Saturday 05 June 2021 04:03 PM IST

‘എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്നവും ഞാൻ ഉണ്ടാക്കിയിട്ടില്ല’; കായികമായും നിയമപരമായും സിനിമയിൽ നേരിട്ടാലും താന്‍ അത്തരക്കാരനല്ലെന്ന് ബാബുരാജ്, അഭിമുഖം

Rakhy Raz

Sub Editor

baburajjj5534677

കായികമായും നിയമപരമായും നേരിടുമെന്നൊക്കെ സിനിമയിൽ പറഞ്ഞാലും താന്‍ അത്തരക്കാരനല്ല എന്ന് ബാബുരാജ്... 

മഹാരാജാസ് കാലവും ജയിൽ ജീവിതവും ഓർക്കാറുണ്ടോ?

മറക്കാൻ പറ്റുമോ? എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്നവും ഞാൻ ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തിൽ ഇറങ്ങിയത്. രാഷ്ട്രീയ കേസുകളിൽ പല വട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലിൽ പോകേണ്ടി വന്ന കേസി ൽ മരിച്ച ആളെ ഞാൻ കണ്ടിട്ട് പോലും ഇല്ലായിരുന്നു. ഒരു തിയറ്ററിലെ ജീവനക്കാരൻ ആയിരുന്നു മരിച്ച ആൾ. രാഷ്ട്രീയ മാനം ഉള്ളതിനാൽ എന്നെ അതിൽ പെടുത്താൻ എളുപ്പമായിരുന്നു. 85 ദിവസം ജയിൽ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്. 

വർഷങ്ങൾ കഴിഞ്ഞ് ‘അമ്മ’ സംഘടനയുടെ ആവശ്യത്തിന് വനിതാ കമ്മിഷൻ ജഡ്ജിയെ കണ്ടു. എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്‌ലി ആയിരുന്നു അത്. അന്നു ഞാന്‍  ചോദിച്ചു ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്...?’ 

‘സാഹചര്യം പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുെട മറുപടി. ‘പഠിക്കാൻ മിടുക്കൻ ആയിരുന്നല്ലോ, പ്രാക്റ്റീസ് വിട്ടത് എന്തിനാണ്’ എന്നും ചോദിച്ചു. 

ഏഴു വർഷത്തോളം ഞാൻ ഹൈക്കോടതിയില്‍  ടി. വി. പ്രഭാകരൻ സാറിനൊപ്പം വക്കീല്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനിടയ്ക്ക് സിനിമകളും ചെയ്തു. സിനിമ പിന്നീട് പാഷനായി മാറുകയായിരുന്നു.

കുരുത്തംകെട്ട ബാബുരാജിനെ മനസ്സിലാക്കാൻ വാണിക്ക് കഴിഞ്ഞു അല്ലേ?

അവൾക്ക് എന്നെ നന്നായി അറിയാം. കോളജ് കാലത്തു മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകൾക്ക് ഒരു കുറവും ഇല്ല. ‘ജോജി’യുടെ സെറ്റിൽ വന്ന ഫഹദ് എന്നോട് പറഞ്ഞു, ‘ചേട്ടൻ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്’ എന്ന്. 

‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്നു ഞാൻ മഹാരാജാസിൽ പഠിക്കുന്നു േപാലുമില്ല’ എന്നു പറഞ്ഞു. സുന്ദരിയായ ഒരു കോളജ് ലക്ചററെ ഞാൻ ചുംബിച്ചു എന്നൊരു കഥയും ഉണ്ട്. സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയിൽ ഞാൻ അവതരിപ്പിച്ച ഒരു സീനാണ്. വാണി ഇതൊക്കെ രസം ആയിട്ട് എടുത്തു ആസ്വദിക്കുന്ന ടൈപ് ആണ്. 98 ലാണ് വാണിയെ പരിചയപ്പെടുന്നത്. നാലു വര്‍ഷം കഴിഞ്ഞു വിവാഹിതരായി.

IMG-20210421-WA0019

ജീവിതത്തിന് ഗുഡ് സർട്ടിഫിക്കറ്റ് വേണ്ടാത്ത ആൾ ആണ് ?

കോളജ് കാല കഥകൾ ഒരുപാട് നാട്ടില്‍ പ്രചരിച്ചിരിക്കുന്നതു െകാണ്ട്, എന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും ജ നം വിശ്വസിക്കും. നമ്മളെ കുറിച്ചു നല്ലത് മാത്രമേ കേൾക്കാവൂ എന്ന് ആഗ്രഹിക്കുമ്പോൾ വിഷമിക്കേണ്ടി വരും. അതുകൊണ്ട് എനിക്ക് ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട. ആരെന്തു പറഞ്ഞാലും നമ്മൾ ഇതേ പരുവത്തിൽ ഇവിടൊക്കെ തന്നെ കാണും.

വീട്ടിൽ ബാബുരാജ് എങ്ങനെ ആണ് ?

വാണിയും മക്കളും ചെന്നൈയിൽ ആണ്. വീട്ടിൽ എത്തിയാൽ ഞാൻ ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ  പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആയിരിക്കും. ഒരു ഏഴെട്ടു ദിവസത്തേക്ക്. അതു കഴിഞ്ഞാൽ മുങ്ങും. ആലുവയ്ക്കോ മൂന്നാറിലെ വീട്ടിലേക്കോ. എനിക്ക് നിശബ്ദമായ ഇടം ആണ് ഇഷ്ടം. ആലുവയിലെ വീട്ടിൽ ഞാനും സുഹൃത്തും അസിസ്റ്റന്റും മാത്രമേ ഉള്ളൂ.

ഇത്തവണ 15 ദിവസം ഞാൻ ഇവിടെ കാണും എന്നൊക്കെ പറഞ്ഞായിരിക്കും ചെന്നൈയിലേക്ക് ചെല്ലുക. ആറേഴു ദിവസം കഴിയുമ്പോൾ വാണി പറയും ‘ബാബുവേട്ടാ...പോകാറായിട്ടുണ്ട് കേട്ടോ..’

മക്കളുടെ വിശേഷങ്ങൾ ?

മൂത്ത മകൻ അഭയ് മൂന്നാറിലെ എന്റെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർ‌നാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ. ആർച്ചയ്ക്ക് ഞാൻ കോമഡി ചെയ്യുന്നത് ഇഷ്ടമല്ല. ‘ജോജി’ എല്ലാവർക്കും ഇഷ്ടമായി. 

Tags:
  • Celebrity Interview
  • Movies