Friday 22 June 2018 03:06 PM IST

‘അവാർഡ് എനിക്ക് തന്നത് നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കാനുള്ള ഊർജമാണ്...’

Ammu Joas

Sub Editor

vineetha-koshi213

മികച്ച നടിക്കുള്ള സ്പെഷൽ ജൂറി അവാർഡ് നേടിയ വിനീത കോശിയുടെ വിശേഷങ്ങൾ അറിയാം;

ആനന്ദം തന്നത്

സ്കൂളിൽ പഠിക്കുമ്പോ ഒരു സിനിമയിലേക്ക് കാസ്റ്റിങ് കോൾ കണ്ട് അഭിനയിച്ചോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടിൽ നിന്ന് നോ എന്നായിരുന്നു മറുപടി. പിന്നെ, സിനിമ മനസ്സിലേ ഇല്ലായിരുന്നു. പഠനവും കല്യാണവും കഴിഞ്ഞ് സിംഗപ്പൂരിൽ പീഡിയാട്രിക് കൗൺസലറായി ജോലി ചെയ്യുന്ന സമയം. ഒരു ദിവസം വിനീത് ശ്രീനിവാസൻ ഫോണിൽ വിളിക്കുന്നു, ‘ആനന്ദം എന്ന സിനിമയിലെ ഒരു റോളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ നാളെ തന്നെ നാട്ടിലെത്തണം.’ വിനീത് ശ്രീനിവാസൻ എന്ന ബ്രാൻഡ് നെയിം ഇക്കുറി തുണച്ചു. ആനന്ദത്തിലെ ലൗലി മിസ് ആയി. ആ സിനിമ  കഴിഞ്ഞതോടെ ആലുവയിൽ താമസമാക്കി. എന്റെ ഡ ബ്സ്മാഷ് വിഡിയോ കണ്ടിട്ടാണ് വീനിത് സിനിമയിലേക്കു ക്ഷണിച്ചത്.

വെളിച്ചം പകർന്നത്

കല്യാണം കഴിഞ്ഞെത്തുന്ന ഓരോ പെണ്ണിനും കുറേ സ്വപ്നങ്ങൾ കാണും. അവ തകരുമ്പോഴുള്ള അവസ്ഥയാണ് ‘ഒറ്റമുറിവെളിച്ചം’ എന്ന സിനിമ. ഗാർഹിക പീഡനവും പെണ്ണിന്റെ സഹനവും പ്രതികരണവുമൊക്കെയാണ് അതു പറയുന്നത്. കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും രാഹുൽ റിജി നായരുടെ ടീം വളരെ ഹെൽപ്ഫുൾ ആയിരുന്നു. ആൽബത്തിനുവേണ്ടി ഒന്നിച്ച ശേഷം ഞാനും ആ കൂട്ടായ്മയിലെ അംഗമാണ്. അതുകൊണ്ടു തന്നെ അധികം സ്ട്രെയിൻ ഇല്ലാതെ അഭിനയിക്കാൻ പറ്റി. ബോണക്കാട് എസ്റ്റേറ്റിലെ ഒറ്റമുറി വീടും പരിസരവുമായിരുന്നു ലൊക്കേഷൻ. ശാന്തമായ 20 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സിറ്റി ലൈഫിനോട് പൊരുത്തപ്പെടാനായിരുന്നു പാട്.

മൗനം പറഞ്ഞത്

‘എബി’ സിനിമയിലെ വിനീത് ശ്രീനിവാസന്റെ അമ്മ വേഷത്തിലേക്കാണ് പിന്നീട് നറുക്ക് വീണത്. ക്ലാര എന്ന കഥാപാത്രം ചാലഞ്ചിങ് ആയിരുന്നു. പക്ഷേ, പിന്നീട് വന്നതൊക്കെ ടൈപ്കാസ്റ്റ് റോളുകൾ ആയതുകൊണ്ട് സ്വീകരിച്ചില്ല. ഒരുപാടാളുകൾ എന്നെ സ്നേഹിച്ചു തുടങ്ങിയത് ‘മൗനം സൊല്ലും വാർത്തൈകൾ’ എന്ന ആൽബത്തിനു ശേഷമാണ്. കുറുമ്പും പ്രണയവും ഇഴചേർന്ന ആ പാട്ടിന് യുട്യൂബിൽ    8.7 മില്യൺ വ്യൂസ് ആയി ഇപ്പോൾ. ആ ആ ൽബം സംവിധാനം ചെയ്ത രാഹുല്‍ റിജി നായരാണ് ‘ഒറ്റമുറിവെളിച്ച’ത്തിന്റെയും സംവിധായകൻ.  

സ്വപ്നം കണ്ടത്

സംസ്ഥാന അവാർഡ് എന്നും സ്വപ്നമായിരുന്നു. പക്ഷേ, ഇത്ര വേഗം സംഭവിക്കുമെന്നു കരുതിയില്ല. അവാർഡുണ്ടെന്ന് ഏറ്റവും അവസാനം അറിഞ്ഞത് ഒരുപക്ഷേ, ഞാനായിരിക്കും. റേഞ്ച് ഇല്ലാത്തിനാൽ ഫോൺകോളുകളും മെസേജുമൊന്നും കിട്ടിയില്ല. അറിഞ്ഞപ്പോഴും പറ്റിക്കുകയാണെന്നാ വിചാരിച്ചത്. പാർവതിയും നിമിഷയുമൊക്കെ ഇഞ്ചോടിഞ്ചിച്ചു മത്സരിച്ചതിൽ നിന്ന് സ്പെഷൽ ജൂറി അവാർഡ് കിട്ടിയത് എനിക്ക് ഓസ്കർ പോലെയാണ്. സിനിമയുപേക്ഷിച്ച് തിരിച്ചുപോയാലോ എന്ന ആലോചനയുണ്ടായിരുന്നു ദിവസങ്ങൾക്കു മുൻപു വരെ. പക്ഷേ, ഈ അവാർഡ് എനിക്ക് തന്നത് നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കാനുള്ള ഊർജമാണ്. ഇപ്പോൾ വീട്ടിലാകെ മേളമാണ്. ഭർത്താവ് ജോസും സുഹൃത്തുക്കളും കസിൻസുമൊക്കെയായി ആഘോഷം തന്നെ.  

യാത്ര ആശിച്ചത്

യാത്രകളാണ് ഏറെ ഇഷ്ടമുള്ള മറ്റൊരു കാര്യം. 17 രാജ്യങ്ങളിൽ ഇതുവരെ പോയിട്ടുണ്ട്. ജനുവരിയിൽ യൂറോപ്പ് ട്രിപ്പ് പോയതാണ് ലേറ്റസ്റ്റ്. വായനയും കൂട്ടിനുണ്ട്. ചെറുപ്പത്തിൽ ഡാൻസും പാട്ടുമൊക്കെ ഉണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല. യുട്യൂബ് ചാനൽ തുടങ്ങണമെന്ന മോഹം തോന്നിയ സമയത്താണ് ഡബ്സ്മാഷുകൾ ഹിറ്റായി തുടങ്ങിയത്. ഞാനും ഒരു കൈ നോക്കി. കൂട്ടുകാരൊക്കെ നന്നായി പ്രോത്സാഹിപ്പിച്ചപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങി. മറ്റ് ചില ആക്ടിങ് വിഡിയോകളും ചെയ്തു. കൊല്ലത്താണ് വീട്. അച്ഛനും അമ്മയുമൊക്കെ അവിടെയുണ്ട്. സഹോദരൻ നെതർലൻഡ്സില്‍.

മോഹം കൊണ്ടത്

ആദ്യ സിനിമ കഴിഞ്ഞപ്പോഴുള്ള മോ ഹം ഒരു സീരിയസ് കഥാപാത്രമായിരുന്നു. അത് ‘എബി’യിലൂടെ സാധ്യമായി. പിന്നെ, ആഗ്രഹം ഒരു മുഴുനീളകഥാപാത്രമായിരുന്നു. അത് ‘ഒറ്റമുറിവെളിച്ചം’ തന്നു. ഇനിയുള്ള സ്വപ്നം ചോദിക്കല്ലേ... ഇപ്പോ തന്നെ എക്സൈറ്റ്മെന്റിന്റെ കൊടുമുടിയിലാ ഞാൻ. ‘ഒറ്റമുറിവെളിച്ചം’ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റി വലുകളിൽ ശ്രദ്ധ നേടിയതുകൊണ്ടു തന്നെ സിനിമയ്ക്ക് എന്തെങ്കിലും അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാലു സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ എട്ടിരട്ടി സന്തോഷം.