറക്റ്റനസ് വന്നു, ഒടിടി വന്നു,‌ തിയറ്ററിലെ കൂട്ടപ്പൊരിച്ചിൽ വിഷുവിനു പൊട്ടിക്കുന്ന പാളിപ്പടക്കം പോലെ ‘ഠപ്പേന്ന് ’ തീർന്നു പോയി.

അതിനൊക്കെ അപ്പുറം മീശ പിരിച്ചാൽ മാത്രം ഹീറോ ആകില്ലെന്ന് പെണ്ണുങ്ങൾ മുഖത്തു നോക്കി പറയാനും തുടങ്ങി. ‘ആൺ അലർച്ച’യുള്ള കഥാപാത്രങ്ങളുടെ പല്ലുകൊഴിഞ്ഞെന്ന് പ്രഖ്യാപനവും വന്നു.

എന്നിട്ടും ഈ പുതിയ കാലത്ത്, അതിർത്തി കടന്നെത്തുന്ന സിനിമകൾക്ക് മാത്രം ആർപ്പുവിളി കേട്ടിരുന്ന തിയറ്ററുകളിൽ ഒരു കടുവ വേട്ടക്കിറങ്ങി. വിരിച്ച വലയെല്ലാം പൊട്ടിച്ചൊരു പോക്ക്. ആ സംവിധായകന്റെ പേരിന് പിന്നെയും തിയറ്ററില്‍ കയ്യടിയൊച്ച.

അടുക്കളയിൽ, മാസ് പടങ്ങളുടെ മാസ്റ്റർ ഷെഫ് മീൻ വറുത്തതിനു മുകളിൽ പപ്പടം പൊട്ടിച്ചിടുന്നു, ‘ആൺ മ ക്കൾ’ പാത്രങ്ങൾ തുടച്ച് ഡൈനിങ് ‍‍േടബിളിലേക്ക് എടുത്തു വയ്ക്കുന്ന തിരക്കിൽ.

‘ഇന്ദുചൂ‍‍ഡൻ’ അടുക്കളയിൽ കയറുമോ ?

ഷാജി കൈലാസ് പൊട്ടിച്ചിരിക്കുന്നു.

‘‘മോനേ, നിങ്ങൾ സിനിമയെ സിനിമയായി കാണൂ. അത് എന്‍റർടെയ്നറാണ്. അതാ ണോ ജീവിതം? എന്റെ എല്ലാ സിനിമയും എഴുത്തുകാരുടെ സൃഷ്ടിയാണ്. ഞാനത് എടുത്തു പൊലിപ്പിക്കുന്നതേയുള്ളൂ. ‘നരസിംഹം’ സംവിധാനം ചെയ്തതു കൊണ്ട് ഞാൻ അടുക്കളയിൽ കയറില്ലെന്നു പറയാനാകുമോ?

എന്റെ മൂന്ന് ആൺമക്കളും വീട്ടിലെ എല്ലാ ജോലിയും ചെയ്യും. പെൺകുട്ടികൾ മാത്രമാണ് അടുക്കളയിൽ കയറേണ്ടത് എന്നൊന്നും ഞാനും ചിത്രയും (ആനി) അവരെ പഠിപ്പിച്ചിട്ടില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയും അറിയിച്ചു തന്നെയാണ് വളർത്തിയിരിക്കുന്നത്. എന്തു വാങ്ങുമ്പോഴും ബ്രാൻഡു മാത്രമല്ല പ്രൈസ് ടാഗും കൂടി അവർ‌ നോക്കാറുണ്ട്.’’

ജഗന്‍ സഹസംവിധായകനായ നാലാമത്തെ സിനിമയാണ് കടുവ. ഒപ്പം റസ്റ്ററന്റ് ബിസിനസും ഷാജി കൈലാസിന്റെ പ്രൊഡക്‌ഷൻ ഹൗസിന്റെ കാര്യങ്ങളും നോക്കുന്നു. ഷാരോണ്‍ ഡിഗ്രി വിദ്യാർഥി. റൂഷിൻ പ്ലസ് ടുവിന്.

അച്ഛന്റെയും അമ്മയുടെയും മുന്നിൽ പൂച്ചക്കുട്ടികളെ പോലെ അടങ്ങിയിരിക്കുന്ന മൂന്നു ‘യൂത്തന്മാർ’.

ഇവരിൽ ആരാണ് ശരിക്കും ‘വില്ലൻ’?

ഷാജി കൈലാസ് : അറ്റത്തിരിക്കുന്ന ആ പ്ലസ് ടുകാരന്റെ കാര്യം പറയാം. ജീവിതത്തിലെ ഏതു ടെൻഷനെയും പുള്ളി കൂൾ ആയാണ് കൈകാര്യം ചെയ്യുന്നത്. പരീക്ഷയുടെ തലേദിവസം സിനിമയ്ക്ക് പോകാൻ വിളിച്ചാലും ‘പരീക്ഷ നാളയല്ലേ, ബാ പോകാം’ എന്നേ പറയൂ.

‘താക്കോൽ’ എന്ന സിനിമ ഞാനാണ് നിർമിച്ചത്. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അഭിനയിച്ചത് റൂഷിനാണ്. എല്ലായ്പോഴും ഞാൻ ലൊക്കേഷനിലൊന്നും പോകാറില്ല. പ ക്ഷേ, ഇവൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന ദിവസം പോയി. നെടുമുടി വേണുച്ചേട്ടനും രൺജി പണിക്കരുമെല്ലാം ലൊക്കേഷനിലുണ്ട്. അവർ ഇവനെ ഒരുക്കുന്നു, ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പറഞ്ഞു കൊടുക്കുന്നു... വലിയ തയാറെടുപ്പുകൾ.

സംവിധായകൻ ആക്‌ഷൻ പറഞ്ഞതും കക്ഷി കൂൾ ആ യി വന്ന് അഭിനയിച്ചു. കട്ട് പറഞ്ഞതും ഒന്നും സംഭവിക്കാത്തതു പോലെ മാറിയിരുന്നു. ജീവിതത്തിലെ ആദ്യ ഷോട്ടാണ്. എങ്ങനെയുണ്ടെന്ന് മോണിറ്ററിൽ‌ വന്ന് നോക്കാനുള്ള തോന്നൽ പോലും കക്ഷിക്കില്ല.

ആനി: എന്റെ അപ്പൻ മാസശമ്പളക്കാരനായിരുന്നു. അപ്പനും അമ്മയും എങ്ങനെയാണോ വളർത്തിയത് അതു പോലെയാണ് ഞാനും. നിങ്ങളുടെ അച്ഛന്റെ പോക്കറ്റിലെ പൈസ കണ്ട് ജീവിതത്തിൽ ഒരു സ്വപ്നവും വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണെന്നു തോന്നുന്നു ജോലി വേണം എന്ന് മൂന്നു പേർക്കും മോഹമുണ്ട്.

എംബിഎ കഴിഞ്ഞ ചെറുപ്പക്കാരന്റെ സ്വപ്നമായിരുന്നില്ലേ സമൂസ പോയ്ന്റ് എന്ന റസ്റ്ററന്റ്. അത് പൂട്ടിയപ്പോൾ ജഗൻ തളർന്നോ?

ജഗൻ: സിനിമയെ പോലെ റസ്റ്ററന്റ് മേഖലയെയും കോ ‌വിഡ് ബാധിച്ചു. സ്വന്തമായൊരു റസ്റ്ററന്റ് എന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നു. എംബിഎ കഴിഞ്ഞ് ആറുമാസം ഖ ത്തറിൽ ജോലി ചെയ്തിരുന്നു. പിന്നെ, നാട്ടിലേക്കു പോന്നു. തിരുവനന്തപുരത്ത് ഹൈ ടെക് തട്ടുകട തുടങ്ങി. ആ ‘ട്രെയ്നിങ് പിരീഡ്’ കഴിഞ്ഞ് സമൂസ പോയ്ന്റ് എന്ന റസ്റ്ററന്റ് തുടങ്ങി. നല്ല മുതൽമുടക്ക് ഉണ്ടായിരുന്നു. കൂടുതൽ സാധനങ്ങള്‍ സ്റ്റോക് ചെയ്ത് വച്ചപ്പോഴായിരുന്നു ലോക്ഡൗൺ. എല്ലാം ഉപയോഗശൂന്യമായി. ശമ്പളം, വൈദ്യുത ബിൽ, വാടക... താങ്ങാനാകാതെ വന്നപ്പോൾ പൂട്ടി. മൂ ന്നു മാസം കൂടി കഴിഞ്ഞിരുന്നെങ്കിൽ ലാഭം കിട്ടിയേനെ. പ ക്ഷേ, മറ്റു വഴികളില്ലാതായി.

ഖത്തറിലെ ജോലി കളഞ്ഞിട്ടു പോന്നത് പ്രഷർ കൂട്ടി. അപ്പോഴാണ് ക്ലൗഡ് കിച്ചൺ എന്ന ആശയം മനസ്സിലേക്കു വന്നത്. ‘റിങ്സ് ബൈ ആനി’ എന്ന പേരിൽ ഒാപ്പൺ കിച്ചൺ തുടങ്ങി. ഒാൺലൈൻ വഴി മാത്രം വിതരണം. ഫൂഡ് ഡെലിവറിക്ക് ഞങ്ങൾ മൂന്നുപേരും പോകും.

ജീവനക്കാരുടെ എണ്ണം കുറച്ചു മതി. വാടക ഉൾപ്പെടെയുള്ള മറ്റു ചെലവുകൾ വേണ്ട. ഒരുപാടു ഗുണങ്ങൾ. തിരുവനന്തപുരത്തിനു പുറമേ ഇപ്പോൾ കൊച്ചിയിലും മറ്റൊന്നു കൂടി തുടങ്ങി. സിനിമ ഒടിടി യിലേക്ക് മാറിയതു പോലെ മറ്റൊരു മാറ്റം.

shaji-kailas-and-family-cover

ഫൂഡ് ബിസിനസിൽ അമ്മയാണോ ഗുരു?

ജഗൻ: ഭക്ഷണം ഉണ്ടാക്കുന്നതില്‍ അമ്മയ്ക്കുള്ള ഇഷ്ടം ഞങ്ങൾക്കും കിട്ടിയിട്ടുണ്ട്. നല്ല ഭക്ഷണം സ്നേഹത്തോടെ കിട്ടിയതിന്റെ ഗുണം ഞങ്ങളെ കണ്ടാൽ തന്നെ അറിയില്ലേ?

ആനി: പാചകം ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കുട്ടിക്കാലം തൊട്ടേ അമ്മയുടെ കൂടെ തട്ടിയും മുട്ടിയുമൊക്കെ നിൽക്കും. ഇവിടെ വന്നപ്പോൾ ഷാജിയേട്ടന്റെ അമ്മയിൽ നിന്നു കുറേ പാചകക്കൂട്ടുകൾ കിട്ടി.

കോട്ടയം രുചികൾ എനിക്ക് തിരിച്ചുപിടിക്കണം എന്ന് വലിയ മോഹമായിരുന്നു. മിസിസ് കെ.എം. മാത്യുവിന്റെ പുസ്തകങ്ങളായിരുന്നു അന്ന് എന്റെ പാഠപുസ്തകങ്ങൾ. അന്നമ്മക്കൊച്ചമ്മയുടെ പാചകക്കുറിപ്പുകൾ പഠിച്ചാണ് എന്റെ കുട്ടിക്കാലത്തെ രുചി ഞാൻ തിരിച്ചു പിടിച്ചത്. മക്കളെയും പാചകം പഠിപ്പിച്ചു. എവിടെ പോയാലും ഭക്ഷണമുണ്ടാക്കി കഴിക്കാനറിയാത്തതു കൊണ്ട് പട്ടിണി കിടക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

മലയാളത്തിൽ ‘സംവിധാനം– ഷാജി കൈലാസ് ’ എന്ന് അവസാനം കണ്ടത് ഒൻപതു വർഷം മുൻപാണല്ലേ?

എന്റെ ഫ്‌ളോപ്പുകൾ കൊണ്ടുതന്നെയാണ് മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. ഒ‍‌ൻപതു വർഷത്തിനിടയിൽ രണ്ട് തമിഴ് സിനിമകൾ സംവിധാനം ചെയ്തു. സിനിമയുടെ ലോകത്തു നിന്ന് മുഴുവനായി മാറിനിന്നു എന്നു പറയാനാകില്ല. ഒൻപതു വർഷം പോയതു പോലും ഞാനറിഞ്ഞില്ലായിരുന്നു.

‘കഥയാണു പ്രശ്നമെങ്കിൽ ഞങ്ങൾ നിനക്കൊരു സിനിമ തരാം’ എന്നു പറഞ്ഞ് രൺജി പണിക്കരും രഞ്ജിത്തും സിനിമ എഴുതാൻ തുടങ്ങിയിരുന്നു. ആന്റണി പെരുമ്പാവൂർ അത് നിർമിക്കാൻ തയാറായി. രണ്ട് സൂപ്പർ സ്റ്റാറുകൾ അഭിനയിക്കുന്ന സിനിമയായിരുന്നു അത്. എഴുത്തിനിടയിൽ രൺജി വിളിക്കും. ഫോണിലൂടെ ഡയലോഗുകള്‍ പറഞ്ഞ് ആവേശം കൊള്ളും. അത്ര എനർജിയോടെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. ചില കാരണങ്ങളാൽ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ സിനിമ സംഭവിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലായേനെ.

ഒരു വർഷത്തോളം അതിനു പിന്നാലേ പോയി. പിന്നെ, കുറേ തിരക്കഥകൾ കേട്ടു. ‘ഷാജി മടിച്ചു നിൽക്കരുത്. എ പ്പോൾ വേണമെങ്കിലും കഥയുമായി വരാമെന്ന്’ ലാൽ സർ പറഞ്ഞിരുന്നു.

അങ്ങനെ ഒരു തിരക്കഥ കിട്ടി. അതിന്റെ ആദ്യ ഭാഗവുമായി അദ്ദേഹത്തെ കാണാൻ പോയി. ലാൽ സർ ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, സെക്കൻഡ് ഹാഫ് എനിക്ക് ഇഷ്ടമായില്ല. അതോടെ അതുപേക്ഷിച്ചു.

റസ്റ്ററന്റ് തുടങ്ങിയ സമയമായിരുന്നു അത്. സമയം പോകാൻ ഞാനവിടെ പോകും. പാചകം ചെയ്യാനൊക്കെ കൂടും. ‘ഷാജി പോയി സിനിമ ചെയ്യ്. നിങ്ങളുടെ മട്ടിലൊരു സിനിമ തരൂ’ എന്ന് അതു കണ്ടവർ പറഞ്ഞു. ഇതിനിടയിലാണ് ‘താക്കോൽ’ എന്ന സിനിമ നിർമിച്ചത്.

‘കടുവ’ അനൗൺസ് ചെയ്തിട്ടു രണ്ടു വർഷമായി. കോവിഡും പ്രളയവും കൊണ്ട് നീണ്ടു പോയതല്ലേ.

ഈ മൗനം പലപ്പോഴും വേദനിപ്പിച്ചില്ലേ ?

തിയറ്ററിൽ നിന്ന് മാറി നിന്നെങ്കിലും ശൂന്യതയിലേക്ക് പോയില്ല. മനസ്സിൽ അപ്പോഴും സിനിമ ഒാടുന്നുണ്ടായിരുന്നു. എന്റെ പതിവു രീതിയിൽ നിന്നു മാറി മറ്റൊരു രീതിയിൽ സിനിമ ചെയ്യാൻ പോയതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. അതെല്ലാം അന്നെടുത്ത തീരുമാനങ്ങളുടെ കുഴപ്പമായിരുന്നു. ജനങ്ങൾ ചെവിക്കു പിടിച്ചു പുറത്താക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നിൽ നിന്ന് അവർ‌ പ്രതീക്ഷിച്ചത് അ ത്തരം സിനിമകളായിരുന്നില്ല.

പക്ഷേ, ഈ മൗനം എന്നെ മുറിവേൽ‌പ്പിച്ചില്ല. ഈശ്വരന്റെ കൈ എന്നിൽ‌ നിന്ന് അൽപം അകന്നു പോയിരിക്കാം. ‘ഇത്രയും നാൾ അടങ്ങിയിരുന്നതല്ലേ, ഇനി പോരൂ’ എന്നു പറഞ്ഞ് ഇപ്പോഴാകാം വീണ്ടും കൈ നീട്ടി തന്നത്.

വർഷങ്ങളോളം സിനിമയിൽ നിന്ന് വരുമാനം ഇല്ലാത്തത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി. കുട്ടികൾ പഠിക്കുന്ന സമയമല്ലേ? പക്ഷേ, തളർന്നില്ല. കുട്ടികളും അത് തിരിച്ചറിഞ്ഞു. ബുദ്ധിമുട്ടുള്ള കാലം തരണം ചെയ്യുന്നതല്ലേ ഏറ്റവും വലിയ ആത്മവിശ്വാസം.

‌മാസ് പടത്തിന്റെ സീറ്റ് ഒഴിഞ്ഞു തന്നെ കിടക്കുന്നെന്ന് എങ്ങനെയാണ് ഉറപ്പിച്ചത്?

തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ കയ്യിൽ ഒരു സ ബ്ജക്ട് ഉണ്ട്, കേൾക്കണമെന്നു പറഞ്ഞ് പൃഥ്വിരാജ് ആ ണ് വിളിച്ചത്. ‘ഷാജി ചേട്ടന്‍ ഈ സിനിമ ചെയ്തു തിരിച്ചു വരണമെന്നാണ് എന്റെ ആഗ്രഹം. ഒാകെ ആണെങ്കിൽ ഞാൻ തന്നെ നിർമിക്കാം’ രാജു പറഞ്ഞു.

ഈ ജനറേഷനിലെ സൂപ്പർസ്റ്റാർ ആണല്ലോ അദ്ദേഹം. ജനങ്ങളുടെ പൾസും അറിയാം. അത്ര ഉറപ്പോടെ പറയുമ്പോൾ എനിക്കും ആത്മവിശ്വാസമായി. ‘തൊണ്ണൂറുകളിൽ ചേട്ടൻ ചെയ്തതു പോലെ ഒരു സിനിമ,’ അതായിരുന്നു രാജുവിന്റെ ആവശ്യം. അതു തന്നെ ഞാൻ ചെയ്തു. സിനിമ എന്റർടെയ്ൻമെന്റ് ആണെങ്കിൽ ആ വിഭാഗത്തിലാണ് ഈ സിനിമ പെടുന്നത്, മറ്റൊരു അവകാശവാദവുമില്ല. സ്റ്റേറ്റ് അവാർഡ് കിട്ടുമെന്നോ ജീവിതഗന്ധിയാണെന്നോ ഒന്നും പറയുന്നില്ല. ഇത് തനി അടിപ്പടമാണ്.

തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മാസ് പടങ്ങൾ വ ന്ന് പണം വാരുന്നു. അത് കാണാൻ ചെറുപ്പക്കാർ കയറുന്നു. ആ സാധ്യതയിലേക്കാണ് ‘കടുവ’യെ ഇറക്കിയത്.

പ്രേക്ഷകർ ഒരുപാടു മാറിയില്ലേ?

‘കടുവ’യെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോൾ പലർക്കും ഈ സംശയമുണ്ടായി. പക്ഷേ, മാസ് പടം എന്ന ലേബലിന് ഇപ്പോഴും മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞില്ലേ? എല്ലാം അതിജീവിച്ചു കൊണ്ട് ജനം അത് ഏറ്റെടുത്തില്ലേ?

ആക്‌ഷൻ സിനിമകൾ കാണാന്‍ ആളുണ്ടെന്ന് തിരിച്ചറിഞ്ഞു. മാസ് പടം കാണുമ്പോൾ പ്രേക്ഷകനു കിട്ടുന്ന ഊർജമുണ്ട്. ഏതു കാലത്തും അത് ഒരുപോലെയാണ്. അതുകൊണ്ടല്ലേ ‘കെജിഎഫ്’ഉം ‘വിക്ര’മും എല്ലാം തിയറ്ററുകളിൽ വിജയമായത്. കമ്മിഷനറും കിങ്ങും ആറാം തമ്പുരാനുമെല്ലാം പ്രേക്ഷകർക്കൊപ്പം ഇരുന്നു കണ്ടപ്പോൾ കേട്ട കയ്യടി ‘കടുവ’യുടെ കാലത്തും കേൾക്കാനായി.

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ബേസില്‍ പൗലോ