‘ആവറേജ് അമ്പിളി’യെന്ന വെബ് സീരീസിലൂടെ നായികാ നിരയിലേക്ക് ഉയർന്ന ആർഷ ബൈജു..
17ാം വയസ്സിലെ 18ാം പടി
കൊച്ചുകുട്ടികളുടെ ഫോൺ ഇൻ പ്രോഗ്രാം ചെയ്തിട്ടുണ്ട് എന്നല്ലാതെ ഈ രംഗത്ത് ഒരു മുൻപരിചയവുമില്ല. ഹൈസ്കൂളിൽ വച്ചാണ് അഭിനേത്രി ആകണമെന്ന മോഹം മനസ്സിൽ കയറിയത്. നല്ല സിനിമകളുടെ കാസ്റ്റിങ് കോൾ കണ്ടാൽ അയയ്ക്കും, ഓഡിഷനും പോകും. അങ്ങനെയാണ് 18ാം പടി സിനിമയിൽ എത്തിയത്, 17ാം വയസ്സിൽ.
സമപ്രായക്കാരായ ഒരു കൂട്ടം കൂട്ടുകാർക്കൊപ്പം എൻജോയ് ചെയ്താണ് അഭിനയിച്ചത്. ആദ്യ സിനിമയിൽ തന്നെ പാട്ടുസീനൊക്കെ കിട്ടി. പക്ഷേ, മമ്മൂക്കയെ കാണാൻ പറ്റാത്തതിൽ ഇത്തിരി സങ്കടമുണ്ട്. കോംബിനേഷൻ സീൻസ് ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഒരു സെൽഫി എടുക്കാനുള്ള ചാൻസ് പോലും കിട്ടിയില്ല.
സീരീസുകളുടെ ആരാധിക
ചേട്ടൻ അരവിന്ദും ഞാനും പണ്ടേ വെബ് സീരിസുകളുടെ ആരാധകരാണ്. ‘മണി ഹൈസ്റ്റി’ന്റെ ഫസ്റ്റ് സീസൺ ഞങ്ങൾ കാണുന്നത് നെറ്റ്ഫ്ലിക്സിൽ വരുന്നതിനും മുൻപാണ്. ഇപ്പോഴും ഒഴിവു സമയങ്ങളിലെ പ്രധാന ഹോബി സിനിമയും വെബ് സീരിസും തന്നെ.
ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കണ്ടാണ് ‘ആവറേജ് അമ്പിളി’യുടെ ഡയറക്ടർ ആദിത്യൻ വിളിക്കുന്നത്. കരിക്ക് ഫ്ലിക്കിലേക്കാണ് എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി. അതിൽ മുൻപു വന്ന സീരിസുകളെല്ലാം ഞാനും ചേട്ടനും വളരെ ആസ്വദിച്ചാണ് കണ്ടിരുന്നത്.
ആവറേജ് അമ്പിളി
അമ്പിളിയായപ്പോൾ സ്കൂളിലും കോളജിലും ഒപ്പമുണ്ടായിരുന്ന ‘അമ്പിളിമാരെ’ ഓർത്തു. ‘ആവറേജ്’ എന്ന കാറ്റഗറിയിൽ കുടുങ്ങിപ്പോയവർ. മിക്കവരും നന്നായി പ്രയത്നിക്കുന്നുണ്ടാകും. പക്ഷേ, പ്രതീക്ഷിക്കുന്ന റിസൽറ്റ് കിട്ടുന്നുണ്ടാകില്ല. എങ്കിലും അവർക്കോരോരുത്തർക്കും തിളങ്ങാൻ കഴിയുന്ന മേഖലകൾ കാണും. അതു കണ്ടുപിടിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയണം.
ഇപ്പോഴും പലരും ഇൻസ്റ്റഗ്രാമിൽ മെസേജ് അയയ്ക്കാറുണ്ട്, അവരുടെ ജീവിതം അമ്പിളിയെ പോലെയാണെന്നു പറഞ്ഞ്...

ഞാൻ അമ്പിളിയല്ല
കഴിഞ്ഞ രണ്ടു മാസമായി പ്രേക്ഷക മനസ്സിൽ അമ്പിളി സ്കൂട്ടർ ഓടിക്കുന്നുണ്ടെങ്കിലും എനിക്ക് അമ്പിളിയുമായി യാതൊരു സാമ്യവുമില്ല. അക്കാര്യത്തിൽ ഞാൻ വളരെ ലക്കിയായിരുന്നു. ഫാമിലി അത്ര സപ്പോർട്ടീവ് ആണേ. അഞ്ചാം വയസ്സു മുതൽ ഡാൻസും പാട്ടും പഠിക്കുന്നുണ്ട്. പഠനത്തിൽ ആവറേജിനു മേലെ ആയിരുന്നു. പഠനേതര കാര്യങ്ങളിൽ ആരുടെയും പിന്നിലാകാറില്ല. കലോത്സവങ്ങളിൽ എക്സ്ട്രാ ഓർഡിനറി തന്നെയായിരുന്നു എന്നു പറയാം. കോളജ്, ദേ തുറക്കുകയല്ലേ, എംഎ ഇംഗ്ലിഷ് ലിറ്ററേച്ചറിനു പഠിക്കുന്ന എടത്വ സെന്റ് അലോഷ്യസ് കോളജിൽ അടിച്ചുപൊളിച്ചു നടക്കാനുള്ള പ്ലാനിങ്ങിലാണ് ഇപ്പോൾ.
കോവിഡും ഷൂട്ടിങ്ങും
ആദിത്യൻ ചേട്ടൻ വിളിച്ചതിന്റെ നാലാം ദിവസം ഷൂട്ട് തുടങ്ങി. കോവിഡ് സമയമല്ലേ, ഓരോ ലൊക്കേഷനും കണ്ടെയ്ൻമെന്റ് സോൺ ആകും മുൻപ് സീൻസ് തീർക്കാനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങൾ. അതുകൊണ്ട് റിഹേഴ്സൽസൊക്കെ കുറവായിരുന്നു. ആദ്യ ദിവസങ്ങളിൽ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും പിന്നെ, കൂളായി. 17 ദിവസം കൊണ്ട് ഷൂട്ടിങ് തീർന്നു. പിന്നെ, ഓരോ എപ്പിസോഡും റിലീസാകുന്നതിന്റെ ത്രില്ലിൽ. ഷെയ്ൻ നിഗം നായകനായ ‘കുർബാനി’യാണ് അടുത്ത സിനിമ. അതിന്റെ ഡബിങ് പൂർത്തിയായി. റിലീസിനായി ഞങ്ങൾ കട്ട വെയ്റ്റിങ്ങാ.
സിനിമാ ഫാമിലി
സിനിമ ഒത്തിരി ഇഷ്ടപ്പെടുന്നവരാണ് വീട്ടിലെല്ലാവരും. സിനിമയാണ് എന്റെ സ്വപ്നം. മാവേലിക്കര മാന്നാറിലാണ് വീട്. അച്ഛൻ ബൈജു എൻജിസി കോഡിനേറ്ററാണ്, അമ്മ ചാന്ദ്നി അധ്യാപികയും. ചേട്ടൻ ഫാർമസിസ്റ്റാണ്. അപ്പൂപ്പൻ രാജപ്പൻ നായരാണ് എന്റെ ബിഗ് ഫാൻ. യുട്യൂബിൽ ‘മീനാക്ഷി’ എന്ന എന്റെ മ്യൂസിക്കൽ വിഡിയോ കാണുന്നതാണ് കക്ഷിയുടെ പ്രധാന ഹോബി.