Wednesday 26 October 2022 12:02 PM IST

വീട്ടിലെ ചെല്ലക്കുട്ടി, അന്ന് പിന്നോട്ടു വലിച്ചത് എന്റെയും സംഗീതയുടെയും പ്രായ വ്യത്യാസം; പ്രണയകഥ പറഞ്ഞ് ശ്രീകാന്ത്

Binsha Muhammed

sangeetha-sreekanth-12 സംഗീത, ശ്രീകാന്ത്, മകൻ മാധവൻ

പാട്ടിനു ശ്രുതിപോലെയാണ്, ശ്രീകാന്ത് മുരളിക്ക് സംഗീത. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും ഗായിക സംഗീത ശ്രീകാന്തും ജീവിതസന്തോഷങ്ങളുടെ ചെപ്പ് തുറന്ന് സംസാരിക്കുന്നു. ‘വനിത’യുടെ കൊച്ചി സ്റ്റുഡിയോയിൽ ആദ്യമെത്തിയത് സംഗീത.

അൽപസമയം കഴിഞ്ഞ് ‘വോയ്സ് ഓഫ് സത്യനാഥ’ന്റെ സെറ്റിൽ നിന്ന് തിരക്കിട്ടെത്തി ശ്രീകാന്ത്. മുടി കറുപ്പിച്ച് പുതിയ ലുക്കിലാണ് കക്ഷിയുടെ എൻട്രി.

സംഗീത: ഇതെന്താ... മുടി കറുപ്പിച്ചിട്ട്. എവിടെപ്പോയി സോൾട്ട് ആൻഡ് പെപ്പർ?

ശ്രീകാന്ത്: സിനിമയ്ക്കു വേണ്ടിയാണ് മാഡം, ഉടൻ കഴുകി വൃത്തിയാക്കിക്കോളാം.

സംഗീത: അന്ത ഭയം ഇരുക്കട്ടും.

ശ്രീകാന്ത്: പ്രായമെത്തും മുന്നേ കൂടെ കൂടിയതാണ് നര. കറുപ്പിക്കലും മേക്കപ്പുമൊന്നും സംഗീതയ്ക്ക് ഇഷ്ടമല്ല.

സംഗീത: ഒരുമിച്ച് ജീവിച്ചു തുടങ്ങിയിട്ട് വർഷം 17 ആയെന്ന് തോന്നുന്നത് ഈ നര കാണുമ്പോഴല്ലേ. പക്ഷേ, എനിക്കിന്നും തീരാത്തൊരു സംശയമുണ്ട്. നമ്മുടേത് ലൗ മാര്യേജ് എന്നൊക്കെ വിളിക്കാൻ പറ്റുമോ?

ശ്രീകാന്ത്: ഇറ്റ്സ് ‘അറേഞ്ച്ഡ് മാര്യേജ്.’ നമ്മൾ അ റേഞ്ച് ചെയ്തു. കാർന്നോന്മാർ നടത്തിത്തന്നു.

sreekanth-sangeetha-video

റിയലായ റിയാലിറ്റി ഷോ

സംഗീത: റിയാലിറ്റി ഷോയില്‍ നിന്നാണ് തുടക്കം. അവിടെ നിന്നാണ് ശ്രീകാന്തേട്ടനെ ആദ്യമായി കാണുന്നത്. അതിന്റെ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു കക്ഷി.

ശ്രീകാന്ത്: പ്രഥമ ദൃഷ്ട്യാ... പ്രണയം എന്നൊന്നും പറയുന്നില്ല. ആദ്യ കൂടിക്കാഴ്ചയില്‍ ഒരൊറ്റ കൊളുത്തിട്ട് സംഗീത കടന്നു പോയി. എനിക്കാണെങ്കിലോ ഇഷ്ടമുള്ള ആളെ കാണുമ്പോഴുള്ള ചൂടും തണുപ്പും തലപെരുപ്പും ഒക്കെ മിക്സായി ആകെ ചങ്കിനുള്ളിലൊരു വെപ്രാളം.

അന്ന് സംഗീത പാടിയ പാട്ട് ഇന്നും ഓർമയിലുണ്ട്. ‘കദളീ... കണ്‍കദളി... ചെങ്കദളി പൂ വേണോ...’ അസ്സലായി തന്നെ സംഗീത അത് പാടി.

സംഗീത: ഞാൻ ശരിക്കും വീട്ടിലെ ചെല്ലക്കുട്ടിയാണ്. ആ ‘സുരക്ഷയെല്ലാം’ ഭേദിച്ചാണ് പ്രണയം പുറത്ത് കടന്നത്.

ശ്രീകാന്ത്: സാധാരണ പ്രണയ സീനുകളിൽ നായകനും നായികയും മാത്രമല്ലേ ഉണ്ടാകൂ. ഇവിടെ സംഗീതയുടെ അച്ഛനും അമ്മയും ചേട്ടനും ഉണ്ടായിരുന്നു. ഷോയുടെ പ്രൊഡ്യൂസറെന്ന നിലയിൽ ഇ വർക്കെല്ലാം എന്നെ അറിയാം. ആ അടുപ്പം പ്രണയത്തിനു തണലായി. ‌അതിനിടയിലും എന്നെ പിന്നോട്ടു വ ലിച്ച സംഗതികളുണ്ട്. ഒന്ന് എന്റെയും സംഗീതയുടെയും പ്രായ വ്യത്യാസം. അന്ന് എനിക്ക് 29 വയസ്, വീട്ടിൽ കൊണ്ടു പിടിച്ച കല്യാണാലോചനകൾ നടക്കുന്ന സമയം. സംഗീത പ്രീഡിഗ്രി വിദ്യാർഥി.

തീർന്നില്ല, എല്ലാവിധ സുഖ സൗകര്യങ്ങളോടും കൂടി ജീവിച്ച കുട്ടിയെ ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. സംഗീതയുടെ അച്ഛൻ ശാന്തകുമാർ ഫാക്ടിലെ ജനറൽ മാനേജർ. കൊച്ചിയിലെ വലിയ കുടുംബം.

എന്റെ അച്ഛൻ മുരളീധധരൻ നമ്പൂതിരിയാകട്ടെ സാധാരണ സെക്യൂരിറ്റി ജീവനക്കാരൻ, കർഷകൻ. എല്ലാമറിഞ്ഞപ്പോൾ ആ വഴിക്കേ തിരിയേണ്ട എന്നു വിചാരിച്ചു. പ്രണയം സംഗീതയുടെ മനസ്സിലും ഓടിക്കളിക്കുന്നുവെന്നറിഞ്ഞപ്പോൾ ആ തീരുമാനമങ്ങു മാറ്റി.

സംഗീത: അന്നത്തെ എന്റെ ക്രഷ് ക്രിക്കറ്റ് താരം അജയ് ജഡേജയായിരുന്നു. അതിന്റെ നേരെ വിപരീത ദിശയിലുള്ള ആളായിരുന്നു ശ്രീകാന്തേട്ടൻ. പറഞ്ഞും പറയാതെയും ഞങ്ങൾ പ്രണയം തുടർന്നു. പക്ഷേ, രണ്ടിലൊരാൾ തുറ ന്ന് പറയണമല്ലോ. ആ ദൗത്യം നിർവഹിച്ചത് ഞാനാണ്. ഫോൺ വിളിച്ച് കാര്യം പറഞ്ഞു.

ശ്രീകാന്ത്: ആ വിളിയോടെ വീർപ്പുമുട്ടൽ മാറി. ബ്ലോക്കുകൾ പിന്നിട്ട് പ്രണയം ഒാടിത്തുടങ്ങി.

സംഗീത: പരസ്പരം ഒരുമിക്കാൻ തീരുമാനിച്ച രണ്ടു പേർ എന്തെല്ലാം മോഹനസുന്ദരവാഗ്ദാനങ്ങൾ നൽകും. പ ക്ഷേ, എന്നോട് പറഞ്ഞ ഡയലോഗ് ഇന്നും ഒാർമയുണ്ട്. ‘ഞാനും എന്റെ കുടുംബവും സാധാരണക്കാരാണ്. യാതൊരു വാഗ്ദാനങ്ങളുമില്ലാത്ത എന്റെ ജീവിതത്തിലേക്ക് ഞാൻ നിന്നെ ക്ഷണിക്കുകയാണ്.’ പിന്നൊന്നു കൂടി പറഞ്ഞു, ‘സംഗീതേ... മാര്യേജ്, ഇറ്റ്സ് എ ചെയിൻ ഓഫ് കോംപ്രമൈസ്’.

വിവാഹശേഷം എന്റെ മനോരാജ്യം ആകെ പാളി. നമ്പൂതിരി കുടുംബമെന്ന് അറിഞ്ഞപ്പോൾ മനസ്സിലൊരു സിനിമാസെറ്റിട്ടിരുന്നു. വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന, തൊടിയിലെ പൂവാലി പയ്യിനോട് വർത്താനം പറയുന്ന, മുറ്റത്തെ ചീരപ്പൂവുകൾക്ക് ഉമ്മ കൊടുക്കുന്ന പാട്ട് സീൻ.

ഇവിടെ അടിമുടി ഓപസിറ്റ്. കോട്ടയം ഇലഞ്ഞിയിലുള്ള ആലപുരത്തു മഠം തറവാടിന്റെ മരുമകളായി വന്ന പിറ്റേദിവസം ഞാൻ കാണുന്നത് നൈറ്റിയിട്ട് റബർ ഷീറ്റടിക്കാൻ പോകുന്ന ചേച്ചിയെ. അപ്പോഴാണ് നമ്മുടെ നായകന്റെ ഡയലോഗ് ഓർമ വന്നത്. ‘സംഗീതേ, മാര്യേജ്, ഇറ്റ്സ് എ ചെയിൻ ഓഫ് കോംപ്രമൈസ്’.

പക്ഷേ, മുൻവിധികളില്ലാതെ തുടങ്ങിയ ഞങ്ങളുടെ ജീവിതത്തിന് മധുരം കൂടിയിട്ടേയുള്ളൂ. മകൻ മാധവൻ ഒൻപതാം ക്ലാസിലായി. പക്ഷേ, ഞങ്ങളിന്നും പുതുമോടിയിലാണേ. ഇത്രയും കാലത്തിനിടയിൽ നല്ല ദേഷ്യവും സങ്കടവും തോന്നിയ ഒരു സംഭവമുണ്ട്.

പൂർണരൂപം വായിക്കാം

ബിൻഷ മുഹമ്മദ്

ഫോട്ടോ: ബേസിൽ പൗലോ