Thursday 23 May 2019 03:22 PM IST

‘ചാക്കോച്ചനെപ്പറ്റി ചുള്ളൻ ചെക്കൻ ഇമേജായിരുന്നു മനസ്സിൽ; പക്ഷേ, ആളു വലിയ സീരിയസാണ്!’

Ammu Joas

Sub Editor

chandni9999

അള്ളിന്റെ കൊടും സ്നേഹം സ്വന്തമാക്കിയ സുന്ദരി ഭാര്യ ചാന്ദ്നി ശ്രീധരൻ...

ഭാഗ്യം വന്ന വഴി

തമിഴ് സിനിമയിലാണ് തുടക്കം. പിന്നെ, തെലുങ്കിൽ. അവിടുന്നാണ് ‘കെഎൽ10 പത്തി’ൽ വരുന്നത്. പൃഥ്വിരാജിനൊപ്പം ‘ഡാർവിന്റെ പരിണാമം’, ദുൽഖറിനൊപ്പം ‘സിഐഎ’... ഇപ്പോഴിതാ ചാക്കോച്ചനൊപ്പം ‘അള്ള് രാമേന്ദ്രൻ’. പലരും കൊതിക്കുന്ന നായകന്മാരോടൊപ്പമാണ് ഇതുവരെയുള്ള സിനിമകൾ. എന്നെ തേടിവന്ന ഭാഗ്യമാണ്  ഓരോ കഥാപാത്രവും. ഒരൊഴുക്കിൽ ഞാൻ പോലുമറിയാതെ എത്തിയതാണ് ഇവിടെ വരെ. പക്ഷേ, ഇപ്പോൾ സിനിമ നൂറിഷ്ടം.

ഇതെന്റെ മോഹം

സൈക്കോളജിയിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഡിഗ്രി ചെയ്യുകയാണ്. എന്നേക്കാൾ മുതിർന്ന കഥാപാത്രമാണ് ഇതുവരെ ചെയ്തൊക്കെ. 2016ലാണ് ‘ഡാർവിന്റെ പരിണാമം.’ അതിൽ വിവാഹിതയും ഗർഭിണിയുമാണ്. അള്ളിന്റെ ഭാര്യ വിജിയായപ്പോഴോ, സാരിയൊക്കെ ഉടുത്ത് മെച്യൂരിറ്റി കൂട്ടി കടുപ്പത്തിലൊരു കഥാപാത്രം. അപ്പോ, ഈ കുട്ടിത്തരവും കുറുമ്പുമൊക്കെ എവിടെങ്കിലും കാണിക്കേണ്ടെ... അങ്ങനെയാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നത്. 

അള്ളിന്റെ ഭാര്യ

ചാക്കോച്ചന്റെ ‘നിറം’ സിനിമ എനിക്കൊത്തിരി ഇഷ്ടമാണ്. ഓടിച്ചാടി ഓളം വച്ചു നടക്കുന്ന ചുള്ളൻ ചെക്കൻ ഇമേജായിരുന്നു മനസ്സിൽ. ‘അള്ള് രാമേന്ദ്ര’ന്റെ സെറ്റിൽ വച്ചു കണ്ടപ്പോൾ പക്ഷേ, ആളു വലിയ സീരിയസ്. പണി കിട്ടിയോ എന്നാലോചിച്ചാണ് ഷോട്ട് ചെയ്തത്. ‘വിജീ...’ എന്നു വിളിച്ച് ദേഷ്യത്തിൽ വരുന്ന ഷോട്ടാണ്. ഷോട്ട് കഴിഞ്ഞതേ ചാക്കോച്ചൻ പഴയ കോളജ് ഹീറോയായി. സീൻ പെർഫക്ഷനു വേണ്ടി സീരിയസായതാണെന്ന് അപ്പോഴല്ലേ അറിയുന്നത്.  

ഇനിയുമുണ്ടേ...

കോഴിക്കോട്ടുകാരിയാണെങ്കിലും അമേരിക്കയിൽ സെറ്റിൽഡാണ് ഞങ്ങൾ. അച്ഛൻ ശ്രീധരൻ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. അമ്മ രജനി വീട്ടമ്മ. അനിയനുണ്ട്, ഗോപാൽ. ഇനി ബ്രേക് എടുക്കാതെ സിനിമയിലിങ്ങനെ അഭിനയിച്ചു പോകണമെന്നാ ആഗ്രഹം. ഫഹദ്, നിവിൻ, ടൊവീനോ എന്നിവർക്കൊപ്പം അഭിനയിക്കണമെന്ന് മോഹിച്ചിരുന്നപ്പോൾ.... ദേ, ഇപ്പോ ലിസ്റ്റ് നീണ്ടു... കാളിദാസ്, പ്രണവ്, ഷെയ്ൻ നിഗം... അങ്ങ് പൊളിക്കണം.