Wednesday 12 February 2020 07:32 PM IST

‘ചെറിയ തമാശ കേട്ടാൽ പോലും എനിക്ക് ചിരി നിർത്താൻ കഴിയില്ല’; വിശേഷങ്ങളുടെ ചിരി കൂമ്പാരവുമായി മിഥുൻ രമേഷ്

Lakshmi Premkumar

Sub Editor

_ARI9161
ഫോട്ടോ: സരിൻ രാംദാസ്

‘മിഥുന്‍ ചേട്ടനോട് ഞങ്ങളുടെ അന്വേഷണം പറയണേ ’ മിഥുനെ കാണാനാണ് യാത്രയെന്ന് അറിഞ്ഞവരൊക്കെ ആദ്യം പറഞ്ഞത് ഈ വാചകമാണ്. സാധാരണക്കാർക്കിടയിൽ അത്രത്തോളം പ്രിയപ്പെട്ടവനാണ് ഈ താരം. പറഞ്ഞു വരുമ്പോൾ സിനിമകളിൽ വിരളമായി മാത്രമേ മുഖം കാണിക്കാറുള്ളൂ, ബൈ പ്രഫഷൻ ദുബായിൽ റേഡിയോ േജാക്കിയുമാണ്. കേരളവുമായുള്ള ഏറ്റവും അടുത്ത ബന്ധം അവതാരകനായി പറന്നിറങ്ങുന്ന ഒരു മണിക്കൂർ മാത്രം. ആ സമയം തന്നെയാണ് മിഥുനെ ഇത്രയും പ്രിയപ്പെട്ടവനാക്കിയത്., നമ്മുടെ വീട്ടിലെ ഒരംഗമാക്കിയത്. സിനിമയിൽ ഇരുപത് വർഷം പൂർത്തിയാക്കുമ്പോള്‍ ഇതാ നായകവേഷമാണ് ഇത്തവണ മിഥുനെ തേടിയെത്തിയത്. വിശേഷങ്ങളുടെ ഒരു ചിരി കൂമ്പാരവുമായി, ഈ തടി ഫോട്ടോയിൽ ഒരു പ്രശ്നമാകുമോ എന്ന അങ്കലാപ്പുമായി മിഥുനെത്തുകയാണ്....

20 വർഷത്തിന് ശേഷം നായകനാകുമ്പോൾ ?

അയ്യോ, അത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. സത്യം പറഞ്ഞാൽ ഇതിന് മുൻപ് ഒന്നു രണ്ട് സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുണ്ട് പക്ഷേ, അതൊന്നും പുറംലോകം കണ്ടില്ലെന്ന് മാത്രം. ‘ജിമ്മി ഈ  വീടിന്റെ ഐശ്വര്യം ’ എന്നാണ് ഈ സിനിമയുടെ പേര്. ഞാനും ഒരു നായയുമാണ് പ്രധാന അഭിനേതാക്കൾ. രണ്ടു സുഹൃത്തുക്കളാണ് നിര്‍മാണം. എന്റെ കഥാപാത്രത്തിന്റെ പേരും നായയുടെ പേരും ജിമ്മി എന്നാണ്. കക്ഷി ആള് പുലിയാണ്. അറബ്,  ഹോളിവുഡ്, ഇറാനി സിനിമകളിലൊക്കെ അഭിനയിച്ച ശേഷമാണ് ആശാൻ മലയാളത്തിലേക്കു വരുന്നത്. സ്റ്റാർ വാല്യു ഇത്തിരി കൂടുതൽ ആണെന്നർഥം.

അവതരണത്തിനിടയിൽ കരയുന്നതും  പൊട്ടിച്ചിരിക്കുന്നതും കാണാം, ഒക്കെ അഭിനയമാണല്ലേ... ?

കോമഡി പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ സത്യത്തില്‍  അഭിനയിക്കേണ്ട സാഹചര്യമേ ഉണ്ടാകാറില്ല. ചിരിക്കില്ലെന്ന് ഉറപ്പിച്ചാൽ പോലും ചിരിപ്പിച്ചു കൊല്ലുന്ന ആളുകളാണ് വരാറ്. എനിക്കാണെങ്കിൽ ചെറിയ കാര്യത്തിൽ തന്നെ ചിരി വരും. കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് പ്രോഗ്രാമില്‍ അവതരിപ്പിക്കാനായി സിനിമാ താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിനും ചേര്‍ന്ന് ഒരു സ്കിറ്റ് പ്രാക്ടീസ് ചെയ്തു. അതു തുടങ്ങിയതു മുതല്‍ ഞാൻ ചിരിയാണ്. ഒടുവിൽ രമേഷ് പിഷാരടി അവരോടു പറഞ്ഞു ‘‘എന്റെ പൊന്ന് പിള്ളാരെ, ഇവൻ ചിരിക്കുന്നതു കണ്ട് നിങ്ങൾ സന്തോഷിക്കണ്ട. ഇവൻ എല്ലാത്തിനും എന്തു േകട്ടാലും ഇങ്ങനെ ചിരിക്കുന്നവനും െെക െകാട്ടുന്നവനുമാ. വേറേ കുറച്ചു പേരേയും കൂടി കാണിച്ച് അവരും കൂടി ചിരിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം.’ എന്‍റെ ചിരിയെക്കുറിച്ച് ഈ ഫീല്‍ഡില്‍ എല്ലാവര്‍ക്കും അറിയാം.

സിനിമാ ജീവിതം തുടങ്ങുന്നത് എവിടെയാണ് ?

എന്‍റെ കുട്ടിക്കാലത്ത് തിരുവനന്തപുരം സിനിമയുടെ ലോകമായിരുന്നു. മെഡിക്കൽ കോളജിനടുത്ത് ചാലക്കുഴിയിലാണ് ഞങ്ങളുടെ വീട്. അച്ഛന്‍ രമേഷ് കുമാറിന്  ഒരുപാട് സിനിമാ സുഹൃത്തുക്കളുണ്ടായിരുന്നു. സിനിമ, അഭിനയം  ഇതൊക്കെ തന്നെയായിരുന്നു അന്നേ എന്റെ സ്വപ്നം. ബാലചന്ദ്രമേനോനോടും വേണുനാഗവള്ളിയോടുെമാക്കെ, ‘അങ്കിളേ സിനിമയിലൊരു ചാൻസ് തരുമോ...?’ എന്ന് പല തവണ േചാദിച്ചു നടന്നിട്ടുണ്ട്. അന്നേ വീട്ടുകാർ ഉറപ്പിച്ചിരുന്നു ഇത് നേരായ വഴിക്കൊന്നും പോകില്ലെന്ന്.

ലയോള സ്കൂളില്‍ പഠിക്കുമ്പോള്‍ മിമിക്രി, മോണോ ആക്ട് തുടങ്ങി എല്ലാ കലാപരിപാടിയിലും പങ്കെടുക്കും. സമ്മാനം കിട്ടുമോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല.  മുതിർന്നപ്പോൾ ഓഡിഷനുകളിൽ പങ്കെടുക്കാൻ തുടങ്ങി. മാർ ഇവാനിയോസിൽ  ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒാഡിഷന്‍ വഴിയാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിനിമയിലെത്തിയത്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം. മോഹൻലാലിനൊപ്പം  അദ്ദേഹത്തെ സിനിമയിൽ അവതരിപ്പിച്ച ഫാസിൽ സാറിന്റെ സിനിമയില്‍ ആദ്യ േവഷം. ആ കെ ത്രില്ലിലായിരുന്നു. പക്ഷേ, സിനിമ ഹിറ്റായിട്ടും വലിയ ഓഫറുകളൊന്നും എന്നെ േതടി വന്നില്ല. പകരം സീരിയലുകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടിത്തുടങ്ങി.

സീരിയൽ, ആർജെ, ഡബ്ബിങ്, ടിവി... വഴികൾ എങ്ങനെയായിരുന്നു ?

‘സൂര്യകാന്തി’ എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. അതിനിടയിൽ സിനിമയിലേക്കുള്ള വഴിയായി ഡബ്ബിങ്ങും തുടങ്ങി.  ബ്രേക്ക് തന്ന ചിത്രം കമൽ സാറിന്റെ ‘നമ്മള്‍’ ആയിരുന്നു. പിന്നീടു രണ്ട് സിനിമ അടുപ്പിച്ചു ചെയ്തു, ജോ ഷി സാറിന്റെ ‘റൺവേ’, പ്രിയൻ സാറിന്റെ ‘വെട്ടം.’  രണ്ടും സൂപ്പർ ഹിറ്റുകളായി. അപ്പോള്‍ ചിലരെന്നോടു പറഞ്ഞു, ഇത്രയും നല്ല സിനിമകള്‍ ചെയ്തില്ലേ, ഇനി സീരിയൽ അഭിനയം നിർത്തി സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ.

അന്നത്തെ പ്രായത്തിൽ ഞാൻ അതു ശിരസ്സാ വഹിച്ചു. പണി പാളി എന്ന് പറഞ്ഞാൽ മതിയല്ലോ, ഉള്ള സീരിയൽ നിർത്തി, സിനിമയൊട്ട് വരുന്നുമില്ല. ആ സാഹചര്യത്തിലാണ് ദുബായില്‍ അറേബ്യൻ റേഡിയോ നെറ്റ്‌വർക് എഫ്എം തുടങ്ങാൻ പോകുന്നുവെന്നു കേട്ടത്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണെങ്കിലും ജീവിതത്തിൽ  എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ദുബായിലേക്കുള്ള ആർജെ ചേക്കേറൽ. ഇപ്പോൾ ഞാനതിന്റെ പ്രോഗ്രാം ഹെഡാണ്. ഏഴു വർഷം പിന്നെ, സിനിമയൊന്നും ചെയ്തിട്ടില്ല. ദുബായ് റേഡിയോയുടെ ഏഴാം പിറന്നാളിനു ജോഷി സാർ വന്നു. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം എന്നെ ‘സെവൻസ്’ എന്ന സിനിമയിലേക്കു വിളിച്ചത്.

വിജയ അവതാരകനായി മാറിയതിന്റെ രഹസ്യം ?

കഴിഞ്ഞ 20 കൊല്ലത്തിനിടയിൽ ഞാൻ പലപ്പോഴും അവതാരകനായി എത്തിയിട്ടുണ്ട്. വിവിധ ചാനലുകളില്‍ എന്റർടെയിൻമെന്റ് പരിപാടികളും ബുദ്ധിജീവി പരിപാടികളും അവതരിപ്പിച്ചിട്ടുമുണ്ട്. അന്നൊന്നുമില്ലാത്ത സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. അവതാരകനെന്നു പറയുമ്പോ ൾ ഏറ്റവും നന്നായി ആ പരിപാടി പ്രസന്റ് ചെയ്യണം എന്ന് തീവ്രമായി ആഗ്രഹിക്കുന്നയാളാണ് ഞാൻ. അങ്ങനെ അവതരിപ്പിക്കണമെങ്കില്‍ നമ്മൾ പ്രോഗ്രാം െചയ്യുന്നവരിലേക്കും കാണികളിേലക്കും ഒരുപോെല ഇറങ്ങി ചെല്ലണം.

പണ്ടൊക്കെ നമ്മുടെ ടെലിവിഷന്‍ കൾച്ചർ, ഭയങ്കര ആർഭാടത്തോടെ ഡ്രസ് ചെയ്ത് ഗൗരവമായി സംസാരിക്കുന്ന വ്യക്തിയാകണം അവതാരകൻ എന്നായിരുന്നു. ഇന്ന് ട്രെൻഡ് മാറി. എത്ര സിംപിൾ ആകാൻ കഴിയുമോ അത്രയും പരിപാടി വിജയിക്കും. കോട്ടും സ്യൂട്ടും  ഇട്ട് എനിക്കൊരിക്കലും ഇത്ര സിംപിളായി പെരുമാറാൻ കഴിയില്ല.  ഒരിക്കലൊരു പരിപാടി ചെയ്യുമ്പോൾ മത്സരാർഥി മൈക്കുപിടിച്ച  കയ്യിലെ ഡ്രസ്സിന്റെ കീറൽ മറ്റേ കൈ ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നതു കണ്ട്. ‘എന്റെ പൊന്നു ചേട്ടാ, ഇത് കോസ്റ്റ്യൂമറോട് പറഞ്ഞാൽ സ്റ്റിച്ച് ചെയ്ത് തരില്ലേ...’ എന്നു ചോദിച്ച് അദ്ദേഹത്തെ ചേർത്തു പിടിച്ചു. കോസ്റ്റ്യൂമറോട് അത് ചോദിക്കാൻ അദ്ദേഹത്തിന് പേടിയായിരുന്നു.

midhun-lax
ഭാര്യ ലക്ഷ്മിക്കും മകൾ തൻവിക്കുമൊപ്പം മിഥുൻ, ഫോട്ടോ: ജെ.പി

അച്ഛനെക്കാൾ ആക്ടീവായ മകളും, അതിലും ആക്ടീവായ ഭാര്യയും, വീട്ടിലെ വിശേഷങ്ങൾ ?

ലക്ഷ്മി ഡാൻസറാണ്. ദുബായിൽ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ആദ്യം സുഹൃത്തായിരുന്നു. പിന്നെ, വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചപ്പോഴും വീട്ടുകാർക്കെല്ലാം പൂർണസമ്മതം. അങ്ങനെ ഗുരുവായൂരിൽ വച്ച് വിവാഹം. ഒരു മോളുണ്ട്. തൻവി. അവൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. നാട്ടിൽ തിരുവനന്തപുരത്തെ വീട്ടിൽ അമ്മ ഷീലാ കുമാരിയുണ്ട്. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. എന്റെ സഹോദരന്‍ നിതിനും കുടുംബവും അമേരിക്കയിലാണ്.

ലക്ഷ്മിയും തൻവിയും ടിക്ടോകിലും സോഷ്യൽ മീഡിയയിലുമെല്ലാം ആക്ടീവാണ്. ശരിക്കും  ലക്ഷ്മിയാകണം മലയാളത്തിലെ ആദ്യ വ്ലോഗർ.ഇ പ്പോൾ  യുട്യൂബ് ചാനല്‍ എല്ലാവരും തുടങ്ങുന്നത് കാണാം. ലക്ഷ്മി വർഷങ്ങൾക്കു മുൻപേ തുടങ്ങിവച്ച സംരംഭമാണത്. ചില വിഡിയോകളെല്ലാം ബംപർ ഹിറ്റായി. പക്ഷേ കുറച്ചു നാളായി ബ്രേക് എടുത്തിരിക്കുകയാണ്. മോളുടെ കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ. ബോറടിക്കാതിരിക്കാൻ ടിക്ടോകിൽ ആക്ടീവാണ്.

സ്ത്രീകൾക്കു ഫുൾ ഫ്രീഡം കൊടുക്കുന്ന മോഡേൺ ഫാമിലിയാണോ ?

‘അതിന് ഫ്രീഡം കൊടുക്കണ്ടല്ലോ അങ്ങ് എടുക്കുകയല്ലേ’  ലക്ഷ്മിയെ സംബന്ധിച്ച് അവൾക്കു ഫ്രീഡം കൊടുക്കാൻ ഞാൻ ആരുമല്ല. അവളുടെ ഫ്രീഡം അവളുടെ അവകാശം. അത് കൊടുക്കുകയോ പിടിച്ചു വയ്ക്കുകയോ ചെയ്യേണ്ട ഒന്നല്ല.

പണ്ട് ലക്ഷ്മി ഫെമിനിസ്റ്റുകളെ കുറിച്ച് ഒരു കോമഡി വിഡിയോ ചെയ്തു. അതു കണ്ടിട്ടു പലരും എന്നോടു ചോദിച്ചു, ‘ആ വിഡിയോ നടി പാർവതിയെ കുറിച്ചല്ലേ, നിങ്ങൾ സിനിമയിൽ നിൽക്കുമ്പോൾ ആ ഫീൽഡിൽ ഉള്ളവരെ കളിയാക്കുന്നത് ശത്രുതയുണ്ടാക്കില്ലേ...’ എന്നൊക്കെ. ആ വിഡിയോ വന്ന് ഉടനെയായിരുന്നു ന്യൂ ഇയർ. ആ പുതുവർഷ പിറവി ഞങ്ങൾ ആഘോഷിച്ചത് പാർവതിക്കൊപ്പമായിരുന്നു. അതാണ് സൗഹൃദത്തിന്റെ ആഴം.

സൗഹൃദങ്ങളുടെ ഹബ്

നാട്ടിലും ദുബായിലും ഒക്കെ ഒരുപാടു സുഹൃത്തുക്കളുണ്ട്. ദുബായിലെ വീട് സൗഹൃദങ്ങളുടെ ഒരു ഹബ് ആണ്. മറ്റൊരു രാജ്യത്ത് വേണ്ടപ്പെട്ടവർ എത്തുമ്പോൾ നമ്മൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമല്ലോ. അത്രേയുള്ളൂ. ദുബായിൽ എന്റെ  തുടക്ക കാലത്തൊന്നും മലയാള സിനിമയ്ക്ക് ഇത്രയും സ്വീകാര്യതയില്ല. ചുരുക്കം  തിയറ്ററുകളിൽ മാത്രമേ റിലീസുള്ളൂ. പക്ഷേ, എഫ്എം സജീവമായതോടെ സീൻ മാറി. സിനിമാ പ്രമോഷനുകൾ എഫ്എമ്മിലൂടെ നടത്താൻ തുടങ്ങി. പതുക്കെ ഓരോ മലയാള സിനിമയും അവിടെയൊരു ആഘോഷമായി മാറി. അങ്ങനെ വരുന്നവരെയൊക്കെ സഹായിക്കേണ്ടി വരാറുണ്ട്. പ തുക്കെ സൗഹൃദങ്ങളും വളര്‍ന്നു...

സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് അടുത്ത സുഹൃത്ത്. ഞങ്ങളുടെ ഇഷ്ട വിനോദം ഫുഡ്ഡിങ്ങാണ്. പിന്നെ, കുറേ കോമഡി  പറയുക, ചിരിക്കുക. എ ന്തു  തിരക്കാണെങ്കിലും ചാക്കോച്ചൻ കൃത്യമായി ബാറ്റ്മിന്റൻ കളിക്കാൻ പോകും. അതാണദ്ദേഹം എപ്പോഴും ഇങ്ങനെ െകാച്ചു പയ്യനെ േപാെല ഇരിക്കുന്നത്. നമ്മളിതാ ഓരോ ദിവസം കഴിയും തോറും കാറ്റ് നിറയ്ക്കുന്ന ബലൂണ്‍ പോെല വീര്‍ത്തു വരികയാണ്....

Tags:
  • Celebrity Interview
  • Movies