Saturday 16 November 2019 04:44 PM IST

‘പാർവതിയുടെ ഓരോ കഥാപാത്രവും എന്നെ കൊതിപ്പിക്കുന്നു; കുറച്ച് ടിപ്‌സ് തരുമോ?’

Rakhy Raz

Sub Editor

aiswarya-lakshmi66677 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ (Left), ഫോട്ടോ: മോബിൻ ജേക്കബ് കുര്യൻ (Right)

മലയാളത്തിന്റെ പ്രിയനായിക ഐശ്വര്യലക്ഷ്മിയുടെ കരിയറിലെ ടേണിങ് പോയിന്റ്...

ഇനി അവിടെയും നായിക

എന്റെ ആദ്യ തമിഴ് ചിത്രത്തിനായി ഏറെ ഇഷ്ടത്തോടെ കാത്തിരിക്കുകയാണ്. പ്രമുഖ തമിഴ് നടനും സംവിധായകനും ആയ സുന്ദർ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാലിനൊപ്പമാണ് അരങ്ങേറ്റം. മലയാളത്തിൽ ഞാൻ ചെയ്തതേറെയും ബോൾഡ് കഥാപാത്രങ്ങളാണ്. പക്ഷേ, ഇത് ഒരു ക്യൂട്ട് കാരക്ടറാണ്. മറ്റു ഭാഷകളിൽ നിന്നു വന്ന അവസരങ്ങൾ പേടി കൊണ്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു ഇതുവരെ.

ഈ സിനിമയുടെ കഥ പറഞ്ഞതുതന്നെ തമിഴിൽ ആയിരുന്നു. എന്നിട്ടും എനിക്ക് നന്നായി മനസ്സിലാക്കാൻ പറ്റി. അതോടെ കോൺഫിഡൻസ് കൂടി. പക്ഷേ, സെറ്റിൽ അവർ തമ്മിൽ സംസാരിക്കുന്നത് മുഴുവൻ മനസ്സിലാകാറില്ല. അപ്പോൾ വിട്ടുകളയില്ല കേട്ടോ, വിശദമായി ചോദിച്ചറിയും.

മായാത്ത നദി

‘മായാനദി’ കണ്ടിട്ടാണ് സുന്ദർ സി. വിളിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളിൽ എനിക്ക് എന്നെ ഏറ്റവുമിഷ്ടം ‘മായാനദി’യിലാണ്.

‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ആദ്യ ചിത്രം കഴിഞ്ഞ് അഭിനയിക്കാൻ കൊതി തോന്നിയിരിക്കുന്ന സമയം. അപ്പോഴാണ് ‘മായാനദി’ വന്നത്. പ്രേക്ഷകരുടെ അഭിനന്ദനം ആവോളം നേടിത്തന്നു ആ ചിത്രം.

‘മായാനദി’യുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങള്‍ പോ ലും ഇപ്പോഴും ഓർമയിലുണ്ട്. എവിടെ വച്ചാണ് ആ സിനിമയിലേക്കുള്ള വിളി വന്നത്, അപ്പോൾ ഞാൻ ഇട്ടിരുന്ന വേഷം എന്തായിരുന്നു, എനിക്ക് ചുറ്റും നിന്നിരുന്ന ചെടികൾ... അങ്ങനയെല്ലാം. പെരുപ്പിച്ചു പറയുന്നു എന്നു തോന്നാം. പക്ഷേ, സത്യമാണ്. ‘മായാനദി’ കഴിഞ്ഞപ്പോൾ ഇനി ഒരു സിനിമ കിട്ടിയില്ലെങ്കിൽ പോലും സങ്കടം ഇല്ലെന്ന് തോന്നിയിരുന്നു.

കമൽഹാസൻ

അച്ഛനും അമ്മയും  ആശിച്ചു പോയതാണ് ‘ഇരുവർ’ സിനിമ കാണാൻ. തീരെ കുഞ്ഞായിരുന്ന ഞാൻ കരഞ്ഞ് അലമ്പാക്കി. എന്നെയും എടുത്ത് അച്ഛനു പുറത്തു നിൽക്കേണ്ടി വന്നു. ഒരുപാട്  കാലം കഴിഞ്ഞ് ‘ഇരുവർ’ വീണ്ടും കാണുന്ന അവസരത്തിലാണ് അവരിതു പറഞ്ഞത്. സിനിമ ഗൗരവത്തോടെ കണ്ടു തുടങ്ങിയ ശേഷം ആദ്യം കണ്ട നല്ല സിനിമയാണ് ‘ഇരുവർ’. കമൽഹാസൻ സിനിമകളോടും വ ലിയ ഇഷ്ടമുണ്ട്. തേവർമകൻ, ഹേ റാം, മൈക്കിൾ-മദൻ- കാമ രാജൻ, വേട്ടയാട് വിളയാട്... അങ്ങനെ നീളുന്നു ലിസ്റ്റ്.

ജൂലിയ റോബർട്സ് ചിരിക്കുമ്പോൾ

ഇംഗ്ലിഷ് സിനിമകൾ അച്ഛനോടൊപ്പം പണ്ടേ കാണുമായിരുന്നു. ജൂലിയ റോബർട്സിന്റെ സിനിമകൾ കണ്ടതോടെ അ വരുടെ ഫാൻ ആയി മാറി ഞാൻ. പ്രിറ്റി വുമൺ, റൺ എവേ ബ്രൈഡ്, ഈറ്റ് പ്രേ ലൗ, സ്റ്റെപ് മോം, കോൺസ്പിറസി തിയറി... ജൂലിയ റോബർട്ട്സ് – റിച്ചാർഡ് ഗിയർ കോംബിനേഷൻ ഒത്തിരി ഇഷ്ടമാണ്. ജൂലിയയുടെ ചിരിയോടാണ് ഏറ്റവും ഇഷ്ടം. അഭിനയിക്കുമ്പോൾ നമ്മൾ ചിരിക്കുന്ന ചിരി പലപ്പോഴും കൃത്രിമമായിപ്പോകും. പക്ഷേ, ജൂലിയ റോബർട്സിന്റെ സിനിമയിലെ ചിരി കാണുമ്പോൾ, അഭിനയിക്കുക ആണെന്നു തോന്നില്ല. ഉള്ളിൽ നിന്നുവരുന്ന ചിരി ആയേ തോന്നൂ.

ഫെസ്റ്റിവൽ ഡെയ്സ്

ഫിലിം ഫെസ്റ്റിവലിൽ പോയിത്തുടങ്ങിയത് അടുത്ത കാലം മുതലാണ്, സിനിമയെക്കുറിച്ച് അറിയുകയും പഠിക്കുകയും വേണം എന്ന് തോന്നിയ ഘട്ടത്തിൽ.

‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ അഭിനയിച്ച ശേഷമാണ് ആദ്യ മായി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരളയിൽ പങ്കെടുക്കുന്നത്. ഒരു ദിവസം നാലും അഞ്ചും സിനിമകൾ കാണുന്നത് ആദ്യമായിരുന്നു. അന്ന് ഏ റ്റവും ഇഷ്ടപ്പെട്ടത്‌ ‘ക്ലാഷ്’ എന്ന ഈജിപ്ഷ്യൻ സിനിമയാണ്. കലാപത്തിനിടയിൽ പൊലീസ് വാനിൽ ഒന്നിച്ചു പോകേണ്ടി വരുന്ന വിരുദ്ധാഭിപ്രായവും വ്യത്യസ്ത നിലപാടുകളുമുള്ള ഒരു കൂട്ടം മനുഷ്യരുടെ കഥയാണ്. ഐ എഫ്എഫ്കെ 2016ലെ ബെസ്റ്റ് ഫിലിം അതായിരുന്നു.

ടിപ്സ് പ്ലീസ്, പാർവതി

പാർവതിയുടെ ഓരോ കഥാപാത്രവും എന്നെ എത്ര മാത്രം കൊതിപ്പിക്കുന്നുണ്ടെന്നോ? ‘എനിക്ക് ഇത്ര നന്നായി അഭിനയിക്കാൻ പറ്റിയിരുന്നെങ്കിൽ’ എന്ന് ഒാരോ തവണയും തോന്നും. പഴയ കാല സിനിമകളിൽ എന്നെ ഇതുപോലെ കൊതിപ്പിച്ചത് ഉർവശി ചെയ്ത കഥാപാത്രങ്ങൾ ആണ്.

പാർവതിയുടെ സിനിമകളിൽ ഏറ്റവും പ്രിയം ഏതെന്നു പറയാൻ പ്രയാസമാണ്. ‘എന്ന് നിന്റെ മൊയ്തീനി’ലെ ഇമോഷനൽ സീൻസ് എത്ര കണ്ടാലും മതി വരില്ല. എന്നെങ്കിലും അടുത്തു കിട്ടിയാൽ ചോദിക്കാൻ കരുതി വച്ചൊരു ചോദ്യ മുണ്ട്. ‘എനിക്ക് കുറച്ച് ടിപ്‌സ് തരുമോ? നന്നാകാൻ വേണ്ടിയാണ്...’ എന്റെ ഇഷ്ട മലയാള സിനിമകൾ ഒരുപാടുണ്ട്. തനിയാവർത്തനം, താളവട്ടം, മൂന്നാംപക്കം... അങ്ങനെ നീളുന്നു.

Tags:
  • Celebrity Interview
  • Movies