ചോദ്യങ്ങളെ പേടിയില്ല, മറച്ചുവച്ചുള്ള സംസാരമില്ല, സ്വന്തം നിലപാടുകളുണ്ട്. അറിയാം, അഹാനയുടെ യാത്രയുടെ നേർവഴികൾ...
ചോദ്യങ്ങളെ പേടിക്കാത്ത നായികയാണ് അഹാനകൃഷ്ണ. അതുകൊണ്ടുതന്നെ ആരോടും ‘ഈ ചോദ്യം എന്നോടു വേണ്ട’ എന്നു പറയാറുമില്ല. ‘‘എന്നെ സംബന്ധിക്കുന്ന കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ട്. അതു പറയാൻ ഭയമില്ല.
നമ്മുടെ സമ്മതത്തോടെയാണ് ഒരാൾ അഭിമുഖത്തിനു വരുന്നത്. അവർ ഇങ്ങോട്ടു തരുന്ന ബഹുമാനം അങ്ങോട്ടും കൊടുക്കണം. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും ഞങ്ങളെ അങ്ങനെയാണു പഠിപ്പിച്ചിട്ടുള്ളത്.’’
എന്നെ ആരും വിളിച്ചില്ല, അതുകൊണ്ട് അഭിനയിച്ചില്ല എന്നു പറയാൻ അഹാന മടിച്ചിട്ടില്ല ?
അഭിനയത്തിലെത്തിയിട്ട് ഒൻപതു വർഷമായി. ആറാമത്തെ സിനിമയായിരുന്നു അടി. അവസരം വരാത്ത സമയമുണ്ട്. അതു മറച്ചു വയ്ക്കേണ്ട ആവശ്യമില്ല. കുറച്ച് ഓഫറുകളേ വരുന്നുള്ളൂ എന്നതുകൊണ്ടു വരുന്ന ചാൻസ് എല്ലാം എടുക്കാം എന്നു വിചാരിക്കാറില്ല.
ജനങ്ങളുമായി ബന്ധപ്പെടാനുള്ള വഴിയും വരുമാനം ഉണ്ടാകാൻ നല്ലൊരു മാർഗവുമായി ഞാൻ കാണുന്നതുസോഷ്യൽ മീഡിയ ആണ്. അഭിനയം എന്നെ കൂടുതൽ ആളുകൾ തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ടാകും. സിനിമയിലുണ്ട് എന്നതല്ല, നല്ല കണ്ടന്റ് ഉണ്ടാക്കിയെടുക്കാനാകുന്നു എന്നതാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരാളെ വളർത്തുന്നത്. അതു ഭംഗിയായി ഞാൻ ചെയ്യാറുണ്ട്. സിനിമയിൽ ഗ്യാപ് വരുമ്പോൾ പോലും ‘ഇത്രയും നാൾ എവിടെയായിരുന്നു ?’ എന്നൊരു ചോദ്യം നേരിടേണ്ടി വരാത്തതിനു കാരണം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ കിട്ടുന്ന അംഗീകാരമാണ്.
അടി എന്ന ചിത്രത്തിന് ‘ലൂക്ക’യ്ക്കു ലഭിച്ചതു പോലെ നല്ല പ്രതികരണം ലഭിച്ചിരുന്നു. കിട്ടുന്ന എല്ലാ ഓഫറും എടുക്കാത്തതിന്റെ പ്രതിഫലമാണത്. ഗ്യാപ് ഉണ്ടെങ്കിലും അഭിനേത്രി എന്ന നിലയിലുള്ള മൂല്യം നഷ്ടപ്പെടുന്നില്ല എന്നാണു വിശ്വാസം. തിരഞ്ഞെടുത്തു ചെയ്യുന്നതു കൊ ണ്ടാണത്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അതിഥി കഥാപാത്രമാണ്. ചെറുതെങ്കിലും ബോധ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതുമായ കഥാപാത്രങ്ങൾ ചെയ്യും. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ചെയ്യുന്നത് നല്ലതായിരിക്കണം എന്നതാണ് തീരുമാനം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നില ഏറെ ആസ്വദിക്കുന്നുണ്ട് ?
പരസ്യകല ഇഷ്ടമേഖലയാണ്. ബിരുദം വിഷ്വൽ കമ്യൂണിക്കേഷനിലും പോസ്റ്റ് ഗ്രാജുവേഷൻ അഡ്വർടൈസിങ് മാനേജ്മെന്റിലും പബ്ലിക് റിലേഷൻസിലുമാണ്.
യാദൃച്ഛികമായി വന്ന അവസരമാണ് ആദ്യ ചിത്രം ‘ഞാൻ സ്റ്റീവ് ലോപസ്’. അന്നു കോളജിൽ ആദ്യ വർഷം പഠിക്കുകയാണ്. ആ സിനിമയ്ക്കു ശേഷമാണ് അഭിനയം ഇഷ്ടമാണെന്നു മനസ്സിലാകുന്നതും ഇതാകണം കരിയർ എന്നു തീരുമാനിക്കുന്നതും.
അതേസമയം സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്റർ എന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങി. ചിട്ടയോടെയും വ്യക്തതയോടെയും ഞാനതു ചെയ്തു. ഇൻഫ്ലുവൻസർ മാർക്കറ്റിങ് എന്ന രീതിയൊന്നും അന്നു വ്യാപകമല്ല. ഇതാണ് ചെയ്യുന്നത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നുമില്ല. എന്നാൽ കണ്ടന്റ് എനിക്ക് സ്വീകാര്യത നേടിത്തന്നു. ഇപ്പോൾ ഇൻഫ്ലുവൻസർ മാർക്കറ്റിങ് പ്രഫഷൻ തന്നെയായി മാറി. സംവിധാനം ചെയ്യാനും ഇഷ്ടമാണ്. തോന്നൽ എന്ന മ്യൂസിക് വിഡിയോ ചെയ്തിരുന്നു. സിനിമ എഴുതി സംവിധാനം ചെയ്യുക എന്ന ലക്ഷ്യവും മനസ്സിലുണ്ട്.
സോഷ്യൽ മീഡിയ ഇടയ്ക്ക് തലവേദനയാകാറില്ലേ ?
100 പേർ പ്രോത്സാഹിപ്പിക്കുമ്പോൾ 10 പേർ ആയിരിക്കും നെഗറ്റീവ് കമന്റുമായി വരുന്നത്. ജീവിതത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ടു നാട്ടിലുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് എന്തെങ്കിലും മോശം കമന്റിട്ട് ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരാണ് അത്തരക്കാരിൽ അധികവും. എന്നെ ഇഷ്ടപ്പെടണം എന്നാഗ്രഹിക്കുന്ന ആളുകളിൽ ഇത്തരക്കാരെ ഉൾപ്പെടുത്തുന്നില്ല. സാമാന്യ വിവരം ഉള്ള ആളുകൾ എന്നെ ഇഷ്ടപ്പെട്ടാൽ മതിയാകും.
കരിയറിലെ തീരുമാനങ്ങളും അഹാനയുടേതു മാത്രമാണ് എന്നു പറഞ്ഞിട്ടുണ്ട്?
ഉത്തരവാദിത്തങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാക്കിയും അഭിപ്രായങ്ങൾ പറയാൻ ധൈര്യം പകർന്നുമാണു ഞങ്ങളെ വളർത്തിയത്. കുട്ടിയായിരുന്നപ്പോൾ നിയന്ത്രണങ്ങളുണ്ടായിരുന്നു. വലുതാകുന്നതിനനുസരിച്ചു സ്വാതന്ത്ര്യം തരികയാണു ചെയ്തത്. എനിക്കു തീരുമാനമെടുക്കാനുള്ളത്ര സ്വാതന്ത്ര്യം ഇളയ അനിയത്തി ഹൻസികയ്ക്കില്ല. കാരണം അവൾ പ്ലസ് ടു കഴിഞ്ഞതേയുള്ളൂ.
കഥ കേൾക്കുന്നതും ഏതു സിനിമ ചെയ്യണം എന്നു തീരുമാനിക്കുന്നതും ഞാനാണ്. തീരുമാനം അച്ഛനും അമ്മയുമായി പങ്കിടും. ഷൂട്ടിന് ഒറ്റയ്ക്കാണ് പോകാറുള്ളത്. ദൂരെ ജോലി കിട്ടിയാൽ അച്ഛനെയും അമ്മയെയും ആ രും കൂടെ കൊണ്ടു പോകാറില്ലല്ലോ.
ദിയയും ഇഷാനിയും തിരുവനന്തപുരം മാർ ഇവാനിയസിൽ നിന്ന് ലിറ്ററേച്ചർ പൂർത്തിയാക്കി. ദിയക്ക് ‘ഓ ബൈ ഓസി’ എന്നൊരു ഓൺലൈൻ സ്റ്റോർ ഉണ്ട്. ഇഷാനി ഡിഗ്രി കഴിഞ്ഞ് മാസ്റ്റേഴ്സ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഹൻസിക ഡിഗ്രിക്ക് ചേരാനും. എല്ലാവരും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ്.
അമ്മയെ പിറന്നാളിനു കശ്മീരിൽ കൊണ്ടുപോയി.അമ്മയുടെ പഴയ വസ്ത്രം അണിഞ്ഞു വേദിയിലെത്തി. അമ്മയോടാണോ ഏറ്റവും ഇഷ്ടം ?
കഴിഞ്ഞ പിറന്നാളിനാണ് അമ്മയെ കശ്മീരിൽ കൊണ്ടുപോയത്. കശ്മീരിൽ പോയി മഞ്ഞു കാണണം എന്നത് അമ്മയുടെ മോഹമായിരുന്നു. അമ്മമാർ മക്കളെ നോക്കുന്ന തിരക്കിൽ അവരുടെ ആഗ്രഹങ്ങൾ മാറ്റി വയ്ക്കും. മക്കൾ എന്ന നിലയ്ക്കു നമ്മൾ അതു ഓർമിപ്പിക്കണം, സാധ്യമാക്കണം. ഞാനും അനിയത്തിമാരും അമ്മയുടെ അടുത്ത കൂട്ടുകാരികളായ സുലുവും ഹസീനയുമൊത്തായിരുന്നു യാത്ര.
പഴയ ഫോട്ടോകളും വസ്ത്രങ്ങളും ജീവിതത്തിന്റെ ചിത്രങ്ങളാണ്. അമ്മ സൂക്ഷിച്ചു വച്ച ആ പാക്കിസ്ഥാനി സൽവാർ വാങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. ഞാൻ പങ്കുവച്ച ആ ഫോട്ടോ എടുക്കുമ്പോൾ എനിക്കു രണ്ടു വയസ്സ്. ഇന്നത്തെ എന്നേക്കാൾ മെലിഞ്ഞതായിരുന്നു അമ്മയുടെ അന്നത്തെ പ്രകൃതം. അതണിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാം എന്നു കരുതി ഞാനെന്റെ ചില ഡ്രസ് എടുത്തു വയ്ക്കാറുണ്ട്.
മേക്കപ് ചെയ്യാനും വ്യത്യസ്തമായ വസ്ത്രങ്ങളണിയാനും ഇഷ്ടമാണ്. മേക്കപ് ഇല്ലാതെ സ്വാഭാവികമായ ലുക്കിൽ പുറത്തു പോകാനും താൽപര്യമാണ്. ചർമസംരക്ഷണം ചെയ്യാറുണ്ട്. മുടിയിൽ സ്റ്റൈലിങ് ചെയ്യാറില്ല.
മുടി വെട്ടാൻ അമ്മ സമ്മതിക്കില്ല. എന്റെ മുടിയുടെ കാര്യത്തിൽ അമ്മ ‘പൊസസീവ്’ ആണെന്നു തന്നെ പറയാം. അമ്മയ്ക്ക് ഇഷ്ടമുള്ളതു പോലെ ചുരുളില്ലാതെ നീണ്ട മുടിയാണ് എനിക്ക്. ‘ലൂക്ക’ വന്നപ്പോൾ മുടി വെട്ടി. അന്നു വലിയ സീനായിരുന്നു വീട്ടിൽ.
അച്ഛന്റെ രാഷ്ട്രീയ നിലപാടുകൾ അടിസ്ഥാനമാക്കി എന്നെ വിലയിരുത്തേണ്ടതില്ല എന്നു പറഞ്ഞിരുന്നു
അച്ഛൻ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അതിന്റെ മറുപടി എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്നു ചോദിക്കുന്നവരുണ്ട്.
അച്ഛനമ്മമാരുടെയും മക്കളുടെയും സാമൂഹികവീക്ഷണം ഒരുപോലെയാകണം എന്നുണ്ടോ? ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടാകില്ലേ. അച്ഛൻ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഞങ്ങളിൽ അടിച്ചേൽപ്പിക്കാറില്ല.
വ്യത്യസ്താഭിപ്രായമുള്ള പ്രശസ്തരും പ്രഗത്ഭരുമായ മറ്റു വ്യക്തികളോടും മക്കളോടും ഇങ്ങനെ പ്രതികരിക്കുന്നത് കണ്ടിട്ടില്ല. ഞാൻ തുടക്കക്കാരിയായതു കൊണ്ടാണോ എന്നോടു മാത്രം ചോദിക്കുന്നത് എന്നറിയില്ല. അച്ഛൻ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണമെങ്കിൽ അദ്ദേഹത്തോടല്ലേ ചോദിക്കേണ്ടത് ?
അച്ഛൻ അവസരം നേടിത്തന്നിട്ടുണ്ടോ ?
എനിക്കു ലഭിച്ച ആദ്യ ചാൻസ് അച്ഛൻ അഭിനേതാവായതിനാൽ കിട്ടിയതല്ല. അതു പലരും എന്റെ ഫോട്ടോ കാണാൻ ഇടയാക്കി എന്നതു ശരിയാണ്. അവസരമായി മാറിയത് നെപ്പോട്ടിസമോ പ്രിവിലേജോ അല്ല. ഭാഗ്യമാണ്. രാജീവ് രവി സാറിന്റെ സിനിമയിലൂടെ ആദ്യ അവസരമെന്നത് എന്റെ ഭാഗ്യമായിരുന്നു.
മാതാപിതാക്കളുടെ പേരിൽ മക്കൾക്ക് അവസരം ലഭിക്കുന്നു എന്നത് അത്ര വലിയ തെറ്റാണോ. ആദ്യ അവസരം മാത്രമേ ആ വിധത്തിൽ ലഭിക്കൂ. നിലനിൽക്കണമെങ്കിൽ കഴിവുണ്ടാകണം. അച്ഛൻ നടനായിരുന്നു എന്നത് ഫീൽഡ് പരിചിതമാകാനും അതിന്റെ നല്ലതും മോശവും ആയ വശങ്ങൾ മനസ്സിലാക്കാനും സഹായകമായിട്ടുണ്ട്.
സിനിമാരംഗം മയക്കുമരുന്ന് വിവാദത്തിലാണല്ലോ?
എവിടെയാണെങ്കിലും നല്ലതല്ലാത്ത കാര്യമാണത്. വന്ദന ദാസ് എന്ന ഡോക്ടറെ കൊല ചെയ്തത് ലഹരി അമിതമായി ഉപയോഗിച്ചിരുന്ന ആളാണത്രേ. മാതൃകയായിരിക്കേണ്ട മേഖലയായ അധ്യാപനം ചെയ്യുന്ന വ്യക്തിയാണ് അതു ചെയ്തത്. മയക്കുമരുന്ന് പൊതുപ്രശ്നമാണ്.
സിനിമയ്ക്ക് ജനകീയത കൂടുതലായതിനാൽ ആ മേഖലയിലെ ഏതു കാര്യവും ശ്രദ്ധ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു എന്നേയുള്ളൂ.