Monday 29 June 2020 03:49 PM IST

‘അനുജന്റെ എതിർപ്പ് മാറ്റിയത് കല്യാണത്തിന് ഒരാഴ്ച മുൻപ്; ഇപ്പൊ അവനാണ് എന്റെ വലിയ കൂട്ട്’; വിവാഹവിശേഷം പങ്കുവച്ച് മണികണ്ഠൻ ആചാരി

Rakhy Raz

Sub Editor

manihbvhdbgg ഫോട്ടോ: ബേസിൽ പൗലോ

മണികണ്ഠൻ ആചാരിയുടെ വിവാഹ വാർത്തയിലൊന്നും പ്രണയത്തിന്റെ ലാഞ്ജന കണ്ടിരുന്നില്ല. പക്ഷേ, പ്രണയവും കാത്തിരിപ്പും എതിർപ്പും ഒക്കെ നേരിട്ടു തന്നെയാണ് മണികണ്ഠൻ തന്റെ പ്രണയിനി അഞ്ജലിയെ സ്വന്തമാക്കിയത്.

മണികണ്ഠൻ: ഏപ്രിൽ 26ന് എന്റെ നാടായ തൃപ്പൂണിത്തുറയിൽ പൂർണത്രയീശ ക്ഷേത്രത്തിൽ താലികെട്ട്. കളിക്കോട്ട പാലസിൽ സദ്യ. വൈകുന്നേരം ഐഎംഎ ഹാളിൽ റിസപ്ഷൻ എന്നിവയാണ് പ്ലാൻ ചെയ്തത്. ആറു മാസം മുൻപ് എന്റെ വീട്ടിൽ വച്ചായിരുന്നു നിശ്ചയം. അപ്പോൾ മുതൽ ക്ഷണം തുടങ്ങി. ചെന്നൈയിൽ പോയി വിജയ് സേതുപതി, സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്, രജനി സാർ ഇവരെയൊക്കെ വിളിച്ചു. ഇവിടെ ലാലേട്ടൻ, മമ്മൂക്ക, തുടങ്ങി എല്ലാവരെയും. വിവാഹ വസ്ത്രം മാത്രമേ എടുക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളു. അവിടെ വച്ചു എല്ലാം ലോക്ക് ആയി.

അഞ്ജലി : ആഭരണങ്ങൾ ഒക്കെ എടുത്തിരുന്നു. ഏട്ടന്റെ വീട്ടുകാർ സ്വർണപ്പണിക്കാർ ആയതു കൊണ്ട് താലി ഏട്ടന്റെ ഒരു ബന്ധു ആണ് പണിഞ്ഞത്. ലോക്ക് ഡൗൺ ആയതോടെ വിവാഹം മാറ്റി വയ്ക്കാം എന്ന് മിക്കവരും നിർദേശിച്ചു. ഇത്രയും പേരെ വിളിച്ചതല്ലേ. ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നവർ ഏറെ ഉണ്ടായിരുന്നു. നടീനടന്മാരെ കാണാൻ ആഗ്രഹിച്ച ബന്ധുക്കൾ നിരാശരായി.

‘തടി കൂടുതലാണ് ഫ്രെയിമിൽ കൊള്ളില്ല’; തടിച്ചിയെന്ന് പരിഹസിച്ചവർ ‘തടിതപ്പി’; ഇത് തീർഥയുടെ പ്രതികാരം

ആ വിവാഹത്തിന്റെ രേഖ ഞാൻ പുറത്തുവിടാം, സൗഹൃദങ്ങൾ തുടർന്നത് എതിർത്തപ്പോൾ ക്രൂരമായി ആക്രമിച്ചു! ബിഗ് ബോസ് താരത്തിന് മറുപടിയുമായി ശ്രീയ അയ്യർ

മണികണ്ഠൻ: ലോകം മുഴുവൻ രോഗഭീതിയിൽ ആകുമ്പോൾ ആഘോഷിക്കാനായി മാത്രം കല്യാണം മാറ്റി വയ്‌ക്കണ്ട എന്ന് എനിക്ക് തോന്നി. ഞാൻ ഇത് പറഞ്ഞപ്പോൾ ഇവൾ കട്ടയ്ക്ക് കൂടെ നിന്നു. എന്റെ വീട്ടുകാരോട് ഞാനും അഞ്ജലിയുടെ വീട്ടുകാരോട് അവളും സംസാരിച്ചു. നിശ്ചയിച്ച മുഹൂർത്തത്തിൽ പങ്കെടുക്കാവുന്നത്ര ആളുകളെ പങ്കെടുപ്പിച്ചു വിവാഹം നടത്താൻ തീരുമാനിച്ചു. ഇരുഭാഗത്തു നിന്നും പത്തു പേർ വീതം പങ്കെടുക്കാം എന്നു ധാരണയായി. അഞ്ജലിയുടെ വീട് മരട് ആണ്. മരടിലെയും തൃപ്പൂണിത്തുറയിലെയും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അനുവാദം വാങ്ങി.

മണികണ്ഠൻ: ചെറുപ്പകാലത്തു തൃപ്പൂണിത്തുറയിൽ ഇവളുടെ വീടിനടുത്ത് ഒരു കൊല്ലത്തിന് മേലെ താമസിച്ചിട്ടുണ്ട്. അന്ന് അഞ്ജലി തീരെ കൊച്ചു കുട്ടി. ഞാൻ ഇത്തിരി മുതിർന്ന കുട്ടി. ആ പ്രദേശത്തെ അമ്പലത്തിന്റെ കാര്യങ്ങളിൽ ഇവളുടെ അച്ഛൻ സജീവമായിരുന്നു. ഉത്സവ പിരിവിന് പോകുന്നതൊക്കെ ഞാൻ അടക്കമുള്ള പയ്യൻ സംഘങ്ങളും. സിനിമയിൽ എത്തിയപ്പോഴേക്ക് ഞങ്ങൾ അവിടെ നിന്ന് താമസം മാറി. എങ്കിലും അച്ഛനെ ഇടയ്ക്ക് വിളിക്കുമായിരുന്നു.

ഫോണില്‍ പകർന്ന പ്രണയം

അഞ്ജലി : ഞങ്ങളുടെ മുറ്റത്ത് വന്നു പോയിരുന്ന ചേട്ടൻ നടൻ ആയെന്ന് അറിഞ്ഞപ്പോ എനിക്ക് പരിചയം പുതുക്കാൻ ഒരു മോഹം. അച്ഛന്റെ കയ്യിൽ നിന്നും നമ്പർ എടുത്തു വിളിച്ചു. അപ്പോൾ ഒരു സുഹൃത്താണ് എടുത്തത്. ഷൂട്ടിലാണ്, കഴിയുമ്പോൾ തിരിച്ചു വിളിക്കും എന്നു പറഞ്ഞു. രണ്ടു ദിവസം കാത്തിരുന്നു. തിരിച്ചു വിളിച്ചില്ല. ഞാൻ പലവട്ടം വീണ്ടും വിളിച്ചപ്പോഴാണ് കിട്ടിയത്. അപ്പൊ ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എന്ന പോലെ സംസാരിച്ചു. എനിക്ക് സങ്കടം ആയി.

മണികണ്ഠൻ:  കുഞ്ഞുനാളിൽ പരിചയം ഉണ്ടെന്ന് വച്ചു പെൺപിള്ളേരോട് അങ്ങനെ കയറിയങ്ങു മിണ്ടാൻ പറ്റുമോ? മാത്രമല്ല വലുതായ ശേഷം ഞാൻ ഇവളെ കണ്ടിട്ടില്ല.

അഞ്ജലി : അന്ന് വലിയ മൈൻഡ് തരാതിരുന്നപ്പോൾ പിന്നെ, ഞാനും വല്യ മൈൻഡ് കൊടുത്തില്ല. ആ സംഭവം ഡിസംബർ അവസാനം ആയിരുന്നെങ്കിൽ ജനുവരി ആയപ്പോൾ ഞങ്ങളുടെ അമ്പലത്തിൽ അമ്മൻകുട മഹോത്സവം വന്നു. ഘോഷയാത്രയിൽ ഞാനും പങ്കെടുത്തു.

manikshfbgfg5556

മണികണ്ഠൻ: ഫോൺ വിളിച്ചപ്പോൾ ഞാൻ ഇത്തിരി വെയിറ്റ് ഒക്കെ ഇട്ടെങ്കിലും ഇവളെ കാണണം എന്നുണ്ടായിരുന്നു എനിക്ക്. ഘോഷയാത്ര നടക്കുമ്പോൾ ഞാൻ പതുക്കെ ഇവളുടെ അടുത്തെത്തി സംസാരിച്ചു. ഒടുവിൽ ഞാൻ ചോദിച്ചു. ‘നമ്മുടെ പൊക്കം ഒക്കെ കറക്റ്റ് ആണല്ലോ.. ന്നാ പിന്നെ നമുക്ക് അങ്ങ് ആലോചിച്ചാലോ?’ അവൾ അത് കേൾക്കാൻ കാത്തിരുന്ന പോലെ ‘അച്ഛനോട് ആലോചിച്ചോളൂ’ എന്നു പ റഞ്ഞു. അതിനുശേഷം ഫോൺ വിളി, പ്രേമം പൊടിപൊടിച്ചു.

അഞ്ജലി : അന്ന് ഞങ്ങൾ ഏറെ സംസാരിച്ചത് എന്റെ അനിയൻ അഖിൽ കണ്ടു. ‘നീ എന്തിനാ ആ ചേട്ടനോട് മിണ്ടാൻ പോണത്’ എന്നു ചോദിച്ചു വഴക്ക് പറഞ്ഞു. അമ്മയും അവനും കൂടി ചോദിച്ചപ്പോൾ പരിചയപ്പെട്ടു എന്നേയുള്ളു എന്ന് ഞാൻ കള്ളം പറഞ്ഞു. ഘോഷയാത്ര ദിവസത്തിന് ശേഷം ഞങ്ങൾ എന്നും വിളിക്കുമായിരുന്നു പലവട്ടം. ഇല്ലെങ്കിൽ മെസ്സേജ് അയക്കും. ഞാൻ സദാ ഫോണിൽ ചുറ്റിത്തിരിയുന്നത് കണ്ട അമ്മ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി, ‘മണികണ്ഠനെ ആണോ നീ വിളിക്കുന്നത്’ എന്നും ചോദിച്ച്. അപ്പോഴും ഞാൻ അല്ലെന്ന് പറഞ്ഞു. ചേട്ടന്റെ വീട്ടുകാർ വിളിച്ചപ്പോഴാണ് അച്ഛൻ ഞങ്ങളുടെ അടുപ്പം അറിയുന്നത്.

ഞാൻ ഒരു സാധാരണക്കാരൻ

മണികണ്ഠൻ: സിനിമാനടൻ ആകുമ്പോൾ വളരും തോറും പഴയ ബന്ധങ്ങൾ മറക്കുകയും പുതിയതിനോട് ഇഷ്ടം തോന്നുകയും ചെയ്തതെന്ന് വരാം എന്ന തോന്നൽ ആണ് അനിയന്റെ എതിർപ്പിന് കാരണം. അങ്ങനെ കരുതിപ്പോകുന്നത് സ്വാഭാവികം. ഞാൻ ഒരു സാധാരണക്കാരൻ ആണ്. സിനിമ എന്റെ വ്യക്തിത്വത്തെ മാറ്റിയിട്ടില്ല, മാറ്റുകയും ഇല്ലായെന്ന് ഞാൻ പ റഞ്ഞു ബോധ്യപ്പെടുത്തി. വീട്ടുകാരെ തമ്മിൽ സംസാരിപ്പിച്ചു. അനുജന്റെ എതിർപ്പ് മാറ്റിയെടുക്കാനായത് കല്യാണത്തിന് ഒരാഴ്ച മുൻപാണ്. ഇപ്പൊ അവനാണ് എന്റെ വലിയ കൂട്ട്.

വിവാഹ ചെലവിന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അഞ്ജലി കൂടി സമ്മതിച്ചതിനാലാണ് അത് ചെയ്യാൻ സാധിച്ചത്. അത് കടമ ആയേ കാണുന്നുള്ളൂ. ഞാൻ ഒരുപാട് പണം ഉള്ള ആളല്ല. പ്രളയം വരുന്നത് ‘കമ്മട്ടിപ്പാടം’ കഴിഞ്ഞ സമയത്താണ്. വളരെ കുറച്ചു പണമേ അന്നെന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു. എങ്കിലും കഴിയുന്നത്ര തുക ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തു. ക്യാംപുകളിൽ പോയി എന്നെ   കൊണ്ടാകുന്ന സഹായം ചെയ്തു.  

അഞ്ജലി : വിവാഹ വസ്ത്രം വാങ്ങിയിരുന്നില്ല. സാരി വാങ്ങാൻ കടകൾ ഒന്നും ഇല്ലല്ലോ എന്നു പറഞ്ഞപ്പോൾ രാജീവേട്ടൻ (രാജീവ് രവി ) അവരുടെ പരിചയത്തിൽ ഉള്ള കടയിൽ നിന്ന് സാരി എടുക്കാൻ സൗകര്യം ചെയ്തു തന്നു.  

മണികണ്ഠൻ: മുണ്ടും ഷർട്ടും രാജീവേട്ടന്റെ കസിനും ‘സെക്കൻഡ് ഷോ’യുടെ ക്യാമറാമാനുമായ പപ്പു ചേട്ടൻ ആണ് എ ടുത്തു തന്നത്. ഞങ്ങൾ രണ്ടുപേർക്കും മേക്കപ്പ് ചെയ്തു തന്നത് റോണക്സ്‌ എന്ന സുഹൃത്താണ്.  

വിഡിയോയും സ്റ്റില്ലും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും മാധ്യമങ്ങൾ അത് സാധ്യമാക്കി തന്നു. അമ്മ സംഘടന സോഷ്യൽ മീഡിയയിൽ ആശംസകൾ പോസ്റ്റ്‌ ചെയ്തിരുന്നു. മ മ്മുക്ക, ലാലേട്ടൻ, ചാക്കോച്ചൻ, ജയസൂര്യ, ദുൽഖർ തുടങ്ങി ഒട്ടുമിക്ക സഹപ്രവർത്തകരും ആശംസകൾ അറിയിച്ചിരുന്നു. കല്യാണം കൂടാൻ മോഹിച്ച, കൂടെ വേണം എന്ന് ഞാൻ ആ ഗ്രഹിച്ച പലർക്കും അത് സാധിച്ചില്ല എന്ന ഒറ്റ കുറവേ കല്യാണത്തിൽ ഉണ്ടായിരുന്നുള്ളൂ.

അതാണ്, എന്റെ മോഹം

മണികണ്ഠൻ: ഞാൻ താമസിക്കുന്നത് ഇവളുടെ അമ്മൂമ്മയുടെ വീട്ടിനടുത്തുള്ള ഫ്ലാറ്റിൽ ആണ്. പ്രേമം തുടങ്ങിയതോടെ ഇവൾ അവിടെ വരുമ്പോൾ ഞാൻ വഴിയിലേക്ക് ഇറങ്ങും. കണ്ടപ്പോൾ സംസാരിച്ചു എന്ന മട്ടിൽ സംസാരിക്കും. ഞങ്ങൾക്ക് കാണാൻ തോന്നുമ്പോൾ ഒക്കെ ഇവൾ അമ്മൂമ്മയുടെ വീട്ടിൽ വരും. അത് വീട്ടിൽ കുറച്ചു സംശയത്തിന് ഇടയാക്കി.

അഞ്ജലി: എനിക്ക് എന്നും ചേട്ടനെ കാണാൻ ആഗ്രഹം തോന്നും. അതുകൊണ്ട് തരം കിട്ടിയാൽ ഞാൻ അമ്മൂമ്മയുടെ വീട്ടിൽ വരും. മണികണ്ഠൻ എന്ന സിനിമാ നടനെ അല്ല ഞാൻ സ്നേഹിച്ചത്. നടൻ ആകുന്ന വരെയും ഏറെ ബുദ്ധിമുട്ടി ജീവിച്ച ആളാണ് ചേട്ടൻ. ഞാൻ ആണെങ്കിലോ ആഗ്രഹിച്ചതെല്ലാം കിട്ടി, എല്ലാവരുടെയും ഓമനയായി വളർന്ന ഒരാളും. ചേട്ടൻ ജീവിതത്തിൽ അനുഭവിച്ച സങ്കടങ്ങൾ ഒക്കെ മറന്നു പോകുന്നിടത്തോളം ചേട്ടനെ സ്നേഹിക്കണം എന്നാണ് എന്റെ ആഗ്രഹം.

Tags:
  • Celebrity Interview
  • Movies