Saturday 14 May 2022 03:49 PM IST

‘ചേട്ടാ ആദ്യ ഭാര്യ എവിടെ എന്ന ചോദ്യം, ഡിവോഴ്സ് നുണക്കഥകൾ’: ഗോസിപ്പുകൾക്ക് ടോഷും ചന്ദ്രയും നൽകുന്ന മറുപടി

Ammu Joas

Sub Editor

chandra-and-tosh-interview

സ്വന്തം സുജാത’ സീരിയലിന്റെ നൂറാം എപ്പിസോഡി ൽ ആണ് ടോഷ് ക്രിസ്റ്റി അഭിനയിക്കാനെത്തുന്നത്. ലൊക്കേഷനിൽ ക ണ്ടപ്പോൾ നായിക ചന്ദ്ര ലക്ഷ്മൺ കരുതിയതേയില്ല സീരിയലിൽ മാത്രമല്ല, തന്റെ ജീവിതത്തിലും ട്വിസ്റ്റുകൾ തുടങ്ങുകയാണെന്ന്. സീരിയൽ 200ാം എപ്പിസോഡിലെത്തിയ ദിവസം ചന്ദ്രയും ടോഷും വിവാഹവാർത്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

‘‘300ാം എപ്പിസോഡിൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നാണ് ഇ പ്പോൾ സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്നത്.’’ പൊട്ടിച്ചിരിച്ചുകൊണ്ട് ടോഷ് പറയുന്നു. ‘‘സീരിയലിൽ മാത്രമല്ല ജീവിതത്തിലും ഞങ്ങൾ ഒന്നാകണമെന്ന് നിരവധി മെസേജ് വരുമായിരുന്നു. പ തിയെ പതിയെ മനസ്സിൽ ഒരു കൊളുത്തുവീണു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്.’’

‘സ്വന്തം സുജാത’യിലൂടെയാണോ ആദ്യമായി തമ്മിൽ കാണുന്നത്?

ചന്ദ്ര : 15 വർഷം മുൻപ് ഒരേ സീരിയലിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടിരുന്നില്ല. ടോഷ് ക്രിസ്റ്റി എന്ന പേരു കേട്ടപ്പോൾ പെട്ടെന്ന് പിടികിട്ടിയില്ല. ‘കായംകുളം കൊച്ചുണ്ണി’യിലെ മുളമൂട്ടിൽ അടിമയെന്നു പറഞ്ഞപ്പോൾ ആളെ മനസ്സിലായി.

ടോഷ് : എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാൻ സീരിയലിൽ അഭിനയിക്കാനെത്തിയത്. ഈ സീരിയലിന്റെ സംവിധായകൻ അ ൻസാർ ഖാൻ എന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ടാണ് ക്ഷണിച്ചപ്പോൾ കൈ കൊടുത്തത്. വിവാഹത്തിലേക്ക് എത്താനുള്ള നിമിത്തമായിരുന്നു അതെന്ന് ഇപ്പോള്‍ തോന്നുന്നു.

ഇത്രനാളും പ്രണയമോ വിവാഹമോ മനസ്സിൽ കടന്നുകൂടിയിരുന്നില്ലേ?

ചന്ദ്ര : പ്രണയാഭ്യർഥനകളും വിവാഹാലോചനകളുമൊക്കെ വന്നിട്ടുണ്ട്. ചിലത് ഗൗരവമായി ആലോചിച്ചിട്ടുമുണ്ട്. പക്ഷേ, വർക് ആയില്ല.

പലരും ചോദിക്കാറുണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ വൈകിയോ എന്ന്. വിവാഹം കഴിക്കാൻ പറ്റിയ പ്രായം എന്നൊന്നില്ല എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ജീവിതത്തിൽ എന്ത് എപ്പോൾ നടക്കണമെന്നത് ദൈവനിശ്ചയമാണ്. ആ സമയത്ത് നടക്കുമ്പോഴാണ് അത് അനുഗ്രഹമായി മാറുന്നത്. ടോഷേട്ടൻ ജീവിതത്തിലേക്കു വന്നപ്പോൾ നല്ല സുഹൃത്തിനൊപ്പം ജീവിക്കുന്ന അനുഭവമാണ്.

ടോഷ് : രണ്ടു മൂന്നു വർഷമായി വീട്ടിൽ വിവാഹാലോചന ഉണ്ടായിരുന്നു. ‘തിരക്കുകൂട്ടേണ്ട, സമയമാകട്ടെ’ എന്നാണ് ഞാൻ പറഞ്ഞത്. ജീവിതപങ്കാളി നമുക്കൊപ്പം സഞ്ചരിക്കാൻ പറ്റുന്നയാളാകണമല്ലോ.

എപ്പോഴാണ് ടോഷ് ഹൃദയത്തിലെത്തുന്നത്?

ചന്ദ്ര: 100ാം എപ്പിസോഡിന്റെ ആഘോഷവേളയിൽ രണ്ടാളെയും പാട്ട് പാടാൻ ക്ഷണിച്ചു. പാട്ട് പരിശീലിക്കുന്നതിനിടെയാണ് പരസ്പരം കൂടുതൽ സംസാരിച്ചത്. സെറ്റിൽ നിന്നു താമസസ്ഥലത്തേക്ക് ഒന്നിച്ചായിരുന്നു യാത്ര. ആ യാത്രകളിൽ ഞങ്ങളുടെ പല ഇഷ്ടങ്ങളും സമാനമാണെന്നു തോന്നി. ടോഷേട്ടൻ വളരെപ്പെട്ടെന്ന് ഉറ്റസുഹൃത്തായി. സീരിയൽ യൂണിറ്റിൽ എന്നെ ‘ചന്ദു’ എന്നു വിളിച്ചിരുന്നത് ടോഷേട്ടൻ മാത്രമാണ്. വീട്ടിലെ ചെല്ലപ്പേരാണത്. ‌

ടോഷ്: ചന്ദ്ര എന്നു വിളിക്കുന്നതിനെക്കാൾ എനിക്കിഷ്ടം ചന്ദു എന്നു വിളിക്കാനായിരുന്നു. എന്റെ വീട്ടിൽ എല്ലാവരുടെയും പേര് കുറച്ച് വ്യത്യസ്തമാണ്. ടോജ്, ടോഷ്, ടിഷ... ആദ്യം സംശയം തോന്നിയാലും ആരും ഈ പേരുകൾ മറക്കാറില്ല.

രണ്ടു മതസ്ഥരായിട്ടും വീട്ടുകാരുടെ പിന്തുണയോടെ വിവാഹം

ചന്ദ്ര: ഞാൻ തമിഴ് ബ്രാഹ്മിൻ ആണ്. ടോഷേട്ടൻ ക്രിസ്ത്യാനിയും. മതത്തിന്റെ പേരിൽ ആളുകളെ വിലയിരുത്തുന്ന കുടുംബങ്ങളല്ല എന്നതാണ് ഞങ്ങളുടെ കരുത്ത്. കഴിഞ്ഞ ഓണക്കാലത്ത് ഞാൻ ചെന്നൈയിലും ടോഷേട്ടൻ കുന്നംകുളത്തും ഒരേ ദിവസം കല്യാണവിഷയം സംസാരിച്ചു. തിരുവോണത്തിന്റെയന്ന് രാവിലെ മാതാപിതാക്കൾ ഫോണിൽ സംസാരിച്ച് എല്ലാം ഉറപ്പിച്ചു.

ടോഷ് : ‘നിനക്കിഷ്ടമാണെങ്കിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വാ’ എന്നാണ് എന്നോട് പറഞ്ഞത്.

ലോക്ഡൗൺ കാലത്തെ കല്യാണവിശേഷങ്ങൾ ?

ചന്ദ്ര: 50 പേരെയേ കല്യാണത്തിന് ക്ഷണിക്കാൻ കഴിഞ്ഞുള്ളൂ. പല ബന്ധുക്കൾക്കും യാത്രാവിലക്കു കാരണം വരാനായില്ല. ‘കസ്റ്റമൈസ്ഡ് ഹാപ്പി വെഡ്ഡിങ്’ എന്നു വേണം പറയാൻ. രണ്ടു മതത്തിന്റെയും ആചാരപ്രകാരമുള്ള പ്രധാനചടങ്ങുകൾ നടത്തി. തമിഴ് അയ്യർ താലിയും ഓർത്തഡോക്സ് ക്രിസ്ത്യൻ താലിയും അണിയിച്ചു. ടോഷേട്ടന്റെ മതാചാരം അനുസരിച്ച് മന്ത്രകോടി അണിയിച്ചു, കേക്ക് മുറിച്ചു. ഞങ്ങളുടെ ആചാരപ്രകാരം മിഞ്ചിയിട്ടു. ടോഷേട്ടന്റെ വീട്ടിൽ റിസപ്ഷനും നടത്തി.

ടോഷ് : ആർഭാടമായ കല്യാണം മുൻപും മനസ്സിലില്ലായിരുന്നു. ജീവിതസമ്പാദ്യം മുഴുവൻ ചെലവഴിച്ച് മക്കളെ കല്യാണം കഴിച്ചയയ്ക്കുന്ന രീതി ശരിയല്ലെന്ന ചിന്താഗതിയാണ് എനിക്ക്. വിവാഹത്തിന് ആശംസകളുമായി വിഡിയോ കോളിൽ വിജയ് സേതുപതി എത്തിയത് വലിയ സർപ്രൈസായി. ചന്ദുവിന്റെ സുഹൃത്താണ് അദ്ദേഹം.

ചന്ദ്ര : നവംബർ എട്ടാം തീയതി വരെ ഷൂട്ട് ഉണ്ടായിരുന്നു. പത്തിന് കല്യാണം. 14ാം തീയതി സീരിയൽ ലൊക്കേഷനിലെത്തി. കല്യാണബ്രേക് ഇത്രയേയുള്ളൂ. ഇപ്പോൾ വീട്ടിൽ നിന്ന് ഒരുമിച്ചിറങ്ങി ഒന്നിച്ച് സെറ്റിലെത്തുന്നു. എന്നും ഒന്നിച്ച് ഭക്ഷണം കഴിക്കാൻ കഴിയുന്നു. കരുതാനും അന്വേഷിക്കാനും ആളുണ്ടെന്ന ആ ഫീൽ ആസ്വദിക്കുന്നുണ്ട്.

സിനിമയിലൂടെ വന്നു, പിന്നെ സീരിയലിലേക്ക്. സിനിമാമോഹം ഇപ്പോഴും ഉണ്ടോ ?

ചന്ദ്ര : പൃഥ്വിരാജിന്റെ നായികയായി ‘സ്റ്റോപ് വയലൻസ്’ എന്ന സിനിമയിലൂടെയാണ് തുടക്കം. സ്വന്തം, മേഘം, വീണ്ടും ജ്വാലയായ്... കോലങ്ങൾ എന്ന സീരിയലിലൂടെ തമിഴിലെത്തി. മലയാളത്തിൽ കാണാനില്ലല്ലോ എന്നു പലരും പറഞ്ഞ സമയത്ത് തമിഴിലും തെലുങ്കിലുമൊക്കെ സജീവമായിരുന്നു. 20 വർഷമാകുന്നു ഞാൻ അഭിനയരംഗത്ത് വന്നിട്ട്. സിനിമയിലാണെങ്കിലും സീരിയലിലാണെങ്കിലും അഭിനയമാണ് എപ്പോഴും ഇഷ്ടം.

ടോഷ് : ‘നിറം’ സിനിമയിൽ ഒരു പാസിങ് റോൾ, അതാണ് തുടക്കം. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത്, തമിഴിൽ പൊതിഗയ് ചാനലിലൂടെയാണ് സീരിയൽ എൻട്രി, ‘പെണ്ണെ പെണ്ണെ’ എന്ന സീരിയൽ. പൊലീസുകാരന്റെ വേഷം ചെയ്യാനാണ് ചെല്ലുന്നത്. പക്ഷേ, നാലു നായകന്മാരിൽ ഒരാളായി അവസരം കിട്ടി.

‘പ്രിയം’, ‘തസ്കരവീരൻ’, ‘സർക്കാർ ദാദ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചശേഷമാണ് ‘കായംകുളം കൊച്ചുണ്ണി’ സീരിയലിൽ എത്തുന്നത്. 14 വർഷം കഴിഞ്ഞെങ്കിലും മലയാളി കുടുംബപ്രേക്ഷകർക്ക് ഞാനിപ്പോഴും മുളമൂട്ടിൽ അടിമയാണ്. അതിലെ ആക്ഷൻ രംഗങ്ങൾ പലതും ഞാൻ തന്നെ കൊറിയോഗ്രഫി ചെയ്തതാണ്. ‘കുഞ്ഞാലി മരയ്ക്കാർ’, ‘പറയിപെറ്റ പന്തിരുകുലം’ തുടങ്ങി പീരിയോഡിക്കൽ സബ്ജക്ടുകളാണ് കൂടുതലും ചെയ്തിരുന്നത്.

സിനിമയ്ക്കായാണ് ബ്രേക്കെടുത്തത്, എന്നും സിനിമ തന്നെയാണ് സ്വപ്നം. രണ്ടു സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കി. ‘ഒറ്റയ്ക്കൊരു കാമുകൻ’, ‘മൊഹബത്തിൻ കുഞ്ഞബ്ദ്ദുള്ള’ എന്നീ സിനിമകളാണ് അവസാനം റിലീസായത്. ‘ആരോ’ എന്ന സിനിമ റിലീസിനുണ്ട്. മോഹൻലാൽ– ജിത്തു ജോസഫ് സിനിമ ‘റാമി’ൽ നല്ലൊരു കഥാപാത്രമാണ്.

ഗോസിപ്പുകളെ എങ്ങനെയാണ് നേരിട്ടത് ?

ചന്ദ്ര : വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകൾ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങൾക്കിതെല്ലാം തമാശയാണ്.

ടോഷ് : എന്റെ യുട്യൂബ് ചാനലിന്റെ വിഡിയോയുടെ താ ഴെ കമന്റ്, ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്ന്. ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പ റഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആ ഘോഷിക്കുകയാണ്.

അമ്മു ജൊവാസ്

ഫോട്ടോ: ബേസിൽ പൗലോ