മല്ലു സിങ്ങിൽ നിന്നു മാർക്കോയിൽ എത്തിയപ്പോഴേക്കും ഉണ്ണിക്ക് വന്ന മാറ്റം?
ഒരുപാടു മാറ്റങ്ങൾ ഉണ്ടായി. ഉണ്ണിമുകുന്ദന്‍ എന്ന നടനെ നിങ്ങൾക്ക് എത്ര പരിചയം ഉണ്ടോ എനിക്കും അയാളെക്കുറിച്ച് അത്രയേ അറിയൂ. പക്ഷേ, അതിനും മുൻപ് സിനിമ തേടി ലക്കിടി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ഉണ്ണികൃഷ്ണൻ നായർ എന്ന ചെറുപ്പക്കാരൻ ഉണ്ട്. ഗുജറാത്തിൽ നിന്ന് അവസരം തേടി ഇറങ്ങുമ്പോൾ ചേച്ചി കോൺഫിഡൻസ് തരാനായി പറഞ്ഞു, ‘നീ തിരിച്ചു വരുന്നത് സൂപ്പർസ്റ്റാർ ആയിട്ടാകണം.’ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ആഗ്രഹിക്കുന്നത് എന്റെ വിജയമാണെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണ്. സിനിമയിൽ കാലുറപ്പിക്കാനിറങ്ങിയ ആ ഉണ്ണികൃഷ്ണനെ മനസ്സിൽ തന്നെ നിർത്താനാണു ശ്രമിക്കുന്നത്. ആ ചെറുപ്പക്കാരന് ഒരു ലക്ഷ്യം ഉണ്ട്. സിനിമയിൽ ഉണ്ണിമുകുന്ദനായി കഴിഞ്ഞപ്പോൾ അതു മറക്കരുതല്ലോ. അതുകൊണ്ടാണ് പല സ്വാഭാവവും മാറ്റിയത്.
പണ്ടൊക്കെ പല കാര്യങ്ങൾക്കും വികാരം കൊ ണ്ടു പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇപ്പോൾ അത്രയ്ക്ക് ഇ മോഷനൽ അല്ല. ഒരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമും നോക്കാറില്ല. എന്റെ പേജുകൾ കൈകാര്യം ചെയ്യാനും കമന്റുകൾ നോക്കാനുമൊക്കെ ടീം ഉണ്ട്. അതിൽ വരുന്നതു വായിച്ചും പ്രതികരിച്ചും എന്തിന് നെഗറ്റീവ് ആവണം?
നെഗറ്റീവ് അടിച്ചു തുടങ്ങുമ്പോൾ പോസിറ്റീവ് ആവാൻ എന്തു ചെയ്യും?
നെഗറ്റീവും ജയപരാജയങ്ങളും ഒന്നും എന്നെ ബാധിക്കില്ല. അത്രയും മോശമായ അവസ്ഥകളിലൂടെയാണു ഞാൻ വന്നിട്ടുള്ളത്. അവസരം തേടി കേരളത്തിലേക്കു വന്ന ട്രെയിൻ യാത്രകളെക്കുറിച്ച് മാത്രം ഒാർത്താൽ മതി ഞാനൊരു സംഭവമാണെന്നു തോന്നിതുടങ്ങും.
ഗുജറാത്തിൽ കോൾ സെന്ററിലായിരുന്നു ജോലി. നാല് മാസം അവധിയെടുക്കാതെ ജോലി ചെയ്താൽ എട്ട് ലീവ് കിട്ടും. ആ ലീവെടുത്താണ് അവസരങ്ങൾ തേടി കേരളത്തിലേക്കു വരുന്നത്. സംവിധായകരെയോ പ്രൊഡക്‌ഷൻ ടീമിനെയോ വിളിച്ച് അനുവാദം വാങ്ങിയിട്ടുണ്ടാകും. ആർഎസി ടിക്കറ്റ് കൺഫേം ആവാത്തതു കൊണ്ട് ഇരുന്നുറങ്ങിയാണു വരവ്. കൊച്ചിയിലോ തൃശൂരോ ഇറങ്ങുമ്പോഴാണ് അറിയുക, കാണാമെന്നു പറഞ്ഞവർ വാക്കു മാറിയിട്ടുണ്ടാകും. മീറ്റിങ് കാൻസലാകും. പ്രതീക്ഷയുടെയും ആകാംക്ഷയുടെയും കൊടുമുടിയിൽ നിന്നാണു വരവ്.
ഒടുവിൽ ഒന്നും നടക്കാതെ ഒന്നുമാകാതെയുള്ള മടങ്ങിപ്പോക്ക്. അപ്പോഴുണ്ടാകുന്ന ഒരു സങ്കടനീറ്റലുണ്ട്. തിരികെ ഗുജറാത്ത് എത്തും വരെ ഒറ്റയ്ക്കു നിന്ന് എരിഞ്ഞുപോകും. ആ ദിവസങ്ങളെ എങ്ങനെ അതിജീവിച്ചെന്ന് അ ദ്ഭുതമാണ്. ഇപ്പോഴെന്റെ ജീവിതത്തിൽ എന്തു വലിയ പ്രശ്നമുണ്ടായാലും എത്ര വലിയ നെഗറ്റീവ് ഉണ്ടായാലും കുന്നോളം സ്വപ്നവുമായി വന്ന് ഒന്നുമാകാതെ മടങ്ങിപ്പോകുന്ന ആ നാലു ദിവസത്തെ യാത്ര ഒാർമിച്ചാൽ മതി. ഞാന്‍ തനിയെ റീ സ്റ്റാർട്ട് ആയിക്കോളും. സിനിമയിലേക്കു വരുന്ന ആർക്കും അത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.
അപ്പോഴൊക്കെ തോന്നിയിട്ടില്ലേ സിനിമ എന്ന സ്വപ്നം ഇനി കാണേണ്ടെന്ന്...
പിന്നീട് സിനിമയില്‍ എത്തിക്കഴിഞ്ഞും അഭിനയം നിർത്താം എന്നു തോന്നിയിരുന്നു. എനിക്കൊപ്പവും അതിനു ശേഷവും സിനിമയിലെത്തിയവരെല്ലാം കേരളത്തിൽ ജനിച്ചു വളർന്നവരാണ്. അവർക്ക് ഇവിടെ സൗഹൃദങ്ങളുണ്ട് ബന്ധുക്കളുണ്ട്. സിനിമാ സെറ്റിലും മറ്റുമുണ്ടാവുന്ന പ്രതിസന്ധികൾ പറയാൻ അവർക്ക് ഒരുപാടു പേരുണ്ട്.
ആദ്യകാലത്ത് എനിക്ക് ആരുമില്ലാത്ത അവസ്ഥയായിരുന്നു. മലയാളം എഴുതാനും വായിക്കാനും പോലും അറിയില്ല. അഭിപ്രായം ചോദിക്കാൻ, മനസ്സു തുറന്നു സംസാരിക്കാൻ ആരുമില്ല. ഒരുപാടു പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. സിനിമയിലെ ബഹളവും ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട്. എല്ലാം ഉപേക്ഷിച്ച് ഒന്നുമാകാതെ തിരിച്ചു പോകാനും പറ്റില്ല. വല്ലാത്തൊരു കാലം.
ലാലുചേട്ടന്റെ (ലാൽജോസ്) വിക്രമാദിത്യനിൽ എത്തിയപ്പോൾ ഞാന്‍ ഈ സിനിമയിൽ വേണോ എന്നെനിക്കുസംശയം തോന്നി. ലാലുച്ചേട്ടൻ ധൈര്യം തന്നുകൊണ്ടിരുന്നു. ആ സിനിമ കഴിഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത് ഒരു നടനായി നിൽക്കാനുള്ള യോഗ്യത എനിക്കുണ്ട്.
സിനിമയോടുള്ള സ്നേഹം സത്യസന്ധമായിരുന്നു. അതുകൊണ്ടാണ് ഞാനിവിടെ പിടിച്ചു നിന്നത്. ഒരുപാടു തെറ്റുകൾ ചെയ്തിട്ടാണ് സിനിമയിലെ പല ശരികളും പഠിക്കാൻ പറ്റിയത്. ഇത്തരം അനുഭവങ്ങളാണ് ഉണ്ണിമുകുന്ദൻ എന്ന വ്യക്തിയെ ബിൽഡ് ചെയ്തത്. ഒറ്റയ്ക്കു നിൽക്കുന്നവരോടു ദൈവത്തിനു തോന്നുന്ന കാരുണ്യം അക്കാലത്ത് എനിക്കും കിട്ടിയിട്ടുണ്ട്. പ്രശ്നങ്ങളും വിവാദങ്ങളും ബുദ്ധിമുട്ടുകളുമെല്ലാമുണ്ടായപ്പോൾ ഒറ്റയ്ക്കിരുന്നു രക്ഷിക്കണേ എന്ന് പ്രാർഥിച്ചിട്ടുണ്ട്. ദൈവത്തിന് എന്നോടൊരു സഹതാപമുണ്ടെന്നു തോന്നാറുണ്ട്.
പ്രൊപ്പഗാൻഡ സിനിമയിലെ നായകൻ എന്നു വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചോ?
അത്തരം ആരോപണങ്ങൾ ഉൾക്കൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പലരും എന്നെ അറിയാൻ ശ്രമിച്ചില്ല.
ഗുജറാത്തിലെ ബിസിനസുകാരന്റെ മകൻ, ധാരാളം പൈസ കയ്യിലുണ്ട് അത് ചെലവാക്കാനായി സിനിമയിലെത്തി എന്നൊക്കെ കരുതി. സാധാരണ കുടുംബത്തിലാണു ജനിച്ചതെന്നും വീട്ടിലോ കുടുംബത്തിലോ സിനിമാബന്ധമുള്ള ആരുമില്ലെന്നും സിനിമ മോഹിച്ചു മാത്രം വന്നയാളാണെന്നും ഒക്കെ പറയണം എന്നുണ്ടായിരുന്നു. അതൊന്നും എനിക്കു പറയാനായില്ല. എന്നെക്കുറിച്ചറിയാവുന്ന ആരും അതൊന്നും പറഞ്ഞുമില്ല.
ചില സമയത്ത് സോഷ്യൽമീഡിയയിൽ ചിലതൊക്കെ പൊങ്ങിവരും തർക്കങ്ങളുണ്ടാകും. അതിലേക്കു വലിച്ചിഴയ്ക്കപ്പെടും. ചിലർ അതിൽ പെട്ടുപോകും. ഇത്തരം വിവാദങ്ങളിൽ പെട്ടുപോയ ആളാണു ഞാൻ.