Thursday 20 October 2022 04:31 PM IST

‘ശ്രീനിയേട്ടൻ അങ്ങനെ ഇമോഷനലാകുന്ന ആളല്ല, പക്ഷേ, അന്ന് ശരിക്കും കരഞ്ഞുപോയി’: അഭിമുഖം

V R Jyothish

Chief Sub Editor

sreenivasan-new

ശ്രീനിവാസനെ കാണണം, വിമല ടീച്ചറിന്റെ ഒരു അഭിമുഖം തരപ്പെടുത്തണം... എന്നീ ഗൂഡലക്ഷ്യങ്ങളോടെയാണ് എറണാകുളത്ത് കണ്ടനാടുള്ള ‘പാലാഴി’ എന്ന വീട്ടിലേക്കു കയറിച്ചെന്നത്. സംവിധായകനും വിമല ടീച്ചറുടെ സഹോദരനുമായ എം. മോഹനനോടൊപ്പം.

സ്വീകരണമുറിയിൽ വെയിലു കൊള്ളാനിരിക്കുകയാണു മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ. കാഴ്ചയിൽ കുറച്ച് അവശതകളുണ്ടെങ്കിലും ചിരിക്ക് മാറ്റമൊന്നുമില്ല. സംസാരിക്കുമ്പോൾ ചിലപ്പോൾ അവ്യക്തമാകും. നാട്ടിൽ നിന്നു വന്ന സുഹൃത്ത് നരേന്ദ്രൻ. നിർമാതാവ് എം.എം. ഹംസ, സുഹൃത്ത് സജീവ്; ഇടത്തും വലത്തുമായി സന്ദർശകർ. ‘എന്താ വേണ്ടത് ചായയോ കാപ്പിയോ’ എന്നു ചോദിച്ച് വിമല ടീച്ചറും കൂടെയുണ്ട്. വിനീതും ധ്യാനും അവരുടെ കുടുംബവും ചെന്നൈയിൽ.

‘ഞാൻ കുറച്ച് വൈറ്റമിൻ ഡിക്കു വേണ്ടി ഇവിടെയിരിക്കുകയായിരുന്നു.’ കൂട്ടച്ചിരിക്കു തുടക്കമിട്ടത് ശ്രീനിവാസ ൻ തന്നെയാണ്. ‘ഡോക്ടർ പ്രത്യേകം പറഞ്ഞു. വെയിലു കൊള്ളണമെന്ന്. അതാണു രാവിലെ മുതൽ ഇവിടെയിരിക്കുന്നത്.’ പിന്നെ, അസുഖവിവരങ്ങൾ പറഞ്ഞു. ചികിത്സ നടക്കുന്നു. ജീവിതത്തിലേക്ക് മെല്ലെ തിരികെ വരുന്നു.

നവമാധ്യമങ്ങൾ ആദരാഞ്ജലി അർപ്പിച്ച ഒരാളാണു നമുക്കു മുന്നിലിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യത പോലും മാനിക്കാതെ ആഘോഷിക്കുന്ന സമൂഹം. ഇത്തരം തളത്തിൽ ദിനേശന്മാർക്കു േനരെയാണ് ശ്രീനിവാസൻ പണ്ട് ടോർച്ചു തെളിച്ചത്.

തീരെ സുഖമില്ലാത്ത അവസ്ഥയിലുള്ള ഒരു ഫോട്ടോ ആരോ പ്രചരിപ്പിച്ചിരുന്നു?

അത് ആശുപത്രിയിൽ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്. അയാൾക്ക് ദീർഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന. അയാൾക്ക് മാത്രമല്ല അയാളെപ്പോലെയുള്ളവർക്കും.

നിഴൽ പോലെ വിമല ടീച്ചർ കൂടെയുണ്ടായിരുന്നു. ഇതൊരു പുനർജന്മമായി തോന്നുന്നുണ്ടോ ശ്രീനിയേട്ടന് ?

മറുപടി പറഞ്ഞത് വിമല ടീച്ചറാണ്. ‘‘പല പ്രാവശ്യം ശ്രീനിയേട്ടൻ ആശുപത്രിയിലായി. അപ്പോഴൊക്കെ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ ഞാൻ പതറിപ്പോയി. ഐസിയുവിൽ കയറി ശ്രീനിയേട്ടനെ കണ്ടശേഷം പുറത്തിറങ്ങിയപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. അന്ന് അമൃത ആശുപത്രിയിലെ ഡോ. ലക്ഷ്മിയും ഡോ. വിവേകുമാണ് എനിക്കു ധൈര്യം തന്നത്. ഡോ. ഗോപാലകൃഷ്ണനോടും ഡോ. മധു ശങ്കറിനോടുമൊക്കെ കടപ്പാടുണ്ട്. അവരൊക്കെയാണ് ശ്രീനിയേട്ടനെ ജീവിതത്തിേലക്കു തിരിച്ചു കൊണ്ടുവന്നത്.’’

അലോപ്പതിക്കാരെ തെറിവിളിച്ചതൊക്കെ വെറുതെയായില്ലേ എന്നു ചോദിക്കുന്നവരുണ്ട് ?

അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നു എന്നു പറഞ്ഞവരുണ്ട്. ഞാ ൻ ആരെയും െതറി വിളിച്ചിട്ടില്ല. ചില കാര്യങ്ങൾ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാൽ പറയും.

ശ്രീനിയേട്ടൻ ഇന്ന് ഇതുപോലെയിരിക്കുന്നത് ടീച്ചറുടെ പ്രാ ർഥന കൊണ്ടല്ലേ ?

ടീച്ചർ പ്രാർഥിക്കാറുണ്ട്. ക്ഷേത്രദർശനവും നടത്താറുണ്ട്. ഞാൻ ഒന്നും വിലക്കിയിട്ടില്ല. ഇപ്പോഴും വിലക്കാറില്ല. ഞാൻ പക്ഷേ, പ്രാർഥിക്കാൻ വേണ്ടി ക്ഷേത്രങ്ങളിൽ പോകാറില്ല. ശബരിമലയിൽ ആദ്യമായി പോയത് ‘ചിന്താവിഷ്ടയായ ശ്യാമള’യുെട ഷൂട്ടിങ്ങിനാണ്.

ജീവിതത്തെക്കുറിച്ച് കുറ്റബോധം തോന്നുന്നുണ്ടോ?

കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചു എന്നൊരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രയ്ക്കും അഡിക്‌ഷൻ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശ മേയുള്ളൂ; കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക.

പലരെക്കുറിച്ചും പല സംഭവങ്ങളെക്കുറിച്ചും മുഖം നോ ക്കാതെ പ്രതികരിക്കാറുണ്ട് ശ്രീനിവാസൻ. ടീച്ചർ അതു വിലക്കാറുണ്ടോ?

വിമല ടീച്ചർ: ആദ്യമൊക്കെ ശ്രമിച്ചിരുന്നു. പക്ഷേ, പരാജയപ്പെട്ടു. പിന്നെ, അങ്ങനെ വിലക്കാൻ പോയാൽ എന്നോടുള്ള ദേഷ്യം കൂടി അയാളുടെ മേൽ പ്രയോഗിക്കും. അതുകൊണ്ട് ഞാനൊന്നും പ്രതികരിക്കാറില്ല.

പല തീവ്രനിലപാടുകളും ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയോ?

ഞാൻ ചൈനാക്കാരനല്ല, പാകിസ്ഥാനിയുമല്ല. കൊള്ളസംഘമോ മാഫിയ സംഘമോ ഉണ്ടാക്കിയിട്ടുമില്ല. ദേശവിരുദ്ധ പ്രവർത്തനങ്ങളിലോ തീവ്രവാദ പ്രവർത്തനങ്ങളി ലോ ഏർപ്പെട്ടിട്ടില്ല. പിന്നെ, ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അതു പറയാതിരുന്നാൽ നമ്മൾ മനുഷ്യരല്ലാതാകും. അതുകൊണ്ട് അതിലൊന്നും എനിക്ക് കുറ്റബോധവുമില്ല.

ഞങ്ങളുടെ നാട്ടിലൊരു പ്രത്യേകതയുണ്ടായിരുന്നു. വിദ്യാഭ്യാസമുള്ളവരൊക്കെ കമ്യൂണിസ്റ്റ് പാർട്ടിക്കാരായിരിക്കും. വിദ്യാഭ്യാസം കുറഞ്ഞവരൊക്കെ പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഈ സഖാക്കളെയാണ്. അവർ േവണ്ട പോലെ സഹായിക്കും. ഈ സാമൂഹ്യപ്രവർത്തനം പണ്ട് സമൂഹത്തിന്റെ താഴേത്തട്ടിൽ ഉണ്ടായിരുന്നു. ഇ പ്പോൾ അതുണ്ടോ എന്നു സംശയം പറയുമ്പോഴാണ് ന മ്മൾ കമ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്.

പാർട്ടിയുടെ പല നേതാക്കളുമായും വ്യക്തിബന്ധമുണ്ടല്ലോ?

എല്ലാ പാർട്ടിക്കാരുമായും സൗഹൃദമുണ്ട്. രാഷ്ട്രീയപ്രവ ർത്തകരാണെന്നു പറഞ്ഞ് അവരെ മാറ്റിനിർത്തേണ്ട കാര്യമുണ്ടോ?

ഒരിക്കൽ ഞാൻ ട്രെയിനിൽ യാത്ര െചയ്യുമ്പോൾ ഒരാൾ വന്നു ചോദിച്ചു. ‘ഫ്രീയാണോ ?’ ഞാൻ ചോദിച്ചു, ‘അതേ എന്താ കാര്യം? ‘ഒരാൾക്ക് താങ്കളോട് സംസാരിക്കണമെന്നുണ്ട്’. ഞാൻ ചോദിച്ചു. ‘ആർക്കാ?’

‘പിണറായി വിജയന്. അദ്ദേഹം ഇങ്ങോട്ടു വരും.’ ഞാൻ പറഞ്ഞു. ‘വേണ്ട. അദ്ദേഹം എവിടെയുണ്ടെന്നു പറഞ്ഞാൽ മതി. ഞാൻ അങ്ങോട്ടു പോകാം.’

അന്ന് അദ്ദേഹം സംസാരിച്ചത് കൂടുതലും എന്റെ അ ച്ഛനെക്കുറിച്ചായിരുന്നു. അച്ഛൻ അദ്ദേഹത്തെ കളരി പഠിപ്പിച്ചിട്ടുണ്ട്. അച്ഛനോട് അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു.

അച്ഛൻ കളരി അഭ്യാസിയായിരുന്നു. കളരി പഠിച്ചിട്ടുണ്ടോ?

എന്നെ കളരിഗുരുക്കളാക്കാനൊന്നും അച്ഛൻ ശ്രമിച്ചിട്ടില്ല. പക്ഷേ, കളരി പഠിപ്പിക്കുമായിരുന്നു. പിന്നെ, സ്കൂളിൽ ആഴ്ചയിൽ രണ്ടുദിവസം കളരി ക്ലാസുണ്ട്. അത് പഠനത്തിന്റെ ഭാഗമാണ്.

കളരിപഠനം കൊണ്ട് എനിക്ക് ഒരിക്കൽ ഉപകാരമുണ്ടായിട്ടുണ്ട്. സ്കൂളിൽ എതിർസംഘവുമായി അടി നടക്കും എന്ന് ഉറപ്പായ ഒരു സന്ദർഭം. ഞങ്ങളുടെ സംഘത്തെ ഞാ ൻ നയിക്കണം എന്നൊരു അഭിപ്രായമുണ്ടായി. കാരണം കളരി പഠിച്ചിട്ടുണ്ട്. പിന്നെ, കളരിഗുരുക്കളുടെ മകനുമാണ്. പറ്റില്ലെന്നു പറയുന്നത് അഭിമാനപ്രശ്നമാണ്. അന്ന് എനിക്കൊരു കാര്യം മനസ്സിലായി. കളരി പഠിച്ചിട്ടുണ്ടെങ്കിലും തറയിൽ നിന്നാലേ പയറ്റാൻ പറ്റൂ. അവന്മാർ എന്നെ തറയിൽ നിർത്തിയില്ല. ഭംഗിയായി കിട്ടി. പിന്നെ, എനിക്ക് ഇത്തരം ‘ഏക്ഷനു’കളിൽ പങ്കെടുക്കേണ്ടി വന്നിട്ടില്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്നവർക്ക് ‘താത്വികാചാര്യനായ കുമാരപിള്ള’ സാറിന് അപ്പുറം മറ്റൊരാളെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല ?

കുമാരപിള്ള സർ ഒരാളല്ല, ഒരുപാടുപേർ ചേർന്ന ഒരാളാണ്. ഒരു ഗ്രാമത്തിന് അപ്പുറം അവരുടെ ചിന്തയും പ്രായോഗികബുദ്ധിയും വളരുന്നില്ല. എന്നാൽ ലോകം മാറ്റിമറിക്കാൻ കഴിയും എന്നൊരു ധാരണയിലാണ് അവർ ജീവിക്കുന്നത്. കുമാരപിള്ള സർ കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ പ്രതിനിധിയാണെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം യഥാർഥ കമ്യൂണിസ്റ്റാണ്.’’

ഇടയ്ക്കൊരു ഫോൺ കോൾ. വിമല ടീച്ചർ ദീർഘമായി സംസാരിച്ചു. പിന്നീട് ശ്രീനിവാസന് ഫോൺ കൈമാറി. ‘സുഖമായിരിക്കുന്നു. നവംബറിൽ പുതിയ സിനിമ തുടങ്ങും. അപ്പോൾ തിരുവനന്തപുരത്തു വരും. കാണാം.’ നെടുമുടി വേണുവിന്റെ ഭാര്യ സുശീലയായിരുന്നു ഫോണിൽ. അൽപം നിശബ്ദതയ്ക്കു ശേഷം ശ്രീനിവാസൻ തുടർന്നു.

തിരുവനന്തപുരത്ത് വേണുവിന്റെ വീട്ടിൽ അഭയാർഥിയായി ജീവിച്ചിട്ടുണ്ട് ഞാൻ പലവട്ടം. ഒരിക്കൽ ഞങ്ങൾ കുറച്ചുപേർ വേണുവിന്റെ വീട്ടിലിരുന്ന് ചീട്ടു കളിക്കുകയാണ്. കളിക്കിടയിൽ ഞാൻ ഇടയ്ക്കിടയ്ക്ക് ഉച്ചത്തിൽ ‘എന്റെ ചീട്ടുകളി ഭഗവതീ....’ എന്ന് പറയുന്നുണ്ട്. അന്ന് വേണുവിന്റെ അമ്മ വീട്ടിലുണ്ട്. ഞങ്ങൾ പോയതിനുശേഷം അമ്മ വേണുവിനോടു പറഞ്ഞത്രേ, ‘നീ ആ ശ്രീനിവാസനെ കണ്ടു പഠിക്കണം. ഏതുനേരവും ഭഗവതി എന്ന ഒ റ്റചിന്തയുമായാണ് അവൻ ജീവിക്കുന്നത്.’

മഴവിൽ മനോരമയുടെ പരിപാടിക്കാണ് ശ്രീനിയേട്ടനെ മലയാളികൾ വീണ്ടും കണ്ടത്. വൈകാരികമായിരുന്നു പല മു ഹൂർത്തങ്ങളും.

വിമല ടീച്ചർ: ശ്രീനിയേട്ടൻ അങ്ങനെയൊന്നും ഇമോഷ നലായി കാണുന്ന ആളല്ല. പക്ഷേ, അന്ന് പരിപാടിക്കിടെ പുള്ളി കരഞ്ഞുപോയി. വിനീതിനും പ്രണവിനും കല്യാ ണിക്കും ഒരുമിച്ച് അവാർഡ് പ്രഖ്യാപിച്ചപ്പോഴാണ് ശ്രീനിയേട്ടൻ വിതുമ്പിപ്പോയത്.

ശ്രീനിവാസൻ: ഞാനൊരു നിമിഷം പഴയതൊക്കെ ഓർത്തുപോയി. ഇങ്ങനെയുള്ള സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാനോ പ്രിയനോ മോഹൻലാലോ ചിന്തിച്ചിരുന്നില്ല. ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ കഴിഞ്ഞ സമയം. ‘പഞ്ചവടിപ്പാല’ത്തിന്റെ ഷൂട്ടിങ് കോട്ടയത്ത് നടക്കുന്നു. ഒരു ദിവസം പ്രിയൻ സെറ്റിൽ വന്നു. പുതിയ സിനിമയെക്കുറിച്ചു സംസാരിക്കാനാണ് വന്നത്. ‘ഓടരുതമ്മാവാ. ആളറിയാം’ തിരുവനന്തപുരത്താണു ലൊക്കേഷൻ.

പറഞ്ഞ ദിവസം ഞാൻ തിരുവനന്തപുരത്ത് എത്തി. അമൃത ഹോട്ടലിൽ മുറിയെടുത്തു. അടുത്ത മുറിയിൽ പ്രിയനുണ്ട്. ‘എന്താ വന്നത് ?’ പ്രിയൻ എന്നോടു ചോദിച്ചു. ഞാൻ െഞട്ടിപ്പോയി. എങ്കിലും അതു പുറത്തുകാണിക്കാതെ ഞാ‍ൻ പറഞ്ഞു; ‘അഭിനയിക്കാൻ. എന്തേ?’

‘നടന്നതു തന്നെ’

‘അതെന്താ?’

‘അഭിനയിക്കണമെങ്കിൽ സ്ക്രിപ്റ്റ് വേണം. അതില്ല. വേണമെങ്കിൽ എഴുതി അഭിനയിക്കാം.’ പ്രിയന്റെ മറുപടി. ‘വ ൻ ചതിയായിപ്പോയെന്ന്’ ഞാൻ. എന്തുകൊണ്ടോ പ്രിയന് എഴുതാൻ കഴിഞ്ഞില്ല. ഷൂട്ടിങ് തുടങ്ങി മൂന്നാലു ദിവസമായി. ഒന്നോ രണ്ടോ പാട്ടുകൾ വച്ച് പ്രിയൻ ഈ ദിവസങ്ങളിൽ ഷൂട്ടിങ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

എനിക്ക് അതൊരു പുതിയ പാഠമായിരുന്നു. ലൊക്കേഷനിലിരുന്ന് സ്ക്രിപ്റ്റ് എഴുതാമെന്നും അതു നന്നാവുമെന്നുമുള്ളത്. അക്കാര്യത്തിൽ ഞാൻ പ്രിയനോടു കടപ്പെട്ടിരിക്കുന്നു.

‘എനിക്കുവേണ്ടി ശ്രീനിവാസൻ മനസ്സുരുകി എഴുതിയ കഥാപാത്രങ്ങളെ നിങ്ങൾ എന്തുകൊണ്ടു കാണുന്നില്ല’ എന്ന് മോഹൻലാൽ ഒരിക്കൽ വിമർശകരോട് മനസ്സുരുകി ചോദിച്ചു?

അദ്ദേഹം അങ്ങനെ ചോദിച്ചതായി എനിക്ക് അറിയില്ല. ന മ്മൾ ഒരു കഥാപാത്രത്തെ മനോഹരമാക്കി എഴുതുന്നു. ആ കഥാപാത്രത്തെ കാഴ്ചക്കാരുടെ മനസ്സിൽ തങ്ങിനിർത്തുന്നത് നടന്റെ വൈഭവമാണ്. ഞാൻ എഴുതിയ കഥാപാത്രങ്ങളെ ലാൽ അവിസ്മരണീയമാക്കിയെങ്കിൽ അത് അദ്ദേഹത്തിന്റെ നടനവൈഭവം. അതിന്റെ ഒരു ക്രെഡിറ്റും ഞാൻ എടുക്കുന്നില്ല.

വിമല ടീച്ചർ: ശ്രീനിയേട്ടന്റെ അസുഖം ഇത്രയൊന്നും ഭേദമാകാതിരുന്ന സമയത്താണ് ഒരുദിവസം രാവിലെ പ്രണവ് വിനീതിനൊപ്പം വന്നത്. സാധാരണ ഞങ്ങൾ ആരെങ്കിലും ചെന്ന് ശ്രീനിയേട്ടനെ വിളിച്ചുണർത്തി പിടിച്ചുകൊണ്ടു വ ന്ന് ഇരുത്തുകയാണു പതിവ്. അന്നു നോക്കുമ്പോൾ ശ്രീനിയേട്ടൻ ഒറ്റയ്ക്ക് എണീറ്റ് സ്വീകരണമുറിയിൽ വന്നിരിക്കുന്നു. ഞങ്ങൾക്ക് അദ്‍ഭുതമായി. പ്രണവ് വീട്ടിൽ വന്ന വിവരം മയക്കത്തിനിടയിൽ എങ്ങനെയോ അറിഞ്ഞു. പ്രണവിനെ കാണാൻ വേണ്ടി എഴുന്നേറ്റു വരുകയായിരുന്നു. ആ സംഭവത്തിനുശേഷം എന്നും രാവിലെ എഴുന്നേറ്റു വരും.

ശ്രീനിവാസൻ: പ്രണവിനെ എനിക്ക് വലിയ ഇഷ്ടമാണ്. അത് മോഹൻലാലിന്റെ മകനായതുകൊണ്ടു മാത്രമല്ല അവന് നല്ല വ്യക്തിത്വമുണ്ട്. അതുകൊണ്ടുകൂടിയാണ്.

രോഗത്തിന്റെ തീവ്രാനുഭവങ്ങൾ മറികടന്ന് ശ്രീനിവാസൻ വായനയിലേക്കു കടക്കുന്നു. മനോജ് രാംസിങ് എഴുതിയ‘കുറുക്കൻ’ എന്ന സിനിമയുടെ തിരക്കഥയാണ് ആ ദ്യം. ശ്രീനിവാസനും വിനീതും ൈഷൻ ടോം ചാക്കോയും അഭിനയിക്കുന്നു. എം. മോഹനനു വേണ്ടി രാകേഷ് മാങ്ങോടി എഴുതുന്ന സിനിമയിലും അഭിനയിക്കുന്നു.

രജനികാന്ത് ഇപ്പോൾ വിളിക്കാറുണ്ടോ?

ഇല്ല. എനിക്ക് അസുഖമായതൊന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. വലിയ സ്േനഹമാണ് അദ്ദേഹത്തിന്. പ്രത്യേകിച്ച് സഹപാഠികളോട്.

വിനീതും ധ്യാനും സിനിമയിൽ സജീവമായി. ശ്രീനിയേട്ടന് അവരെ സിനിമയിൽ കൊണ്ടുവരാൻ താൽപര്യമില്ലായിരുന്നു?

മക്കൾ പഠിച്ച് ജോലി വാങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം. പത്താംക്ലാസിൽ പഠിക്കുമ്പോൾ വിനീതിന് സംസ്ഥാനസ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനം കിട്ടി. അതോടെ നാട്ടിലെങ്ങും വലിയ സ്വീകരണങ്ങൾ കിട്ടി. കണ്ണൂർ ജില്ലയിൽ എവിടെ പരിപാടിയുണ്ടെങ്കിലും വിനീതുമുണ്ട് എന്നൊരു അവസ്ഥയുണ്ടായി. പഠനം ഉഴപ്പുമെന്ന് വിമല മുന്നറിയിപ്പു തന്നു. അങ്ങനെയാണ് പ്ലസ് വണ്ണിന് വിനീതിനെ ചെന്നൈയിലേക്കു മാറ്റുന്നത്.

ഒരിക്കൽ ഞാൻ അവനെക്കാണാ‍ൻ അവന്റെ സ്കൂളിൽ പോയി. അവിടെ ഹോസ്റ്റലിൽ ഭക്ഷണമൊന്നും വേണ്ടപോലെ കിട്ടാതെ അവൻ അവശനായിരുന്നു. ഞാൻ പറഞ്ഞു. ‘മോനേ... ജീവിതം എന്നു പറയുന്നത് ഒരു യുദ്ധമാണ്. നമ്മൾ അതു നേരിടണം. തോറ്റു പിന്മാറാൻ പാടില്ല.’ അതുകേട്ടപ്പോൾ അവന്റെ മറുപടി. ‘യുദ്ധം കണ്ടുനിൽക്കുന്നവർക്ക് അങ്ങനെയൊക്കെ പറയാം.’ പിന്നീട് ഞാനൊന്നും പറഞ്ഞില്ല. ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറി.

രണ്ടുപേരും ഒരുമിച്ചിരിക്കുന്നതുകൊണ്ടു ചോദിക്കുകയാ ണ്. പഴയ പ്രണയകാലം ഇപ്പോൾ ഓർക്കാറുണ്ടോ?

അന്നത്തെക്കാലത്ത് ‍‍‍ഡിഗ്രി പാസായവർക്കുള്ള ആദ്യത്തെ ആശ്രയം പാരലൽ കോളജിൽ പഠിപ്പിക്കുക എന്നതാണ്. കുറച്ചുനാൾ ഞാനും അധ്യാപകനായി, കതിരൂർ ഓവർ കോളജിൽ. കൊട്ടിയോടിയിൽ നിന്ന് പൂക്കോട് ജംക്‌ഷൻ വരെ നടന്നാണ് യാത്ര. ഈ യാത്രയിലാണ് ഞാൻ വിമലയെ കാണുന്നത്. വിമല അന്ന് കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്നു. വിമലയും ബ സ് കയറുന്നത് പൂക്കോട് ജംഗ്ഷനിൽ നിന്നാണ്. അങ്ങനെയാണ് പരസ്പരം കാണുന്നതും സംസാരിക്കുന്നതും.

വീട്ടിലെ സാഹചര്യങ്ങൾ മോശമാണ്. അതുകൊണ്ട് പ്രണയം, വിവാഹം അങ്ങനെയുള്ള ചിന്തകളൊന്നുമില്ല. എ ങ്കിലും മിക്കവാറും ദിവസങ്ങളിൽ കാണും, സംസാരിക്കും. ആ സമയത്താണ് എന്നെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവ്യൂവിനു വിളിക്കുന്നത്. അവിശ്വാസിയാണെങ്കിലും ഞാൻ പറഞ്ഞു; ‘ഇന്റർവ്യൂ പാസ്സാകാൻ പ്രാർഥിക്കണം.’ വിമലയുടെ മറുപടി; ‘നിങ്ങൾക്ക് കിട്ടാതിരിക്കാൻ വേണ്ടി ഞാൻ പ്രാർഥിക്കും.’

വിമല പ്രാർഥിച്ചിട്ടുണ്ടാകണം. അതാണ് എനിക്ക് അവിടെ കിട്ടിയത്. പിന്നെ, ഞങ്ങൾ കത്തിലൂടെയായിരുന്നു ആ ശയവിനിമയം. വീടും പറമ്പുമൊക്കെ ജപ്തി ചെയ്തതിനുശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. ഒരുതരത്തിൽ ജപ്തി ചെയ്തത് നന്നായി എന്നു ഞാൻ വിമലയോടു പ റഞ്ഞിട്ടുണ്ട്. വീട് പോയതോടെ ഞങ്ങളൊരു വാടകവീട്ടി ലേക്കു മാറി. പക്ഷേ, അച്ഛൻ അവിടെ നിന്നില്ല. അദ്ദേ ഹം ഒരു ബന്ധുവീട്ടിൽ അഭയം തേടി. അല്ലെങ്കിൽ വിവാഹം കഴിഞ്ഞുവന്ന ഞങ്ങളെ ചിലപ്പോൾ വീട്ടിൽ കയറ്റില്ലായിരുന്നു.

വിമല ടീച്ചർ: 1984 ജനുവരി 13–ാം തീയതി െവള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ കല്യാണം. അതിന് മൂന്നു ദിവസം മുൻപ് ശ്രീനിയേട്ടൻ നാട്ടിൽ വന്നു.

മോഹനനും ശ്രീനിയേട്ടന്റെ ഒരു സുഹൃത്തും കൂടിയാണ് വീട്ടിൽ വന്ന് വെള്ളിയാഴ്ചയാണ് വിവാഹം എന്നു പറയുന്നത്. കതിരൂർ റജിസ്റ്റാർ ഓഫിസിൽ വച്ച്. രാവിലെയാണു സമയം. അതിനു മൂന്നാലു ദിവസം മുൻപ് ഞാൻ മോഹനനോടു പറഞ്ഞു; ‘നമുക്ക് തലശ്ശേരി വരെ ഒന്നു പോകണം’. തലശ്ശേരിയിൽ ശ്രീനിേയട്ടൻ ഒരു ഓട്ടോറിക്ഷയിൽ ഞങ്ങളെ കാത്തിരിക്കുന്നു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് അടുത്തുള്ള ശങ്കുണ്ണി ആൻഡ് സൺസ് എന്ന കടയിൽ നിന്നാണ് സാരിയും മറ്റ് അത്യാവശ്യ സാധനങ്ങളുമൊക്കെ വാങ്ങിയത്.

‘നിനക്ക് ഷർട്ടൊന്നും േവണ്ടേ’ എന്ന് മോഹനനോട് ശ്രീനിയേട്ടൻ. ‘വേണ്ടെ’ന്ന് മോഹനന്റെ മറുപടി. ശ്രീനിയേട്ടന്റെ കയ്യിൽ പൈസയില്ലെന്ന് അറിയാം. കല്യാണദിവസം രാവിലെ കൂത്തുപറമ്പിൽ പോയി ടാക്സി വിളിച്ചുകൊണ്ടുവന്നത് മോഹനനാണ്. കല്യാണം കഴിഞ്ഞ് ഞങ്ങൾ ശ്രീനിയേട്ടന്റെ വാടകവീട്ടിലേക്കാണു പോയത്.

‘ക്ഷീണമുണ്ട്. ഇനിയും സംസാരിക്കാൻ വയ്യ. ഞാൻ ഒന്നു കിടക്കട്ടെ.’ ശ്രീനിയേട്ടൻ എഴുന്നേറ്റു മെല്ലെ നടന്നു.

അറിയാൻ വേണ്ടി ചോദിക്കുകയാണ് മോഹൻലാൽ ഉമ്മ വച്ചപ്പോൾ എന്തു തോന്നി?

അതുകൊണ്ടൊക്കെയാണല്ലോ നമ്മൾ അദ്ദേഹത്തെ മോഹൻലാൽ എന്നു വിളിക്കുന്നത്.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ശ്യാം ബാബു,

മലയാള മനോരമ, വനിത ആർക്കീവ്സ്