‘വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാർക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറ്?’: ശിവദയുടെ ഉറച്ച നിലപാട്
‘വിവാഹം കഴിഞ്ഞു കുഞ്ഞായില്ലേ, ഇനി ചെറിയ റോൾ ഒക്കെ പോരേ’ എന്നു ചോദിച്ചവരോട് ശിവദ സൗമ്യമായി മറുചോദ്യം ചോദിച്ചു.
‘‘വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാർക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറ്?’’
കുഞ്ഞുള്ളതല്ലേ എന്നു പറഞ്ഞു തന്നെ തേടി വരുന്ന ടിപ്പിക്കൽ റോൾ സ്വീകരിക്കില്ല എന്നാണ് ശിവദയുടെ നിലപാട്. കാലത്തിന്റെ മാറ്റം തെളിയിക്കുന്ന ഉറച്ച തീരുമാനം. ‘12th മാനി’ലെ ഡോക്ട ർ നയന, ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലെ മെറിൽ എന്നീ കഥാപാത്രങ്ങളിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയാണ് ഇപ്പോൾ ശിവദ.
ആദ്യ സിനിമ ഹിറ്റ് ആയിരിക്കെ ബ്രേക്ക് എടുക്കാൻ എങ്ങനെ ധൈര്യം വന്നു ?
വിവാഹം നിശ്ചയിച്ചു കഴിഞ്ഞാണ് ‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിലേക്ക് അവസരം വന്നത്. നൃത്തം, പാട്ട് ഒക്കെ പഠിച്ചിരുന്നെങ്കിലും അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. അഭിനയിച്ചാലോ എന്ന് എനിക്ക് തോന്നിയ സമയത്ത് ഓഫറുകളൊന്നും വന്നുമില്ല.
എൻജിനീയറിങ് അഞ്ചാം സെമസ്റ്ററിൽ ത ന്നെ ജോലി ലഭിച്ചു. അതേ സമയം വിജെ ആയി ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ‘കേരള കഫേ’ എന്ന ചിത്രത്തിനു ശേഷം ഫാസിൽ സാറിന്റെ ‘ലിവിങ് ടുഗതറി’ൽ. അതിനു ശേഷമാണ് ഓഡിഷനുകളിൽ പങ്കെടുത്തു തുടങ്ങിയത്. ഐടി കമ്പനിയിൽ കിട്ടിയ ജോലി മാറ്റി വച്ച് സിനിമയ്ക്കു വേണ്ടി ശ്രമിച്ചു. ചാൻസ് കിട്ടാതെ വന്നപ്പോൾ ജോലി കളയേണ്ടിയിരുന്നില്ല എന്നു തോന്നി. ഐടി ഫീൽഡിൽ അപ്ഡേറ്റഡ് ആയിരിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ ഏറെയും എൻജിനീയർമാരാണ്. രണ്ടു വർഷം എങ്കിലും എൻജിനീയറിങ് ജോലിയിൽ പരിശീലനം നേടിയിട്ട് പോരേ സിനിമ നോക്കുന്നത് എന്ന് അച്ഛൻ പറഞ്ഞതുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ‘സു സു സുധി വാത്മീകം’ ലഭിക്കുന്നത്.
ആ കാലത്തെ സമ്മർദം എങ്ങനെ മറികടന്നു ?
എന്റെ എല്ലാ കാര്യത്തിനും അമ്മയാണ് കൂടെ. തുടക്ക കാലത്ത് അമ്മയായിരുന്നു എനിക്ക് ഭക്ഷണം തരുന്നതും കുടപിടിച്ചു തരുന്നതുമെല്ലാം. അന്നൊക്കെ ഞാൻ അഭിനയിക്കുന്ന സമയത്ത് അമ്മ ഒറ്റയ്ക്ക് കാരവാനിൽ ഇരിക്കും. ഇപ്പോൾ മകൾ അരുന്ധതിയെയും കൊണ്ട് ഇരിക്കുന്നു.
അച്ഛൻ വിജയരാജൻ, അമ്മ ശ്രീകുമാരി, ചേച്ചി ശ്രീധന്യ എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. ചേച്ചിയുടെ ഭർത്താവ് ദീപു. അവർക്ക് ഒരു മോനുണ്ട്. മുരളിയുടെ വീട്ടിൽ അച്ഛനും അമ്മയും അനിയനും ഭാര്യയും ആണുള്ളത്. മുരളിയുടെയും ഈ പറഞ്ഞവരുടെയെല്ലാം സ്നേഹവും പിന്തുണയും ഉളളതു കൊണ്ടാണ് അരുന്ധതിക്ക് രണ്ടേമുക്കാൽ വയസേ ആയിട്ടുള്ളൂവെങ്കിലും സിനിമ ചെയ്യാൻ കഴിയുന്നത്.
അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂൺ 25–ജൂലൈ 8 ലക്കത്തിൽ