Wednesday 26 April 2023 11:31 AM IST

‘ആൾക്കാർക്കു വെറുക്കാന്‍ എന്തെങ്കിലുമൊരു കാരണം വേണം, അതവർ കണ്ടെത്തുകയാണ്’; വിമർശകർക്കു മറുപടിയുമായി അനിഖ സുരേന്ദ്രൻ

Rakhy Raz

Sub Editor

anighaeerrinter ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മലയാളി പ്രേക്ഷകരുടെ മുന്നിൽ മൊട്ടിട്ടു വിരിഞ്ഞൊരു പനിനീർപ്പൂവാണ് അനിഖ സുരേന്ദ്രൻ. ബേബി അനിഖയിൽ നിന്നു കൗമാരത്തിന്റെ പടി കടക്കുമ്പോഴേ ഇതാ, നായികയുമായി.

അനിഖ നായികയാകുന്ന ആദ്യ മലയാള സിനിമ ‘ഓ മൈ ഡാർലിങ്’ തിയറ്ററിലെത്തിയതും വിമർശനങ്ങളും പുകഞ്ഞുതുടങ്ങി. സിനിമയിലെ ലിപ്‌ലോക്ക് രംഗമാണു പലരെയും അലോസരപ്പെടുത്തിയത്. 18 വയസ്സിലേ ഇത്രയൊക്കെ വേണോ എന്നു കമന്റ് ചെയ്തവരുമുണ്ട്.

‘‘ഈ രംഗം ചെയ്യുമ്പോൾ തന്നെ ഇതു ചർച്ചയാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്തിന് ആ രംഗം ചെയ്തു എന്നു ചോദിച്ചാൽ സിനിമ കാണൂ, നിങ്ങൾക്ക് ഉത്തരം കിട്ടും എന്നാണു മറുപടി. സോഷ്യൽ മീഡിയ കമന്റുകളെ ‘ചിൽ’ ആയി എടുക്കുന്നതാണ് എന്റെ രീതി.’’

നായികയായി തിരികെയെത്തിയ കഥ പറയാമോ?

നായികയായ ആദ്യസിനിമ തെലുങ്കിലെ ബുട്ട ബൊമ്മയാണ്. തമിഴിൽ ക്വീൻ എന്ന വെബ് സീരീസിൽ അഭിനയിച്ചു.  അതു കണ്ടിട്ടാണു ബുട്ട ബൊമ്മയിൽ നായികയാകാനുള്ള അവസരം വന്നത്. കപ്പേള എന്ന മലയാള ചിത്രത്തിന്റെ റീമേക്ക് ആണത്. തെലുങ്കു പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങൾ ഉണ്ട്.

കഥാപാത്രത്തിന് ഏറ്റവും ഇണങ്ങുന്ന ‘ലുക്ക്സ്’ അ  നിഖയ്ക്കുണ്ട് എന്നാണു ബുട്ടബൊമ്മയുടെ സംവിധായകൻ രമേശ് സർ പറഞ്ഞത്. അതിനു ശേഷം ‘ഓ മൈ ഡാർലിങ്’. രണ്ടു സിനിമകളും ഞാനും അമ്മയും ഒരുമിച്ചിരുന്നു കഥ കേട്ട് ഇഷ്ടപ്പെട്ടു ചെയ്തതാണ്. അമ്മ രജിതയാണ് ഷൂട്ടിങ്ങിന് ഒപ്പം വരുന്നത്. അച്ഛൻ സുരേന്ദ്രനു ബിസിനസാണ്. ഏട്ടൻ അങ്കിത് കാനഡയ്ക്കു പോകാനുള്ള ഒ രുക്കത്തിലും.

ഏട്ടനാണ് മോഡലിങ് ആദ്യം ചെയ്തത്. ഏട്ടനോടൊപ്പം ഷൂട്ടിനു പോയ എന്നെ പരസ്യ സംവിധായകൻ സുധീർ അമ്പലപ്പാട്ട് മറ്റൊരു പരസ്യത്തിനായി വിളിക്കുകയായിരുന്നു. നാട്ടിലെ ടെക്സ്റ്റൈൽ ഷോപ്പിനു വേണ്ടിയാണ് ആദ്യമായി മോഡലിങ് ചെയ്തത്. പിന്നീട് സിനിമകളിലേക്ക് അവസരം  ലഭിച്ചു. സംവിധായകൻ പറയുന്നതു പോലെ ചെയ്യാൻ കഴിയുമായിരുന്നു. അതാണു  ബാലതാരം എന്ന നിലയിൽ ധാരാളം അവസരങ്ങൾ നേടിത്തന്നത്.  ഛോട്ടാ മുംബൈ ആണ് ആദ്യസിനിമ. മോഹൻലാൽ അവതരിപ്പിച്ച വാസ്കോ എന്ന കഥാപാത്രത്തിന്റെ മകളായാണ് അരങ്ങേറ്റം. അൽപനേരമേയുള്ളൂ.

കഥ തുടരുന്നു, ബാവൂട്ടിയുടെ നാമത്തിൽ, ഭാസ്കർ ദ് റാസ്കൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തമിഴിൽ നാനും റൗഡി താൻ, വിശ്വാസം, യെന്നൈ അറിന്താൽ അ ങ്ങനെ കുറേ സിനിമകളിൽ അഭിനയിച്ചു. 2013ൽ അഞ്ചുസുന്ദരികളിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു.

രണ്ടു സിനിമയിൽ നായികയായി എന്നു കരുതി ഇനി നായികയായി മാത്രമേ സിനിമ ചെയ്യൂ എന്ന നിർബന്ധമില്ല. പ്രായത്തിനിണങ്ങിയ നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോൾ അഭിനയിക്കുന്ന തമിഴ് ചിത്രത്തിൽ ഞാൻ നായികയല്ല. പക്ഷേ, ശക്തമായ കഥാപാത്രമാണ്.

ലിപ്‌ലോക്ക് രംഗത്തെക്കുറിച്ചു കഥ കേൾക്കുമ്പോഴേ പറഞ്ഞിരുന്നോ ?

അമിതമായ ഇഷ്ടം ഉള്ള പ്രണയിനിയാണ് ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലെ ജനി എന്ന കഥാപാത്രം. അതിന് ഒരുപാടു കാരണങ്ങളുണ്ട്. ഈ രംഗം ചിത്രത്തിന്റെ പൂർണതയ്ക്ക് അത്യാവശ്യമാണ് എന്നു മനസ്സിലായതിനാലാണു ചെയ്തത്. സിനിമയെ വളരെ പ്രഫഷനലായാണു കാണുന്നത്. എന്തു പറഞ്ഞാലും എന്തു ചെയ്താലും കുറ്റം പറയാൻ ആരെങ്കിലുമൊക്കെയുണ്ടാകും. ടോപ് സെലിബ്രിറ്റീസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഒന്നു നോക്കൂ. സ്ത്രീകളാണെങ്കിൽ വിമർശനങ്ങൾ കൂടും. ഒരു റീൽ ചെയ്തിട്ടാൽ ഉടൻ അതിനടിയിൽ ഓവർ ആക്ടിങ് ആണ്, മേക്കപ് കൂടുതലാണ്, വസ്ത്രം ശരിയല്ല തുടങ്ങിയ കമന്റുകൾ കാണാം. ആൾക്കാർക്കു ‘ഹേറ്റ്’ ചെയ്യാൻ എന്തെങ്കിലുമൊരു കാരണം വേണം. അതവർ കണ്ടെത്തുകയാണ്.

വിമർശനങ്ങളെ കൂൾ ആയി എടുക്കുകയാണോ പതിവ് ?

കമന്റ്സ് നമുക്ക് ഒഴിവാക്കാനാകില്ല. എന്തെല്ലാം തരം മനുഷ്യരുടെ മുന്നിലാണു നമ്മൾ നിൽക്കുന്നത്. ചിലരുടെ വാക്കുകൾ മുറിപ്പെടുത്തും. വിഷമം തോന്നുമ്പോൾ ഞാൻ കൂട്ടുകാരോടു പങ്കുവയ്ക്കും. അവരുടെ പോസിറ്റീവ് വാക്കുകൾ കേൾക്കുമ്പോൾ സങ്കടം മാറും.   

നെഗറ്റീവ്  പറയുന്നവർക്കു ഞാൻ ആരാണെന്നോ വളർന്നു വന്ന സാഹചര്യമോ അറിയില്ല. നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ അറിയില്ല. അവർ എന്തിനോ വേണ്ടി ഇതു പറയുന്നു. അതുകേട്ടു ഞാൻ എന്നെ മാറ്റില്ല.

നയൻതാരയെ അനുകരിക്കുന്നു എന്നതാണു മറ്റൊരു വിമർശനം. ഏതു രീതിയിലാണു നയൻതാരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല. കാഴ്ചയിൽ അൽപം സാമ്യം ഉണ്ട് എന്നു ചിലർ പറയാറുണ്ട്. ബേസ് വോയ്സിൽ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാൻ കഴിയൂ. സംസാരിക്കുമ്പോൾ ഇംഗ്ലിഷ് വാക്കുകൾ കൂടുതലുപയോഗിക്കുന്നു എന്നാണു മറ്റൊരു വിമർശനം. ആറാം ക്ലാസ് വരെ ഞാൻ എറണാകുളത്ത് ചോയ്സ് സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ ഇംഗ്ലിഷ് മാത്രമാണു സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാൻ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷിലാണു കൂടുതൽ സമയവും സംസാരിക്കുന്നത്. അതുകൊണ്ടു മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലിഷ് കലർന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല.

c-canikha

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാൾക്കു ചുട്ട മറുപടി കൊടുക്കുമ്പോൾ വയസ്സ് പതിനാറേ ഉണ്ടായിരുന്നുളളൂവല്ലേ ?

പക്വതയുള്ള സ്വഭാവമാണ് എന്റേത്. ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ അതു വേണം എന്ന ധാരണയാണ് ഉള്ളത്. സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഞാൻ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അതിൽ അച്ഛനും അമ്മയും അധികം ഇടപെടാറില്ല. അഭിമുഖങ്ങളിലും വളരെ സത്യസന്ധമായാണു കാര്യങ്ങൾ പറയാറുള്ളത്.

അടിവസ്ത്രത്തിന്റെ അളവു ചോദിച്ചാൽ ഒരു പെൺകുട്ടി ചൂളിപ്പോകേണ്ട ആവശ്യമില്ല. അസ്വസ്ഥതപ്പെടുകയും വേണ്ട. പെൺകുട്ടികൾ ചൂളിപ്പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങൾ ആളുകൾ ചോദിക്കുന്നത്. അതുകൊണ്ട് അത് എവിടെ ലഭിക്കും എന്നു വരെ മറുപടി കൊടുത്തു. ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ താത്പര്യമാണ്. എന്നെ സംബന്ധിച്ചു വസ്ത്രങ്ങൾ ഫാഷൻ, കംഫർട്ട്, കോൺഫിഡൻസ് എന്നീ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.  ഫാഷനബിളായ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്. സുഖകരമായ, ആത്മവിശ്വാസം ഉയർത്തുന്ന വസ്ത്രങ്ങൾ ആയിരിക്കും ധരിക്കുക. അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ?

കരിയറും പഠനവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുന്നു ?

മഞ്ചേരിയാണു നാടെങ്കിലും പഠനത്തിന്റെ സൗകര്യം കണക്കാക്കി കോഴിക്കോട്ടേക്കു മാറിയിരുന്നു. ഇതുവരെ ഞാൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം എന്നെ കരിയറി ൽ പിന്തുണച്ചിട്ടുണ്ട്. പ്ലസ്‌ടു കോഴിക്കോട് ദേവഗിരി സ്കൂളിലാണു പഠിച്ചത്. ആ സമയം ധാരാളം പ്രോജക്ടുകൾ ഉ ണ്ടായിരുന്നു. അവിടുത്തെ പ്രിൻസിപ്പൽ ഫാദർ ജോണി നഷ്ടപ്പെട്ട പാഠഭാഗങ്ങളുടെ സ്പെഷൽ ക്ലാസ് നൽകി.  ഇ നി ഒരു വർഷം ബ്രേക്ക് എടുത്ത് ഏറ്റെടുത്ത പ്രോജക്ടുക ൾ ചെയ്ത ശേഷം നേരിട്ടു കോളജിൽ ചേർന്നു പഠിക്കാമെന്നാണു കരുതുന്നത്.

തിരക്കൊഴിഞ്ഞു സമയം കിട്ടുമ്പോൾ എന്തു ചെയ്യും ?

പുതിയ സിനിമകൾ, ടിവി ഷോസ്, വെബ് സീരീസുകൾ എ ല്ലാം കാണും. ഒഴിവുസമയങ്ങളിൽ ഫോണിൽ നോക്കിയിരിക്കുന്നതിനേക്കാൾ ഇഷ്ടം പുസ്തകം വായിക്കാനാണ്. ഏതെങ്കിലുമൊരു പുസ്തകം എപ്പോഴും കയ്യിലുണ്ടാകും.                                                            

Tags:
  • Celebrity Interview
  • Movies