Saturday 12 June 2021 02:50 PM IST

‘എന്റെ അമ്മ മരിക്കാൻ കിടക്കുമ്പോൾ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാർഥനയിൽ ഞാൻ പങ്കെടുത്തില്ല’; മനസ്സ് തുറന്ന് ബാബുരാജ്

Rakhy Raz

Sub Editor

babftgfyg56777

കായികമായും നിയമപരമായും നേരിടുമെന്നൊക്കെ സിനിമയിൽ പറഞ്ഞാലും താന്‍ അത്തരക്കാരനല്ല എന്ന് ബാബുരാജ്...

‘പടക്കം പൊട്ടിച്ചത് ആചാരവിരുദ്ധം ആണെന്നു പറയുന്നവരുണ്ട്. ആഘോഷിച്ചതാണെന്നു പറയുന്നവരുമുണ്ട്. ഒരു കാര്യം പറയാം. ഇനി ഇതു പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ കായികമായും നിയമപരമായും നേരിടും. അതു കള്ളുഷാപ്പിൽ ഇരുന്ന് കുശു കുശു പറയുന്നവരായാലും മേടയിൽ ഇരുന്ന് താളത്തിൽ പറയുന്നവർ ആയാലും ശരി ജോമോന്റെ മാനുവൽ മനസാക്ഷിയാണ്.’

ബാബുരാജിന്റെ ഈ കിടിലൻ ഡയലോഗാണ് ‘ജോജി’ സിനിമയിൽ ഏറ്റവും കയ്യടി നേടിയത്. ‘സോൾട്ട് ആൻഡ് പെപ്പറി’ലെ കുക്ക് ബാബുവിന് ശേഷം ബാബുരാജ് പ്രേക്ഷകരെ പൊളിച്ചടുക്കി പോക്കറ്റിലാക്കിയ ഡയലോഗ്.

‘‘ശരിക്കും ആ ഡയലോഗ് നിയമപരമായും  കായികമായും നേരിടും എന്നാണ്. ഞാൻ എത്ര പറഞ്ഞിട്ടും കായികം ആണ് ആദ്യം വരുന്നത്. ‘ചേട്ടന്റെ രീതി അങ്ങനെ ആണല്ലോ, അങ്ങനെ തന്നെ പറഞ്ഞോ’ എന്നു പറഞ്ഞു സംവിധായകന്‍ ദിലീഷ് പോത്തന്‍.

സിനിമയിൽ ഒരു ഡയലോഗിനായി വർഷങ്ങളോളം കാത്തു നിന്നയാൾ ആണ് ഇപ്പോൾ മണിമണി ആയി ഡയലോഗ്‌ പറയുന്നത് ?

അതെ. സിനിമയിൽ വന്നിട്ടിപ്പോൾ 27 വർഷമായി. 17 വർഷമാണ് ഗുണ്ടയുെട േവഷത്തില്‍ മസിലും െപരുപ്പിച്ച് ഒരു ഡയലോഗ് പോലും പറയാതെ വില്ലന്‍റെ പിന്നില്‍ നിന്നത്. അപ്പോഴും നല്ല കിടിലന്‍ ഡയലോഗുകള്‍ വീശി പറഞ്ഞ് അഭിനയിക്കാൻ ഉള്ള ത്വര മനസ്സിൽ ഉണ്ട്. ഇപ്പോള്‍ അവസരം കിട്ടുമ്പോൾ അതൊക്കെ മണിമണിയായി പുറത്തു വരുന്നു, അത്രേയുള്ളൂ.

േജാഷി സാറിന്‍റെ ‘പ്രജ’ എന്ന സിനിമയിലാണ് ആദ്യ ഡയലോഗ്‌ കിട്ടിയത്. സെറ്റിൽ ചെന്നപ്പോഴേ അറിഞ്ഞു, സ്റ്റാർ ഒക്കെയുള്ള െപാലീസ് വേഷമാണ് െചയ്യുന്നതെന്ന്. വേഷം ഇട്ടു വന്നപ്പോൾ ഒരു ‘ഹിഡുംബൻ’ ഡയലോഗ്‌. 14 ടേക്ക് എടുത്തിട്ടും ശരിയായില്ല. അന്നു രാത്രി കിടന്നിട്ട് എനിക്ക് ഉറക്കം വരുന്നില്ല. ‘ഇത്ര നല്ലൊരു ചാൻസ് കിട്ടിയിട്ട് നിനക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോടാ’ എന്നു മനസാക്ഷി പറയുകയാണ്. പിന്നെ, എഴുന്നേറ്റിരുന്ന് ഡയലോഗ്‌ മുഴുവനും കാണാപാഠം പഠിച്ചു. പിറ്റേന്ന് റീടേക് ഉണ്ട് എന്നൊന്നും ഉറപ്പില്ല. എന്തായാലും ആഗ്രഹിച്ച പോലെ പിറ്റേന്ന് ജോഷി സാർ ചോദിച്ചു.

‘നമുക്ക് ഒന്നൂടെ നോക്കിയാലോടാ...’ ഒറ്റ ടേക്കിൽ ഓകെ.

‘നീയെങ്ങിനെ ഇത് ഒപ്പിച്ചു...?’ സാർ അദ്ഭു തത്തോെട ചോദിച്ചു.

‘ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല സാർ...’ ഞാൻ വിനയത്തോെട പറഞ്ഞു.

കുക്ക് ബാബുവിന് ശേഷം പത്തു വർഷത്തിനിപ്പുറം ആണ് വ്യത്യസ്തമായ ഒരു കഥാപാത്രം?

‘സോൾട്ട് ആൻഡ് പെപ്പറി’ന് മുൻപ് ‘ഡാഡി കൂൾ’ ചെയ്യുമ്പോൾ ഒരു ഡയലോഗ് ഞാൻ തമാശയായി പറഞ്ഞു. തിയറ്ററിൽ അത് ചിരി പടർത്തിയതാണ് കുക്ക് ബാബുവിന്റെ റോൾ ആഷിഖ് അബു തരാൻ കാരണം. അതിനു ശേഷം ‘ഹണിബീ’, ‘മായാ മോഹിനി’, ‘ഓർഡിനറി’ തുടങ്ങി ഒരുപാട് സിനിമയിൽ തമാശ കഥാപാത്രങ്ങൾ ചെയ്തു. കൊമേഡിയൻ ആയി മുദ്ര കുത്തുകയാണോ എന്നു തോന്നിത്തുടങ്ങിയപ്പോള്‍ പല സിനിമകളും പിന്നെ, വേണ്ടെന്നു വച്ചു.

മാറി ചിന്തിക്കുന്ന എഴുത്തുകാരും സംവിധായകരും വരികയും അവർ നമ്മളെ ശ്രദ്ധിക്കുകയും ചെയ്യുമ്പോഴാണ് വ്യത്യസ്തമായ വേഷങ്ങൾ കിട്ടുക. വ്യത്യസ്ത റോളുകൾക്കായി കാത്തിരിക്കുമ്പോൾ ഗ്യാപ് വരും.

ചെറിയ ഒരു ഗ്യാപ് വന്നപ്പോൾ ഞാൻ പണ്ട് ചെയ്ത് ഉപേക്ഷിച്ച, ഇനി ഒരിക്കലും ചെയ്യാൻ ഇട വരല്ലേ എന്നാഗ്രഹിക്കുന്ന ഗുണ്ടയായി ഫൈറ്റ് സീൻ ചെയ്യാൻ വിളിച്ചവർ വരെ ഉണ്ട്. അതിൽ പരാതി പറയാനൊന്നും പോകാറില്ല. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു ഒഴിവാക്കുകയെ ഉള്ളൂ. നല്ല റോളുകൾ കിട്ടാൻ സമയം നന്നാകണം, നല്ല അവസരങ്ങൾ കിട്ടണം. അഭിനയിച്ച പടം വിജയിക്കണം. അത് ഭാഗ്യം ആണ്.

ഗ്യാപ് നികത്താൻ ആണോ ‘ബ്ലാക് കോഫി’ യുടെ രചനയും സംവിധാനവും ചെയ്തത് ?

‘ബ്ലാക് കോഫി’യുടെ നിർമാതാക്കൾ കുക്ക് ബാബുവിന്റെ കഥാപാത്രത്തിന് ഇനിയും സാധ്യതയുണ്ടെന്നു പറഞ്ഞ് സമീപിച്ചപ്പോൾ ചെയ്യണോ എന്ന കാര്യത്തിൽ നല്ല സംശയം ഉണ്ടായിരുന്നു. ‘സോൾട്ട് ആൻഡ് പെപ്പറി’ലെ കുക്ക് ബാബു അത്ര വിജയം ആയിരുന്നല്ലോ. വാണിയും ചോദിച്ചു അതു വേണോ എന്ന്. മഹാരാജാസിൽ പഠിക്കുമ്പോഴേ നാടകം എഴുതി അവതരിപ്പിച്ചിരുന്നു. ഞാൻ ആദ്യമായി എഴുതി സംവിധാനം ചെയ്ത സിനിമ ‘ഗ്യാങ്’ ആയിരുന്നു. പിന്നീട് ‘മനുഷ്യ മൃഗ’വും ‘ബ്ലാക്ക് ഡാലിയ’യും. അവസരം വരുമ്പോഴേ നമ്മുടെ ആഗ്രഹങ്ങൾ നടക്കൂ. അതു കൊണ്ട് ‘ബ്ലാക്ക്‌ കോഫി’ ചെയ്യാൻ തീരുമാനിച്ചു. ആഷിഖിനോടും ശ്യാമിനോടും ജാമ്യം എടുത്തിട്ടാണ് തുടങ്ങിയത്. 2018 ല്‍ ചെയ്ത സിനിമ തിയറ്ററിൽ എത്താൻ വൈകി. അപ്പോഴേക്കും അതിലെ പല തമാശകളും‘ഔട്ട് ഡേറ്റഡ്’ ആയി.

കുക്ക് ബാബുവിന് അമിത അഭിനയം വേണമായിരുന്നെങ്കിൽ ‘ജോജി’യിലെ ജോമോന് നിയന്ത്രിത അഭിനയം ആയിരുന്നു?

‘ജോജി’യുടെ കഥ കേട്ടപ്പോൾ സത്യത്തിൽ ഞാൻ ‘ഷോക്ഡ്’ ആയി. ഒരു മറുപടി കൊടുക്കാതെ കാറും എടുത്തു തിരികെ പോന്നു. കാരണം ഞാൻ ക്രിസ്ത്യാനി ആണ്. എന്റെ അമ്മ മരിക്കാൻ കിടക്കുമ്പോൾ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാർഥനയിൽ ഞാൻ പങ്കെടുത്തില്ല. ഇത്രയും നാൾ സ്നേഹിച്ച ഒരാൾ ‘വിട്ടു പോകണേ’ എന്നു പ്രാർഥിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഈ ഓർമകൾ എന്നെ ബാധിച്ചു. എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉൾക്കൊള്ളാൻ കഴിയുമോ എന്നു ആദ്യം സംശയിച്ചു.

ജോമോൻ ആകാൻ റിഹേഴ്സൽ ചെയ്തിരുന്നോ ?

27 വർഷത്തെ അഭിനയ ജീവിതത്തിൽ ഒരിക്കൽ പോലും റിഹേഴ്സൽ ചെയ്തിരുന്നില്ല. തയാറെടുപ്പ് ഇല്ലാത്ത ടേക്ക് ആണ് ബെസ്റ്റ് ടേക്ക് എന്ന എന്റെ വിശ്വാസം തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ദിലീഷ് പോത്തനും പൊളിച്ചെഴുതി. ആദ്യദിവസം തന്നെ അവർ പറഞ്ഞു ‘എല്ലാ ദിവസവും ഷൂട്ട് ഉണ്ടാകില്ല, ചിലപ്പോൾ രണ്ടു മൂന്നു ദിവസം റിഹേഴ്സൽ ആയിരിക്കും’ എന്ന്. ഇത് എന്ത് ഏർപ്പാട് ആണ് എന്നാണ് ആദ്യം തോന്നിയത്. ശ്യാമിന്റെയും ദിലീഷിന്റെയും രീതി വേറെ ആണ് എന്ന് അറിയാവുന്നതു കൊണ്ട് റിഹേഴ്സൽ ചെയ്തു. ആദ്യം ജോമോൻ എനിക്ക് അത്ര വഴങ്ങിയില്ല. റിഹേഴ്സൽ കഴിഞ്ഞ് റൂമിൽ പോയിരുന്നു ചിന്തിക്കും ‘ശരി ആയി കാണുമോ?’

മൂന്നാം ദിവസം ഫഹദ് വന്നപാടേ റിഹേഴ്സൽ എടുക്കുന്നു, ഒരുപാട് സംശയങ്ങള്‍ േചാദിക്കുന്നു, കഥാപാത്രമായി മാറാൻ വൻ ശ്രമം നടത്തുന്നു... ഇതൊക്കെ കണ്ടതോടെയാണ് എനിക്ക് സംഗതി പിടികിട്ടുന്നത്. അതിനു ശേഷം ശ്യാമും ദിലീഷും എന്നോടു പറഞ്ഞു, ‘ചേട്ടൻ ട്രാക്കിലായി കേട്ടോ.’ നമ്മുടെ വ്യക്തിത്വത്തിന്റെ ചില പ്രത്യേകതകൾ കൂടി പ്രയോജനപ്പെടുത്തി അഭിനയിപ്പിക്കുന്ന രീതിയാണ് അവരുടേത്.

മഹാരാജാസ് കാലവും ജയിൽ ജീവിതവും ഓർക്കാറുണ്ടോ ?

മറക്കാൻ പറ്റുമോ? എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്നവും ഞാൻ ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തിൽ ഇറങ്ങിയത്. രാഷ്ട്രീയ കേസുകളിൽ പല വട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലിൽ പോകേണ്ടി വന്ന കേസി ൽ മരിച്ച ആളെ ഞാൻ കണ്ടിട്ട് പോലും ഇല്ലായിരുന്നു. ഒരു തിയറ്ററിലെ ജീവനക്കാരൻ ആയിരുന്നു മരിച്ച ആൾ. രാഷ്ട്രീയ മാനം ഉള്ളതിനാൽ എന്നെ അതിൽ പെടുത്താൻ എളുപ്പമായിരുന്നു. 85 ദിവസം ജയിൽ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്.

വർഷങ്ങൾ കഴിഞ്ഞ് ‘അമ്മ’ സംഘടനയുടെ ആവശ്യത്തിന് വനിതാ കമ്മിഷൻ ജഡ്ജിയെ കണ്ടു. എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്‌ലി ആയിരുന്നു അത്. അന്നു ഞാന്‍  ചോദിച്ചു ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്...?’

‘സാഹചര്യം പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുെട മറുപടി. ‘പഠിക്കാൻ മിടുക്കൻ ആയിരുന്നല്ലോ, പ്രാക്റ്റീസ് വിട്ടത് എന്തിനാണ്’ എന്നും ചോദിച്ചു.

ഏഴു വർഷത്തോളം ഞാൻ ഹൈക്കോടതിയില്‍ ടി.വി. പ്രഭാകരൻ സാറിനൊപ്പം വക്കീല്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനിടയ്ക്ക് സിനിമകളും ചെയ്തു. സിനിമ പിന്നീട് പാഷനായി മാറുകയായിരുന്നു.

banurajjj444

കുരുത്തംകെട്ട ബാബുരാജിനെ മനസ്സിലാക്കാൻ വാണിക്ക് കഴിഞ്ഞു അല്ലേ?

അവൾക്ക് എന്നെ നന്നായി അറിയാം. കോളജ് കാലത്തു മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകൾക്ക് ഒരു കുറവും ഇല്ല. ‘ജോജി’യുടെ സെറ്റിൽ വന്ന ഫഹദ് എന്നോട് പറഞ്ഞു, ‘ചേട്ടൻ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്’ എന്ന്.

‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്നു ഞാൻ മഹാരാജാസിൽ പഠിക്കുന്നു േപാലുമില്ല’ എന്നു പറഞ്ഞു. സുന്ദരിയായ ഒരു കോളജ് ലക്ചററെ ഞാൻ ചുംബിച്ചു എന്നൊരു കഥയും ഉണ്ട്. സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയിൽ ഞാൻ അവതരിപ്പിച്ച ഒരു സീനാണ്. വാണി ഇതൊക്കെ രസം ആയിട്ട് എടുത്തു ആസ്വദിക്കുന്ന ടൈപ് ആണ്. 98 ലാണ് വാണിയെ പരിചയപ്പെടുന്നത്. നാലു വര്‍ഷം കഴിഞ്ഞു വിവാഹിതരായി.

ജീവിതത്തിന് ഗുഡ് സർട്ടിഫിക്കറ്റ് വേണ്ടാത്ത ആൾ ആണ്?

കോളജ് കാല കഥകൾ ഒരുപാട് നാട്ടില്‍ പ്രചരിച്ചിരിക്കുന്നതു െകാണ്ട്, എന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും ജ നം വിശ്വസിക്കും. നമ്മളെ കുറിച്ചു നല്ലത് മാത്രമേ കേൾക്കാവൂ എന്ന് ആഗ്രഹിക്കുമ്പോൾ വിഷമിക്കേണ്ടി വരും. അതുകൊണ്ട് എനിക്ക് ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട. ആരെന്തു പറഞ്ഞാലും നമ്മൾ ഇതേ പരുവത്തിൽ ഇവിടൊക്കെ തന്നെ കാണും.

വീട്ടിൽ ബാബുരാജ് എങ്ങനെ ആണ് ?

വാണിയും മക്കളും ചെന്നൈയിൽ ആണ്. വീട്ടിൽ എത്തിയാൽ ഞാൻ ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ  പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആയിരിക്കും. ഒരു ഏഴെട്ടു ദിവസത്തേക്ക്. അതു കഴിഞ്ഞാൽ മുങ്ങും. ആലുവയ്ക്കോ മൂന്നാറിലെ വീട്ടിലേക്കോ. എനിക്ക് നിശബ്ദമായ ഇടം ആണ് ഇഷ്ടം. ആലുവയിലെ വീട്ടിൽ ഞാനും സുഹൃത്തും അസിസ്റ്റന്റും മാത്രമേ ഉള്ളൂ.

ഇത്തവണ 15 ദിവസം ഞാൻ ഇവിടെ കാണും എന്നൊക്കെ പറഞ്ഞായിരിക്കും ചെന്നൈയിലേക്ക് ചെല്ലുക. ആറേഴു ദിവസം കഴിയുമ്പോൾ വാണി പറയും ‘ബാബുവേട്ടാ...പോകാറായിട്ടുണ്ട് കേട്ടോ..’

മക്കളുടെ വിശേഷങ്ങൾ ?

മൂത്ത മകൻ അഭയ് മൂന്നാറിലെ എന്റെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർ‌നാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ. ആർച്ചയ്ക്ക് ഞാൻ കോമഡി ചെയ്യുന്നത് ഇഷ്ടമല്ല. ‘ജോജി’ എല്ലാവർക്കും ഇഷ്ടമായി.

ബാബുരാജിനെതിരെ അടുത്ത കാലത്ത് വധശ്രമം ഉണ്ടായി ?

വധശ്രമം എന്നു പറയാൻ പറ്റില്ല. ഞങ്ങളുടെ ആശ്രിതനായിരുന്നയാളിന്റെ മകളെ വിവാഹം കഴിപ്പിക്കുന്ന ആവശ്യത്തിനായി ഞാൻ അവരുടെ സ്ഥലം വാങ്ങി. ഒരു അപകടത്തിൽ പെട്ട് മസ്തിഷ്ക ക്ഷതം വന്നിട്ടുണ്ട് അദ്ദേഹത്തിന്. മകന്റെ വിയോഗം കൂടി ആയപ്പോൾ മാനസികാവസ്ഥ തെറ്റി. ഞാനും ഒരു സുഹൃത്തും കൂടി ആ സ്ഥലത്ത് നിൽക്കുമ്പോൾ പെട്ടെന്ന് വന്ന് വെട്ടുകയായിരുന്നു. സുഖം ഇല്ലാത്ത വ്യക്തി ആയതു കൊണ്ട് ദേഷ്യം ഒന്നും ഇല്ല എനിക്ക്. ഇപ്പോഴും അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്.

അമ്മയുടെ എക്സിക്യൂട്ടിവ് മെമ്പർ ആണ്. താരങ്ങൾ രാജി വയ്ക്കുന്ന സ്ഥിതി വിശേഷം എന്തു കൊണ്ടാണ് ?

ചിലരുടെ നിലപാട് സംഘടനയുമായി ഒത്തു പോകാത്ത ത് കൊണ്ടാണ്. രാജി സ്വീകരിക്കരുത് എന്ന് എനിക്ക് വ്യക്തിപരമായി നിലപാട് ഉണ്ടെങ്കിലും സംഘടനയ്ക്ക് അ തിന്റെ ചട്ടക്കൂടിൽ നിന്നേ തീരുമാനം എടുക്കാനാകൂ. പാ ർവതി, ഗീതു, റിമ, രമ്യ നമ്പീശൻ, ഭാവന എന്നിവരൊക്കെ ആയി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാൻ. ബുദ്ധിമതികൾ ആയ പെണ്‍കുട്ടികൾ ആണവർ.

ഏതു സംഘടനയും വിമർശിക്കപ്പെട്ടാലേ തെറ്റു തിരുത്തി മുന്നോട്ട് പോകാനാകൂ. അതോെടാപ്പം ഉള്ളിൽ തീർക്കേണ്ട പ്രശ്നം അങ്ങനെ തീർക്കുകയും വേണം. സംഘടനയുടെ അടിവേര് തോണ്ടിയുള്ള വിമർശനം നല്ലതല്ല.

ഹോക്കി പ്ലേയർ, വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻ, നടൻ, സംവിധായകൻ, സംഘടനാ ഭാരവാഹി ജീവിതത്തിൽ ഉടനീളം വ്യത്യസ്ത റോളുകൾ ആണ് ബാബുരാജിന്. പുതിയ റോൾ ?

ജോജി കണ്ടിട്ട് ഹിന്ദിയിൽ ‘ഉഡ്താ പഞ്ചാബി’ന്റെ ഡയറക്ടർ അഭിഷേക് ഛോബെ അദ്ദേഹത്തിന്റെ അടുത്ത ഹിന്ദി സിനിമയിലേക്ക് ക്ഷണിച്ചിട്ടുണ്ട്, മനോജ് ബാജ്പേയിക്കും കങ്കണ റനൗട്ടിനും ഒപ്പം. ഹിന്ദി നന്നായി പഠിക്കുകയാണ് ഇപ്പോൾ. മേം കര്‍ത്താവായി വരുമ്പോള്‍ ഹും ആേണാ ഹോ ആേണാ േചര്‍ക്കേണ്ടത് എന്നറിയണമല്ലോ...

Tags:
  • Celebrity Interview
  • Movies