‘ആ പ്ലാസ്റ്റിക് കുപ്പി എടുത്തേക്ക്. ഇവിടെ പ്ലാസ്റ്റിക് ഇടാൻ പാടില്ല....’ഒരു ബ്രേക്ക് അപ് സീനിൽ കാമുകി കാമുകനോടു പറഞ്ഞ വാചകമാണിത്. കരഞ്ഞു കലങ്ങിയ കണ്ണുകളോ, ദുഃഖഭാരത്താൽ കുനിഞ്ഞ ശിരസ്സോ ഇല്ല. പിണിക്കയർ പിന്നിയ പോലെയുള്ള തലമുടി കെട്ടിവച്ച് ‘തനിക്ക് മീൻ പിടിക്കാൻ പൊയ്ക്കൂടേടോ’ എന്നു കാമുകനോടു ചോദിക്കുന്ന ബേബിമോൾ. ആ പണിക്കു പോകുന്നതിൽ സംശയിച്ചു നിന്ന കാമുകനോട് ‘ഇന്നു കാലത്തും കൂടി മഞ്ഞക്കൂരിം കൂട്ടി ചോറു തിന്നിട്ടു വന്ന എന്നോടോ ബാലാ.....’ എന്ന് ആശ്വസിപ്പിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളെ ആർക്കെങ്കിലും മറക്കാൻ പറ്റുമോ?
കൽക്കി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായ അന്നയ്ക്ക് സിനിമാരംഗത്ത് ഇപ്പോൾ പാൻ ഇന്ത്യൻ ഇമേജുണ്ട്. എങ്കിലും അന്ന ഒട്ടും മാറിയിട്ടില്ല. അച്ഛൻ മുപ്പതിലേറെ ഹിറ്റുകൾ മലയാളികൾക്കു നൽകിയ ബെന്നി പി. നായരമ്പലം, അമ്മ ഫലൂജ, സഹോദരി സൂസന്ന ബെൻ എല്ലാവരുമുണ്ട് ഇവിടെ. എപ്പോഴും ചിരിക്കാനും തമാശ പറയാനും ഇഷ്ടപ്പെടുന്ന ബേബിമോളെപ്പോലെ എറണാകുളം നായരമ്പലത്ത് പുളിമൂട്ടിൽ വീട്ടിലിരുന്ന് അന്ന ബെൻ പറഞ്ഞുതുടങ്ങി.
എങ്ങനെയാണ് കൽക്കി സിനിമയിൽ എത്തിയത് ?
ഒരു ഇ–മെയിലിന്റെ രൂപത്തിലാണ് കൽക്കി 2898 എഡിയുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു കിട്ടുന്നത്. വൈജയന്തി പ്രൊഡക്ഷൻസിൽ നിന്നായിരുന്നു മെയിൽ. ആരോ പറ്റിക്കാൻ അയച്ചതാണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ടു ഞാൻ പ്രതികരിക്കാനൊന്നും പോയില്ല. പക്ഷേ, പിന്നെയും മെയിൽ വായിച്ചപ്പോൾ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ എന്നൊരു സംശയം. അങ്ങനെ മറുപടി അയച്ചു. പിന്നെ, സൂം മീറ്റിങ് വഴി സംവിധായകൻ നാഗ് അശ്വിനുമായി സംസാരിച്ചു. അദ്ദേഹം കഥ പറഞ്ഞു തന്നു. ഇതിൽ കൈറ ആണ് എന്റെ കഥാപാത്രം. ‘ചെറിയ കഥാപാത്രമാണെങ്കിലും ശ്രദ്ധിക്കപ്പെടും’. അദ്ദേഹം പറഞ്ഞു. കോവിഡ് ഒഴിഞ്ഞുതുടങ്ങുന്ന സമയത്താണ് ഇതൊക്കെ നടക്കുന്നത്.
അതു ശരിയായിരുന്നുവെന്നു സിനിമ ഇറങ്ങിയതിനുശേഷം മനസ്സിലായി. കൽക്കിയിൽ അഭിനയിച്ചതിനുശേഷം എനിക്കു ഭയങ്കര തിരക്കാണ്. ബോളിവുഡിൽ ഒരുപാടു സിനിമകളിൽ കരാറായി എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട്. അതൊന്നും ശരിയല്ല. ഞാനിപ്പോൾ മലയാളം സിനിമയിൽ നല്ലൊരു കഥാപാത്രത്തെ കിട്ടും എന്ന പ്രതീക്ഷയിലിരിക്കുകയാണ്.
ഒരുപാട് ആക്ഷൻ സീനുകൾ ഉള്ള കഥാപാത്രമായിരുന്നല്ലേ കൽക്കിയിലെ കൈറ?
എനിക്കത് വലിയ താൽപര്യമായിരുന്നു. നിക്പാൽ ആയിരുന്നല്ലോ കൽക്കിയുടെ സ്റ്റണ്ട് കൊറിയോഗ്രഫർ. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു. അടിയും ഇടിയും ഒക്കെ ഒരുപാടുണ്ടായിരുന്നു. എങ്കിലും കൂടെയുള്ളവരുടെ സഹകരണം കൊണ്ട് നന്നായി ചെയ്യാൻ സാധിച്ചു. ഷൂട്ടിങ്ങിന്റെ അവസാന സമയത്തായിരുന്നു എനിക്കു കാര്യമായ ഒരു പരുക്ക് ഉണ്ടായത്. അതുകൊണ്ടും ഞാൻ രക്ഷപ്പെട്ടു. ഷൂട്ടിങ് മുടങ്ങിയില്ല.
അമിതാഭ് ബച്ചനെ സെറ്റിൽവച്ചു കണ്ടിരുന്നോ?
അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമയിൽ ഞാനും അഭിനയിച്ചു എന്നു പറയാം എന്നല്ലാതെ ഞാൻ അദ്ദേഹത്തെ സെറ്റിൽ വച്ചു കണ്ടതേയില്ല. ഞങ്ങൾ തമ്മിൽ ഒരുമിച്ചുള്ള രംഗങ്ങളുമില്ല. സെറ്റിൽ ചെല്ലുമ്പോൾ യൂണിറ്റിലുള്ളവർ പറയും ഇന്നലെ ബച്ചൻ സാറിന്റെ ഷൂട്ട് ഉണ്ടായിരുന്നു ഇന്നു രാവിലെയാണു അദ്ദേഹം പോയത് എന്നൊക്കെ.
പ്രഭാസിനെയും സെറ്റിൽ കണ്ടില്ലേ?
ഇല്ല. ഞങ്ങൾ തമ്മിലും ഒരുമിച്ചുള്ള സീനുകൾ ഒന്നും ഇല്ലല്ലോ? അതുകൊണ്ട് അദ്ദേഹത്തെയും കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. കണ്ടത് പശുപതി സാറിനെയും ശോഭന മാഡത്തെയുമാണ്.
ദീപിക പദുക്കോൺ?
ഞാനും ദീപിക മാഡവും കുറച്ചുദിവസങ്ങൾ ഒരുമിച്ചുണ്ടായിരുന്നു എങ്കിലും ഞങ്ങൾ രണ്ടുപേരും ഉള്ള സീനുകൾ കുറവായിരുന്നു. മലയാളിയാണെന്നു കേട്ടപ്പോൾ വലിയ സ്നേഹമായിരുന്നു അവർക്ക്. മലയാള സിനിമ അവർ കാണാറുണ്ട്. സെറ്റിൽ വച്ച് അവർ എന്നോടു പറഞ്ഞു; ‘കുമ്പളങ്ങി നൈറ്റ്സ്’ അവർക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ, രൺവീർ സിങ് സിനിമ കാണുകയും അവരോടു സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്ന്.
വളരെ പ്രഫഷനൽ ആണ്. കൃത്യസമയത്തു വരുക ഷൂട്ടിങ് കഴിഞ്ഞ് കൃത്യസമയത്തു തിരിച്ചുപോവുക അതാണ് രീതി. പിന്നെ, അവർക്ക് എന്നോടുള്ള പ്രത്യേക താൽപര്യം എന്തായിരുന്നുവെന്നു ചോദിച്ചാൽ ഭാഷയുടെ കാര്യത്തിൽ ഞങ്ങൾ തുല്യദുഃഖിതർ ആയിരുന്നു. എനിക്കും തെലുങ്ക് അറിയില്ല. അവർക്കും അറിയില്ല.
എങ്ങനെയായിരുന്നു ശോഭനയുമൊത്തുള്ള അഭിനയം?
കുട്ടിക്കാലം മുതലേ ഞാനൊരു ശോഭന ഫാൻ ആണ്. മണിച്ചിത്രത്താഴും മിന്നാരവുമൊക്കെ എത്ര തവണ കണ്ടു എന്ന് എനിക്കു തന്നെ അറിയില്ല. മുൻപ് ഒരു പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. അന്നു ഞാൻ പറഞ്ഞു. ഞാൻ മാഡത്തിന്റെ ആരാധികയാണ്. എനിക്ക് ഒരു സീനിൽ എങ്കിലും ഒപ്പം അഭിനയിക്കണം എന്നു മോഹമുണ്ട്.
‘കപ്പേള’യിൽ അഭിനയിച്ച കുട്ടിയല്ലേ താൻ. അതിനെന്താ അവസരം വരട്ടെ. നമുക്ക് ഒരുമിച്ച് അഭിനയിക്കാമല്ലോ’ എന്നും പറഞ്ഞിരുന്നു. കൽക്കിയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഞാനിക്കാര്യം ഓർമിപ്പിച്ചു. ഞങ്ങൾ രണ്ടുപേരും ഉള്ള മൂന്നാലു സീനുകൾ എടുത്തിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയിൽ വന്നില്ല. ഇനി മലയാളത്തിൽ ഒരു സിനിമയിൽ എങ്കിലും ഒന്നിച്ച് അഭിനയിക്കാൻ കഴിയണേ എന്നു പ്രാർഥിക്കുന്നു.