Thursday 13 December 2018 02:22 PM IST

കഴിഞ്ഞ രണ്ടുവർഷം അനന്യ എവിടെയായിരുന്നു? ഇതുവരെ കേട്ട കഥകളൊന്നുമല്ല അതിന്റെ ഉത്തരം!

Nithin Joseph

Sub Editor

ananya09
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

രണ്ടുവർഷങ്ങൾക്കു മുൻപ്, പെട്ടെന്നൊരു ദിവസം കേരളത്തിൽ നിന്നു ‘നോട്ട് റീച്ചബിൾ’ ആയി, മലയാളികളുടെ പ്രിയനടി അനന്യ. മലയാള സിനിമയിൽ പൊതുവേ സംഭവിക്കുന്നതു പോലെ വിവാഹശേഷം അഭിനയം  ഉപേക്ഷിച്ചതാണെന്ന് ചിന്തിച്ചു പലരും. കേരളം വിട്ട് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയതായും  കഥകൾ പരന്നു. എന്നാൽ സംശയങ്ങൾക്കെല്ലാം വിട നൽകി, അനന്യ  മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്, ടിയാനിലൂടെ. ചിത്രത്തിന്റെ ട്രെയിലറിൽ അനന്യയുടെ മുഖം കണ്ട് വീണ്ടുമൊരു വട്ടം റീപ്ലേ ചെയ്തുനോക്കിയവർക്കെല്ലാം അറിയേണ്ടത് ഒരേയൊരു വിശേഷം മാത്രം. ‘എവിടെയായിരുന്നു ഇത്ര നാൾ?’

എവിടെയായിരുന്നു ഇത്രയും നാൾ?

മലയാളത്തിൽ എന്റെ സിനിമകളൊന്നും റിലീസാകാത്തതാണ് ഇങ്ങനെയൊരു ചോദ്യത്തിന്റെ കാരണം. പക്ഷേ, ഞാൻ എവിടെയും പോയിട്ടില്ല. ഇവിടെത്തന്നെ ഉണ്ടായിരുന്നു. മലയാളത്തിൽ രണ്ട് വർഷത്തെ ഗ്യാപ് വന്നപ്പോഴും  തെലുങ്കിൽ ഞാൻ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ‘അ ആ’ എന്ന തെലുങ്ക് സിനിമയുടെ ഷൂട്ട് നീണ്ടു പോയതാണ് ആ ഗ്യാപ് വർധിക്കാനുള്ള കാരണം. 2015 നവംബറിൽ തുടങ്ങിയ ഷൂട്ട് 2016 മേയിലാണ് തീർന്നത്. ഹൈദരാബാദായിരുന്നു പ്രധാന ലൊക്കേഷൻ.

എല്ലാ മാസവും  പകുതി ദിവസങ്ങളിൽ തൃശൂരിലും ബാക്കി അവിടെയും. അവിടെ വച്ച് കാണുന്ന ആളുകൾ അങ്ങോട്ട് താമസം മാറ്റിയോ എന്നു പോലും ചോദിക്കാറുണ്ടായിരുന്നു. മറ്റൊരു പ്രധാന കാരണം, ഇതിനിടയിൽ മലയാളത്തിൽ നിന്ന് മികച്ച സ്ക്രിപ്റ്റുകളൊന്നും എന്നെ തേടി വന്നില്ലെന്നുള്ളതാണ്. നല്ലൊരു കഥ വന്നിരുന്നെങ്കിൽ തീർച്ചയായും  സ്വീകരിക്കുമായിരുന്നു.അങ്ങനെ എന്നെ തേടി വന്നൊരു ചിത്രം ‘ടിയാന്‍’ ആണ്.

ടിയാനെക്കുറിച്ചുള്ള പ്രതീക്ഷകൾ?

ടിയാനിൽ അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ കഥ പറഞ്ഞു തന്നത് മുരളിയേട്ടനാണ്  (മുരളി ഗോപി). കേട്ടപ്പോൾ ഇഷ്ടമായി. ആ അവസരത്തിനു ഒാകെ പറയാൻ അധികമൊന്നും ആലോചിക്കേണ്ട കാര്യമില്ലല്ലോ. അത്ര നല്ല ടീം ആണ് ആ സിനിമയുടെ പിന്നിൽ. അതായിരുന്നു പ്രധാന ആകർഷണം. മുരളിയേട്ടൻ, രാജു (പൃഥ്വിരാജ്), ഇന്ദ്രേട്ടൻ (ഇന്ദ്രജിത്ത്) എന്നിവര്‍ക്കൊപ്പം ഒരു ഷോട്ടിലെങ്കിലും ഒരുമിച്ച് അഭിനയിക്കാൻ പറ്റുന്നത് ചെറിയ കാര്യമല്ലല്ലോ. അതാണ്  ഏറ്റവും വലിയ സന്തോഷം. ടിയാനിൽ ഇന്ദ്രേട്ടന്റെ ഭാര്യയായ ‘അംബ’ എന്ന കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്.  

കരിയർ, ഗ്രാമീണ വേഷങ്ങളിൽ ഒതുങ്ങിപ്പോയതായി തോന്നിയിട്ടുണ്ടോ?

ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം നാടൻ വേഷങ്ങളാണ്. അതിൽ നിന്നു മാറിയുള്ള വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഇപ്പോഴും എന്റെയടുത്ത് കഥ പറയാൻ വരുന്നവർക്ക് നാടൻ വേഷമണിഞ്ഞ, കഷ്ടപ്പാടും ബുദ്ധിമുട്ടുമുള്ള പാവപ്പെട്ട വീട്ടിലെ അംഗമായ അനന്യയെ മതി. കുറച്ചെങ്കിലും മോഡേണായ വേഷം കിട്ടിയത് ‘സീനിയേഴ്സി’ലാണ്. യഥാർഥജീവിതത്തിൽ ഞാൻ അത്ര നാടൻ പെൺകുട്ടിയല്ല. കംഫർട്ടബിളായ ഏതു വസ്ത്രവും ധരിക്കാൻ ഇഷ്ടമാണ്.

മാതാപിതാക്കളുമായുണ്ടായ അകൽച്ച മാറിയോ?

അത് എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന അവസ്ഥയാണ്. ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങൾ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും ഞാൻ അവരുടെ മകളാണ്. എന്നെ വെറുക്കാൻ അവർക്കോ, അവരെ മറക്കാൻ എനിക്കോ കഴിയില്ല.

ananya08

കുറച്ചു കാലത്തേക്ക് ഞങ്ങൾക്കിടയിൽ ഒരകൽച്ച വ ന്നിരുന്നെങ്കിലും ഇന്ന് എല്ലാ പിണക്കങ്ങളും മറന്ന് എല്ലാവരും ഒരുമിച്ചാണ്. പപ്പയും മമ്മിയും അനിയനും എനിക്കൊപ്പം എപ്പോഴുമുണ്ട്. ഷൂട്ടിന് പോകുമ്പോഴും മമ്മിയും അനിയനും എനിക്കൊപ്പം ഉണ്ടാകാറുണ്ട്. അനിയൻ അർജുന്റെയും സ്വപ്നം സിനിമയാണ്. ‘ക്യാംപസ് ഡയറി’യെന്ന സിനിമയിൽ അഭിനയിച്ചു.

ഒരു മാസം മുൻപ് ഞങ്ങളെല്ലാവരും കൂടി മൂകാംബിക ക്ഷേത്രത്തിൽ പോയി. മമ്മി പണ്ടെങ്ങോ നേർന്ന കച്ചേരി നടത്താനാണ് പോയത്. അനിയന്റെ പേരിലായിരുന്നു വഴിപാട്. നേരത്തെ പ്ലാൻ ചെയ്തിരുന്നൊന്നുമില്ല. പക്ഷേ, അവിടെ എത്തിയപ്പോൾ എനിക്കും അതിന്റെ ഭാഗമാകണമെന്നു തോന്നി. ഞാനും അവിടെ പാടി. ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ അവസരമായിരുന്നു അത്.

ആഞ്ജനേയന്റെ പിന്തുണ?

ഏട്ടൻ എന്നുമെന്റെ ബലമാണ്. എന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി കൂടെ നിൽക്കുന്ന വ്യക്തി. അങ്ങനെയല്ലെങ്കിൽ ഞാനിന്ന് സിനിമയിൽ ഉണ്ടാകില്ലായിരുന്നു. സിനിമ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഏട്ടന് അറിയാം. ഏട്ടൻ അടിപൊളി കുക്കാണ്. കക്ഷി വെജിറ്റേറിയനായതുകൊണ്ട് വെജിറ്റേറിയൻ റെസിപ്പീസ് കുറേയുണ്ട് കയ്യിൽ. കപ്പ കൊണ്ട് ഉണ്ടാക്കുന്ന ‘ആഞ്ജനേയൻ സ്പെഷൽ സ്റ്റൂ’വാണ് എന്റെ ഫേവറൈറ്റ്. പിന്നെ ഇഷ്ടം ‘ആഞ്ജനേയൻ സ്പെഷൽ ഉപ്പുമാവാ’ണ്. സാമ്പാറും മോരുകൂട്ടാനുമാണ് ഏട്ടനേറ്റവും പ്രിയം. തൃശ്ശൂരിലെ വീട്ടിലുള്ളപ്പോൾ ഞാൻ അതെല്ലാം ഉണ്ടാക്കി കൊടുക്കാറുണ്ട്.

ഭർത്താവെന്ന റോളിൽ ഏട്ടന് ഞാൻ നൂറിൽ തൊണ്ണൂറ് മാർക്കും കൊടുക്കും. അത് വെറുതെയൊന്നുമല്ല കേട്ടോ. അത്ര പെർഫെക്റ്റാണ് ഏട്ടൻ. ഭാര്യയുടെ റോളിൽ എനിക്ക് ഡിസ്റ്റിങ്ഷൻ കിട്ടിയില്ലെങ്കിലും ഫസ്റ്റ് ക്ലാസ് എങ്കിലും കിട്ടുമായിരിക്കും. എന്തായാലും പാസ്സാകാനുള്ള മാർക്ക് ഉറപ്പാണ്.

അർഹിക്കുന്ന അവസരങ്ങൾ സിനിമയിൽ ലഭിക്കുന്നില്ല എന്നു കരുതുന്നുണ്ടോ ?

എനിക്ക് കിട്ടുന്നതെല്ലാം എന്നെ തേടി വരുന്ന കഥാപാത്രങ്ങളാണ്. അവസരങ്ങള്‍ക്കായി അങ്ങോട്ട് തേടിപ്പോകാറില്ല. ‘എങ്കേയും എപ്പോതു’മാണ് എന്റെ കരിയറിലെ വലിയ ബ്രേക്ക്. ആ ഓഫർ ആദ്യം വന്നപ്പോൾ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. പക്ഷേ വീണ്ടുമത് എന്നിലേക്കു തന്നെ വന്നു. 2010 ലാണ് സിനിമ റിലീസായത്.  ഇപ്പോഴും തമിഴ്നാട്ടിൽ ആളുകൾ തിരിച്ചറിയുന്നത് അതിലെ അമുദ എന്ന കഥാപാത്രമായാണ്. ഗ്രാമത്തിൽ നിന്നു നഗരത്തിലേക്കെത്തുന്ന പെൺകുട്ടിയുടേതായ എല്ലാ നിഷ്കളങ്കതയുമുള്ളതു കൊണ്ടാകാം, അമുദയെ എല്ലാവർക്കും അത്ര ഇഷ്ടം.

അവസരങ്ങളെക്കുറിച്ചോർത്ത് ഒരുകാലത്തും ഭയം തോന്നിയിട്ടില്ല. എനിക്കുള്ളത് എനിക്ക് തന്നെ വരും. സിനിമയിൽ വന്ന കാലം മുതലേ എനിക്ക് മാനേജർമാർ ഇല്ല. മമ്മിയും പപ്പയുമാണ് കാര്യങ്ങൾ നോക്കിയിരുന്നത്.  ഇപ്പോൾ കാര്യങ്ങൾ നോക്കുന്നത് അവരും ഭർത്താവുമാണ്.

സോഷ്യൽ മീഡിയയിൽ തീരെ സജീവമല്ലല്ലോ?

മുമ്പ് വളരെ സജീവമായിരുന്നു. ചില മോശം അനുഭവങ്ങളാണ് പിന്നോട്ടു വലിച്ചതെന്ന് പറയാം. സോഷ്യൽ മീഡിയകളിൽ വാക്കുകളും പ്രതികരണങ്ങളും വളരെയധികം വളച്ചൊടിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഒരു ഇന്റർവ്യൂവിൽ മലയാളികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ഞാനെന്റെ അഭിപ്രായം പറഞ്ഞു. പിന്നീട് അത് വാർത്തയായത് ‘മലയാളികൾക്ക് ഫെയ്സ്ബുക്ക് ഉപയോഗിക്കാൻ അറിയില്ലെന്ന് നടി അനന്യ’ എന്ന തലക്കെട്ടിലാണ്.

എന്റെ വാക്കുകളിൽ ഞാനുദ്ദേശിച്ചതല്ല പ്രേക്ഷകരിലേക്കെത്തിയത്. ‘ഞങ്ങളെ ഫെയ്സ്ബുക്ക് ഉപയോഗിക്കാൻ പഠിപ്പിക്കണ്ട’ എന്ന രീതിയിലായിരുന്നു ചില കമന്റുകള്‍ വന്നത്. പിന്നീട് അത് തിരുത്താൻ ഞാൻ ശ്രമിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല, വീണ്ടുമത് വലിയ ചർച്ചയായി. ഇപ്പോഴെന്തോ, അതിനോട് വലിയ താൽപര്യമില്ല.

മാധ്യമങ്ങളെ പേടിയാണോ?

എനിക്കും പ്രേക്ഷകര്‍ക്കുമിടയിലുള്ള പാലമായാണ് ഞാൻ മാധ്യമങ്ങളെ കാണുന്നത്. മാധ്യമങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ശ്രദ്ധിക്കാറുമുണ്ട്. പക്ഷേ, ചുരുക്കം ചില സാഹചര്യങ്ങളിൽ മോശം അനുഭവവും ഉണ്ടായിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ വായനക്കാരിലേക്ക് എത്തുമ്പോൾ മനഃപൂർവമോ അല്ലാതെയോ കൂട്ടിചേർക്കലുകളും വെട്ടിക്കുറയ്ക്കലുകളും വരാറുണ്ട്. മനസ്സിൽ ഉദ്ദേശിക്കാത്ത കാര്യങ്ങൾ എന്റെ അഭിപ്രായമെന്ന ലേബലിൽ വരുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ, അതൊരു ഒന്നൊന്നര ഞെട്ടലാണ്. അതുകൊണ്ട് മാധ്യമങ്ങളെ പേടിയില്ല എന്ന് തീർത്തുപറയാൻ പറ്റില്ല. ചെറിയൊരു പേടിയുണ്ട്. ഏതെങ്കിലുമൊരു മാധ്യമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുമ്പിൽ വരുമ്പോൾ അവരോട് പറയാൻ എന്റെ കൈയിൽ പുതിയതായി എന്തെങ്കിലും വാർത്തകളോ വിശേഷങ്ങളോ വേ ണം. അല്ലാതെ വഴിപാടു പോലെ വന്നു പോയിട്ട് കാര്യമില്ല.

പ്രതിസന്ധികൾ വരുമ്പോൾ ആദ്യം വിളിക്കുന്നത് ആരെ?

ഏതൊരു പെൺകുട്ടിയെയും പോലെ തന്നെ പപ്പയും മമ്മിയും അനിയനും കൂടെയുള്ളത് വലിയ ബലമാണ്. സിനിമയിലാണെങ്കിൽ ഏറ്റവും അടുപ്പം ഇന്നസെന്റ് അങ്കിളിനോടാണ്. ഞാൻ അദ്ദേഹത്തെ ‘ഇന്നുവങ്കിൾ’ എന്നാണ് വിളിക്കാറ്. അങ്കിള്‍ എന്നും എനിക്കൊരു സപ്പോർട്ടാണ്. ഇടയ്ക്ക് അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്. എത്ര വലിയ പ്രശ്നങ്ങൾ വന്നാലും എനിക്ക് ആശ്രയിക്കാവുന്ന ഒന്നാമത്തെ വ്യക്തി ഏട്ടനാണ്. പ്രതിസന്ധി എന്തായാലും ഏട്ടനുണ്ട് കൂടെ എന്ന ഉറപ്പുണ്ടെനിക്ക്. പറഞ്ഞ് അവസാനിപ്പിക്കും മുമ്പേ എത്തി ആഞ്ജനേയന്റെ കോൾ. ഫോൺ കൈയിലെടുക്കുമ്പോൾ അനന്യയുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയിൽ തിളങ്ങുന്നു, സന്തോഷത്തിന്റെ വെൺമുത്തുകൾ.