Saturday 23 November 2019 02:05 PM IST

‘ഞാൻ പുതിയ റോളിലായി, കാരവാനില്ല, കുടയില്ല, തനി എഡി പണി’; അഭിനയത്തിനൊപ്പം ഡയറക്‌ഷൻ പഠിക്കാനിറങ്ങിയ അനുപമ!

Rakhy Raz

Sub Editor

_C2R9756 ഫോട്ടോ: ശ്യാം ബാബു

ഫീൽഡിൽ നിന്നും അൽപം മാറി നിൽക്കൂ... പ്ലീസ് എന്നു പറഞ്ഞെത്തിയ ചെക്ക് ഷർട്ടും  ഹാഫ് പാന്റ്സും  തൊപ്പിയും വച്ച ചെക്കന്റെ തിളക്കം കണ്ട് നോക്കിയവരെല്ലാം ഞെട്ടി.    അതൊരു പെൺകുട്ടിയാണല്ലോ..  ഹെയ്.. അത് നമ്മുടെ അനുപമ പരമേശ്വരനല്ലേ..?

ഷൂട്ടിങ് കാണാൻ എത്തിയവരോട് ഫീൽഡിൽ നിന്നു മാറി നിൽക്കാനൊക്കെ പറയുന്നത് ഇപ്പോൾ നടിമാരാണോ എന്നു സംശയിച്ചവർക്ക് അനുപമ തന്നെ മറുപടി നൽകി. ‘‘ഞാനീ സിനിമയുടെ എ ഡി ആണ്. എ ന്നു വച്ചാൽ അസിസ്റ്റൻഡ് ഡയറക്ടർ.’’

ഇങ്ങനെ ‘നോ മേക്കപ്പ് ലുക്കിൽ’ ഒരു അഭിനേത്രി പ്രത്യക്ഷപ്പെട്ടാൽ ആരും ഒന്ന് ഞെട്ടില്ലേ എന്ന് ചോദിച്ചവരോട് അനുപമ പറഞ്ഞു. ‘‘ ഞാനിപ്പോൾ പഠിക്കുന്നത് സിനിമയാണ്. അതിന്റെ എല്ലാ വശങ്ങളും അറിയാനായി എത്ര കഷ്ടപ്പാട് സഹിക്കാനും  റെഡിയാണ്.’’  ദുൽഖർ സൽമാൻ നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിന്റെ സഹസംവിധായികയായിരുന്നു അനുപമ.

ക്യാമറക്ക് പിന്നിലേക്കു നീങ്ങാൻ എപ്പോ തീരുമാനിച്ചു ?

പ്രേമം ചെയ്യുമ്പോൾ തന്നെ ഞാൻ അൽഫോൺസ് പുത്രനോട് ചോദിച്ചിരുന്നു, എന്നെ അടുത്ത സിനിമയിൽ അസിസ്റ്റന്റ് ആയി ചേർക്കുമോയെന്ന്. പക്ഷേ, അതു സാധിച്ചില്ല. ‘മണിയറയിലെ അശോകനി’ൽ ജോയിൻ ചെയ്തത് അഭിനയിക്കാൻ ആയിരുന്നു. ദുൽഖർ എന്റെ സുഹൃത്ത് കൂടിയാണ്. എട്ട് ദിവസത്തോളം ഷൂട്ടിങ് കഴിഞ്ഞ ശേഷം ഒരു ദിവസം സംസാരിച്ചിരിക്കുമ്പോൾ ഞാൻ എന്റെ ആഗ്രഹം എടുത്തിട്ടു. രണ്ടാമതൊന്ന് ചിന്തിക്കാതെ ദുൽഖർ പറഞ്ഞു. ‘ വൈ നോട്ട്..?  കം.. ജോയിൻ..’

പിറ്റേന്ന് മുതൽ ഞാൻ പുതിയ റോളിലായി. കാരവാനില്ല, കുടയില്ല, തനി എ ഡി പണി. ഫീൽഡിൽ നിന്ന് ആളെ മാറ്റലും, സ്ക്രിപ്റ്റ് ചെക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും ചെയ്തു. ടീമിലെല്ലാവരും പുതിയ ആൾക്കാരായിരുന്നു. നിറയെ ചെറുപ്പക്കാർ. അതുകൊണ്ട് ഒന്നിച്ചു പഠിക്കുകയായിരുന്നു ഞങ്ങളെല്ലാം.

ക്രൂ താമസിക്കുന്നയിടത്ത് തന്നെയാണ് ഞാനും താമസിച്ചത്. കൂടുതൽ സൗകര്യങ്ങൾ എടുക്കാതിരുന്നത് എഡി ലൈഫ് ശരിക്കും ആസ്വദിച്ച് പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്.  ഷൂട്ട് കഴിഞ്ഞപ്പൊ എന്റെ ശബ്ദം മുഴുവൻ പോയി. സത്യത്തിൽ സിനിമയിൽ അഭിനയമല്ലാത്ത മറ്റു ജോലികൾ എത്ര പ്രയാസം നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്.

ഇതിപ്പോ അഭിനയത്തിനൊപ്പമായിരുന്നല്ലോ ഡയറക്ടഷ ൻ പഠിത്തം. അഭിനയിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിന്  ഒരു മണിക്കൂർ മുൻപ് അറിയിക്കും. ഞാൻ പോയി ഫ്രഷ് ആയി റെഡി ആകും. മേക്കപ്പ് അധികം വേണ്ടിയിരുന്നില്ല. പിന്നെ മുഖത്തെ സൺ ടാൻ കഥാപാത്രത്തിന് ആവശ്യമായതിനാൽ അതും സൗകര്യമായി. ആ രംഗം കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ഞാൻ എഡി പണിയിലേക്ക് മാറും.

വെയിൽ കൊള്ളുന്ന പണി ചെയ്യാൻ അച്ഛനും അമ്മയും സമ്മതിച്ചോ  ?

അക്കാര്യത്തിൽ ഏറ്റവും സന്തോഷിച്ചതും സപ്പോർട്ട് ചെയ്തതും അച്ഛൻ പരമേശ്വരനും അമ്മ സുനിതയുമായിരുന്നു.  പിന്നെ പ്ലസ് ടുവിന് പഠിക്കുന്ന എന്റെ അനുജൻ അക്ഷയും.

സംവിധാനം എന്റെ സ്വപ്നമാണ് എന്ന് അവർക്ക് നേരത്തേ അറിയാം. സിനിമയിൽ ആർട്ടിസ്റ്റിന് കൊടുക്കുന്ന സൗകര്യങ്ങൾ  അല്ല ക്രൂവിന് ലഭിക്കുന്നത്. ‘ക്രൂവിന് നൽകുന്ന സൗകര്യങ്ങൾ മതി എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛനും അമ്മയും ശരിക്കും സന്തോഷിച്ചു.  

വെയിൽ കൊള്ളേണ്ടി വരുന്നതിനെക്കുറിച്ചു മാത്രമായിരുന്നു അമ്മയ്ക്ക് ടെൻഷൻ. കാരണം അടുത്ത പടം ചെയ്യുമ്പോൾ അത് പ്രശ്നമാകും. ഞാനതത്ര കാര്യമാക്കിയില്ല. പക്ഷേ, അമ്മയുടെ ടെൻഷൻ ശരിയായിരുന്നു. മുഖത്ത് വന്ന സൺ ടാൻ പോകാൻ ഒരുപാട് സമയമെടുത്തു.

ചാനൽ ഇന്റർവ്യൂകളിലൊക്കെ ചറ പറാ തെലുങ്ക് പറയുന്നത് കാണാമല്ലോ ?

ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്ക് തെലുങ്ക് അറിയില്ലായിരുന്നു. പക്ഷേ, ഞാൻ തന്നെയാണ് അതിൽ ഡബ് ചെയ്തത്. ആ ചിത്രത്തിന്റെ സംവിധായകൻ ത്രിവിക്രം സാറിന് നിർബന്ധമായിരുന്നു ഞാൻ തന്നെ ഡബ് ചെയ്യണം എന്ന്.  അദ്ദേഹം  നന്നായി പ്രോത്സാഹിപ്പിച്ചു. എന്നെ കോൺഫിഡന്റ് ആക്കി.

_C2R0002

ഇംഗ്ലീഷിൽ ഡയലോഗുകൾ എഴുതി പഠിച്ചെടുത്താണ് ആ ദ്യ സിനിമ ചെയ്തത്.  അതിലെ ഒരു ഡയലോഗ് വളരെ ഫേമസായി. അതോടെ ആളുകൾ എന്റെ ശബ്ദം വ്യക്തമായി തിരിച്ചറിഞ്ഞു തുടങ്ങി. അതുകൊണ്ട്  പിന്നീടുള്ള ചിത്രങ്ങളിൽ ഡബ് ചെയ്യാതെ പറ്റില്ല എന്നായി.

പ്രേമത്തിന്റെ തെലുങ്കും ഇംഗ്ലീഷിൽ എഴുതിയാണ് ഡബ് ചെയ്തത്. തെലുങ്ക് പഠിച്ചെടുക്കണം എന്ന് എനിക്കുണ്ടായിരുന്നു. അതിനു വേണ്ടി ഞാൻ നന്നായി കഷ്ടപ്പെട്ടു. കൂടെ അഭിനയിച്ച നായകന്മാരും സംവിധായകരും എന്നെ നന്നായി സപ്പോർട്ട് ചെയ്തിരുന്നു. തെറ്റി ഡയലോഗ് പറയുമ്പോൾ തിരുത്താനും ഒരുപാട് തവണ റീടേക്ക് പോകാനും അവർ ക്ഷമ കാണിച്ചു.

ഇപ്പോൾ എട്ടു ചിത്രങ്ങൾ തെലുങ്കിൽ ചെയ്തു കഴിഞ്ഞു.  നിധിൻ, നാഗചൈതന്യ, ഷർവാനന്ദ്, റാം, നാനി, ബെല്ലംകൊണ്ട സായ് ശ്രീനിവാസ് എന്നിവർക്കെല്ലാം ഒപ്പം അഭിനയിച്ചു. ധനുഷിനൊപ്പം തമിഴ് ചിത്രവും  പുനീത് രാജ് കുമാറിനൊപ്പം കന്നഡ ചിത്രവും  ചെയ്തു.

പ്രേമം ചെയ്യുമ്പോൾ ഡിഗ്രി പഠിക്കുന്നു. കോഴ്സ് പൂർത്തിയാക്കിയിട്ടില്ലല്ലോ. കുറഞ്ഞത് ഒരു ഡിഗ്രി വേണ്ടേ ?

 രണ്ട് കാരണങ്ങൾ കൊണ്ടാണ് അക്കാദമിക് പഠനം തുടരാതിരുന്നത്. ഒന്ന് അറ്റൻഡൻസ് ഒപ്പിച്ച് പരീക്ഷയെഴുതി എന്ന് വരുത്താനും കഷ്ടിച്ചു ജയിക്കാനുമൊന്നും എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. പഠിക്കുകയാണെങ്കിൽ ക്ലാസിൽ എന്നും പോയിരുന്ന് ആസ്വദിച്ച് പഠിക്കണം. എങ്ങനെയെങ്കിലും ഒരു ഡിഗ്രി സമ്പാദിക്കുന്നതിൽ അർഥമില്ല. എന്നെ സംബന്ധിച്ച് വിദ്യാഭ്യാസം പുസ്തകങ്ങൾക്കും അപ്പുറത്താണ്.  

സിനിമയിൽ നിന്ന് ഭാഷ, പ്രായോഗിക ജീവിതം, വ്യക്തികളുമായുള്ള ബന്ധം ഇവയിലൊക്കെ അക്കാദമിക് പഠനത്തെക്കാൾ അറിവും പരിചയവും നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്തു ചെയ്യുന്നോ അത് ശ്രദ്ധയോടെ ഭംഗിയായി ചെയ്യുകയാണ് എന്റെ രീതി. ഇപ്പോൾ ചെയ്യുന്ന കാര്യത്തിൽ പൂർണ ശ്രദ്ധ ചെലുത്തി സിനിമയെ നന്നായി പഠിക്കുകയാണിപ്പോൾ. അഭിനയത്തിനപ്പുറം ടെക്നിക്കൽ ആയ കാര്യങ്ങളിലും അത്യാവശ്യം അറിവ് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇരുപത്തിമൂന്നു വയസേ ആയിട്ടുള്ളു. പക്ഷേ,  കരിയർ ഒറ്റയ്ക്ക് ഡീൽ ചെയ്യുന്നു?‌

ആദ്യമൊക്കെ എല്ലാ വർക്കിനും അമ്മ കൂടെ വരുമായിരുന്നു. അച്ഛൻ ഖത്തറിലായതുകൊണ്ട് അക്കാലത്ത് അനിയനെ ഹോസ്റ്റലിലാണ് നിർത്തിയിരുന്നത്. അവന് ഹോസ്റ്റലിൽ നിൽക്കുന്നത് ബുദ്ധിമുട്ടായപ്പോൾ പിന്നെ ഞാൻ തന്നെ പോകാൻ തീരുമാനിച്ചു. എനിക്ക് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇഷ്ടമായിരുന്നു. അച്ഛനും അമ്മയും എന്നെ വിശ്വസിക്കുകയും അതിന് അനുവദിക്കുകയും ചെയ്തു. സഹായിക്കാൻ മാനേജർ ഉണ്ട്. എന്നാലും തീരുമാനങ്ങൾ ഞാൻ തന്നെയാണ് എടുക്കുന്നത്.

പലപ്പോഴും ഒരു ഇൻട്യൂഷനിൽ നിന്നാണ് ഞാൻ തീരുമാനങ്ങൾ എടുക്കുന്നത്. അതിന്റെ ഫലം നല്ലതായാലും മോശം  ആയാലും അതിന്റെ ഉത്തരവാദിത്തം എന്റേതായിരിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.  ഇപ്പോൾ അഞ്ച് വർഷത്തോളമായി ഒറ്റയ്ക്കാണ് യാത്രകളും തീരുമാനങ്ങളുമെല്ലാം. ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കാര്യങ്ങൾ കൂടുതൽ ഭംഗിയായി ഇനിയും ചെയ്യാനാകുമെന്നാണ് വിശ്വാസം.

_C2R0084

തെലുങ്കിൽ അൽപം ഹോട്ട് ലുക്കിൽ അനുപമയെ കാണുന്നുണ്ട് ?  

വലിയ ഹോട്ട് ലുക്കിലൊന്നും ഞാൻ തെലുങ്കിൽ വന്നിട്ടില്ല. കഴിഞ്ഞ വർഷം ‘ഹല്ലോ ഗുരു പ്രേമ കൊസമേ’ എന്ന സിനിമയുടെ ടീസറിൽ പിൻഭാഗം അൽപം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞു. സാരിയുടുക്കുമ്പോൾ സൈഡിൽ അൽപം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്?  മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാർ നമുക്ക് ഉണ്ടായിരുന്നില്ലേ?

ആ സീനുകൾ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാൻ ചെയ്തതിൽ മാക്സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കിൽ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ..

തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാൽ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്. നല്ലതല്ലാത്ത സിനിമകൾ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. ‘വിജയ് സൂപ്പറും പൗർണമിയും എന്ന സുന്ദരമായ സിനിമ തെലുങ്ക് പടത്തിന്റെ റീമേക്ക് ആണ്. കബീർ സിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രം തെലുങ്കിലെ അർജുൻ റെഡ്ഡിയെന്ന ചിത്രത്തിന്റെ റീമേക്ക് അല്ലേ? തെലുങ്കിൽ ഒരുപാട് നല്ല സിനിമകൾ ഇറങ്ങുകയും അത് മറ്റു ഭാഷകളിലേക്ക്  പകർത്തപ്പെടുകയും  ചെയ്യുന്നുണ്ട്. അതുപോലെ കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടി മുതലും ദൃക്സാക്ഷിയും  തുടങ്ങിയ സിനിമകളൊക്കെ അവർക്ക് അറിയാം. ആ പേരുകൾ പോലും കൃത്യമായി പറയാൻ അവർക്ക് അറിയാം.

വിവാഹ വസ്ത്രത്തിലെ ഫോട്ടോ ഇട്ട് ഞെട്ടിച്ചിരുന്നല്ലോ ?

ഞെട്ടിക്കണം എന്നു ഞാൻ വിചാരിച്ചിരുന്നില്ല. കൃത്യമായ എഴുതിയാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്റെ അടുത്ത തമിഴ് സിനിമയിലെ പല്ലവി എന്ന ക്യാരക്ടർ എന്ന്. പക്ഷേ, ആളുകൾ ക്യാപഷ്ൻ ഒന്നും വായിക്കാതെ കൺഗ്രാറ്റ്സ് ഒക്കെ പറഞ്ഞു. അതിൽ ഒരു നർത്തകിയുടെ വേഷമാണ് എനിക്ക്. സിനിമയിലെ പ്രധാനപ്പെട്ട ഒരു സ്വീക്വൻസിന്റെ ചിത്രമാണത്.

മലയാളികൾ ഇഷ്ടത്തോടെ കാണുന്ന സിനിമയാണ് പ്രേമം. ഇനി കുറച്ച് പ്രേമം കഥകൾ പറയൂ...

ഇരിങ്ങാലക്കുടയിലെ എന്റെ വീടിന് പേരൊന്നും ഉണ്ടായിരുന്നില്ല. പഴയ വീട് റെനൊവേറ്റ് ചെയ്ത ശേഷം പേരിടാം എന്നു നിശ്ചയിച്ചപ്പോൾ അച്ഛനും അമ്മയും ആണ് പ്രേമം എന്നിട്ടാലോ എന്നു പറയുന്നത്. എനിക്കും അതിഷ്ടമായി. അങ്ങനെ പ്രേമം എന്റെ വീടായി.

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബൂമ്ര ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക നടി എന്നത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നല്ലോ.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യൻ പെയ്സ് ബൗളർ എന്ന റെക്കോർഡ് നേട്ടത്തിനുടമയാണ് ജസ്പ്രീത് ബൂമ്ര. ‘ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിലൊരാൾ. ഞ‍ങ്ങൾ സുഹൃത്തുക്കളാണ്.  അതിനപ്പുറം ഒന്നും ഇല്ല.  സുഹൃത്തുക്കളായതു കൊണ്ട് സോഷ്യൽ മീഡിയയിൽ  പരസ്പരം ഫോളോ ചെയ്തു. പക്ഷേ,  ആളുകൾ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. എന്റെ ചിത്രങ്ങളോട് ചേർത്ത് ബുമ്ര എന്നു പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജിൽ എന്റെ പേരും ചേർത്തു കമന്റുകളിടുക തുടങ്ങിയ രീതികൾ തീർത്തും വിഷമമായി.

ഞങ്ങൾക്ക് രണ്ട് പേർക്കും പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും  ഉണ്ട്.  സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യൽ മീഡിയയിൽ ആളുകൾ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നമെങ്കിൽ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അൺഫോളോ ചെയ്തു എന്നായി.  ഞങ്ങൾ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും  ബോതേർഡ് അല്ല. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല.

റാപിഡ് ഫയർ

പ്രേമിച്ചിട്ടുണ്ടോ?

ഉണ്ട്.

ഇതുവരെ ആരോടും പറയാത്ത രഹസ്യം ?

അത് പറഞ്ഞാൽ തീർന്നില്ലേ.

മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യം ?

ഉറക്കം കഴിഞ്ഞ് ബെഡിൽ കിടന്ന് രണ്ടു മൂന്നു തവണ സ്ട്രെച്ച് ചെയ്യും. പിന്നെ എല്ലാവരെയും പോലെ പല്ല് തേയ്ക്കും.

അനുപമയുടെ കൊതി ?

ഫുഡ്, ഫുഡ്, ഫുഡ് എനി ടൈം..

ഒരാളെ ഇടിക്കാൻ അവസരം തന്നാൽ ആരെ ഇടിക്കും ?

ഞാൻ പറയാത്ത കാര്യങ്ങൾ എഴുതിയാൽ ഇതെഴുതുന്ന ആൾക്ക് ഇടി കിട്ടും. ഉറപ്പായും..

Tags:
  • Celebrity Interview
  • Movies