Friday 24 March 2023 12:28 PM IST

വലിയൊരു സങ്കടമാണത്, അമേരിക്കയിൽ പോകുമ്പോഴേ പേരക്കുട്ടികളെ കാണാനാകുന്നുള്ളു: തരൂർ മനസു തുറക്കുന്നു

Tency Jacob

Sub Editor

sashi-tharoor മകൻ കനിഷ്ക്, പേരക്കുട്ടികൾ എലീസിയൊ കൈലാഷ്, സിമേന അനാഹിത എന്നിവർക്കൊപ്പം, മകൻ ഇഷാന്റെ മകൾ കഹാനിയുമൊത്ത് (വലത്ത്)

എന്തുകൊണ്ടോ ജനങ്ങൾക്ക് ഇഷ്ടമാണു ശശി തരൂരിലെ നേതാവിനെ. അതുകൊണ്ടു തന്നെ ഒരുപാടു പ്രതീക്ഷകളും അവര്‍ക്കുള്ളിലുണ്ട്. കടുകട്ടിയായ പുത്തന്‍ വാക്കുകള്‍ പറഞ്ഞു വിഭ്രമിപ്പിക്കുമ്പോഴും രാജ്യാന്തര വിഷയങ്ങളില്‍ ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുമ്പോഴും ഉറച്ച നിലപാടുകളോടെ രാഷ്ട്രീയം പറയുമ്പോഴും എഴുത്തില്‍ പുതിയ ലോകങ്ങള്‍ തുറന്നു കാട്ടുമ്പോഴുമെല്ലാം എതിര്‍ക്കുന്നവര്‍ക്കു പോലും പ്രിയപ്പെട്ടവനാകുന്നു തരൂര്‍.

വിവാദങ്ങളും വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ എ പ്പോഴും കൂട്ടിനുണ്ട്. പക്ഷേ, തരൂരിന്‍റെ ചുണ്ടിലെ ചിരി മായാറില്ല. തിരക്കേറിയ പകലില്‍ വനിത ഒരുക്കിയ ക്യാംപസ് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴും അതേ ചിരിയുണ്ട്, വാക്കുകളില്‍ കുസൃതിയുണ്ട്, കണ്ണുകളില്‍ പ്രതീക്ഷയുണ്ട്.

‘തരൂരോസോറസ്’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ കടുകട്ടി വാക്കുകളാണോ ഞങ്ങളോടുള്ള സംഭാഷണത്തിലും പ്രയോഗിക്കുന്നത് എന്നായിരുന്നു കുട്ടികളുെട പ്രധാന സംശയം.

ചിരി വിടാതെ തന്നെ തരൂര്‍ പറഞ്ഞു. ‘ഞാൻ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളൊന്നുമല്ല അവ. ആവശ്യമുള്ളപ്പോൾ എന്റെ സംഭാഷണത്തിൽ കടന്നു വരുന്നവയാണ്. അതൊന്നും അസാധാരണവും സങ്കീർണവുമായ വാക്കുകളൊന്നുമല്ല കേട്ടോ. എ ന്നാൽ, നിങ്ങളുടെ പദസമ്പത്തു വർധിപ്പിക്കാൻ ആ വാക്കുകൾ സഹായിക്കും...’

കുട്ടിക്കാലത്തു പഠനത്തിൽ മാത്രം പൂര്‍ണമായും മുഴുകിയിരുന്ന ആളാണെന്നു കേട്ടിട്ടുണ്ട്. അതു പിന്നീടുള്ള ജീവിതത്തിൽ ഉപകാരപ്രദമായോ?

ഇപ്പോഴത്തെ കാലഘട്ടം വച്ചു നോക്കുമ്പോൾ അക്കാലത്തു കുറേ പരിമിതികളുണ്ടായിരുന്നു. ടെലിവിഷൻ, ഫോ ൺ, ഇന്റർനെറ്റ് തുടങ്ങി ശ്രദ്ധ തിരിക്കുന്ന സംഗതികളൊന്നുമില്ല. പഠനത്തിലായിരുന്നില്ല, വായനയിലാണു ഞാൻ കൂടുതലും മുഴുകിയത്. കുട്ടിക്കാലത്ത് എനിക്ക് ആസ്മ ഉണ്ടായിരുന്നു. പുറത്തു പോയി കളിക്കാനാകാതെ ശ്വാസത്തിന്റെ താളംതെറ്റലുകളുമായി കിടക്കയിൽ കിടക്കുന്ന ഒരു കുട്ടി നേരം പോക്കാൻ എന്തു ചെയ്യും ? വായനയായിരുന്നു എല്ലാം. വായിച്ചു വായിച്ചാണു നന്നായി എഴുതാനും സംസാരിക്കാനും പഠിച്ചത്. അതിലൂടെ ലോകത്തെ കണ്ടുപിടിക്കാനും ശ്രമിച്ചു.

വായിച്ച പുസ്തകങ്ങളിൽ നിന്നു പ്രചോദനമേകിയ ഒരു സ്ത്രീ കഥാപാത്രം ഉണ്ടോ?

പെട്ടെന്നു തോന്നുന്നതു ലിയോ ടോൾസ്റ്റോയ്‌യുടെ അന്ന കരേനീനയെയാണ്. കൗമാരകാലത്താണ് ആ പുസ്തകം വായിക്കുന്നത്. വല്ലാതെ ഉലച്ചു കള‍ഞ്ഞ കഥാപാത്രമായിരുന്നു അത്. മനുഷ്യർ അനുഭവിക്കുന്നത് ഏതു നൂറ്റാണ്ടിലായാലും ഭൂപ്രദേശത്തായാലും ഒരുപോലെയാണ്.

പക്ഷേ, നിങ്ങൾക്കു ഞാൻ പറയുന്നത്ര അടുപ്പം ഉണ്ടാകുമെന്നു തോന്നുന്നില്ല. കാരണം, നിങ്ങൾ വേറൊരു കാലഘട്ടത്തിലാണല്ലോ ജനിച്ചതും ജീവിക്കുന്നതും. സത്യജിത് റേയുടെ ചാരുലത എന്നെ വളരെ ആകർഷിച്ച കഥാപാത്രമാണ്. അപർണസെൻ സ്ത്രീകളെ മുഖ്യകഥാപാത്രമാക്കി എടുത്ത സിനിമകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

നാടകം അഭിനിവേശമായിരുന്നു എന്നു കേട്ടിട്ടുണ്ട്?

അച്ഛൻ ചന്ദ്രൻ തരൂരിനു സ്േറ്ററ്റ്സ്മാൻ പത്രത്തിലായി രുന്നു ജോലി. ഞാന്‍ ജനിച്ചതു ലണ്ടനിലാണ്. വളര്‍ന്നതും എട്ടാം ക്ലാസ് വരെ പഠിച്ചതും മുംെെബയിലും. അച്ഛൻ എല്ലാത്തിനും എന്നെ പ്രോത്സാഹിപ്പിച്ചു. ഡിബേറ്റിനും പ്രസംഗത്തിനും സ്കൂൾ നാടകത്തിനും എല്ലാം കൂട്ടിക്കൊണ്ടുപോയി.

ലോകത്തു ജീവിക്കാൻ പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളും ആവശ്യമുണ്ടെന്ന് അച്ഛൻ ഉറച്ചു വിശ്വസിച്ചു. അദ്ദേഹം പാലക്കാട് ഗ്രാമത്തിലെ ഓട്ടംതുള്ളൽ കലാകാരനായിരുന്നു. അതുകൊണ്ടാകണം ‘പെർഫോമ ൻസു’കൾക്കു പ്രാധാന്യം കൊടുത്തത്.

മുംബൈയിലെ സ്കൂളിൽ ഇന്റർക്ലാസ് ഡ്രാമാ കോംപറ്റീഷൻ നടത്തും. പങ്കെടുത്ത മൂന്നു വർഷവും ഞാനായിരുന്നു ബെസ്റ്റ് ആക്ടർ. ‘ഒലിവർ ട്വിസ്റ്റ്’ നാടകമാക്കിയപ്പോൾ ആർട്ഫുൾ ഡോഡ്ജറിന്റെ വേഷമായിരുന്നു എനിക്ക്. നാടകം കാണാൻ അന്നത്തെ ബോളിവുഡ് സൂപ്പര്‍താരം രാജ് കപൂർ വന്നിരുന്നു. എന്റെ അഭിനയം കണ്ടു പ്രശംസിക്കുകയും ചെയ്തു. ഇപ്പോള്‍ എല്ലാ മാതാപിതാക്കൾക്കും മക്കളെ കുറിച്ചു പരീക്ഷ, മാർക്ക് എന്നല്ലാതെ മറ്റു ചിന്തകളൊന്നുമില്ല. എന്തൊരു ബോറിങ് ആണത്.

shashi-tharoor-1 ശശി തരൂരിനൊത്തുള്ള ക്യാംപസ് കൂട്ടായ്മ. ഇടത്തു നിന്നു വലത്തോട്ട്: മീനാക്ഷി എസ്, അനഘ സുരേഷ്, ഗിരിനന്ദിനി റാം, അലീഫ സലിം, നികേത എസ്. സുരേഷ്, റിമ സുരേഷ്

ഡിഗ്രിക്കു പഠിച്ചത് ഡൽഹി സെന്റ് സ്റ്റീഫൻസിലാണ്. അവിടെയും എല്ലാ പരിപാടികളിലും പങ്കെടുത്തു. ഷേക്സ്പിയർ സൊസൈറ്റിയിൽ സജീവമായിരുന്നു. 1974 ൽ എന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ കോളജുകളിൽ ആദ്യമായി ക്വിസ് ക്ലബ് ആരംഭിക്കുന്നത്. 2014 ൽ ക്ലബ്ബിന്റെ നാൽപതാം വാർഷികത്തിന് അവർ എന്നെ ക്ഷണിച്ചിരുന്നു.

ജനീവയിൽ െഎക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുമ്പോഴും ഞാൻ തിയറ്റർ സൊസൈറ്റിയിൽ ചേർന്നിട്ടുണ്ട്. ആദ്യ നാടകത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം മനസ്സിലാക്കി. ജോലി ചെയ്തു വന്ന ശേഷം നാടകപഠനവും റിഹേഴ്സലും ഒക്കെ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയാണു നാടകാഭിമുഖ്യത്തിനു തിരശീല വീണത്.

ഇപ്പോൾ നാടകമൊന്നും മനസ്സിലില്ല. യാഥാർഥ്യത്തിലാണു മനസ്സു മുഴുവൻ. രാഷ്ട്രീയ നാടകങ്ങളോടു തീരെ താൽപര്യമില്ല. രാഷ്ട്രീയം എനിക്കു വളരെ ഗൗരവമേറിയ കാര്യമാണ്.

താങ്കളുടെ നേരെ വാ, നേരെ പോ... മട്ടിനു ചേർന്നതാണോ കേരള രാഷ്ട്രീയം ?

‘കാണിച്ചു കൂട്ടല്‍ രാഷ്ട്രീയ’ത്തിൽ എനിക്കു വലിയ വിശ്വാസമില്ല. രാഷ്ട്രീയത്തിന്റെ സത്യത്തിലാണു വിശ്വസിക്കുന്നത്. ഫോട്ടോ എടുക്കാൻ മാത്രമായി ഞാൻ പ്രവർത്തനങ്ങളൊന്നും ചെയ്യാറുമില്ല. ഞാൻ ട്വീറ്റ് ചെയ്തു തുടങ്ങിയ സമയത്തു കോൺഗ്രസ് പാർട്ടിയിലും സർക്കാരിലും ആരും ട്വിറ്റർ ഉപയോഗിച്ചിരുന്നില്ല. കുറേപേർ എന്നെ കുറ്റം പറഞ്ഞു. ഞാൻ അവരെ വെല്ലുവിളിച്ചു. ‘പത്തു വർഷത്തിനുള്ളിൽ നിങ്ങൾ എല്ലാവരും ട്വിറ്ററിലുണ്ടാകും.’ രണ്ടു വർഷമായപ്പോഴേക്കും എല്ലാവരും ട്വിറ്ററിലെത്തി. ലോകത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ നമ്മളും മാറണം.

തിരക്കുകൾക്കിടയിൽ ക്രിക്കറ്റ് പോലെയുള്ള ഇഷ്ടങ്ങൾക്കും എഴുത്തിനും വായനയ്ക്കുമെല്ലാം എങ്ങനെ സമയം ക ണ്ടെത്തുന്നു?

ഏഴു വയസ്സുള്ളപ്പോള്‍ എന്നെ അച്ഛൻ ക്രിക്കറ്റ് മാച്ച് കാണാൻ കൂട്ടിക്കൊണ്ടു പോയി. അതോടെയാണ് ഇഷ്ടം കയറുന്നത്. അന്നു തൊട്ടു ക്രിക്കറ്റ് നിരന്തരം പിന്തുടരുന്നു. എഴുപതുകളില്‍ അമേരിക്കയിൽ പഠിക്കാൻ പോയി. അവിടെ പത്രത്തിൽ ക്രിക്കറ്റ് വാർത്തകൾ വരില്ല. ഞാൻ വല്ലാതെ ബുദ്ധിമുട്ടി. ലൈബ്രറിയിൽ, ഒരാഴ്ച വൈകി വരുന്ന ബ്രിട്ടിഷ് പത്രത്തില്‍ ക്രിക്കറ്റ് വാർത്തകളുണ്ടാകും. അതിലെ സ്കോർ നോക്കി സമാധാനപ്പെടും. റേഡിയോയുടെ വരവോടു കൂടി മാറ്റങ്ങൾ ഉണ്ടായി. കമന്‍ററി കേട്ടു തുടങ്ങി.

ഇതൊന്നുമല്ലാതെ മറ്റ് എന്തെങ്കിലും ഇഷ്ടങ്ങൾ ?

മനുഷ്യരോട് ഇടപെടാൻ പ്രത്യേക താൽപര്യമുണ്ട്. അവർ എന്താണു ചിന്തിക്കുന്നത്, അവരുടെ ആഗ്രഹങ്ങളെന്താണ് ഇതെല്ലാം അറിയാൻ കൗതുകമാണ്. ആ മനുഷ്യരിൽ ഞാൻ തരംതിരിക്കലുകൾ വയ്ക്കാറില്ല.

നമ്മുടെ മനസ്സ് ഒരു കത്തി പോലെയാണ്. അതു മൂർച്ച കൂട്ടിക്കൊണ്ടേയിരിക്കണം. നമുക്കിഷ്ടമുള്ളതു മാത്രമല്ല, അല്ലാത്തതും നമ്മൾ വായിക്കുകയും അറിയുകയും വേണം. ഇപ്പോഴത്തെ ഈ ജോലി, എനിക്കേറ്റവും ഇഷ്ടമുള്ള വായനയുടെ സമയം വളരെയധികം അപഹരിക്കുന്നുണ്ട്. ഫ്ലൈറ്റിലുള്ള വായനയേ നടക്കുന്നുള്ളൂ. അതുപോലെ, എഴുത്ത് എനിക്ക് ഓക്സിജൻ പോലെയാണ്. അതും ഇപ്പോൾ നിർത്തി വച്ചിരിക്കുന്നു. ഇനി വരുന്നതു വലിയൊരു തിരഞ്ഞെടുപ്പാണ്. അതിനെ നേരിടുന്നതിനിടയിൽ മറ്റൊന്നിനും സമയം കിട്ടില്ല.

പേരക്കുട്ടികളോടൊത്തു ചെലവഴിക്കാൻ സമയം കണ്ടെത്താൻ കഴിയാറുണ്ടോ?

വലിയൊരു സങ്കടമാണ് അത്. പേരക്കുട്ടികൾ താമസിക്കുന്നത് അമേരിക്കയിലാണ്. അവിടെ പോകുമ്പോൾ മാത്രമാണ് അവരെ കാണാൻ സാധിക്കുന്നത്. വാഷിങ്ടണിൽ താമസിക്കുന്ന മകൻ ഇഷാനും ഭാര്യ ഭൂമിയും ഒരു വയസ്സായ കുട്ടിയും കഴിഞ്ഞ ക്രിസ്മസിനു ഡൽഹിയിൽ വന്നിരുന്നു. കനിഷ്ക്കിനും ഭാര്യ അമാൻഡയ്ക്കും രണ്ടു മക്കളാണ്. വേനൽക്കാല അവധിക്കു മാത്രമേ ന്യൂയോർക്കിൽ നിന്ന് അവർക്ക് ഇന്ത്യയിലേക്കു വരാൻ സാധിക്കൂ.

മൂത്ത പേരക്കുട്ടിക്ക് അ‍ഞ്ചു വയസ്സാകാറായി. ഇന്ത്യയിൽ കിട്ടുന്ന ബസ്, കാർ, ട്രെയിൻ പോലെയുള്ള കളിപ്പാട്ടങ്ങളോട് അവന് ഇഷ്ടക്കൂടുതലുണ്ട്. അവ വാങ്ങിക്കൊണ്ടു പോകും. അവന്റെ അനിയത്തിക്ക് ഒന്നര വയസ്സേ ഉള്ളൂ. കക്ഷിക്ക് ആന, സിംഹം പോലെയുള്ള കളിപ്പാട്ടങ്ങളോടാണു പ്രിയം. അവരോടൊപ്പം കൂടി പാട്ടു പാടും കളിക്കും. ഞാൻ ആസ്വദിക്കുന്ന നിമിഷങ്ങളാണ് അതെല്ലാം. ഒരു അമേരിക്കൻ സുഹൃത്തു പറഞ്ഞ വാചകമുണ്ട്. ‘ഒരു മുത്തച്ഛനാകുന്നതിലെ ആനന്ദം മുന്നേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇടയിലുള്ള കാലഘട്ടം ഞാൻ ഒഴിവാക്കുമായിരുന്നു.’

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ