Friday 29 September 2023 04:19 PM IST

‘അക്കാരണം കൊണ്ടാണ് വിഗ്ഗൊന്നും വയ്ക്കാതെ വെള്ള മുണ്ടും ഷർട്ടും ധരിച്ച് പൊതുവേദിയിൽ വരുന്നത്’: സിദ്ദിഖ്

Vijeesh Gopinath

Senior Sub Editor

siddique-actor

നര സ്ഥിരതാമസം തുടങ്ങുമ്പോൾ നിക്കറിട്ടു നടന്ന കാലത്തെ സ്വപ്നങ്ങളിലേക്ക് ഒാർമവണ്ടിയും പിടിച്ചൊന്നു പോയി നോക്കിയിട്ടുണ്ടോ? നല്ല രസമാണ്.

ആകാശത്തോളം വലിയ മോഹങ്ങൾ ഒരപ്പൂപ്പൻതാടി പോലെ കയ്യിലിങ്ങനെ കിടക്കുന്നതു കാണുമ്പോൾ ചുണ്ടിലൊരു ചിരി വിരിയും. അന്നു സങ്കട മുളകു കടിച്ച് എരിഞ്ഞതൊക്കെയും ഇന്നു മധുരിക്കുമ്പോഴുള്ള, കനൽ ചവിട്ടി നടന്ന വഴികളൊക്കെയും തണൽ വിരിച്ചത് അറിയുമ്പോഴുള്ള ഹൃദയച്ചിരി. ആ പുഞ്ചിരിയാണ് ഇപ്പോൾ സിദ്ദിഖിന്റെ മുഖത്ത് വിരിയുന്നത്.

തൊട്ടുമുൻപ്, ക്യാമറയ്ക്കു മുന്നിൽ അറുപതിനെ തോൽപ്പിച്ചു മസിൽ വിരിച്ചു നിന്ന സിദ്ദിഖല്ല ഒാർമകളിലേക്ക് ഒാടിയ വണ്ടിയിലിരുന്നത്. കഥകൾ പറയുമ്പോൾ കണ്ണിൽ സങ്കട മേഘം നിറയുന്നുണ്ട്. സന്തോഷ മഴവില്ലു വിരിയുന്നുണ്ട്...

എടവനക്കാട്ടെ കൊല്ലിയിൽ മാമദ് സാഹിബിന്റെ മകന്റെ ആദ്യ സ്വപ്നം ഒരു റേഡിയോ ആയിരുന്നു. ഏഴുമണിയാകുമ്പോൾ അയൽപക്കത്തേക്കു കാതു തുറന്നുവയ്ക്കും. അ വരുടെ ഉമ്മറവാതിലും കടന്നു വരുന്ന പാട്ടു കേൾക്കാൻ ആ മുറ്റത്തു ചുറ്റിപ്പറ്റി നിൽക്കും. അങ്ങനെയൊരു ദിവസം രസം പിടിച്ചു പാട്ടു കേ ൾക്കുകയാണ്.

‘‘കൈതപ്പുഴ കായലിലെ... കാറ്റിന്റെ കൈകളിലെ

കളിചിരി മാറാത്ത കന്നിയോളമേ

കാണാക്കുടം നിറയെ കക്കയോ കവിതയോ

കറുത്തപൊന്നോ’’

പെട്ടെന്നു വീട്ടുകാർ റേഡിയോ ഒാഫ് ചെയ്തു കളഞ്ഞു. അന്നൊരു സങ്കട നീറൽ വീണിരുന്നു, സിദ്ദിഖിന്റെ മനസ്സിൽ. ‘പടച്ചോനെ, ന്റെ വീട്ടിലും ഒരു റേഡിയോ ഉണ്ടായിരുന്നെങ്കിൽ’ എന്നാശിച്ചിരുന്നു.

പടച്ചോന്റെ ഒാരോ കളികൾ, ആ പാട്ടുപാടിയ യേശുദാസിന്റെ ഒരുപാടു വോയ്സ് മെസേജുകൾ ഇന്ന് സിദ്ദിഖിന്റെ വാട്ട്സാപ്പിലുണ്ട്. ദാസേട്ടന്റെ പാട്ടു കേൾക്കാൻ ആകാംക്ഷയോടെ നിന്ന അതേ മനസ്സോടെ സിദ്ദിഖ് ഒാർമിക്കുന്നു, ‘‘ പ്രഭചേച്ചി പറയും, ഇത്ര മധുരമായി ആരും ‘ദാസേട്ടാ...’ എന്നു വിളിക്കുന്നത് കേട്ടിട്ടില്ലെന്ന്. ആ സ്വരം ഒന്നു കേൾക്കാൻ മാത്രം കൊതിച്ച് അയൽവീടിന്റെ വാതിൽക്കൽ പോയി നിന്ന കുട്ടിയാണ് ഇപ്പോഴും ഞാൻ. അപ്പോൾ പിന്നെ അത്രയും സ്നേഹത്തോടെ, ആരാധനയോടെയല്ലേ എനിക്കു വിളിക്കാനാവൂ.’’

പഴയ കാലത്തെക്കുറിച്ച് പറയുമ്പോൾ 3045 എന്ന നമ്പരും മറന്നിട്ടുണ്ടാവില്ലല്ലോ...

എങ്ങനെ മറക്കാനാണ്? പോളിടെക്നിക് പഠനം കഴിഞ്ഞ് ഗ ൾഫിൽ പോയി. അവിടെ എന്റെ എംപ്ലോ യ്മെന്റ് നമ്പരായിരുന്നു 3045. ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ തന്നെ ടേപ് റിക്കോർഡർ വാങ്ങി കുട്ടിക്കാലത്തെ ആ മോഹം സാധിച്ചെടുത്തു. മൂന്നു വർഷം ഗൾഫിൽ. ഒരു ദിവസം നോട്ടീസ് ബോർഡിനു മുന്നിൽ ഒരു ആൾക്കൂട്ടം. കമ്പനിയിൽ ഒരു പ്രോജക്ട് കഴിഞ്ഞു. അടുത്തതു കിട്ടാത്തതു കൊണ്ടു കുറച്ചു പേരെ പിരിച്ചു വിടുന്നു. ആ ലിസ്റ്റിൽ‌ എന്റെ പേരും ഉണ്ടായിരുന്നു.

സത്യം പറഞ്ഞാൽ സന്തോഷമാണു തോന്നിയത്. ജോ ലി കിട്ടിയിട്ടു നാട്ടിൽ പോയിട്ടേയില്ല. വീടിനടുത്തു പോ ലും അന്ന് ഫോൺ ഇല്ല. ഉമ്മയുടെ ശബ്ദം കേട്ടിട്ടു മൂന്നു വർഷമായി. പോരെങ്കിൽ വീട്ടിൽ നിന്നെത്തിയ കത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു – നിന്നെ തേടി സിനിമയിൽ നിന്ന് തമ്പി കണ്ണന്താനം എന്നൊരാൾ വന്നിരുന്നു. ജോലി പോയ സങ്കടം തീരാൻ ആ വരി ധാരാളം. അതൊരു കച്ചിത്തുരുമ്പായി. അതിൽ പിടിച്ചാണു കയറിയത്.

അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മദ്രാസില്‍ പോയി താമസിച്ച് അവസരങ്ങൾ അന്വേഷിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ നടീനടന്മാരെ ആവശ്യം ഉണ്ടെന്ന പരസ്യം ഞാനും കണ്ടിരുന്നു. പക്ഷേ, ഒരുപാടു പേർക്കൊപ്പം നിന്ന് അഭിനയിച്ചു കാണിക്കാനൊക്കെ അന്നു പേടിയായിരുന്നു. എനിക്കൊപ്പമുള്ളവർ എന്നേക്കാൾ നന്നായി അഭിനയിക്കുന്നവരാണെന്ന് അന്നും ഇന്നും എനിക്കു തോന്നും.

siddique-2

ഫോട്ടോ ഷൂട്ടിൽ ബ്ലൂ ഡെനിം ഫോർമാറ്റിലും ഇറ്റാലിയൻ ക്രെയ്പ് ഷർട്ടിലും നിൽക്കുമ്പോൾ അറുപത്തിമൂന്നു വയസ്സായെന്നു തോന്നുകയേയില്ല...

രൂപമാറ്റത്തിനു ശ്രമിക്കുന്നതു മനപൂർവമാണ്. എന്റെ ലുക്കിന് ഒരുപാടു പരിമിതികൾ ഉണ്ട്. പ്രത്യേകതയുള്ള കണ്ണുകളോ നോട്ടമോ ഒന്നും എനിക്കില്ല. പ്രേക്ഷകർക്ക് എന്നെ മടുക്കുമോ എന്ന പേടികൊണ്ടാണു സിനിമയിലെ ലുക്സ് മാറ്റാറുള്ളത്.

സംവിധായകൻ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടി രൂപം മാറ്റാനുള്ള പരീക്ഷണങ്ങൾ ചെയ്യും. പ ക്ഷേ, പൊലീസ് കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോഴാണു പെട്ടു പോവുക. നടത്തത്തിലും സംഭാഷണത്തിലും മാത്രമല്ലേ വ്യത്യാസം കൊണ്ടു വരാൻ പറ്റൂ. ഇതൊന്നും എ ന്റെ മാത്രം കഴിവല്ല. മേക്കപ്മാന്റെയും കോസ്റ്റ്യൂമറുടെയുമൊക്കെ ക്രിയേറ്റിവിറ്റിയ്ക്കാണു നന്ദി പറയേണ്ടത്.

ക്യാമറയ്ക്കു മുന്നിൽ എന്തു കൃത്രിമത്വവും കൊണ്ടുവരാം. എന്നാൽ പൊതുവേദിയിൽ അതിന്റെ ആവശ്യം ഇല്ല. അതുകൊണ്ടാണ് വിഗ്ഗൊന്നും വയ്ക്കാതെ വെള്ള മുണ്ടും ഷർട്ടും ഇട്ടു വരാറുള്ളത്. വിഗ് വച്ചും വയ്ക്കാതെയും പ്രേക്ഷകരുടെ മുന്നിലെത്തുന്നതു നടന്റെ ആത്മവിശ്വാസമാണോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, ആത്മവിശ്വാസത്തെക്കാൾ പൊതുവേദിയിൽ വിഗ് വച്ചു വന്നാൽ മറ്റുള്ളവർ പരിഹസിക്കും എന്ന തോന്നലെനിക്കുണ്ട്. അതില്ലാതാക്കാനാണ് ഇങ്ങനെ നടക്കുന്നത്.

അഭിമുഖത്തിന്റെ പൂർണരൂപം സെപ്റ്റംബർ അവസാന ലക്കത്തിൽ

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ലൊക്കേഷൻ: റമദ റിസോർട്ട്, കൊച്ചി