Thursday 18 May 2023 11:57 AM IST

‘അംഗൻവാടി ടീച്ചറായ എന്റെ അമ്മ ഏറ്റവും സന്തോഷിക്കുക ഞാൻ സിനിമയിൽ സജീവമായിരിക്കുമ്പോഴാണ്’: സ്റ്റെഫി സേവ്യര്‌‍

V.G. Nakul

Sub- Editor

steffy-xavier

വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണു സിനിമയെന്ന സ്വപ്ന ലോകത്തേക്കു സ്റ്റെഫി സേവ്യർ എത്തിയത്. എട്ടു വർഷത്തിനിടെ 90 സിനിമകളുടെ വസ്ത്രാലങ്കാരകയായി. ‘ഗപ്പി’യിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തേടിയെത്തി. ഇപ്പോഴിതാ, സിനിമയിൽ മറ്റൊരു പടവു കൂടി സ്റ്റെഫി പിന്നിട്ടിരിക്കുന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മധുര മനോഹര മോഹം’ ഉടൻ തിയറ്ററുകളിലെത്തും.

‘‘സംവിധാനം പെട്ടെന്നു തീരുമാനിച്ചതല്ല. എനിക്കു കഥ പറയാൻ വലിയ ഇഷ്ടമാണ്. ഭാവങ്ങൾ അഭിനയിച്ചാണു കഥ പറയുന്നത്. അതു പതിയെ സിനിമാസംവിധാനം എന്ന മോഹത്തിലേക്കു വളർന്നു. കോളജ് പഠനം കഴിഞ്ഞ് 2015 ൽ നേരെ സിനിമയിലെത്തി. വസ്ത്രാലങ്കാരകയായി പിറ്റേവർഷം മുതൽ സംവിധാനമോഹം മനസ്സിൽ കയറിയതാണ്. രണ്ടു വർഷത്തിനു ശേഷമാണ് അതു പുറത്തു പറയാനുള്ള ധൈര്യം വന്നത്. പിന്നെയും ഒരു വർഷം കൂടിയെടുത്തു അതിനുള്ള ശ്രമങ്ങൾ തുടങ്ങാൻ. അതാണ് ഇപ്പോൾ ‘മധുര മനോഹര മോഹം’ എന്ന സിനിമയായി മാറിയത്. വസ്ത്രാലങ്കാരത്തിൽ നിന്നു ബ്രേക് എടുത്തിട്ടൊന്നുമില്ല. സംവിധാനം അതിനൊപ്പം കൊണ്ടുപോകുകയാണ്. ‘ആടുജീവിതം’ ആണ് ഇനി എന്റെ കോസ്റ്റ്യൂം ഡിസൈനിൽ വരാനുള്ള വലിയ സിനിമ.’’ സ്റ്റെഫി പറയുന്നു.

എല്ലാം ടീം വർക്

‘‘സംവിധാനം ആയാലും കോസ്റ്റ്യൂം ഡിസൈനിങ്ങായാലും ടീം വർക് ആണ്. കരിയറിന്റെ തുടക്കം മുതൽ ഒരേ സമയം മൂന്നു സിനിമകൾക്കൊക്കെ കോസ്റ്റ്യൂം ചെയ്തിരുന്നു. മൾട്ടിടാസ്കിങ് കഴിവ് ഉണ്ടെന്ന ആത്മവിശ്വാസമുണ്ട്. വ്യക്തിപരമായ എന്തും മാറ്റിവച്ചാലും പ്രഫഷനൽ കാര്യങ്ങൾ കൃത്യമായി ചെയ്യും. സംവിധാനത്തിലേക്കു കടക്കുന്നതിനു രണ്ടു മാസം മുൻപു വരെ വസ്ത്രാലങ്കാരകയായി ജോലി ചെയ്തിരുന്നു. രണ്ടിലും എനിക്കു തുണയായതു ടീമിന്റെ പിന്തുണയാണ്. ടെൻഷൻ ഇല്ലെന്നല്ല, അതൊക്കെ മാനേജ് ചെയ്തു പോകും.

എന്റെ തന്നെ ഒരു കഥ സിനിമയാക്കണം എന്ന ആഗ്രഹത്തിൽ നിൽക്കുമ്പോഴാണു സുഹൃത്തുക്കളായ മഹേഷ് ഗോപാലും ജയ് വിഷ്ണുവും ഒരു തിരക്കഥ വായിക്കാൻ തന്നത്. എനിക്കതു വലിയ ഇഷ്ടമായി. അങ്ങനെയാണു‘മധുര മനോഹര മോഹ’ ത്തിന്റെ തുടക്കം.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഫാമിലി എന്റർ‌ടെയ്നറാണു ‘മധുര മനോഹര മോഹം’. എന്നാൽ, എല്ലാവർക്കും പരിചയമുള്ള ഒരു കഥയല്ല ഈ സിനിമയിലുള്ളത്. ചിലപ്പോൾ നിങ്ങൾക്കിതു പരിചയമുണ്ടാകും എന്നേ പറയാനാകൂ. അതാണ് എന്നെ ആകർഷിച്ചതും.

90 സിനിമകളിൽ നിന്ന്

ഏകദേശം 90 സിനിമകൾക്കു കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. ഈ സിനിമകളുടെയെല്ലാം സംവിധായകരിൽ നിന്ന് എ ന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ട്. എന്റേതായ കാഴ്ചപ്പാടിൽ കഥാപാത്രങ്ങളെ മനസ്സിൽ കണ്ടാണല്ലോ ഡിസൈൻ തീരുമാനിക്കുക. അത് എങ്ങനെയാണു സംവിധായകര്‍ ആവിഷ്കരിക്കുകയെന്നു ശ്രദ്ധിക്കും. ബി. ഉണ്ണികൃഷ്ണൻ സർ സെറ്റ് നിയന്ത്രിക്കുന്നതും മിഥുൻ മാനുവൽ തോമസ് ടെൻഷൻ കൈകാര്യം ചെയ്യുന്നതുമൊക്കെ ആകർഷിച്ചിട്ടുണ്ട്.

രജീഷ അടുത്ത സുഹൃത്താണെങ്കിലും ഈ സിനിമയുടെ കഥ പറയുമ്പോൾ ഞാനാണു സംവിധായിക എന്നു തീരുമാനിച്ചിരുന്നില്ല. ഇത്രനാൾ സിനിമയിലുണ്ടായിരുന്നുവെന്നതുകൊണ്ടു മാത്രം കാര്യങ്ങൾ എളുപ്പമായിരുന്നില്ല. നിർമാതാവിനെ കിട്ടാൻ ഏറെ പ്രയാസപ്പെട്ടു. സുഹൃത്തും സംവിധായകനുമായ അൽത്താഫ് സലിം വഴിയാണു ബിത്രീഎം ക്രിയേഷന്‍സ് ചിത്രം ഏറ്റെടുത്തത്. ഒരു പുതുമുഖ സംവിധായികയ്ക്കു കിട്ടാവുന്ന ഏറ്റവും മികച്ച അനുഗ്രഹമാണു നല്ല പ്രൊഡക്‌ഷൻ. ആ ഭാഗ്യം എനിക്കുണ്ടായി.

steffy-xavier-1

പണി പാളിയ തമിഴ് ജ്ഞാനി

സിനിമ തുടങ്ങുമ്പോൾ എന്റെ സുഹൃത്തിനെയാണു ക്യാമറ ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ‘ഞാൻ കണ്ണുകളാൽ നിർദേശം നൽകിയാലും കാര്യം മനസ്സിലാകുന്നയാൾ വേണം ക്യാമറമാൻ’ എന്നു സുഹൃത്തുക്കളോടു പറയുമായിരുന്നു. പക്ഷേ, ഡേറ്റ് പ്രശ്നം വന്ന് അദ്ദേഹത്തിനു വരാനായില്ല. വന്നത് തമിഴ്നാട്ടുകാരൻ ചന്ദ്രു സെൽവരാജാണ്. അദ്ദേഹത്തിനു മലയാളം അറിയില്ല. പിന്നെ, പല ഭാഷകൾ മിക്സ് ചെയ്തു ഞാൻ പിടിച്ചു നിൽക്കുകയായിരുന്നു.

പണ്ട്, രജീഷ തമിഴ് പടമൊക്കെ ചെയ്യുന്നതിനു മുൻപ് ഇവിടുത്തെ ‘തമിഴ് ജ്ഞാനി’ ഞാനാണെന്ന് ഒരു തോന്നലുണ്ടായിരുന്നു. അവൾക്കു തമിഴിൽ ഫോൺ കോൾ വരുമ്പോൾ ഞാനാണു വിവർത്തക. തമിഴിൽ പോയി നാലഞ്ച് പടം ചെയ്തു തിരിച്ചു വന്നശേഷം ഇപ്പോൾ സെറ്റിൽ എന്റെ തമിഴ് കേട്ട് രജീഷ ചിരിയോടു ചിരി. ‘നീ ചിരിക്കല്ലേ. പണ്ട് എന്റെ തമിഴാണ് നിനക്ക് ഉപയോഗപ്പെട്ടതെന്ന്’ ഞാൻ പറഞ്ഞപ്പോൾ‌, ‘ഇപ്പോഴല്ലേ മനസ്സിലായത്, നീ അന്ന് പറഞ്ഞത് തമിഴല്ലെന്ന്’ എന്നായിരുന്നു അവളുടെ കൗണ്ടർ. എന്തായാലും ഇപ്പോൾ ഞാൻ ശരിക്കും തമിഴ് ജ്‍ഞാനിയാണ്.

എന്റെ ഭാഗ്യങ്ങൾ

‘ആടുജീവിതം’ 2017 ൽ ആണ് ഞാൻ കമിറ്റ് ചെയ്തത്. കരിയറിൽ രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ബ്ലസി, എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി, കെ. യു മോഹനൻ, പൃഥ്വിരാജ് എന്നിവർക്കൊപ്പം എന്റെ പേരും. എല്ലാവരുടെ ജീവിതത്തിലും എപ്പോഴെങ്കിലുമൊക്കെയൊരു അദ്ഭുതം സംഭവിക്കില്ലേ. അതാണ് എനിക്ക് ആടുജീവിതം.

അംഗൻവാടി ടീച്ചറായ അമ്മ ഗ്രേസിയും കേന്ദ്രസർക്കാർ ജീവനക്കാരനായ ചേട്ടൻ ടിറ്റോയും ഏറ്റവുമധികം സന്തോഷിക്കുക ഞാൻ സിനിമയിൽ സജീവമായിരിക്കുമ്പോഴാണ്. അവരതിൽ വളരെയധികം അഭിമാനിക്കുന്നു. ഫാഷൻ ഡിസൈനിങ് പഠിക്കണം, സിനിമ ചെയ്യണം എന്നു പറഞ്ഞപ്പോൾ ഈ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത അവർ എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിന്നു. അതാണ് എന്റെ ശക്തിയും ഭാഗ്യവും.’’