Saturday 21 January 2023 12:44 PM IST

‘സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ?’ അമ്മ ചോദിച്ചു...: ആ സംഭവം അമ്മയെ ഏറെ വേദനിപ്പിച്ചു: ഉണ്ണി മുകുന്ദൻ

V.G. Nakul

Sub- Editor

unni-mukundan-11

അടുത്തിടെയാണു സംഭവം. തന്റെ സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ മകനെ വിളിക്കാൻ തിരുവനന്തപുരത്തെ സ്കൂളിൽ പോയതാണ് ഉണ്ണി മുകുന്ദൻ. അപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി അതുവഴി വ ന്നു. ഉണ്ണിയെ കടന്നു മുന്നോട്ടു പോയ ശേഷം അ വൻ നിന്നു. തിരിച്ചെത്തി, ഇംഗ്ലിഷിൽ ചോദിച്ചു –

‘നിങ്ങളെ ഞാൻ‌ എവിടെയോ കണ്ടിട്ടുണ്ട്...’

‘ഉണ്ടാകാം...’

എന്നു തമാശയോടെ ഉണ്ണി.

‘നോ...’ എന്നു പറഞ്ഞ് എന്തോ ഓർക്കാൻ ശ്രമിക്കുന്നതിനിടെ,

‘യൂ മേഡ് മീ ഇമോഷനൽ’ എന്നവൻ.

ഉണ്ണി അതിശയത്തോടെ നോക്കുന്നതിനിടെ അ വൻ ആവേശത്തോടെ ഒച്ചയുയർത്തി –

‘യെസ്... മേപ്പടിയാൻ...’

ഷേക്ക്‌ഹാൻഡ് നൽകി കുശലം പറഞ്ഞ് ഉണ്ണി പയ്യനെ യാത്രയാക്കി. പക്ഷേ, ആ സന്തോഷനിമിഷത്തിന്റെ അലകൾ ഇപ്പോഴുമുണ്ട് ഉണ്ണിയുടെ വാക്കുകളിൽ.

‘‘ഞാൻ വല്ലാതെ ഇമോഷനലായി. കരിയറിയി ൽ ഞാനാഗ്രഹിച്ച മാറ്റം യാഥാർഥ്യമായി എന്ന് ആ നിമിഷം മനസ്സിലായി’’

‘മസിലളിയൻ’ ഇമേജിൽ നിന്നു കുടുംബനായ കനായി മാറിയ ഉണ്ണി മുകുന്ദന്റെ വിശേഷങ്ങൾ. ഒ പ്പം അഞ്ചു പെൺകുട്ടികളുടെ ചോദ്യങ്ങൾക്കുത്തരം നൽകുന്ന സ്പെഷൽ ക്വസ്റ്റ്യൻ റൗണ്ടും.

കുടുംബനായകനിലേക്കുള്ള മാറ്റത്തിന്റെ തുടക്കം എങ്ങനെയായിരുന്നു ?

പോസ്റ്റ് കോവിഡ് കാലത്താണ് ഈ മാറ്റം സംഭ വിക്കുന്നത്. ‘മേപ്പടിയാൻ’ സിനിമയായിരുന്നു തുടക്കം. ‘മസിലളിയൻ’ എന്ന കാഴ്ചപ്പാടു മാറ്റാൻ അതു വളരെയധികം സഹായിച്ചു. ‘മസിൽ ഇമേജി’ൽ കുടുങ്ങുന്നുവെന്നു തോന്നിയപ്പോഴാണു മനഃപൂർവം നായകവേഷങ്ങൾ പലതും വേണ്ടെന്നു വച്ചത്. ഈ പോക്കു പോയാൽ ഔട്ട് ആകും എന്നു തോന്നിയപ്പോഴാണു വില്ലൻ വേഷങ്ങളിലേക്കു മാറിയതും ഇനി എന്തൊക്കെ ചെയ്യണം എന്നൊരു പദ്ധതി തയാറാക്കിയതും. അഞ്ചുവർഷത്തോളം വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്യാമെന്നായിരുന്നു തീരുമാനം.

ഒരു ബി ഗ്രേഡ് സിനിമയിലെ നായകനാകുന്നതിലും നല്ലത് എ ഗ്രേഡ് സിനിമയിലെ വില്ലനാകുന്നതാണെന്ന ചിന്തയിലേക്കെത്തി. നായകനേക്കാൾ നന്നായി അഭിനയിക്കണം എന്ന ആരോഗ്യകരമായ മത്സരബുദ്ധിയും മനസ്സിലുണ്ടായിരുന്നു.

കൊറോണ കാരണം സിനിമാ മേഖല നിശ്ചലമായപ്പോൾ ഞാൻ എന്നെക്കുറിച്ചു പഠിക്കാൻ തുടങ്ങി. അവിടെയാണു മാറ്റം തുടങ്ങിയത്. എന്തൊക്കെ വേണ്ട, എന്തൊക്കെ വേണം എന്നു മനസ്സിലാക്കി. നേരത്തെ എന്റെ തീരുമാനങ്ങൾ വൈകാരികമായിരുന്നു. ഇപ്പോള്‍ അതു മാറി.

വില്ലൻ വേഷങ്ങൾ അബദ്ധമാണെന്ന തരത്തിൽ ആരെങ്കിലും ഉപദേശിച്ചിരുന്നോ ?

മലയാളത്തിൽ ഇനി നായകനായി നിൽക്കാൻ പറ്റില്ലെന്നു പറഞ്ഞവരുണ്ട്. പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ ഉണ്ണി മറ്റുള്ള നായകന്മാർക്ക് ഇടിക്കാൻ പാകത്തിലുള്ള ഒരു ശരീരം മാത്രമാകുമെന്നും പറഞ്ഞിരുന്നു. വില്ലനായി അഭിനയിക്കുക മോശപ്പെട്ട കാര്യമായി എനിക്കു തോന്നുന്നില്ല. നടനെന്ന നിലയിൽ എന്റെ പ്രൊഫൈൽ കൂടുതൽ വലുതായി.

unni-mukundan

ഉണ്ണിക്കു കരിയറിൽ എപ്പോഴും ഇത്തരം വെല്ലുവിളികൾ ഉ ണ്ടായിരുന്നുവല്ലേ ?

സിനിമയിലെത്തിയ ശേഷവും തുടക്കത്തില്‍ കൃത്യമായ

അവസരങ്ങൾ കിട്ടിയില്ല. പലരും കാര്യമായി ശ്രദ്ധിക്കാതെ

അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തു. അവനെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന ധാരണയോടെ ഒതുക്കി നിർത്തി. അതു വാശിയോടെ എടുത്തു. അഹമ്മദാബാദിൽ നിന്നു തൃശൂരിലേക്കു വന്ന ആ 17 വയസ്സുകാരന്റെ സീൽ ഇപ്പോഴും എന്നിലുണ്ടെന്നതിന്റെ തെളിവാകും ഈ പുതിയ മാറ്റങ്ങൾ.

വ്യക്തിയെന്ന നിലയിലും അതു സ്വാധീനിച്ചോ ?

എന്നിലെ വ്യക്തിയല്ല, നടനാണു മാറിയത്. എട്ടു വർഷം മുൻപേ എന്നിലെ നടനെ ആളുകൾ കാണണം എന്ന് ആ ഗ്രഹിച്ചിരുന്നു. ഒരു ബ്രേക്ക് ത്രൂ കിട്ടിയില്ല. ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടതു പൊളിക്കാൻ പറ്റാത്ത ചില സാഹചര്യങ്ങളുമുണ്ടായി. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്.

രൂപത്തിലും അഭിനയശൈലിയിലും മാറ്റം വന്ന ഉണ്ണി മുകുന്ദനായിരുന്നു ‘മേപ്പടിയാനി’ൽ ?

മേപ്പടിയാനിൽ സിക്സ് പാക്കിന്റെ ആവശ്യമില്ല. ജയകൃഷ്ണൻ എന്ന കഥാപാത്രം ആർക്കുമാകാമായിരുന്നു. എന്നാൽ സംവിധായക ൻ വിഷ്ണു മോഹന്റെ ആഗ്രഹം അതു ഞാ ൻ ചെയ്യണമെന്നായിരുന്നു. അവനോടുള്ള എന്റെ കടപ്പാടും അതാണ്. ജയകൃഷ്ണനിലൂടെ നിന്റെ മൊത്തം ഇമേജ് പൊളിക്കണം എന്നാണവൻ പറഞ്ഞത്.

‘മസിലളിയൻ’ ടാഗ് ലൈനിൽ എനിക്കെതിരെ വന്ന വിമർശനങ്ങളെ ഞാനൊരു ഡ്രൈവിങ് ഫോഴ്സാക്കി എടുത്തു. നിന്നെക്കൊണ്ട് പറ്റില്ല, നിങ്ങൾ ഒരു ലിമിറ്റഡ് ആക്ടറാണെന്നു പ റഞ്ഞത് എന്നിൽ വാശി നിറച്ചു. ഇപ്പോൾ ഇതൊരു ഡ്രീം റൺ ആണ്.

‘മേപ്പടിയാൻ’ നിർമിക്കുമ്പോൾ, ഇതെന്റെ അവസാന സിനിമയാണെങ്കിൽ അടിച്ചുപൊളിച്ചു തീർക്കാം എന്നായിരുന്നു മനസ്സിൽ.

മറ്റാരോടും മറുപടി പറയേണ്ടി വരില്ലല്ലോ. ചുരുങ്ങിയ പക്ഷം ഒരു നല്ല സിനിമ നിർമിച്ചു, അഭിനയിച്ചു, എല്ലാം നിർത്തി എന്നൊരു സമാധാനമുണ്ടാകുമല്ലോ. കരിയറിൽ പത്തു വർഷം പിന്നിടുമ്പോൾ, നമ്മളിവിടെ ഭംഗി കൊണ്ടു മാത്രമല്ല നിലനിന്നതെന്നു തെളിയിക്കാനായല്ലോ.

പുതിയ ചെറുപ്പക്കാരെ ഒപ്പം കൂട്ടുന്നുണ്ടല്ലോ ?

തുടക്കത്തിൽ എനിക്കു കിട്ടാത്ത പിന്തുണ എന്നെക്കൊണ്ടാകും പോലെ മറ്റുള്ളവർക്കു നൽകണം എന്നാഗ്രഹിക്കുന്നു. ‘മല്ലു സിങ്’ എന്നെ വലിയ വിജയത്തിൽ കൊണ്ടു നിർത്തി. എന്നാൽ അതിനൊത്ത അടുത്ത അവസരം വരാത്ത സാഹചര്യം. അതായിരുന്നു അന്നത്തെ അവസ്ഥ.

പ്രത്യേകിച്ച് ആരും പിന്തുണയ്ക്കാനില്ലാത്തതിന്റെ ബുദ്ധിമുട്ടു നേരിടുന്നവരായിരുന്നു എന്റെയടുത്തു വന്ന പ ല ചെറുപ്പക്കാരും. അപ്പോൾ എന്നെക്കൊണ്ടാകും വിധം സ ഹായിക്കാന്‍ ശ്രമിക്കും.

‘ഷഫീഖിന്റെ സന്തോഷ’ത്തിൽ ഉണ്ണിയുടെ അച്ഛനും അഭിനയിച്ചിട്ടുണ്ടല്ലോ ?

അതു വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. അ ച്ഛൻ പണ്ടു നാടകങ്ങൾ ചെയ്തിട്ടുള്ളതിന്റെ ഫോട്ടോസ് കണ്ടിട്ടുണ്ട്. അഭിനയത്തോടും സിനിമയോടുമൊക്കെ താൽപര്യമുണ്ടെന്നും എനിക്കറിയാം. അതുകൊണ്ടാകാം എന്റെ ആഗ്രഹത്തെയും പിന്തുണച്ചത്.

അച്ഛനെ കാണുമ്പോൾ മുൻപും പലരും ചോദിച്ചിട്ടുണ്ട്, ‘അഭിനയിച്ചൂടേ ?’ എന്ന്. ‘ഷെഫീക്കിന്റെ സന്തോ ഷ’ത്തിലൂടെ അതു നടന്നു.

അടുത്തിടെയുണ്ടായ വിവാദവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു സംസാരിക്കവേ, അമ്മ വളരെയധികം വേദനിച്ചു എന്ന് ഉണ്ണി വളരെ വൈകാരികമായി പറഞ്ഞിരുന്നു ?

unni-mukundan-vanitha

കേരളം വിട്ട്, ഭാഷയറിയാതെ ഗുജറാത്തിൽ ചെന്നു, കഷ്ടപ്പെട്ടു രണ്ടു മക്കളെ വളർത്തിയെടുത്തവരാണ് എന്റെ അ ച്ഛനും അമ്മയും. എന്റെ ഭാവമാറ്റങ്ങൾ മനസ്സിലാക്കുന്ന, ഞാൻ എന്താകും ചിന്തിക്കുക എന്നു തിരിച്ചറിയുന്ന രണ്ടാളുകളാണ് അവർ. അവരോളം എന്നെ മറ്റാർക്കും അറിയില്ല. വളരെ അപൂർവമായാണ് അമ്മയെ വിഷമിച്ചു കണ്ടിട്ടുള്ളത്.

എന്നെക്കുറിച്ച്, ഒരു പരിധി വിട്ട് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തരത്തിൽ ചില കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ അമ്മയ്ക്കു സങ്കടമായി. ‘നീ ആഗ്രഹിച്ചതു സിനിമയിൽ അഭിനയിക്കണം എന്നല്ലേ. അതിനൊക്കെ എത്രയോ മുകളിൽ പോയി. സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ?’ എന്നു അമ്മ ചോദിച്ചു.

എന്നെ സംബന്ധിച്ചു ബാരിക്കേഡുകൾ ഒന്നുമില്ല. ആർക്കും നേരിട്ടു വന്നു സംസാരിക്കാം. വേണമെങ്കില്‍ രണ്ടു ചീത്ത പറഞ്ഞിട്ടു പോകാം. അത്ര സ്വാതന്ത്യം ആൾക്കാർക്കുണ്ട്. അതിന്റെ ഗുണവും ദോഷവും ഞാൻ നേരിടുന്നുണ്ട്. ചില വാർത്തകൾ വരും. വിവാദമാകും. പിന്നീടതു മാഞ്ഞു പോകും. ഇതിനെയെല്ലാം നേരിട്ടു തോൽപ്പിക്കാൻ ഞാൻ ഗ്യാങ്സ്റ്ററൊന്നും അല്ലല്ലോ.

‘യശോദ’ വരെയുള്ള സിനിമകൾ പരിശോധിച്ചാൽ തെലുങ്കിൽ വലിയ കരിയർ സാധ്യതയില്ലേ ?

ഒരിക്കലും അതൊരു ഹരം ആയി തോന്നിയിട്ടില്ല. എന്റെ ആഗ്രഹം മലയാള സിനിമയിൽ നിന്നു വളരാനാണ്. ഇവിടം വിട്ടു മറ്റൊരു ഭാഷയിൽ പോകുന്നത്, ഒരു ടീമിൽ കളിച്ചു ശരിയാകാതെ മറ്റൊരു ടീമിൽ പോയി കളിക്കും പോലെയാണു തോന്നുന്നത്.

സാമ്പത്തികം മാത്രമല്ലല്ലോ പ്രധാനം. അഞ്ഞൂറു രൂപയ്ക്കു ജീവിച്ച എനിക്ക് അതിനു മുകളിൽ കിട്ടുന്ന എല്ലാം ബോണസാണ്. ഇഷ്ടങ്ങളെ വേണ്ടെന്നു വച്ചിട്ടു മറ്റെങ്ങോട്ടും പോകേണ്ട എന്നുമുണ്ട്.

വി.ജി.നകുൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ