Friday 24 February 2023 12:52 PM IST

ജീവിക്കാൻ തന്നെ താൽപര്യമില്ലാതെയായി, ആ നിമിഷം മരിക്കാൻ എന്താണു മാർഗം എന്നാലോചിച്ചു: കനൽ വഴികൾ താണ്ടി സ്വാസിക

V.G. Nakul

Sub- Editor

swasika-interview

ചിരിയോടെയല്ലാതെ അഭിമുഖങ്ങളിലും പൊതുവേദികളിലും സ്വാസികയെ കണ്ടിട്ടേയില്ല. പക്ഷേ, ആ ചിരിയിലേക്ക് എത്തും മുൻപു മരണമാണ് അഭയം എന്നു ചിന്തിച്ചിരുന്ന സ്വാസികയുടെ ജീവിതകഥ അധികമാർക്കും അറിയില്ല.

‘‘തമിഴിലാണ് എന്റെ ആദ്യസിനിമ. പ്ലസ് വൺ പഠിക്കുമ്പോഴാണ് ‘വൈഗൈ’യിൽ അഭിനയിക്കുന്നത്. അതിനു പിന്നാലെ തമിഴിലും മലയാളത്തിലും അവസരങ്ങൾ കിട്ടി. സ്കൂൾകാലം മുതലേ സിനിമ മാത്രമായിരുന്നു മോഹം. അതു കിട്ടിയതോടെ പഠനം പോലും വേണ്ടെന്നു വച്ചു. നല്ല തുടക്കത്തിനു ശേഷം സിനിമയേ ഇല്ലാത്ത അവസ്ഥയുണ്ടായി. മൂന്നുവർഷം ആ സ്ഥിതി തുടർന്നു. ഞാൻ വിഷാദത്തിലേക്കു വീണുപോയി. ഇങ്ങനെ ജീവിച്ചിരിക്കുന്നതിലും നല്ലതു മരണമാണെന്നു തോന്നിത്തുടങ്ങി. ആ കാലം കഠിനമായിരുന്നു. പക്ഷേ, എനിക്കത് അതിജീവിക്കാൻ കഴിഞ്ഞു.’’

വിഷാദത്തെ അതിജീവിച്ചതെങ്ങനെയാണ് ?

‘വൈഗൈ’യ്ക്കു ശേഷം തമിഴിൽ മൂന്നും മലയാളത്തിൽ പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് അവസരങ്ങൾ വന്നില്ല. പഠനവും വിട്ടു. സിനിമയും ഇല്ല എന്ന അവസ്ഥ. ജീവിക്കാൻ തന്നെ താൽപര്യമില്ലാതെയായി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നാലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ.

കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ഞാൻ മാത്രം ‘സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക, വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ. അതിൽ നിന്നു പുറത്തു കടക്കണം. ആ തോന്നൽ ശക്തമായി. ധ്യാനം – യോഗ പരിശീലനത്തിനു പോയിത്തുടങ്ങി. ഞാൻ എന്നെ വീണ്ടെടുക്കാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്.

ആ സമയത്താണു ‘മഴവിൽ മനോരമ’യിലെ ദത്തുപുത്രി എന്ന സീരിയലിലേക്കു വിളിക്കുന്നത്. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയൽ തിരഞ്ഞെടുത്തു. അതൊരു പുതിയ തുടക്കമായി. നിരാശകൾ അകന്നു. സിനിമയെങ്കില്‍ സിനിമ സീരിയല്‍ എ ങ്കില്‍ സീരിയല്‍ എന്ന രീതിയിലേക്കു മാറി.

പിന്നീട് അഭിനയിച്ച സീത സീരിയലും ഹിറ്റ് ആയി. ഒപ്പം സിനിമയിലും അവസരങ്ങൾ വന്നു. സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നതു ഭാഗ്യമാണ്. അതെല്ലാവർക്കും കിട്ടുന്നതുമല്ല.

നിരാശയുടെ ആ കാലം ഇപ്പോൾ ഓർക്കുമ്പോൾ ?

ആ പ്രായം അതായിരുന്നു. പെട്ടെന്നു സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യും. ആ സമയത്തെ പൊട്ടചിന്തയാണ് ആത്മഹത്യ ചെയ്താലോ എന്ന തോന്നൽ. ഇപ്പോഴാണ് എന്തു വലിയ മണ്ടത്തരമാണ് അതൊക്കെ എന്നു മ നസ്സിലാകുന്നത്. ആഗ്രഹിച്ചതു നേടാൻ പരിശ്രമിക്കുക. വൈകിയാലും അതു സംഭവിക്കും എന്നു തിരിച്ചറിഞ്ഞു. ഇപ്പോൾ ഞാന്‍ ആ സത്യത്തിലാണു വിശ്വസിക്കുന്നത്. അതാണ് മുന്നോട്ടു നയിക്കുന്നതും.

കഠിനാധ്വാനത്തിനൊപ്പം വിധിയും ഘടകമാണെന്നാണു കരുതുന്നത്. ജ്യോതിഷത്തിൽ വിശ്വാസമുണ്ട്. പോസിറ്റീവായി മുന്നോട്ടു പോകാൻ അതെന്നെ സഹായിച്ചിട്ടുണ്ട്. ‘ഭാഗ്യജാതകമാണ്, 25 വയസ്സിനു ശേഷം വലിയ മാറ്റം പ്രതീക്ഷിക്കാം’ എന്ന് ജ്യോതിഷി പറഞ്ഞു. ജാതകത്തിലെ പ്രവചനങ്ങൾ എന്നെ സംബന്ധിച്ചു വളരെ ശരിയായി.

നായിക കഥാപാത്രം തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നോ?

13 വർഷമായി വന്നും പോയും സിനിമയിലുണ്ട്. സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്നതിനാൽ, നായികയായി അവസരങ്ങള്‍ കിട്ടണമെന്ന് ആദ്യമൊക്കെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതൊന്നും ചിന്തിക്കാറില്ല, നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധവുമില്ല. നല്ല സിനിമകളിൽ നല്ല കഥാപാത്രങ്ങള്‍ കിട്ടണം.

‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ലെ വേഷം മറ്റൊരാൾ ചെയ്യേണ്ടിയിരുന്നതാണ്. പെട്ടെന്നാണ് എന്നിലേക്കെത്തിയത്. ചെറുതെങ്കിലും അതു ശ്രദ്ധിക്കപ്പെട്ടു. സിനിമയിലേക്ക് റീ എൻട്രി കിട്ടി. ഇപ്പോഴും അതിലെ ‘തേപ്പുകാരി’ ചർച്ചകളിലുണ്ട്. സന്തോഷം.

ആ സിനിമയിൽ അഭിനയിക്കുമ്പോഴാണു നടൻ സിജു വിൽസണ്‍ എന്നോടു ‘വാസന്തി’ സിനിമയെക്കുറിച്ചു പറയുന്നത്. സിജുവായിരുന്നു അതിന്റെ നിർമാണം.

പല പ്രതിസന്ധികൾ താണ്ടി ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും ചിത്രം റിലീസ് ചെയ്യാനോ പ്രേക്ഷകരിലേക്ക് എത്തിക്കാനോ കഴിഞ്ഞില്ല. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ആ സന്തോഷവാർത്ത വന്നത്. സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനം. ചാനലിൽ വാർത്ത കണ്ടിരിക്കെ സ്ക്രീനിൽ ഞാനെന്റെ പേര് വായിച്ചു. മികച്ച സഹനടി– സ്വാസിക വിജയ്. സിനിമ– വാസന്തി. ആ ഞെട്ടലിൽ ഫോൺ കയ്യിൽ നിന്നു താഴെപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ. ഒരുപാടു സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.

ചതുരം സിനിമയിൽ നായിക കഥാപാത്രമായപ്പോൾ ?

സിനിമകൾ കിട്ടുന്നുണ്ടെങ്കിലും നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിൽ സങ്കടം തോന്നിയിരുന്നു. സംസ്ഥാന അവാ ർഡ് കിട്ടിയ ശേഷമാണു സിദ്ധുവേട്ടന്റെ (സിദ്ധാർഥ് ഭരത ൻ) വിളി വന്നത്.

കഥ കേട്ടു. ഞാൻ ഇതുവരെ ചെയ്യാത്ത തരം സിനിമയാണ്. ഉള്ളിൽ ടെൻഷനുണ്ടായിരുന്നെങ്കിലും അതു പുറത്തു കാണിക്കാതെ ആ അവസരം സ്വീകരിച്ചു. ഒരു ചിത്രത്തിന്റെ മൊത്തം തിരക്കഥ വായിക്കുക, ഇഷ്ടമുള്ള കോസ്റ്റ്യൂം തിരഞ്ഞെടുക്കുക തുടങ്ങി ആ സിനിമ തന്ന അനുഭവങ്ങൾ പലതും പുതിയതായിരുന്നു.

swasika-goldred

ഗ്ലാമര്‍ റോളിൽ എത്തുമ്പോൾ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നു തോന്നിയിരുന്നോ ?

അതൊന്നും ചിന്തിച്ചിരുന്നില്ല. എന്തു കാര്യം ചെയ്യുമ്പോഴും അതു നന്നായി വരും എന്നാണല്ലോ പ്രതീക്ഷിക്കുക. സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു.

സിനിമയുടെ ട്രെയിലർ വന്നപ്പോൾ ചിലർ വിമർശനവുമായി വന്നിരുന്നു. ‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ്. പതിനെട്ടു വയസ്സിനു മു കളിലുള്ള ആർക്കും കാണാം. അല്ലാതെ പെണ്ണുങ്ങൾക്കു കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല. ഇപ്പോഴും പലരുടെയും വിചാരം ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമർശിക്കുന്നത് നന്നായിരിക്കും.

എപ്പോഴും ചിരിച്ചു സന്തോഷത്തോടെ പെരുമാറുന്നതിന്റെ രഹസ്യം എന്താണ് ?

ആളുകളെ കാണുമ്പോൾ, ക്യാമറയ്ക്ക‌ു മുന്നിൽ നിൽക്കുമ്പോഴൊക്കെ ഞാനറിയാതെ സന്തോഷത്തിലാകും. വീട്ടിൽ വെറുതേയിരിക്കുമ്പോഴാണ് ആവശ്യമില്ലാത്തതു ചിന്തിച്ചു സങ്കടപ്പെടുന്നതും മുഖം വീർപ്പിക്കുന്നതും.

‘നാട്ടുകാരുടെയടുത്തു ചെല്ലുമ്പോൾ എന്താ അവളുടെ ചിരി. വീട്ടിലിരിക്കുമ്പോൾ, മുഖം വീർപ്പിക്കും. എന്താ ഇത്ര ആലോചന’ എന്ന് അമ്മ ചോദിക്കും.

swasika-interview

വീട് മൂവാറ്റുപുഴയിലാണ്. അച്ഛന്‍ വിജയകുമാർ, അ മ്മ ഗിരിജ, സഹോദരൻ ആകാശ്. പൂജ വിജയ് എന്നാണ് എന്റെ യഥാർഥ പേര്. തമിഴിൽ അഭിനയിച്ചപ്പോഴാണു സ്വാസിക എന്നു മാറ്റിയത്. ചെറുപ്പം മുതലേ നൃത്തം പഠിക്കുന്നു. അതിലൂടെയാണ് അഭിനയത്തോടുള്ള ഇഷ്ടം വന്നത്. നൃത്തം ഒരു പ്ലസ് പോയിന്റായി തോന്നിയിട്ടുണ്ട്. മാത്രമല്ല, നൃത്തവും പാട്ടും പരിശീലിക്കുന്നതു മാനസിക സന്തോഷം തരും. താരങ്ങളിൽ ചിലർ ചില ചോദ്യങ്ങളോടു പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നതു നമ്മള്‍ കാണുന്നതാണല്ലോ. എന്തിനാണ് ആളുകൾ ‌ചെറിയ കാര്യങ്ങൾക്ക് ഇങ്ങനെ കുപിതരാകുന്നത്?

നകുൽ വി.ജി.

ഫോട്ടോ: ബേസിൽ പൗലോ