Wednesday 05 April 2023 03:15 PM IST

‘കയ്യിൽ മുറുക്കെ പിടിച്ച് സുബി എന്റെ കണ്ണിലേക്കു തന്നെ നോക്കി, ആ നിമിഷം ഞാൻ ആ സത്യം മനസിലാക്കി’

Roopa Thayabji

Sub Editor

tini-subi

കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി.

ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ, ഇനി ആ ചിരി ഇല്ല. അസുഖത്തെ തുടർന്നു ചികി ത്സയിലായിരുന്ന സുബി ഇക്കഴിഞ്ഞ ഫെബ്രുവരി 22നു ന മ്മളെ വിട്ടുപോയി. ഇനി അങ്ങേ ലോകത്തുള്ളവർക്കു സുബിയുടെ കോമഡി കേട്ടു ചിരിക്കാനേ നേരം കാണൂ.

പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാത്തൊരു ചിരിച്ചിത്രമാണു സുബി. ചിരിച്ചും ചിരിപ്പിച്ചുമല്ലാതെ സുബിയെ ഓർ ക്കാനാകില്ല. ഓർമകളിൽ സുബിക്കെന്നും നൂറായുസ്സ്.

സന്തോഷങ്ങളെല്ലാം പറഞ്ഞു, പക്ഷേ : ടിനി ടോം

തൃപ്പൂണിത്തുറയിലെ ശ്രീജിത്ത് ആശാന്റെ ഡാൻസ് ടീമിലെ ഡാൻസറായിരുന്നു സുബി. സിനിമാലയിൽ ആളെ വേണമെന്നു കേട്ടപ്പോൾ സുബിയോടു ചോദിച്ചു, ഓക്കെ പറഞ്ഞ പാടേ ഞങ്ങൾ ആലുവയിൽ നിന്നു ട്രെയിൻ കയറി. സുബിയുടെ കലാജീവിതത്തിന്റെ ട്രെയി ൻ ഓടിത്തുടങ്ങിയത് അന്നാണ്.

ഫാഷൻ ഷോ, ഡാൻസ്, സ്കിറ്റ്. ഒരു സ്റ്റേജിൽ തന്നെ മൾട്ടി പർപ്പസ് താരമാണ് സുബി. സുബിക്കൊപ്പം മോഡലിങ് ചെയ്യാൻ വന്നതാണ് എന്റെ ഭാര്യ രൂപ. പ്രണയം ആദ്യം മുതലേ സുബിക്കറിയാം. വിവാഹത്തിനു സുബി സ്വർണമോതിരമാണു സമ്മാനിച്ചത്. അച്ഛൻ വിട്ടുപോയ ശേഷം ആ കുടുംബം കഷ്ടപ്പെടുന്ന കാലമാണ്. പരിപാടി അവതരിപ്പിച്ചു കിട്ടുന്ന കാശിൽ നിന്നു മിച്ചം പിടിച്ചു സ്വർണം വാങ്ങിതരാനുള്ള മനസ്സുണ്ടല്ലോ, അതു സുബിക്കേ പറ്റൂ.

എന്നും ചിരിയോർമ

സിനിമയേക്കാൾ സുബിക്കു പ്രിയം സ്റ്റേജിനോടായിരുന്നു. സ്റ്റേജിൽ എല്ലാം മറന്നു നിറഞ്ഞാടും. ഞാൻ സുബിയുടെ കൊറിയർ സർവീസായിരുന്നു. ഷോ ഉള്ള ദിവസം വീട്ടിൽ ചെന്നു വിളിച്ചു കൊണ്ടു പ്രോഗ്രാം സ്ഥലത്തേക്ക്. പരിപാടി കഴിഞ്ഞു രാത്രി തന്നെ വീട്ടിലേക്ക്. പത്തിരുപതു വയസ്സുള്ള അവളെ വിശ്വസിച്ച് ഏൽപ്പിച്ചു വിടാനുള്ള വിശ്വാസം മമ്മിക്ക് എന്നോട് ഉണ്ടായിരുന്നു. ഒരു ചീത്തപ്പേരും ഉണ്ടാക്കാതെ അവൾ ജീവിച്ചു.

സുബിയുടെ യുട്യൂബ് ചാനലിന്റെ 100 കെ സെലിബ്രേഷൻ എന്റെ വീട്ടിൽ വച്ചായിരുന്നു. ചെറുതാണെങ്കിലും എ ന്തു സന്തോഷവും വിളിച്ചു പറയും. പക്ഷേ, സങ്കടങ്ങളൊന്നും പറഞ്ഞില്ല. ആശുപത്രിയിലായി 12 ാം ദിവസമാണ് ഞാനവളെ കാണുന്നത്. അന്നു സുബി കയ്യിൽ മുറുക്കെ പിടിച്ച് എന്റെ കണ്ണിലേക്കു തന്നെ നോക്കി. ആ നിമിഷം എനിക്കു തോന്നി, സുബി തിരിച്ചു വന്നേക്കില്ല എന്ന്.

ആദ്യമായി പ്രോഗ്രാമിനു വരുമ്പോൾ വരാപ്പുഴയിലാണു സുബി താമസിച്ചിരുന്നത്. അന്നവളെ കൂട്ടിക്കൊണ്ടു വന്ന ഞാൻ അവളുടെ അവസാന യാത്രയിലും അനുഗമിച്ചു. ഒരു ആയുസ്സു മുഴുവൻ ഓടിനടന്ന് ആളുകളെ ചിരിപ്പിച്ച അവൾ എല്ലാവരെയും കരയിച്ച് അങ്ങു പോയി.’’