ADVERTISEMENT

ഒാണത്തിന് മാസ്ക് ഇട്ട് എത്തിയ മാവേലിയെ ആദ്യമായി കണ്ട ‘അനുഭവം’ എഴുതുന്നു രമേഷ് പിഷാരടി...

പാവം മാവേലി. പാതാളത്തിൽ ഫുൾടൈം ക്വാറന്റീനിലിരുന്നിട്ട് നാടുകാണാനായി വന്നപ്പോ അവസ്ഥ കണ്ടില്ലേ... ഞങ്ങൾ മുറിയിൽ നിന്നിറങ്ങി. പുറത്തെങ്ങും ആരുമില്ല! പ്രകൃതിയും വായുവുമെല്ലാം കൂടുതൽ ശുദ്ധമാണ്. പക്ഷേ, ഓണമായിട്ട് ഒരുണർവില്ല. പണ്ടായിരുന്നെങ്കിൽ...

ADVERTISEMENT

അപ്പോഴാണ് രണ്ടു വർഷം മുൻപ് ഓണാഘോഷത്തിന്റെ ഭാഗമായി ‘മാവേലിവേഷം’ കെട്ടിയ ബിഹാർ സ്വദേശി ‘കരൺചന്ദി’നെ മാവേലിയോർത്തത്. അവരെല്ലാം മടങ്ങിപ്പോയി എന്നു കേട്ടപ്പോഴും മാവേലിക്കു വിഷമമായി. 

ഞാൻ: തിരുമേനീ, അതിഥി തൊഴിലാളികൾ മടങ്ങി പോകുംമുന്നേ അവരുടെ കാരംസ് ബോർഡ് മലയാളിക്ക് തിരിച്ചു കൊടുത്തിട്ടു പറഞ്ഞു, ‘ലോക്ഡൗൺ തീരും വരെ കളിച്ചോ. പക്ഷേ, അതു കഴിഞ്ഞാലെങ്കിലും പണിയെടുത്തു തുടങ്ങിക്കോളണം. പണിയെടുക്കാൻ പഴയതു പോലെ ഞങ്ങളില്ല.’ 

ADVERTISEMENT

മാവേലി: ചുരുക്കിപ്പറഞ്ഞാൽ ആർക്കും ഇപ്പോൾ ‘സമയമില്ല. സമയം തികഞ്ഞില്ല’ എന്നൊന്നും പറയാൻ വയ്യാത്ത അവസ്ഥയായല്ലേ? എല്ലാർക്കും ഇഷ്ടം പോലെ സമയം!

ഞാൻ: തിരുമേനി അങ്ങനെ പറയരുത്. പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും ഒന്നും സ്വന്തം കാര്യങ്ങൾക്കുപോലും സമയം കിട്ടുന്നില്ല. അവരെ പ്രകീർത്തിക്കാൻ എന്ന വ്യാജേന ഇറങ്ങുന്ന ആൽബങ്ങൾ പോലും അവർക്ക് കാണാൻ പറ്റാറില്ല. നാടിനെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് അവർ...

ADVERTISEMENT

വരാന്തയ്ക്ക് അരികിലുള്ള മരത്തണലിൽ മാവേലി ഇരുന്നു. ദൂരെയുള്ള ഗേറ്റിനപ്പുറം കണ്ടു, ഒരു ഒമ്‍നി വാനിൽ ‘വീട്ടിലൂണ്’ എന്ന ഫ്ലക്സ്.  അതിലെഴുതിയിട്ടുണ്ട്, ‘ബിരിയാണി  നൂറു രൂപ മാത്രം.

മാവേലി: ഇത് ‘വീട്ടിലൂണ്’ ആണോ അതോ ‘റോട്ടിലൂണ്’ ആണോ? 

ഞാൻ: പേര് എന്തായാലും മലയാളിയുടെ ഇന്നത്തെ അതിജീവനമാണ് ആ കാണുന്നത് തിരുമേനീ...

മാവേലി: സമയം കുറേ ആയി പിഷാരടീ. എനിക്കും വെശക്കണൂ. താൻ എവിടുന്നാ ഭക്ഷണം കഴിക്കാറുള്ളത്. ഇവിടെ ഭക്ഷണം കിട്ടില്ലല്ലോ...

ഞാൻ: അതിനൊരു വഴി കണ്ടു വച്ചിട്ടുണ്ടു തിരുമേനീ. കോവിഡ് കാലത്തിനു മുൻപേ ‘സമൂഹ വ്യാപനം’ സംഭവിച്ച ഒന്നാണ് യുട്യൂബ് ചാനൽ. പരിചയമുള്ള കുറെ വീട്ടമ്മമാർ യൂട്യൂബിൽ പാചകം നടത്തുന്നുണ്ട്. പുതിയ വിഭവങ്ങൾ ഉണ്ടാക്കി അവര് കൊണ്ടുവരും.

മാവേലി: അപ്പോ അതിനു പൈസ കൊടുക്കണ്ടേ?

ഞാൻ: വേണ്ട, ലൈക്ക്, ഷെയർ, സബ്സ്ക്രൈബ് ഇതു മാത്രം മതി. ബെൽ ബട്ടൻ അമർത്താൻ മറക്കരുത്...

മാവേലി: ഇതൊക്കെ എനിക്ക് അത്രയ്ക്കങ്ങട്ട് മനസ്സിലാവുന്നില്ല. കുട്ടികളൊക്കെ ഇപ്പോഴും മൊബൈലിന്റെ മുന്നിലാണോ?

ഞാൻ: പണ്ടൊക്കെ മൊബൈൽ എടുക്കുമ്പോഴായിരുന്നു രക്ഷിതാക്കൾ വഴക്കു പറയാറുള്ളത്. ക്ലാസൊക്കെ ഓൺലൈനായതോടെ അന്നു വഴക്കു പറഞ്ഞ രക്ഷിതാക്കൾ തന്നെ അവര്‍ക്ക് മൊബൈൽ വാങ്ങിക്കൊടുക്കേണ്ടി വന്നു. പണ്ട് പത്തു മാസം സ്കൂളും രണ്ടു മാസം അവധിയുമായിരുന്നു. ഈ കൊല്ലം മിക്കവാറും രണ്ടു മാസം സ്കൂളും പത്തു മാസം അവധിയും ആകും.

മാവേലി: എന്റെ പേരിൽ ഓണാവധിയും ഓണക്കോടിയും ഒക്കെ കിട്ടുമായിരുന്നതുകൊണ്ട് കുട്ടികൾക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ഇത്തവണ അതും ഇല്ല. കൊണ്ടാടിക്കൊണ്ടിരിക്കുന്ന ഓണം ഓൺലൈനിൽ കണ്ടോണ്ടിരിക്കുകയേ വഴിയുള്ളൂ. കഷ്ടം തന്നെ. പിന്നെ, ഒരു കാര്യം ചോദിക്കാന്‍ മറന്നു. എന്താ തന്‍റെ പുതിയ സിനിമാ പ്ലാൻ?

ഞാൻ: അതും കൊറോണ തീരുമാനിക്കണം. സിനിമയില്ല, തിയറ്ററില്ല. ഇനിയിപ്പോൾ സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കാം എന്നു വച്ചാലോ, ആള് കൂടരുത് എന്നല്ലേ നിയമം. എന്റെ ആവേശം കണ്ട് ചിരിയൊന്നു മടക്കിവച്ചു മാവേലി പറഞ്ഞു, ‘ഈ നിയമം വരുന്നതിനു മുൻപും തന്റെ പരിപാടിക്ക് ആള് കൂടുന്നതു ‍ഞാൻ കണ്ടിട്ടില്ല!’ 

ഞാന്‍ ഒന്നും മിണ്ടിയില്ല. കുറച്ച് അധികനേരം ഞാൻ മൗനം പാലിച്ചു. ‘പറഞ്ഞ തമാശ കേട്ടില്ലേ?’ എന്നു മാവേലി വീണ്ടും.

മുഖ്യമന്ത്രിയെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ മറുപടി പറഞ്ഞു, ‘കേൾക്കാഞ്ഞിട്ടല്ല, ചിരി അർഹിക്കാത്ത ഒരു തമാശയായിപ്പോയി അത്.’

സമയം അഞ്ച് അൻപത്തിയഞ്ച്. ‘തിരുമേനീ റൂമിലേക്കു േപാകാം. ഇന്നെത്ര പേർക്ക് കോവിഡ് ബാധിച്ചെന്ന് ചാനലു വച്ച് നോക്കാം.’

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞ് ഞാൻ മൊബൈലെടുത്തു. കേരളത്തിന്റെ  മുൻ ഭരണാധികാരി എന്ന നിലയിൽ രണ്ടു വാക്കു പറയാൻ മാവേലിയോട് ആവശ്യപ്പെട്ടു.

മാസ്ക് താടിക്ക് താഴേക്ക് വച്ചു. അടുത്തിരുന്ന ഗ്ലാസിലെ വെള്ളം അൽപം കുടിച്ചു. ഇടതു കൈ കൊണ്ട് കിരീടമൊന്ന് ഇളക്കി വച്ചു. മാവേലി പറഞ്ഞു. ‘മലയാളികൾ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ലോകം ഇന്നത്തെ നിലയിലെത്തിയത്. നല്ലതു വരും. നല്ല കാലം വരും...’

അഭിമുഖം പൂർണ്ണമായും വനിതയിൽ വായിക്കാം... 

ADVERTISEMENT