Thursday 03 November 2022 03:58 PM IST

‘സമൂഹത്തിന്റെ മാറ്റം എന്റെ ചിന്തകളിലും വന്നു; അന്നത്തെ പക്വതക്കുറവുകൊണ്ട് പറഞ്ഞ പല തമാശകളും ശരിയായിരുന്നില്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’

Vijeesh Gopinath

Senior Sub Editor

jayasuryyy678ubnmmm ഫോട്ടോ : ബേസിൽ പൗലോ

സിനിമയിൽ 20 വർഷം പൂർത്തിയാക്കി ജയസൂര്യ പറയുന്നു, കുടുംബമാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്..  

20 വർഷത്തെ യാത്ര ഒറ്റ വാക്യത്തിൽ ഒതുക്കാമോ ?

ദൈവാധീനം, ഗുരുത്വം, ഭാഗ്യം. ആ യാത്രയെ ഇങ്ങനെ പറയാം. ഇത് മൂന്നും കൊണ്ടാണ് ഞാന്‍ നിലനിൽക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഏതെങ്കിലും ഒന്നു കുറഞ്ഞു പോയിരുന്നെങ്കിൽ ഒരുപക്ഷേ, ഇവിടം വരെ എത്തില്ല.  

ഏതൊക്കെയോ ശക്തികളുടെ അനുഗ്രഹം കൊണ്ടാണ് ജീവിതം ഇങ്ങനെയൊക്കെ ആയതെന്നാണ് വിശ്വാസം. ഇതൊന്നും ഞാൻ തിരഞ്ഞെടുത്തതല്ല. അച്ഛനെയും അമ്മയെയും നമുക്ക് തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോ. അവരുടെ തണലിലേക്ക് എത്തിപ്പെടുകയല്ലേ... അതുപോലെ ഈ കഥാപാത്രങ്ങളിലേക്കൊക്കെ ഞാൻ എത്തിപ്പെടുകയായിരുന്നു.

എന്റെ കഴിവു കൊണ്ടു മാത്രം എത്തിയെന്നും പറയാനാകില്ല. എനിക്ക് അഭിനയിക്കുക എന്ന ഒറ്റ കഴിവേയുള്ളൂ. ബാക്കി 99 ശതമാനവും അറിയാത്ത ജോലിയാണ്. സംവിധാനം, ക്യാമറ, എഡിറ്റിങ്.... എല്ലാം കൂടി ചേരുമ്പോഴാണല്ലോ സിനിമയുണ്ടാകുന്നത്. അത് വിജയിക്കുന്നത്.

ആ പഴയ കാലത്തെ കുറിച്ച് ഒാർക്കുമ്പോൾ ചിലപ്പോഴെങ്കിലും കണ്ണീരു പൊട്ടാറില്ലേ...

അതൊന്നുമില്ല. കുറച്ചു കഴിയുമ്പോൾ നമ്മൾ റിയാലിറ്റിയിലേക്ക് വരുമല്ലോ.

മഴവിൽ മനോരമയുടെ ബെസ്റ്റ് ആക്ടർ അവാർഡ് ലാലേട്ടനിൽ നിന്ന് വാങ്ങി ഞാൻ ഗിന്നസ് പക്രുവിന്റെ അടുത്താണ് വന്നിരുന്നത്. പക്രു എന്നോട് പറഞ്ഞു, ‘‘എടാ നീ ആ അവാർഡ് വാങ്ങുമ്പോൾ ഞാൻ പഴയ കാലം ആലോചിക്കുകയായിരുന്നു. നമ്മൾ പ്രോഗ്രാം അവതരിപ്പിക്കാൻ പോയതും ഒരേ മുറിയിൽ താമസിച്ചതും’’

പക്രുവിന്റെ കൈ പിടിച്ച് ഞാൻ പറഞ്ഞു, ‘‘അണ്ണാ, ഇവിടെ ഇരിക്കുന്നവരിൽ പലർക്കും ജയസൂര്യയേ അറിയുകയുള്ളൂ, പക്ഷേ, നിങ്ങൾക്കേ ശരിക്കുമുള്ള ആ ജയനെ ഒാർക്കാനാകൂ...’’ പല സ്ഥലത്തും പ്രോഗ്രാം ചെയ്യാൻ പോകുമ്പോൾ  എനിക്കും പക്രുവിനും ഒരേ മുറിയായിരിക്കും. വർഷങ്ങളോളം ഒന്നിച്ചു താമസിച്ചിട്ടുണ്ട്. അന്നത്തെ ജയന്റെ സ്വപ്നവും സങ്കടങ്ങളുമൊക്കെ പക്രുവിനെ പോലെ അധികമാർക്കും അറിയില്ല.  

സിനിമ നക്ഷത്രങ്ങളെ പോലെ അകലെ നിൽക്കുന്ന കാലം. ഒരിക്കലും അവിടെ എത്താനാകും എന്ന് പ്രതീക്ഷിച്ചിട്ടില്ല. ദൂരെ നിന്ന് പോലും താരങ്ങളെയൊന്നും കാണാൻ കഴിയാതിരുന്ന ആൾ ഇവിടെയെങ്കിലും എത്തിയെന്നു പറയുമ്പോൾ ചെറിയ കാര്യമായല്ല കാണുന്നത്.

ചിലപ്പോഴൊക്കെ പേടി തോന്നും. ഞാനൊരു നല്ല ഉറക്കത്തിലാണെന്നും അമ്മയെങ്ങാനും വന്ന് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചാൽ ഇപ്പോള്‍ കാണുന്ന സിനിമയുടെ ഈ ലോകം മാഞ്ഞു പോകുമോ എന്നും ആലോചിക്കാറുണ്ട്.  

ജയസൂര്യ എന്ന വ്യക്തിക്കു വന്ന മാറ്റങ്ങളെന്തൊക്കെയാണ്? കുറച്ചു കൂടി ഗൗരവക്കാരനായോ?

ഗൗരവക്കാരനൊന്നും ആയിട്ടില്ലന്നെ. മാറ്റങ്ങളൊരുപാടു വന്നിട്ടുണ്ട്. മനഃപൂർവമായിട്ട് ഉണ്ടാക്കിയെടുത്തതുമല്ല. കുറച്ചു കൂടി ട്രാൻസ്പെരന്റ് ആയെന്ന് തോന്നാറുണ്ട്. ജീവിതത്തോട് എത്രത്തോളം സത്യസന്ധമാകാൻ പറ്റുന്നോ അത്രത്തോളം ജോലിയിലൂം സത്യസന്ധനാകാൻ പറ്റുമെന്ന് മനസ്സിലായി.  

പണ്ട് ഷൂട്ടിനിടയിലും മറ്റും ഒാടി നടന്ന് തമാശകൾ പറയും. പലരെയും കളിയാക്കും. അത് കേട്ട് പലരും ചിരിക്കും. പക്ഷേ, പിന്നെയാണ് മനസ്സിലായത്. നമ്മൾ ഒരാളെ കളിയാക്കുമ്പോൾ, അയാളെ കഥാപാത്രമാക്കി തമാശകൾ പറയുമ്പോൾ അയാൾക്ക് അത് വേദനിക്കും. പത്തുപേരിൽ ഒ രാളെ കളിയാക്കുമ്പോൾ ഒൻപതു പേരും ചിരിക്കും. ആ ചിരിക്കാണ് ഞാൻ പണ്ട് വില കൽപിച്ചിരുന്നത്. പക്ഷേ, ആ ഒരാളുടെ സങ്കടം  കാണാതെ പോയിട്ടുണ്ട്. ഇന്നൊരു തമാശ പറയുമ്പോൾ അത് മറ്റൊരാളെ വേദനിപ്പിക്കുന്ന രീതിയിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.  

തിരിച്ചറിവ് എന്ന സാധനം ഗൂഗിളിൽ തിരഞ്ഞാൽ കിട്ടില്ലല്ലോ. അത് അനുഭവത്തിൽ നിന്ന് പഠിക്കേണ്ടതാണ്. പണ്ടത്തെ പോലെയല്ല, ഇന്ന് തമാശ പറയാൻ പേടിയാണ്.  

പണ്ടു പറഞ്ഞ പല തമാശകളും ഇന്ന് ബോഡി ഷെയ്മിങ് ആയി തോന്നിയിട്ടുണ്ടോ?

ബോഡി ഷെയ്മിങ്ങിന് രണ്ടു മൂന്നു വശങ്ങളുണ്ട്. പലരും അതു കാണാതെ പോകുന്നുണ്ടെന്നു മാത്രം. ആരു പറയുന്നു എന്നതും അത് എങ്ങനെ പറയുന്നു എന്നുള്ളതും നമ്മൾ അതിനെ എങ്ങനെ എടുക്കുന്നു എന്നതും കണക്കിലെടുക്കേണ്ടേ? എന്നാലല്ലേ ഇൻസൽറ്റ് ആണോ ഇൻസ്പിരേഷനാണോ എന്ന് മനസ്സിലാകുകയുള്ളൂ.

എനിക്ക് നന്നായറിയുന്ന ആൾ നീ തടിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്റെ നന്മ ആഗ്രഹിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. അപ്പോൾ തടി കുറയ്ക്കണം എന്ന ഇൻസ്പിരേഷനായി അത് മാറി.

ഇനി ഞാനൊരു മണ്ടത്തരം കാണിച്ചെന്നു കരുതുക വാട്സാപ്പിലെ ഡിപി പോലെയാണ് നമ്മുടെ മണ്ടത്തരങ്ങൾ. അത് മറ്റൊരാൾ ചൂണ്ടിക്കാണിക്കുന്നു. അപ്പോഴേ  പ്രൊഫൈലിൽ പോയി നമുക്ക് അത് തിരുത്താൽ പറ്റൂ.   

അഞ്ചാറു വർഷം മുൻപ് ഞങ്ങൾ‌ കൊടുത്ത പല അഭിമുഖങ്ങളും കാണുമ്പോൾ അദ്ഭുതം തോന്നും. ഇന്നായിരുന്നെങ്കിൽ പലതും വലിയ വിവാദമായേനെ. അഭിമുഖങ്ങളിൽ ഒരുമിച്ചിരുന്ന് തമാശ പറയുമ്പോൾ പറയുന്ന ആളും ഒപ്പമിരിക്കുന്നവരും ഒരേ മാനസികാവസ്ഥയിലായിരിക്കും. പറയുന്ന തമാശ ആ രീതിയിലേ അവർ എടുക്കൂ. എന്നാൽ പുറത്തിരുന്ന് ഒരാൾ അത് കേൾക്കുമ്പോൾ അയാളുടെ മാനസികാവസ്ഥ വേറെയാണ്. അയാൾക്കത് ഇഷ്ടപ്പെടണമെന്നില്ല. അയാൾ സോഷ്യൽമീഡിയയിൽ കമന്റിടുന്നു. അത് വാർത്തയാകുന്നു. വിവാദമാകുന്നു...  

തമാശ പറയുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ട്. അന്നുള്ള  സമൂഹമല്ല ഇന്ന്. സമൂഹത്തിന്റെ മാറ്റം എന്റെ ചിന്തകളിലും വന്നു. അന്നത്തെ പക്വതക്കുറവുകൊണ്ട് പറഞ്ഞ പല തമാശകളും ശരിയായിരുന്നില്ലെന്ന് ഇന്ന് തിരിച്ചറിയുന്നു.

ഇൻസൽറ്റല്ലേ ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്? ഒരു മധുരപ്രതികാരം പറയാമോ?

എന്തെല്ലാം കല്ലേറുകൾ കൊണ്ടാണ് ഇവിടെ വരെ എത്തിയത്. വേദനിപ്പിച്ചവരോ വില കുറച്ച് കണ്ടിരുന്നവരോ ഉണ്ടാകാം.

അവരുടെ മുന്നിൽ ഞാനിങ്ങനെ നിൽക്കുമ്പോൾ ഞാൻ കൊടുക്കുന്ന മറുപടി അല്ല, പകരം കാലം കൊടുക്കുന്ന മറുപടിയായിട്ടാണ് തോന്നാറുള്ളത്. അല്ലാതെ പ്രതികാരമായിരുന്നു എന്നൊന്നും ചിന്തിക്കാനാവില്ല.   

കടലു പോലെയാകണം സ്വഭാവമെന്ന് ഞാൻ തിരിച്ചറിയുന്നു. മാലിന്യങ്ങള്‍ കടലിന് എടുത്തുവയ്ക്കാനറിയില്ല. തിര അത് കരയിലെത്തിക്കും. ഇത്രയും വലിയ കടലിന് മാലിന്യങ്ങൾ താങ്ങാനാകുന്നില്ല. പിന്നെ, ഇത്രയും ചെറിയ നമ്മളെന്തിനാ നെഗറ്റീവ് ചിന്തകളും കൊണ്ടു നടക്കുന്നത്.

Tags:
  • Celebrity Interview
  • Movies