‘ഗുണ’ സിനിമയിലെ ‘കൺമണി അൻപോട് കാതലൻ...’ എന്ന ഗാനം ‘മ ഞ്ഞുമ്മൽ ബോയ്സി’ലൂടെ തെന്നിന്ത്യയാകെ തൂവാനം പോലെ പൊഴിഞ്ഞ ദിനങ്ങളിലൊന്നിലാണു നടി അഭിരാമിയെ കണ്ടത്. ബെംഗളൂരുവിലെ വിശ്വനാഥപുരയിലെ വീട്ടിൽ, ഭർത്താവ് രാഹുൽ പവനനും രണ്ടുവയസ്സുകാരി മകൾ കൽക്കിക്കുമൊപ്പമിരുന്നു താരം പറഞ്ഞു തുടങ്ങിയതും ജീവിതത്തിലെ ‘ഗുണ’ കണക്‌ഷനെക്കുറിച്ചാണ്.
‘‘യഥാർഥ പേര് ദിവ്യ ഗോപികുമാർ എന്നാണ്. ടിവി ഷോ ചെയ്തു തുടങ്ങിയപ്പോഴാണ് അ ഭിരാമി എന്നു മാറ്റിയത്.‘ഗുണ’യിലെ നായികാ കഥാപാത്രത്തിന്റെ പേരാണത്. ആ ഇഷ്ടമാണ് എന്നെ അഭിരാമിയാക്കിയത്.’’
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി തിളങ്ങി നിന്ന കാലത്താണ് ഉപരിപഠനത്തിനായി അഭിരാമി അമേരിക്കയിലേക്കുപോയത്. പിന്നെ, പത്തുവർഷത്തെ ഇടവേള. ജോലി, വിവാഹം, സിനിമയിലേക്കുള്ള തിരിച്ചുവരവ്, മ കൾ, കുടുംബം. പുതിയ വിശേഷങ്ങളേറെയുണ്ടു പറയാൻ.
‘‘എന്റെ 39ാം വയസ്സിലാണു കൽക്കി ജീവിതത്തിലേക്കു വരുന്നത്. അവൾക്കപ്പോൾ അഞ്ചു മാസം പ്രായം. അമേരിക്ക വിട്ടു ബെംഗളൂരുവിൽ താമസമാക്കിയിട്ട് ഇപ്പോൾ മൂന്നു വർഷം. മോളെ ദത്തെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കണം, സിനിമയിൽ വീണ്ടും സജീവമാകണം. ഈ രണ്ടു ലക്ഷ്യങ്ങളുമായാണു നാട്ടിലേക്കു വന്നത്.
എന്നോ മനസ്സിലുണ്ടായ മോഹം
എന്റെ 12ാം വയസ്സിലാണ്, അങ്കിളും ആന്റിയും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. അന്നതത്ര സാധാരണമായിരുന്നില്ല. പിന്നീടൊരു ആൺകുഞ്ഞിനെയും അവർ ദത്തെടുത്തു. എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച സംഭവമാണത്. എന്നെങ്കിലുമൊരിക്കൽ ഞാനുമിങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് അന്നു തോന്നിയിരുന്നു.
കൽക്കിയെ സ്വീകരിക്കുമ്പോൾ ചിന്തിച്ചതും അതാണ്, എത്രയോ വർഷം മുൻപേ മനസ്സ് ഇതിനായി തയാറെടുത്തിരുന്നു. രാഹുലും എന്റെ ഇ ഷ്ടത്തിനൊപ്പം ഉറച്ചു നിന്നു. ഞങ്ങൾ തമ്മിൽ വളരെ മുൻപേ ഇതേക്കുറിച്ചു വിശദമായി സംസാരിച്ചിട്ടുണ്ട്. പ്രായോഗികമായി ചിന്തിക്കുന്ന, അനാവശ്യ വാശികളോ കടുംപിടുത്തങ്ങളോ ഇ ല്ലാത്ത ആളാണു രാഹുൽ. കുഞ്ഞിനെ ദത്തെടുക്കുകയെന്നതു വളരെ സ്വാഭാവികമായ കാര്യമായേ കണ്ടുള്ളൂ.
പറഞ്ഞല്ലോ, എന്റെ വീട്ടില്‍ ഇതു പുതുമയല്ല. രാഹുലിന്റെ കുടുംബത്തിലാണെങ്കിൽ വളരെ പുരോഗമനപരമായി ചിന്തിക്കുന്നവരാണ്. ചിന്തകനും എഴുത്തുകാരനുമായ പവനന്റെ മൂത്ത മകൻ സി.പി. രാജേന്ദ്രന്റെ മകനാണു രാഹുൽ. അമ്മ കുശല രാജേന്ദ്രൻ.

കൽക്കി വന്നപ്പോൾ
‘‘മകൾ വന്ന ശേഷം ഞങ്ങളുടെ ജീവിതം മാറി. അതിനു പത്തുമാസത്തിന്റെ കണക്കു പറയേണ്ടതേയില്ല. അതുമായി ബന്ധപ്പെട്ട് എന്തു സംസാരിച്ചാലും ഞാൻ ഇമോഷനലാകും. ഷീ ഈസ് സ ച്ച് എ വണ്ടർ ഫുൾ ചൈൽഡ്!
കുഞ്ഞിനെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി മൂന്നര വർഷത്തെ കാത്തിരിപ്പുണ്ടെങ്കിലും അനുകൂലമായ ഇമെയിൽ വന്ന ശേഷം 48 മണിക്കൂറിനുള്ളിൽ കൃത്യമായ തീരുമാനം എടുക്കണം. ശേഷം ഒരാഴ്ചയേയുള്ളൂ, പേരു കണ്ടെത്താനും മറ്റും.
മോൾക്ക് യുനീക് ആയ, പറയാന്‍ എളുപ്പമുള്ള, സംസ്കാരവുമായി ബന്ധപ്പെട്ട പേരു വേണം എന്നുണ്ടായിരുന്നു. കൽക്കി കുമാർ പവനൻ എന്നാണ് മുഴുവൻ പേര്. വീട്ടിൽ ചിക്കിടി എന്നു വിളിക്കും. കൽക്കിക്കു വീടിനുള്ളിൽ അടച്ചിരിക്കുന്നതു തീരെ താൽപര്യമില്ല. മുറ്റത്തു നിന്നു കളിക്കണം. പാട്ടാണു മറ്റൊരു പ്രിയം. സ്വന്തമായി പാടി ആസ്വദിക്കും. ഞാലിപ്പൂവൻ പഴമാണു ഫേവറിറ്റ് ഫൂഡ്. ‘അനാന’ എന്നാണു പറയുക. മൃഗങ്ങളെ വലിയ ഇഷ്ടമാണ്. പൂച്ചയുടെയും പട്ടിയുടെയുമൊക്കെ ശബ്ദം അനുകരിക്കും. ഭക്ഷണം കഴിക്കുന്നതായാലും വസ്ത്രം തിരഞ്ഞെടുക്കുന്നതായാലും എല്ലാം സ്വന്തമായി ചെയ്യണമെന്നാണു വാശി. ഇംഗ്ലിഷ്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകൾ കേട്ടുവളരുന്ന അവൾ ഏതു ഭാഷയാണു ആദ്യം നന്നായി സംസാരിച്ചു തുടങ്ങുന്നതെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആകാംക്ഷയുണ്ട്.
അഭിമുഖത്തിന്റെ പൂർണരൂപം വനിത മേയ് ആദ്യ ലക്കത്തിൽ
വി.ജി. നകുൽ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ