Wednesday 03 May 2023 12:35 PM IST

‘കണ്ണീരും തുടച്ച് വേദിയുടെ വശത്തു കൂടി ആരും കാണാതെ വീട്ടിലേക്കു നടന്നു’: വേദനിപ്പിച്ച അനുഭവം: മനസുതുറന്ന് സുധീർ

Rakhy Raz

Sub Editor

sudheer-paravur-114

ശ്യാമാംബരം..

നീളേ മണിമുകിലിന്നുള്ളിൽ

തുടിയുണരും നേരം

തിങ്കൾക്കലമാനോടുന്നു..

ജോൺസൺ മാഷിന്റെ അപൂര്‍വ സുന്ദരമായ ഈ ഗാ നം മൂളുമ്പോൾ വരികൾ ‘ആമാശയം... നേർത്തൊരു ചെറുകുടലിൻ ചാരെ വൻ കുടലിൻ മീതേ സൈലന്റായ് സ്ഥിതി ചെയ്യുന്നു...’ എന്നായി പോകാറുണ്ടോ?

എങ്കിൽ പണിപറ്റിച്ചതു കേശവൻ മാമനാണ്. മാമൻ പാടിത്തുടങ്ങിയതിൽ പിന്നെ, പല സൂപ്പർഹിറ്റ് പാട്ടുകളുടെയും സ്ഥിതി ഇതാണ്. കേശവൻ മാമനായി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ സുധീർ പറവൂർ ഇന്ന് പാരഡി പാട്ടുകളിലെ കിങ് ആണ്. മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന സുധീർ പറവൂരിന്റെ വിശേഷങ്ങൾക്കൊപ്പം.

ഒരു ചങ്കു പൊട്ടിയുള്ള നിലവിളി പോൽ... സരസൻ സരിഗമ പാടി..

ഒറിജിനൽ ഗാനം:

നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ

സ്കൂൾ പഠനകാലത്തേ മിമിക്രിയുണ്ട്. അത്യാവശ്യം വെള്ളി ചേർത്തു പാടുന്ന ഗായകനുമായിരുന്നു. അച്ഛൻ സുകുമാരൻ വില്ലടിച്ചാൻ പാട്ടുകാരനായിരുന്നു. അമ്മ ഷൈല. നാട്ടിലെ നാടകങ്ങളിലാണ് അഭിനയത്തിലെ തുടക്കം. പാടാനുള്ള കഴിവിന്റെ പേരിലാണ് ബാലസംഘത്തിൽ ചേരുന്നത്. ബാലസംഘത്തിന്റെ ക്യാംപിൽ രക്ഷാധികാരിയായി എത്തിയ മിമിക്രി ആർട്ടിസ്റ്റ് സൈനൻ കെടാമംഗലത്തിന്റെ കൂടെ രണ്ടു ദിവസം ചെലവിടാൻ അവസരം കിട്ടി. അദ്ദേഹത്തിൽ നിന്ന് അനുകരണകല പഠിച്ചു സ്കൂളിൽ അവതരിപ്പിച്ചപ്പോൾ കയ്യടി കിട്ടി. അത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.

പത്താം ക്ലാസ്സിസിനു ശേഷം നാട്ടിലെ കൂട്ടുകാരുമൊത്തു പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. വല്യച്ഛന്റെ മക്കളാണു സ്റ്റേജ് സംഘടിപ്പിച്ചു തരുന്നത്. പള്ളിപ്പെരുന്നാളിനു നടന്ന മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, സമ്മാനദാനം കഴിഞ്ഞു നാടകത്തിനു മുൻപുള്ള അഞ്ചുമിനിറ്റ് അവർ എനിക്കു വേണ്ടി സെറ്റാക്കി.

ആദ്യമായി സ്റ്റേജിൽ കയറുമ്പോൾ തലകറങ്ങി വീഴുന്ന കുട്ടിയാണ് ആദ്യഐറ്റം. സ്കൂളിൽ ഇതു പരീക്ഷിച്ചു വിജയിച്ച ധൈര്യത്തിലാണ് ഇവിടെയും പയറ്റാനിറങ്ങിയത്. ‘വീഴ്ചാഭിനയം’ കൂടുതൽ നാചുറൽ ആയിപ്പോയി. സാരമായ വീഴ്ച, നന്നായി വേദനിച്ചു. ഒരു വിധം എഴുന്നേറ്റ് മൈക്കിനു മുന്നിൽ ചെന്നു നിന്നു. സദസ്സിൽ നിന്നു നല്ല ചീത്തവിളി. കർട്ടൻ വലിക്കുന്നവർ വരെ അതിനൊപ്പം കൂടി.

ഞാൻ സ്റ്റേജിന്റെ പിന്നിൽ പോയിരുന്നു കരഞ്ഞു. നാടകം തുടങ്ങി .ലൈറ്റുകൾ അണഞ്ഞു. കണ്ണീരും തുടച്ച് വേദിയുടെ വശത്തുകൂടി ആരും കാണാതെ വീട്ടിലേക്കു നടന്നു. അന്നു തീരുമാനിച്ചു. ഇനി ഇല്ല മിമിക്രി. ഒരു മാസം കഴിഞ്ഞു. സങ്കടം കുറഞ്ഞു. വീണ്ടും മിമിക്രി തുടങ്ങി. സഭാകമ്പം നന്നായി ഉണ്ടായിരുന്നു. പക്ഷേ, ക്രമത്തിൽ അത് അതിജീവിച്ചു. അന്നൊന്നും ടെലിവിഷൻ ചാനൽ അവസരങ്ങൾ ഇത്ര ഉണ്ടായിരുന്നില്ല. നാട്ടിൻപുറത്തു നിന്നൊരാൾക്ക് അതൊക്കെ എത്തിപ്പിടിക്കാനും വിഷമമായിരുന്നു. എങ്കിലും ശ്രമം തുടർന്നു. പറവൂർ കുട്ടൻ തുരുത്താണു നാട്.

കട്ടപ്പനയിലെ റിത്വിക് റോഷന്റെ തിരക്കഥാകൃത്ത് ബിപിൻ ജോർജ് എഴുതിയിരുന്ന കോമഡി പ്രോഗ്രാമിലൂടെയാണു പാരഡി പാട്ടെഴുത്തു തുടങ്ങുന്നത്. പരിപാടിയിലെ പാരഡികളിലെ വാക്കുകളുടെ രസക്കുറവു തിരുത്തിക്കൊടുത്തു. അതോടെ ബിപിൻ പാരഡിയെഴുത്ത് എനിക്കു തന്നു. ആദ്യം എഴുതിയ പാട്ട് ഒരു ചങ്കു പൊട്ടിയുള്ള നിലവിളിപോൽ ആയിരുന്നു.

sudheer-1

ആരെയും ബാബു ഗായകനാക്കും

ഗാനഭൂഷണമാണവൻ

ഒറിജിനൽ ഗാനം – ആരെയും ഭാവഗായകനാക്കും

ബഡായ് കേണൽ ആയിരുന്നു ചാനലിലെ ആദ്യ ഹിറ്റ്. മഴവിൽ മനോരമ കോമഡി ഫെസ്റ്റിവലിൽ ഞങ്ങളുടെ ടീം ഡെയ്ഞ്ചർ സോണിലെത്തിയപ്പോഴാണു കേണൽ എന്ന ആശയം വരുന്നത്. അതു ഡെയ്ഞ്ചർ സോൺ കടത്തിവിട്ടു. പ്രോഗ്രാമിൽ നാലാം സ്ഥാനവും നേടി.

നരച്ച താടിയും മുടിയും കൊമ്പൻ മീശയുമാണു കേണലിന്റെ ഗെറ്റപ്പ്. അതുകൊണ്ടു പലരും ഒറിജിനലിനെ തിരിച്ചറിഞ്ഞില്ല. ഗൾഫ് പ്രോഗ്രാമിനു ചെന്നപ്പോൾ സംഘാടകരിലൊരാൾ വന്നു ചോദിച്ചു. ‘അല്ലാ നിങ്ങളുടെ ടീമിലെ കേണൽ വന്നില്ലേ’. ഞാനാണ് ആ കേണൽ എന്നു പറഞ്ഞപ്പോൾ അദ്ദേഹം ‘ങേ... ഇവനോ’ എന്ന മട്ടിൽ നോക്കി. നാടോടിക്കാറ്റ് എന്ന പരിപാടിയിലൂടെയാണ് ക്ലീഞ്ഞോ പ്ലീഞ്ഞോ സൗണ്ട്സ് ഉള്ള തത്തേ എന്ന പാട്ട് ഹിറ്റാകുന്നത്.

കലോത്സവ വേദികളിലെ പരിചയത്തിൽ നിന്നാണു ക്ലീഞ്ഞോ പ്ലീഞ്ഞോ എന്ന പാട്ട് ഉണ്ടാക്കിയത്. കലോത്സവങ്ങളിൽ ഇത്തരം പാട്ടുകൾക്കാണല്ലോ പൊതുവെ ഒന്നാം സ്ഥാനം കിട്ടാറുള്ളത്. പാട്ടു കേട്ടതും പരിപാടിയുടെ ഡയറക്ടർ രമേഷ് പിഷാരടി പറഞ്ഞു. ‘ഇത് ഹിറ്റാകും, ഉറപ്പ്’. അതുപോലെ തന്നെ സംഭവിച്ചു.

ഹിറ്റായ പാണൻ പള്ളത്തി ഡയലോഗ് നാട്ടിലൊരു ചേട്ടന്റെ കയ്യിൽ നിന്നു ചൂണ്ടിയതാണ്. കലാകാരനായ അദ്ദേഹം സ്വയം പരിചയപ്പെടുത്തുമ്പോ‌ൾ അവസാനം ഇങ്ങനെയൊരു ഡയലോഗും കൂടി അടിക്കും. ‘ഇനിയിപ്പോ കലയൊ ന്നും ഇല്ലെങ്കിലും എനിക്കു നാലു പാണൻ പള്ളത്തിയെപ്പിടിച്ചു കൊങ്ങ പൊട്ടിച്ചു വെയിലത്തിട്ടുണക്കി വിറ്റാൽ ജീവിക്കാനുള്ള കാശ് കിട്ടും..’

കോവിഡ് കാലത്തു നട്ടം തിരിഞ്ഞു നിൽക്കുന്ന നേരത്താണു കനകം കാമിനി കലഹം എന്ന സിനിമ വരുന്നത്. അതിലെ വിജീഷ് നായർ എന്ന ലോഡ്ജ് മാനേജറുടെ റോൾ ശ്രദ്ധിക്കപ്പെട്ടു.

രമേഷ് പിഷാരടിയുടെ പ്രോഗ്രാമിൽ കേശവൻമാമന്റെ റോളും ഹിറ്റായി. കെ 7 മാമൻ എന്ന പേരു പിഷാരടിയുടെ നിർദേശമാണ്. പ്രോഗ്രാമിന്റെ ഇടനേരങ്ങളിലെ മിനി കോമഡി കഥാപാത്രമായിരുന്നു കെ 7 മാമൻ. മാമന്റെ പാട്ടുകൾ ഇഷ്ടമായതോടെ പ്രേക്ഷകർ കേശവൻമാമൻ, കേശു മാമൻ എന്നൊക്കെ വിളിച്ചുതുടങ്ങി.

പാട്ടിന്റെ സ്റ്റോക്ക് തീർന്നൊരു ദിവസമാണു മാനത്തു പറക്കണ കാക്കേനെ പിടിച്ചിട്ട് തിരിച്ചിട്ടു മറിച്ചിട്ടു കൊത്തണ കാക്കേ എന്ന നാലു വരി അവതരിപ്പിച്ചത്. കൂടെ രണ്ടു സ്റ്റെപ്പും ഇട്ടു. അതു ഹിറ്റായി.

പിന്നെ, മെലഡികൾ എടുത്തു പാരഡി ഉണ്ടാക്കിത്തുടങ്ങി. ‘മാമനെ ആരാ പാട്ടു പഠിപ്പിച്ചത്?’ എന്ന ചോദ്യത്തിന് ഉത്തരമായാണ് ആരെയും ബാബു ഗായകനാക്കും എന്ന പാരഡി എഴുതുന്നത്. അതിനും നല്ല ജനപ്രീതി കിട്ടി.

കല്യാണം ജൂണിലാ.. ചെക്കൻ ദുബായിലാ..

തിരുവോണം നാളിലാ..

ഒറിജിനൽ ഗാനം – കല്യാണ തേൻ നിലാ

പല പാരഡികളും പരിപാടിക്കു തൊട്ടു മുൻപാണ് എഴുതാറുള്ളത്. ചിലതു യാത്രയിൽ എഴുതും. വരി തോന്നുമ്പോൾ വണ്ടി നിർത്തി മൊബൈലിൽ പാടി റെക്കോർഡ് ചെയ്തു വയ്ക്കും. കനകം കാമിനി കലഹം എന്ന സിനിമയ്ക്കു വേണ്ടി കണ്ടാൽ ചിരിക്കാത്ത കുര്യൻ മൊതലാളി എന്ന പാരഡി എഴുതിയിരുന്നു.

കനകം കാമിനി ഡബ്ബിങ് നടക്കുന്നതിനിടെ സ്റ്റുഡിയോയിൽ സംവിധായകൻ എബ്രിഡ് ഷൈൻ വന്നു. സ്ക്രീനിലെ എന്റെ വിഷ്വൽ കണ്ടാണു ‘മഹാവീര്യരി’ലെ ബാബുമോൻ ആകാൻ വിളിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ യിലെ മണിമാമൻ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

കേണലിനെ അവതരിപ്പിച്ച പ്രോഗ്രാമിനു മുൻപായിരുന്നു എന്റെ കല്യാണം. കോഴിക്കോടു പ്രോഗ്രാമിനു പോയപ്പോഴാണ‌ു ഷിമിലിയെ പരിചയപ്പെടുന്നത്. ഫോൺ വിളിയിലൂടെ പ്രണയത്തിലായി. രണ്ടു മാസം പ്രണയിച്ചപ്പോഴേക്ക് അവളുടെ ചേട്ടന്മാർ ‘ആരാണ്, എന്താണ്’ എന്നൊക്കെ അന്വേഷണം തുടങ്ങി.

അപ്പോൾ ഞാൻ നൈസ് ആയി ഇവളെ ഇറക്കിക്കൊണ്ടുപോന്നു. അങ്ങനെ ഞങ്ങൾ കല്യാണതേൻ നിലാ ആയി. ഇപ്പോൾ എല്ലാവരുമായി നല്ല ബന്ധത്തിലാണ്. മകൻ സിയോൺ എൽകെജി വിദ്യാർഥി.

രാഖി റാസ്

ഫോട്ടോ: സരുൺ മാത്യു