Monday 17 June 2019 03:17 PM IST

‘എന്നെ സ്നേഹിക്കുന്നവർക്ക് ഒറ്റ ടെൻഷനേയുള്ളൂ; ‘പ്രേമ’ത്തിൽ മലർ കയ്യീന്ന് പോയി.. ഇനി ഈ മിസ്സും പോകുമോ?’

Rakhy Raz

Sub Editor

vinay-fort001 ഫൊട്ടോ: ശ്യാം ബാബു

ഋതുവിലെ സ്വവർഗാനുരാഗി ജമാലുമായി ഒരു സാമ്യവുമില്ല ‘ഷട്ടറി’ലെ ഓട്ടോ ഡ്രൈവർ സുരന്. ആള് മുതലാളിയുടെ വിശ്വസ്തനാണ്, വിധേയനും. ‘പ്രേമ’ത്തിലെ വിമൽ സാറാകട്ടെ പഞ്ചാരയും ഭയവും കലർന്ന തനി പൂവാലൻ. ‘കിസ്മത്തി’ലെ സബ് ഇൻസ്പെക്ടർ അജയ് സി. മേനോൻ കണ്ണിൽ ചോരയില്ലാത്ത പൊലീസുകാരൻ. 

വിനയ് ഫോർട്ട് അങ്ങനെയാണ്. ഓരോ സിനിമയിലും ഓരോ മുഖമണിഞ്ഞ്  സ്ക്രീനിലെത്തുന്ന നടൻ. പലപ്പോഴും ഇതയാൾ തന്നെയല്ലേ എന്ന് പോലും തോന്നിപ്പിക്കുന്ന പകർന്നാട്ടം. പുതിയ ചിത്രമായ ‘തമാശ’യിലെ പ്രത്യേകതയുള്ള കഷണ്ടി ലുക്ക് പുറത്തുവന്നതേ ചർച്ചാവിഷ യമായിക്കഴിഞ്ഞു.

‘‘വേഷപ്പകർച്ച മേക്കോവറിൽ മാത്രം ഒതുങ്ങുന്നതല്ല, കഥാപാത്രമായി  മാറാൻ ശരീരഭാഷയും മാറേണ്ടി വരും. അതിനു വേണ്ടി വളരെ ആലോചിച്ച് ഉറപ്പിച്ച് ശ്രമിച്ചു ത ന്നെ ചില സംഗതികൾ നമ്മൾ ചെയ്യും. അത് കൃത്യമാകുന്നിടത്താണ് മേക്കോവറിന്റെ വിജയം.’’ ഫോർട്ട്‌കൊച്ചിയിലെ പുതിയ വീട്ടിലിരുന്ന് വിനയ് പറഞ്ഞുതുടങ്ങി.

വീണ്ടും അധ്യാപകനാകുമ്പോൾ

‘പ്രേമ’ത്തിലെ വിമൽ സാർ കോളജ്  അധ്യാപകനാണ്. പുതിയ ചിത്രമായ ‘തമാശ’യിലെ ശ്രീനിവാസനും അധ്യാപകനാണ്. ‘പ്രേമ’ത്തിൽ അയാൾ ടീച്ചറെ പ്രേമിക്കുന്നു. ‘തമാശ’യിലും അങ്ങനെ തന്നെ. പല സാമ്യങ്ങളും ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുണ്ട്. കഥാപാത്രത്തിന്റെ സാമ്യങ്ങളാണ് നടൻ എന്ന നിലയിൽ നമ്മുടെ വെല്ലുവിളി. പഴയ മാനറിസങ്ങളും ശരീരഭാഷയും പുതിയ കഥയിൽ ആവർത്തിക്കാതിരിക്കണം.

ബോഡി ലാംഗ്വേജിന്റെ ഏറ്റവും ഇംപാക്റ്റ്‌ഫുൾ ആയ ഏരിയ ഞാൻ ‘തമാശ’യിൽ ചെയ്തിട്ടുണ്ട്. ഈ കഥാപാത്രത്തിനനുസരിച്ചായിരിക്കും ഇനിയുള്ള എന്റെ കരിയർ പോകുക. എനിക്ക് പക്കാ ബ്രേക്ക് നേടിത്തന്ന കഥാപാത്രമാണെങ്കിലും ‘പ്രേമ’ത്തിന് ശേഷം ഞാൻ ശരിക്കും പെട്ടു. പിന്നെ, വന്നതെല്ലാം അത്തരം കഥാപാത്രങ്ങളായിരുന്നു. അതിൽ നിന്നും രക്ഷപ്പെട്ടത് ‘കിസ്മത്തി’ലെ പൊലീസ് വേഷം വന്നപ്പോഴാണ്. വീണ്ടും പ്രേമത്തിലേക്കു തിരിച്ചു പോകാതിരിക്കാൻ ഞാൻ ബോധപൂർവം ശ്രമിച്ചു.

ഒരാളുടെ ആത്മവിശ്വാസവും ശരീരഭാഷയും വളരെയധികം ബന്ധപ്പെട്ട് നിൽക്കുന്നു. നിവർന്ന  രീതിയിലാണ് ‘പ്രേമ’ത്തിലെ വിമൽ സാറിന്റെ നിൽപ്പും നടപ്പും. പൊങ്ങച്ചവും പൊട്ടത്തരവും ആണ് അയാളുടെ ഒരു കളർ.‘തമാശ’യിലെ മലയാളം അധ്യാപകൻ ശ്രീനിവാസൻ ഉൾവലിഞ്ഞു നിൽക്കുന്ന ആളാണ്. അയാൾ അൽപം വളഞ്ഞാണ് നടക്കുക. ആത്മവിശ്വാസക്കുറവ് അയാളുടെ നി ൽപിലും നടപ്പിലും സംസാരത്തിലും എല്ലാമുണ്ട്.

‘തമാശ’യുടെ സംവിധായകൻ അഷ്റഫ് ഹംസ എന്റെ സുഹൃത്താണ്. സമീർ താഹിറും ഷൈജു ഖാലിദും ലിജോ ജോസും ചെമ്പൻ വിനോദും ചേർന്നൊരുക്കുന്ന സിനിമയാണിത്. അവരതിൽ എന്നെ നായകനാക്കുമ്പോൾ വ്യക്തമായ കാരണമുണ്ടാകും. ആ ധാരണയോടെയാണ് ഞാനീ സിനിമ ചെയ്തിരിക്കുന്നത്.  നമ്മൾ നൽകുന്ന ഇൻപുട്സ് നല്ലതാണെങ്കിൽ അംഗീകരിക്കാനുള്ള മനസ്സുണ്ട് ഇവർക്കെല്ലാം.

കഴിഞ്ഞ ഏഴെട്ട് മാസമായി ഞാൻ മറ്റൊന്നും ചെയ്യാതെ ശ്രീനിവാസന് വേണ്ടി തയാറാവുകയായിരുന്നു. മുന്നിൽ അൽപം മുടിയുള്ള കഷണ്ടി.. അത് അയാൾക്ക് ഒരു ക്യൂട്ട്‌നെസ് നൽകും എന്ന് തോന്നി. നമ്മൾ കയ്യിൽ നിന്നും ഇത്തരം കാര്യങ്ങൾ ഇടുമ്പോൾ അവർ പറയും ‘ഇത് പിടിച്ചോ ആശാനേ... കൊള്ളാം...’ ഇത്തരം ആശയങ്ങൾക്ക് അംഗീകാരം കിട്ടുന്ന സെറ്റ് ഒരു ലക്ഷ്വറി തന്നെയാണ് എനിക്ക്.

എന്നെ സ്നേഹിക്കുന്നവർക്ക് ഒറ്റ ടെൻഷനേയുള്ളൂ. പിന്നെയും തേപ്പ് കിട്ടുമോ എന്ന്. ‘പ്രേമ’ത്തിൽ മലർ കയ്യീന്ന് പോയി... ഇനി ഈ മിസ്സും പോകുമോ..?’

vinay-fort002

ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ?

ഒരാൾക്കു വേറൊരാളുടെ ശരീരത്തെക്കുറിച്ച് വിധി പ റയാൻ എന്ത് അവകാശമാണ് ഉള്ളത് ? ഇൻസ്റ്റഗ്രാമിലും  ഫെയ്സ്‌ബുക്കിലും ഒക്കെ വളരെ ബ്രൂട്ടൽ ആയി ട്ടാണ് ആളുകൾ പലരെയും കമന്റ് ചെയ്യുന്നത്. പ്രത്യേകിച്ച് സ്ത്രീകളെ. എന്റെയോ നിങ്ങളുടെയോ ശരീരത്തിന്റെ സ്വഭാവം നമ്മൾ നിശ്ചയിക്കുന്നതല്ല. പിന്നെന്തിനാണ് പരിഹസിക്കുന്നത്? മറ്റൊരാളുടെ വികാരം പരിഗണിക്കാനുള്ള കഴിവ് ഉള്ളതു കൊണ്ടാണ് നമ്മളെ മനുഷ്യർ എന്ന് വിളിക്കുന്നത്. ജീവിക്കുന്നതിനൊപ്പം ജീവിക്കാൻ അനുവദിക്കുക കൂടി വേണം.

കണ്ണെഴുതി, ലിപ്സ്റ്റിക് അണിഞ്ഞ്

എന്റെ ആദ്യ സിനിമ ‘ഋതു’ യുവാക്കളുടെ കഥ പറയുന്നതാ യിരുന്നു.  പ്രായം കുറവാണെങ്കിലും എനിക്കു ചെറിയ കഷണ്ടിയുണ്ട്. കണ്ടാൽ പ്രായമുള്ള ആളായി തോന്നി ചാൻസ് പോയാലോ എന്നു കരുതി കോളജിൽ നിന്ന് കോഷൻ ഡെപോസിറ്റ് തിരിച്ചു കിട്ടിയ പതിനായിരം രൂപ ചെലവാക്കി ഒരു വിഗ് ഒക്കെ സംഘടിപ്പിച്ചാണ് ഞാൻ ഒഡിഷന് പോകുന്നത്.

എന്നെ കണ്ടപ്പോൾ ഡയറക്ടർ ശ്യാമപ്രസാദ് സർ പറഞ്ഞു.  ‘യൂ ലുക്ക് വെരി നൈസ്... പക്ഷേ, നമുക്ക് ഇത് വേണ്ട. നിങ്ങളുടെ ശരിക്കുള്ള രൂപത്തിന് ഒരു പ്രത്യേകതയുണ്ട്.’ എന്റെ താടി ഫ്രഞ്ച് സ്റ്റൈൽ ആക്കി. കണ്ണുകളിൽ സുറുമ എഴുതി, ലിപ്സ്റ്റിക്കും ഇട്ട് ലുക്ക് ഫെമിനൈൻ ആക്കി.

ആസിഫിന്റെ സ്വവർഗാനുരാഗിയായ കഥാപാത്രത്തെ വ ശീകരിച്ച് ഒഫീഷ്യൽ രേഖകൾ തട്ടിയെടുക്കുന്നവൻ ആണ് ഞാനവതരിപ്പിച്ച ജമാൽ എന്ന കഥാപാത്രം. ഇന്നു വരെയുള്ള എന്റെ  കഥാപാത്രങ്ങളിൽ  ഏറ്റവും  ചാലഞ്ചിങ് ആയ വേഷമായിരുന്നു അത്. ആകെ രണ്ടു സീനേ എനിക്കുള്ളു. അതിൽ ചെയ്യേണ്ടതായി ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.   ജമാൽ ഗേ അല്ല. പക്ഷേ, ഗേ ആണെന്ന് ആദ്യ സീനിൽ തോന്നണം. പി ന്നീട് വരുന്ന സീനിൽ അത് തോന്നുകയും അരുത്. ആദ്യ സിനിമ ആയിരുന്നെങ്കിലും ഇങ്ങനെ ഒരു ആക്ടർ വന്നു എന്ന് അറിയിക്കാൻ ഋതുവിലെ ജമാലിനായി.

‘ഗോഡ്സെ’യിലെ ഹരിചന്ദ്രനും എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. നിർഭാഗ്യവശാൽ ആ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോ യി. അയാളുടെ ഇമോഷനൽ ബ്രേക് ഡൗൺ നന്നായി ചെയ്യാൻ പറ്റിയിരുന്നു. കരയുക, മദ്യപിച്ച് തകർന്നു നടക്കുക... വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടിയ വർഷം മികച്ച നടനുവേണ്ടി പോരാടിയത് ഗോഡ്സെയിലെ കഥാപാത്രമായിരുന്നു. അവാർഡ് വഴുതിപ്പോെയന്ന വിഷമമൊന്നും ഇല്ല. ആ ചിത്രം ആളുകളിലേക്ക് എത്താതെ പോയല്ലോ എന്ന സങ്കടം മാത്രം.

‘ഷട്ടറി’ലെ സുരനെക്കുറിച്ച് സംവിധായകൻ ജോയ് മാത്യു സാറിന് നല്ല ധാരണയുണ്ടായിരുന്നു. നാളെയെക്കുറിച്ച് ചിന്തിച്ച് ബേജാറാകാത്ത റിലാക്സ്ഡ് ആയ ഒരു സാധാരണക്കാരൻ. അയാൾ ഒരുപാട് ടെൻഷൻ ഉള്ള ഒരു സാഹചര്യത്തിൽ ചെന്നു പെടുകയാണ്. എട്ടുപത്തു ദിവസം ഒരു സുഹൃത്തിന്റെ ഒപ്പം ഒാട്ടോ ഒാടിച്ച് പഠിച്ചു. ചൂടു കൂടുമ്പോൾ ഒാട്ടോ ഡ്രൈവർമാർ സീറ്റിന്റെ അരികിലേക്ക്  നീങ്ങിയിരുന്ന് ഒാടിക്കുന്നത്, കോളർ വലിച്ചിടുന്നത്.. ഇതൊക്കെ കണ്ടു പഠിച്ചതാണ്. ഇതൊക്കെയാണെങ്കിലും എന്റെ ശരിയായ തുടക്കമായി ഞാ ൻ കണക്കാക്കുന്നത് ‘അപൂർവരാഗം’ എന്ന സിനിമയാണ്.

ഭാര്യ സൗമ്യയ്ക്ക് വിനയിനെ സുന്ദരനായി കാണാ ൻ ആയിരിക്കില്ലേ ഇഷ്ടം ?

അവൾക്ക് എന്റെ ലുക്സ് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. എന്നെ പറ്റുന്നത്ര സുന്ദരനായി കാണണം എ ന്നൊരു ആഗ്രഹം അവൾക്ക് വേണ്ടേ? അതില്ല. എന്റെ കംഫർട്ടിനാണ് അവൾ പ്രാധാന്യം നൽകുന്നത്.

സിനിമയിലെ വേഷങ്ങളെക്കുറിച്ചോ ലുക്സിനെ ക്കുറിച്ചോ സൗമ്യയ്ക്കോ എന്റെ അച്ഛൻ മണിക്കോ അമ്മ സുജാതയ്ക്കോ അമിത ആഹ്ലാദമോ, ഇഷ്ടക്കേടോ ഇല്ല. പ്രഫഷനിൽ ആവശ്യമില്ലാതെ ഇടപെടില്ല എന്നതാണ് സൗമ്യ എനിക്ക് നൽകുന്ന ഏറ്റവും വലിയ സ്നേഹം.

റോളുകളെ പറ്റി ഞാൻ സൗമ്യയോട് പറയാറുണ്ട്. പ്രോത്സാഹനം വേണ്ടത്ര ഉണ്ട്. സൗമ്യ ഒരു െഎടി പ്രഫഷനലാണ്. നല്ലൊരു അമ്മയും ഭാര്യയും ആണ്. കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്ന് വ്യക്തമായ ധാരണ ഉണ്ട്. പുതിയ വീട് വച്ചു മാറിയ ഇടയ്ക്ക് എന്റെ രണ്ട് വയസ്സുകാരൻ മകൻ വിഹാൻ കളിപ്പാട്ടങ്ങളൊക്കെ വലിച്ചു വാരിയിടുമ്പോൾ ഞാൻ അതു വൃത്തിയാക്കി വയ്ക്കാൻ അവനെ ശീലിപ്പിക്കാൻ നോക്കി. അപ്പോൾ സൗമ്യ പറഞ്ഞു. ‘ഇത് നല്ല കാര്യമാണ്. പ ക്ഷേ, ഈ പ്രായത്തിൽ ഇത് ചെയ്താൽ വിനയ് നഷ്ടപ്പെടുത്തുന്നത് അവന്റെ ബാല്യമാണ്’. പിന്നെ, ഞാനാ പണിക്ക് പോയിട്ടില്ല.

vinay-fort004

ആദ്യത്തെ പ്രധാനവേഷം

‘അപൂർവ രാഗ’ത്തിനായി സിബി സാറിനെ കാണാൻ ഞാൻ ക്ലീൻ ഷേവ് ചെയ്ത് വിഗ് വച്ചിട്ടാണ് പോയത്.  എന്നിട്ട് ‘ഒരു റിയൽ ലുക് പിക്ചർ’ കൊടുത്തിട്ട് പോന്നു. സാർ നോക്കുമ്പോ ൾ വന്നയാളല്ല, പടത്തിൽ. ആ രണ്ട് ലുക് ഗുണം ചെയ്തു.  സിനിമയിൽ ശക്തമായ കഥാപാത്രം ലഭിച്ചു.

കൃത്യതയോടെ എഴുതിയ തിരക്കഥയായിരുന്നു ‘അപൂർവരാഗ’ത്തിന്റേത്. ചില സിനിമകളിൽ തിരക്കഥയിലെ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് മറികടക്കേണ്ടതായി വന്നിട്ടുണ്ട്. ഈ   സിനിമയിൽ അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളുമില്ല. തിരക്കഥ തന്നെ നല്ല സ്ട്രെങ്ത് ഉള്ളതായിരുന്നു.

എന്റെ ആദ്യ പ്രധാന വേഷമാണ് ‘അപൂർവരാഗ’ങ്ങളിലെ നാരായണൻ. നടൻ എന്ന നിലയിൽ എനിക്ക് വേണ്ടത്ര ആത്മവിശ്വാസം വരുന്നതിനു മുൻപുള്ള കഥാപാത്രം. അതിൽ അന്ന് തൃപ്തി തോന്നിയെങ്കിലും ഇന്നാണ് ആ കഥാപാത്രം ചെയ്യാൻ പറ്റിയെങ്കിൽ ഇതിനെക്കാൾ നന്നാക്കാനാകുമായിരുന്നു എന്നൊരു തോന്നൽ എനിക്ക് ഉണ്ട്. കാരണം ഒരു നടന് അത്രയേറെ സാധ്യതകൾ തന്ന കഥാപാത്രമായിരുന്നു അത്.

കൊമ്പൻ മീശ വച്ച എസ്ഐ

‘കിസ്മത്ത്’ ലോ ബജറ്റ് സിനിമ ആയിരുന്നു. അവരുടെ കയ്യി ൽ  അന്ന് പ്രതിഫലം തരാൻ പൈസയില്ല. പക്ഷേ, തിരക്കഥ വളരെ നല്ലതായിരുന്നു. അതു വിട്ടു കളയരുതെന്ന് എനിക്കു തോന്നി. ‘കിസ്മത്തി’ലെ എസ്ഐ അജയ്മേനോൻ എന്ന കഥാപാത്രത്തിന്റെ മേക്കോവറിലും മാനറിസങ്ങളിലുമെല്ലാം സംവിധായകൻ എനിക്ക് പൂർണ സ്വാതന്ത്ര്യം തന്നു.

ശരീരത്തിന്റെ വലുപ്പം ആ കഥാപാത്രത്തെ സംബന്ധിച്ച് എന്റെ പരിമിതി ആയിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി എട്ടു  കിലോ കൂട്ടി. ആ ദിവസങ്ങളിൽ മധുരക്കിഴങ്ങും മുട്ടയും വെണ്ണയും ഒക്കെ വയർ നിറയെ കഴിച്ചു. രണ്ടു നേരം  ജിമ്മിൽ പോയി ബോഡി ഫിറ്റ് ആക്കി.

മുടി പറ്റെ വെട്ടി, കൊമ്പൻ മീശ വച്ചപ്പോൾ ലുക് കൃത്യമായി. എന്തായാലും ആ കഥാപാത്രം ക്ലിക് ആയി. എനിക്ക് പൊതുവേ ഇഷ്ടം ഇങ്ങനെ ഗ്രേ ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്യാനാണ്. ‘കിസ്മത്ത്’ കണ്ട ശേഷം ഷെയ്ന്റെ അച്ഛൻ അബീക്ക വിളിച്ചിട്ട് പറഞ്ഞു അദ്ദേഹത്തിന് ഷെയ്ന്റെ വേഷത്തെക്കാളും ഇഷ്ടപ്പെട്ടത്  എന്നെയാണെന്ന്. നോ ൺ സെൻസ്, ഗോഡ് സേ, തുടങ്ങിയ സിനിമകളിലെ എന്റെ കഥാപാത്രങ്ങൾ വ്യത്യസ്തമായിരുന്നു. നമ്മൾ മരിച്ചു പോയാലും ആളുകൾ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നതല്ലേ ഒരു നടന്റെ ഭാഗ്യം?

പി. രാജീവിന് വേണ്ടി വോട്ട് പിടിച്ചിരുന്നല്ലോ ?

കോളജിൽ എസ്എഫ്ഐക്കാരൻ ആയിരുന്നു ഞാൻ. ഇലക്‌ഷന് നിൽക്കുകയും ജയിക്കുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. പിന്നെ, മനസ്സിലായി അത് എനിക്ക് പറ്റിയ പരിപാടി അല്ലായെന്ന്. മാത്രമല്ല, ഒരു ആർട്ടിസ്റ്റ് ഒരിക്കലും പക്ഷം  പിടിക്കരുത്. പാർട്ടി, മതം, ജാതി എന്നിങ്ങനെയുള്ള പരിഗണന പാടില്ല. സോഷ്യലിസം എന്ന ആശയത്തിലാണ് നിൽക്കേണ്ടത്.

പാർട്ടി എന്നതിലുപരി പി.രാജീവെന്ന വ്യക്തിത്വത്തോട് എനിക്ക് ബഹുമാനമുണ്ട്. എം.പി ആയി വിശ്വസിച്ച് അയയ്ക്കാവുന്ന ആളാണ് അദ്ദേഹം. ജനങ്ങൾക്കു വേണ്ടി സംസാരിക്കും എന്നുറപ്പാണ്. പറഞ്ഞ വാക്കിന് വിലയുള്ള വ്യക്തിയാണ്. അങ്ങനെയുള്ളവർ വിജയിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്?.

vinay-fort003