Tuesday 06 December 2022 03:07 PM IST

‘അന്ന് പല്ലിൽ ‘ബ്രേസസ്’ ഇട്ടിട്ടുണ്ട്, ആത്മവിശ്വസം ഇല്ലാതിരുന്ന എനിക്ക് അമ്മയാണ് വഴികാട്ടിയത്’: തൻവിയുടെ അഭിനയവഴി

Ammu Joas

Sub Editor

tanvi-ram-vanitha

‘കുമാരി’യിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കുകയാണ് തൻവി റാം

‘കുമാരി’യില്‍ ഞാൻ അവതരിപ്പിക്കുന്ന ‘നങ്ങക്കുട്ടി’ പന്ത്രണ്ട് തലമുറ മുൻപു ജീവിച്ചിരുന്ന അന്തർജനമാണ്. സിനിമയുടെ സംവിധായകൻ നിർമലാണ് എന്നെ ക്ഷണിക്കുന്നത്. കുമാരിയുടെ മോഷൻ പോസ്റ്റർ മുൻപേ കണ്ടിരുന്നതു കൊണ്ട് സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.

നിർമലിന്റെ ഫോൺ വിളി വന്നപ്പോൾ വയനാട്ടിൽ കൂട്ടുകാരുമായി യാത്രയിലായിരുന്നു ഞാൻ. അവിടെവച്ച് ട്രാംപുലിനിൽ ചാടി കാല്‍ മടങ്ങി വീണു. എങ്കിലും കോൾ വന്നപ്പോൾ നേരെ കാഞ്ഞങ്ങാട്ടേക്ക് വണ്ടി വിട്ടു. പത്തു ദിവസത്തെ വിശ്രമം നിർദേശിച്ചിരുന്നതുകൊണ്ട് ഷൂട്ടിന്റെ ഇടവേളകളിൽ മുറിയിൽ അടങ്ങിയിരിപ്പായിരുന്നു. അതുകൊണ്ട് ലൊക്കേഷനിലെ കളിചിരികൾ കുറച്ച് മിസ്സായി.

തെയ്യം കണ്ട കാലം

അച്ഛൻ രാമചന്ദ്രനും അമ്മ ജയശ്രീയും സഹോദരൻ സംഗീതുമടങ്ങുന്നതാണ് എന്റെ കുടുംബം. ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. എല്ലാ ജനുവരി ഒന്നിനും കണ്ണൂരിലെ അച്ഛന്റെ തറവാട്ടിൽ തെയ്യമുണ്ടാകും. ആ സമയത്തും വേനലവധിക്കുമാണ് നാട്ടിലേക്കുള്ള യാത്ര.

അമ്മ പറഞ്ഞുകേട്ട് തെയ്യത്തിന്റെ കഥകളറിയാം. ചെറുപ്പത്തിൽ വായിച്ചതേറെയും ഫിക്‌ഷനായിരുന്നു. അതുകൊണ്ടൊക്കെ ‘കുമാരി’ സിനിമയും തറവാടിന്റെ അന്തരീക്ഷവും എനിക്ക് റിലേറ്റ് ചെയ്യാനായി.

സിനിമയെന്ന മോഹം

സിനിമയിൽ അഭിനയിക്കണമെന്ന മോഹം ചെറുപ്പം മുതലേയുണ്ട്. പക്ഷേ, എന്റെ ചുറ്റിലും സിനിമയിലുള്ള ആരും ഉണ്ടായിരുന്നില്ല. ഓഡിഷനു പോകാനുള്ള ധൈര്യം വന്നത് 2012ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്തതോടെയാണ്.

സിനിമാറ്റിക് ആണ് മിസ് കേരള എൻട്രി. ബെംഗളൂരുവിൽ ഓണപ്പരിപാടിയുടെ റിഹേഴ്സലിനിടെ ഒരാൾ വന്ന് മിസ് കേരള മത്സരത്തിന്റെ പാം‌ലെറ്റ് തന്നു. അന്ന് പല്ലിൽ ‘ബ്രേസസ്’ ഇട്ടിട്ടുണ്ട്. ആത്മവിശ്വസം തെല്ലുമില്ലാതിരുന്ന എന്നെ അമ്മയാണ് പ്രോത്സാഹിപ്പിച്ചത്.

അഞ്ചു മണിക്കു തുടങ്ങുന്ന ഓഡിഷനു പോകാമെന്ന് തീരുമാനിച്ചത് നാലു മണിക്കാണ്. മിസ് കേരള മൽസരത്തിൽ ‘മിസ് വിവാഷ്യസ്’ ടൈറ്റിൽ കിട്ടി. അതോടെ അഭിനയമോഹം ഉള്ളിൽ ശക്തമായി. 2012 മുതൽ മിക്ക ഓഡിഷനും അപേക്ഷ അയയ്ക്കുമായിരുന്നു. പലതും അറ്റൻഡ് ചെയ്തു. പൂ‍ജ വരെയെത്തി നിന്നു പോയ പ്രൊജക്ടുകളുണ്ട്. പിന്നെയാണ് ‘അമ്പിളി’യില്‍ എത്തുന്നത്.

ശ്രുതി മാറി തൻവി വന്നു

ആ സമയത്ത് എച്ച്എസ്ബിസി ബാങ്കിൽ ജോലി ചെയ്യുകയാണ് ഞാൻ. സിനിമയ്ക്കായി മൂന്നു മാസത്തെ ബ്രേക്ക് എടുത്തിരുന്നു. പക്ഷേ, ഇടയ്ക്കിടെ അവധി കിട്ടാൻ പ്രയാസമായതോടെ ജോലി വിട്ടു.

കട്ടപ്പനയായിരുന്നു ‘അമ്പിളി’യുടെ ലൊക്കേഷൻ. ലൊക്കേഷനിലെപ്പോഴും ‘ആരാധികേ...’ എന്ന പാട്ട് ഉണ്ടാകും. സുഹൃത്തിനെപോലെ സൗബിക്കയും. അഭിനയിക്കാനെത്തുമ്പോൾ എന്റെ പേര് ശ്രുതി റാം എന്നാണ്. പോസ്റ്റർ റിലീസിന് തലേദിവസമാണ് തൻവി റാം എന്ന പേരിടീൽ ചടങ്ങ് നടന്നത്. മറ്റാരുമല്ല ഞാൻ തന്നെയാണ് തൻവി റാം എന്നു പേരിട്ടത്.

‘അമ്പിളി’ക്ക് ശേഷമെത്തിയതാണ് ‘2018’. ടൊവീനോയുടെ നായികയായെത്തുന്ന സിനിമയുടെ ഷൂട്ടിന്റെ ബ്രേക്കിലാണ് ‘കപ്പേള’യിൽ അഭിനയിച്ചത്. ‘2018’ ഉടൻ റിലീസാകും.

ഇതിനിടെ തെലുങ്കിലേക്കും

‘അൻടേ സുന്ദരനാകി’ യുടെ അസോഷ്യേറ്റ് ഡയറക്ടർ വിജയ് എന്റെ ഇൻസ്റ്റഗ്രാം ഫോളോവറാണ്. അദ്ദേഹം വഴിയാണ് ഈ അവസരം വരുന്നത്. നസ്രിയയുടെ കഥാപാത്രത്തിന്റെ ചേച്ചിയായെത്തുന്ന ഞാൻ അവതരിപ്പിച്ച പുഷ്പയുടേത് ഒഴികെ ബാക്കി കാസ്റ്റിങ് എല്ലാം കഴിഞ്ഞിരുന്നു. നല്ല ക്രൂ, എനിക്ക് പെർഫോം ചെയ്യാന്‍ കഴിയുന്ന കഥാപാത്രം... അങ്ങനെ തെലുങ്കിലേക്കുള്ള എൻട്രി ഈ സിനിമ തന്നെയാകട്ടെ എന്നു തീരുമാനിച്ചു.

ഡ്രീം ഹീറോയ്ക്കൊപ്പം...

വിനീത് ശ്രീനിവാസന്‍ എന്റെ ഡ്രീം ഹീറോയാണ്. ‘മുകുന്ദനുണ്ണി അ സോഷ്യേറ്റ്സി’ന്റെ ഓഫർ വന്നപ്പോൾ വിനീതേട്ടനെ ഒന്നു കാണാമല്ലോ എന്നതായിരുന്നു വലിയ സന്തോഷം. ധ്യാനിനൊപ്പവും ഞാൻ അഭിനയിച്ചിട്ടുണ്ട്, ‘ഖാലി പഴ്സ്’ എന്ന സിനിമ. നെഗറ്റിവിറ്റി പരിസരത്തുപോലും വരാത്ത പൊസിറ്റീവായ വ്യക്തികളാണ് രണ്ടു പേരും.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ സുരാജേട്ടന്റെ നായികയായും ഞാൻ എത്തുന്നുണ്ട്.

അമ്മു ജൊവാസ്

ഫോട്ടോ: രാഹുൽ രാജ്