Thursday 23 January 2020 02:14 PM IST

‘ഷൂട്ട് തുടങ്ങുമ്പോഴാണ് മമ്മൂക്കയുടെ സിനിമയാണ് ‘മാമാങ്കം’ എന്നറിയുന്നത്; ആദ്യ ദിവസം തന്നെ പണി കിട്ടി!’

Nithin Joseph

Sub Editor

achuthan66476

മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം പടവെട്ടിയ ത്രില്ലിലാണ് അച്യുതൻ ബി. നായർ...

മാമാങ്കത്തിലെത്തിയ കഥ

മാമാങ്കത്തിലെ ചന്ത്രോത്തിൽ ചന്തുണ്ണി എന്ന കഥാപാത്രം ചെയ്യാൻ കളരി അറിയാവുന്ന കുട്ടിയെ വേണമായിരുന്നു. അതിനായി കേരളത്തിലെ കളരികളിലെല്ലാം  ഒഡീഷൻ വച്ചു. അങ്ങനെയാണ് ഞാൻ ഈ സിനിമയുടെ ഭാഗമാകുന്നത്. ഒഡീഷന്റെ സമയത്ത് മാമാങ്കം ഇത്ര വലിയ സിനിമയാണെന്നോ അതിൽ മമ്മൂക്ക ഉണ്ടെന്നോ എനിക്ക് അറിയില്ലായിരുന്നു.

ലൊക്കേഷനിലെ ബെസ്റ്റ് ഫ്രണ്ട്

കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായതുകൊണ്ട് ഒരു കുഞ്ഞനിയനെപ്പോലെയാണ് സെറ്റിൽ എല്ലാവരും എന്നെ കണ്ടത്. എന്റെ ബെസ്റ്റ് ഫ്രണ്ട് പ്രാചി തെഹ്‌ലനാണ്. രണ്ടു വർഷം മുൻപാണ് ഞങ്ങൾ രണ്ടാളും മാമാങ്കത്തിന്റെ ഭാഗമായത്. ഷൂട്ടില്ലാത്ത സമയത്ത് ഞങ്ങൾ കാരവനിൽ ഇരുന്ന് വർത്തമാനം പറയും. പ്രാചിക്കു മലയാളം അറിയില്ല. ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് സംസാരം. മലയാളം പഠിപ്പിക്കാൻ ഞാൻ കുറെ ശ്രമിച്ചു. ‘നമസ്കാരം, സുഖമാണോ, ഭക്ഷണം കഴിച്ചോ’ ഇങ്ങനെ കുറെ വാക്കുകള്‍ പഠിപ്പിച്ചു കൊടുത്തു.

സ്കൂളിൽ ഞാനൊരു ഹീറോ

പുതുപ്പള്ളി ജോർജിയൻ സ്കൂളിലാണ് പഠിക്കുന്നത്. നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാണ് മാമാങ്കത്തില്‍ ചാൻസ് കിട്ടിയത്. പിന്നെ, പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂളിൽ പോയത്. ഇപ്പോൾ ആറാം ക്ലാസിലാണ്. ടീച്ചേഴ്സും ഫ്രണ്ട്സും  നല്ല സപ്പോർട്ടാണ്. സിനിമയുടെ കാര്യം കൂട്ടുകാരോടു പറഞ്ഞിരുന്നില്ല. മമ്മൂക്കയ്ക്കൊപ്പമുള്ള പോസ്റ്റർ ഇറങ്ങിയപ്പോഴാണ് എല്ലാവരും അറിഞ്ഞത്. സ്കൂളിൽ ഞാനിപ്പോൾ ചെറിയൊരു ഹീറോയാണ്.

സാമൂഹിക പാഠം കടുപ്പം തന്നെ

പഠിക്കാൻ വല്യ മടിയൊന്നും ഇല്ല. പക്ഷേ, ഈ സോഷ്യൽ സ്റ്റഡീസ് ഇത്തിരി കടുപ്പമാണ്. ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്സ്, എന്തോരമാണ്, പഠിക്കാൻ.  ഇംഗ്ലിഷും സ്പോർട്സുമാണ് എന്റെ ഫേവറിറ്റ്.

മമ്മൂക്കയെ കണ്ട കഥ

മേക്കപ് ടെസ്റ്റും  സ്ക്രീൻ ടെസ്റ്റും  കഴിഞ്ഞ് ഷൂട്ട് തുടങ്ങുമ്പോഴാണ് മമ്മൂക്കയുടെ സിനിമയാണ് ‘മാമാങ്കം’ എന്നറിയുന്നത്. ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. മമ്മൂക്ക ആദ്യദിവസം തന്നെ എന്നോട് പറഞ്ഞത് ‘പേടിക്കാതെ കോൺഫിഡന്റായി ചെയ്തോളൂ’ എന്നാണ്. അതുവരെയുണ്ടായിരുന്ന ടെൻഷൻ ആ വാക്കുകൾ കേട്ടപ്പോൾ മാറി. വേറൊരു പണി കൂടി മമ്മൂക്ക എനിക്കു തന്നു.  ‘ദിവസവും 50 പുഷ് അപ് ചെയ്യണം.’ അതും ഞാൻ അനുസരിച്ചു.

അടിയും തടയും പഠിച്ചു

അഞ്ചാം വയസ്സിലാണ് കളരി പഠനം തുടങ്ങിയത്. പുതുപ്പള്ളി  ജയ് ശങ്കർ കെ.ജെ.വി കളരിയിലെ  ബൈജു വർഗീസ് ഗുരുക്കളുടെ കീഴിൽ. പിന്നെ, മാമാങ്കത്തിനായി വാളും ഉ റുമിയും പയറ്റാൻ കോഴിക്കോട് സി.വി.എൻ കളരിയിലെ സുനിൽ, ഗോപൻ എന്നീ ഗുരുക്കളുടെ കീഴിൽ പരിശീലിച്ചു. കളരി പോലെ അഭിനയവും എനിക്ക് വലിയ ഇഷ്ടമാ.

മുടി ഇഷ്ടമാണ്, പക്ഷേ...

സിനിമയ്ക്കു വേണ്ടിയാണ് മുടി വളർത്തിയത്. സ്കൂളിൽനിന്ന് പ്രത്യേകം അനുവാദം വാങ്ങി. ഇനി മുടി വെട്ടിക്കളയണം. മുടി വളർത്താൻ ഇഷ്ടമാണ്. എന്റെ നീളൻ മുടി കാണുമ്പോൾ പലരും പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഒരു ദിവസം  ഡ്രസ് വാങ്ങാൻ ചെന്ന എന്നോട് സെയിൽസ്മാൻ  ചേട്ടൻ പറഞ്ഞത് എന്താണെന്നോ, ‘പെൺകുട്ടികളുടെ സെക്‌ഷൻ അപ്പുറത്താണ് മോളേ’യെന്ന്.

പേരിനു പിന്നിലൊരു കഥയുണ്ട്

ഒഡീഷനിൽ പങ്കെടുക്കപ്പെട്ടപ്പോൾ വീട്ടുകാർ അത്ര സീരിയസായി എടുത്തിരുന്നില്ല. സെലക്‌ഷൻ കിട്ടിയപ്പോൾ എല്ലാവരും ഹാപ്പിയായി. അച്ഛൻ ബാലഗോപാലൻ നായർ മലയാള മനോരമയിൽ ആർട്ടിസ്റ്റാണ്. അമ്മ വി.സി. ശോഭ  കെ.എസ്.ആർ.ടിസിയിൽ ഓഫിസർ. എനിക്കൊരു കുഞ്ഞനിയത്തിയുണ്ട്, അരുന്ധതി. അവൾക്കു പേര് കണ്ടുപിടിച്ചതും ഞാനാണ്. അനുഷ്ക ഷെട്ടി അഭിനയിച്ച ‘അരുന്ധതി’ സിനിമ എന്റെ ഫേവറിറ്റാണ്. അങ്ങനെ ആ സിനിമയിലെ അനുഷ്കയുടെ പേര് അനിയത്തിക്ക് ഫിക്സ് ചെയ്തു. അവൾ എൽ.കെ.ജിയിൽ പഠിക്കുന്നു.

Tags:
  • Celebrity Interview
  • Movies